പോയ പുത്തി
"ബാലാ, ചിൽഡ്രെണ്ടെങ്ങെ കൊർച്ച് സ്ഥലം വാങ്ങീട്ടോ ട്ടാ! സാനം ചീപ്പ് റേറ്റില് കിട്ടാണ്ട്."
1981. സ്റ്റേറ്റ്ബാങ്കിൻ്റെ കൊച്ചി വില്ലിങ്ടൺ ഐലൻ്റ് ശാഖയിൽ കൺഫർമേഷനായതിൻ്റെ ജിലേബി കടിച്ചു ചവയ്ക്കുന്നതിനിടയിൽ ഹെഡ് ക്ലർക്ക് ഇരിങ്ങാലക്കുടക്കാരൻ ഫ്രാൻസീസ് എന്നെ ഉത്തേജിപ്പിച്ചു.
"എവടെ?"
കടിക്കാനാഞ്ഞ ജിലേബി തിരികെ പ്ലേയ്റ്റിൽ വെച്ച് എളമക്കരയിൽ അഞ്ച് സെൻ്റ് വാങ്ങി വീടുപണി തുടങ്ങിയ തൃപ്പുണിത്തുറക്കാരൻ രാധാകൃഷ്ണൻ ഉത്സുകനായി.
"കാക്കനാട്."
"അശ്ശെ, കാട്ട്മുക്ക്!. ബാലേന്ദ്രൻ എളമക്കരക്ക് വന്നോ. കണ്ണായ സ്ഥലങ്ങള്ണ്ട്. സിൽമാ നടൻ ഗോവിന്ദൻകുട്ടി എൻ്റെടുത്താ."
"അതറാ കാട്ട് മുക്ക്! അഞ്ച് കൊല്ലം കഴ്യേട്ടെ. അപ്പ നിയെന്താ പറ്യാന്ന് എനിക്കൊന്ന് കേക്കണം! ഡാ മോനേ പങ്കാ, ബാലൻസായീല്ലിറാ?"
പങ്കജാക്ഷൻ തൻ്റെ മുന്നിൽ കൊണ്ടുവന്നു വെച്ച മെയിൻ ഡേ ബുക്കെടുത്ത് നിവർത്തി
കണ്ണടച്ചൊപ്പിട്ടുകൊണ്ട് ഫ്രാൻസീസ് സിഗരറ്റിൻ്റെ പാക്കറ്റ് തുറന്നു.
:
:
:
നാല്പത്തിയഞ്ചു വർഷം! ഓർമ്മകൾക്ക് പ്രാഞ്ച്യേട്ടൻ കൊളുത്തിയ പനാമയുടെ സുഗന്ധം.....
അന്ന് ഫ്രാൻസീസ് ഉപദേശിച്ചത് അനുസരിച്ചിരുന്നു എങ്കിൽ പത്ത് സെൻ്റിന് കൊടുക്കുമായിരുന്ന വില ഇന്ന് മകൾ ഫ്ലാറ്റിന് ഒരു മാസത്തെവാടകയായി കൊടുക്കുന്നു.