2026 ഓഗസ്റ്റ് 15, ശനിയാഴ്‌ച

 "അതേയ്, ആ മൊട്ടറൊന്നിട്വോ!"


'.......'


"കേട്ടില്ല്യേ, പൂയ്!?"


'.......'


"ആ മോട്ടറൊന്നിടാൻ!!!"


"അതേയ്, ജാനൂ! ദേ മോട്രിടാൻ!. എത്രനേരായി ചന്നരൻ മോളീന്ന് വിളിച്ചു പറേണൂ!"


മഴക്കാലപൂർവ്വ വാട്ടർ ടാങ്ക് ക്ലീനിങ്ങിന് ടെറസ്സിൽ കയറിയതാ. തേച്ചു കഴുകി അവസാനവട്ട വാഷിങ്ങിനായി മോട്ടോർ സ്റ്റാർട്ടാക്കാൻ മുകളിൽ നിന്ന് എത്ര വിളിച്ചു കൂവിയിട്ടും താഴെ നിന്ന് നോ റെസ്പോൺസ്. തരിക്ക് കേൾക്കുന്നില്ലത്രെ! ആക്രോശങ്ങൾ കേട്ട് അയൽപത്തത്തുള്ളവർ വന്നു പറഞ്ഞാണ് അറിഞ്ഞത്!


എല്ലാ തവണയും സംഭവിക്കുന്നതാണ്. മാറ്റമുള്ളത് പക്ഷേ മാറ്റത്തിനു മാത്രം!


കുടുംബത്തിലെ ക്രമസമാധാനം തകരാറിലാക്കുന്ന പ്രതിഭാസമാകുന്നു ഓവർ ഹെഡ് വാട്ടർ ടാങ്ക് ക്ലീനിങ്ങ്!


അടുത്ത തവണ കയറുമ്പോൾ മൊബൈൽ കരുതണം. കോണിയിറങ്ങുമ്പോൾ  ഓർത്തു! 


സകൂളിൽ പഠിക്കുന്ന കാലത്ത്  പേടിയുടേയും നാണത്തിൻ്റെയും സഭാകമ്പത്തിൻ്റെയും കലാതിലകമായിരുന്നു ഞാൻ. നാട്ടിൽ അമ്പലപ്പറമ്പിൽ  ഓട്ടവും ചാട്ടവും പന്തുകളിയും അമ്പലക്കുളം ചാടലും തിരുതകൃതിയായിരുന്നെങ്കിലും സ്കൂളിൽ തരമൊന്നു വേറെയായിരുന്നു. രാവിലെ സ്കൂളിലെത്തിയാൽ ക്ലാസിൽ സ്വന്തം സീറ്റിൽ ചെന്നിരിക്കും. ഇടക്ക് കുട്ടികൾ തൊട്ടു-പ്രാന്തി കളിക്കുന്നതും കിളിമാസ് കളിക്കുന്നതും ക്ലാസ് മുറിയുടെ ജനലിലൂടെ കൊതിപൂണ്ടു നോക്കി നിൽക്കും. ആ സമയം ഏതെങ്കിലും മാഷ് മുറുക്കാൻ ചവച്ചു വരാന്തയിലൂടെ റോന്തിനു വരുന്നതു കണ്ടാൽ ഓടി സീറ്റിലിരിക്കും. എന്തോ വലിയ കുറ്റം ചെയ്ത പോലെ തല കുനിച്ച്. സ്കൂളിൽ  തികഞ്ഞ അച്ചടക്കവും പഠനമികവും പുലർത്തി  പേരെടുത്ത ചേട്ടൻ ചേച്ചിമാരുടെ അനിയൻ എന്നത് പ്രതിരോധിക്കാൻ വയ്യാത്ത സമ്മർദ്ദമായിരുന്നു!. അതൊക്കെ പേടി എന്ന വകുപ്പിൽ പെടും.


സ്കൂൾ ആനിവേഴ്സറി കായിക മത്സരങ്ങളിൽ പങ്കെടുക്കാറില്ല. കാരണം നാണം.  യൂത്ത് ഫെസ്റ്റിവലിൻ്റെയും വാർഷികദിന പരിപാടികളുടെയും   സ്റ്റേജിൽ കാലെടുത്തു കുത്താറില്ല. അതു സഭാകമ്പം. ആകെക്കൂടി ചിത്രരചനാ മത്സരങ്ങളിൽ പങ്കെടുക്കും. പക്ഷേ സമ്മാനം വാങ്ങാൻ സ്റ്റേജിൽ കയറാൻ ഭയമായതിനാൽ വാർഷികത്തിന് പോകാറില്ല. പിറ്റേതിൻ്റെ പിറ്റെ ദിവസം സ്കൂളിൽ ചെന്നാൽ ഹെഡ് മാസ്റ്ററുടെ സമൺസുമായി പ്യൂൺ ലോനപ്പേട്ടൻ ക്ലാസ്സിൽ വരും. മുട്ടുവിറച്ച്  ചെല്ലുമ്പോൾ തൻ്റെ മുറിയിൽ  കാത്തിരിക്കുന്നുണ്ടാവും വാരിയർ സ്വാമി എന്നു വിളിച്ചിരുന്ന ഹെഡ്മാസ്റ്റർ വ്യോമകേശാനന്ദ സ്വാമി. ചൂരൽ വിളക്കി രക്തശുദ്ധി വരുത്തിയ കൈവെള്ളകളിൽ വാർഷികത്തിന് കൈപ്പറ്റാത്ത സർട്ടിഫിക്കറ്റ് വെച്ചു തരും ആജാനബാഹുവായിരുന്ന സ്വാമി....


മൂത്ര പിരിയഡിന് ബെല്ലടിച്ചാൽ എല്ലാവരും സാധിച്ചു കഴിഞ്ഞ് ആളനക്കമില്ലാതായാൽ മാത്രമേ പുരയിൽ കയറൂ. ആൾ സാമീപ്യമുണ്ടായാൽ മോട്ടറ് സ്റ്റാർട്ടാവില്ല!.

ബെല്ലടിച്ചു കഴിഞ്ഞ് വൈകി  ക്ലാസിലെത്തുമ്പോൾ ആ പിരിയഡു മുഴുവൻ വരാന്തയിൽ നിന്നു വാതിൽപ്പുറക്കാഴ്ചകൾ ആസ്വദിക്കാം!.


ആരോടും കശപിശക്കോ ഗുസ്തിക്കോ പോകാത്ത നല്ലുട്ടിയായിരുന്നു. സ്ഥിരമായി കുത്തിയും മാന്തിയും തോണ്ടിയും ഉപദ്രവിച്ചിരുന്ന ചട്ടമ്പി ചന്ദ്രുവിനോടു പോലും ഗാന്ധിയൻ സമീപനമായിരുന്നു. പക്ഷേ ഒരു നാൾ കോമ്പസ്സുകൊണ്ടുള്ള കുത്ത് സഹനത്തിനപ്പുറം ചന്തിയിൽ ആഴ്ന്നിറങ്ങിയപ്പോൾ സാധു മിരണ്ടാൽ സ്റ്റൈലിൽ അക്രമിയെ അടിച്ചു ബോധം കെടുത്തിയതിൻ്റെ കേസ് ഫയൽ ഇപ്പോഴും സ്കൂളിലുണ്ടായിരിക്കണം. ക്ലാസ് മാഷ്, ഡ്രില്ല് മാഷ്, ഹെഡ് മാഷ്, സെന്മേരീസുകാരി ചേച്ചി, അമ്മ, അച്ഛൻ അങ്ങിനെയായിരുന്നു വകയിൽ ശിക്ഷയുടെ ദായക്രമം. ക്രിമിനൽ റെക്കോഡായി അങ്ങിനെ ഒന്നേ സ്കൂൾ ജീവിതത്തിൽ ഉണ്ടായിട്ടുള്ളു.


അങ്ങിനെയൊക്കെയായിരുന്നെങ്കിലും പത്താം ക്ലാസ് പരീക്ഷയ്ക്ക് തൊട്ടു മുമ്പ് നടന്ന സ്കൂൾ വാർഷിക സ്പോർട്സിൽ  അവിശ്വസനീയമെന്നപോൽ ഒന്നുണ്ടായി.


 പങ്കെടുക്കാറില്ലെങ്കിലും ഗ്രൌണ്ടിൽ പോകാനും കൂട്ടത്തിൽ നിന്ന് മത്സരം കാണാനും കയ്യടിക്കുവാനുമുള്ള ആത്മവിശ്വാസമൊക്കെ പത്താം ക്ലാസ് ജീവിതത്തോടെ കൈവന്നിരുന്നു.

ഓട്ടവും ചാട്ടവും കഴിഞ്ഞ് റിലേയ്ക്ക് മുമ്പ് ഷോട്ട് പുട്ട് മത്സരം നടക്കുകയാണ്. പേര് വിളിച്ചവരൊക്കെ സർക്കിളിനു പിന്നിൽ അണിനിരന്നിരിക്കുന്നു. എന്നെപ്പോലെയുള്ള പോത്തന്മാരും എലുമ്പന്മാരുമടക്കം അഞ്ചെട്ടു പേരുണ്ട്. ഏറ് തുടങ്ങുന്നതിനു മുമ്പ് ഡ്രിൽ മാഷ് എന്നു വിളിച്ചിരുന്ന സെബാസ്റ്റ്യൻ മാഷ് ചുറ്റും നോക്കി വിളിച്ചു ചോദിച്ചു:


"ഇന്യാരെങ്കിലൂണ്ടോ ഷോട്ട് പുട്ട് സീനിയേഴ്സ്?."


മാഷുടെ നോട്ടം ഞാൻ നിൽക്കുന്നിടത്തേക്ക് കറങ്ങിത്തിരിഞ്ഞ്  എത്തിയപ്പോൾ  ഞാൻ സൂത്രത്തിൽ തല വലിച്ചു.


"ആരാണ്ടാദ്!. ഡാ ... ഇവട വാടാ... എവടക്കാ നിയ്യ് മുങ്ങണ്!. ഇങ്ങട് വാടാ തോക്കാ!."


തണ്ടും തടിയും നോക്കിയുള്ള വിളിയാണ് മാഷിൻ്റേത്. എനിക്കന്നേ അഞ്ചേ ഏഴുണ്ട് പൊക്കം. എഴുപത് തൂക്കവും.  ചുറ്റും കൂടിയിരുന്നവരുടെ ചിരിയും മാഷുടെ പരിഹാസവുമായപ്പോൾ എനിക്ക് തെളിവിൽ വരാതെ മറ്റു മാർഗ്ഗമൊന്നുമുണ്ടായില്ല. നേരെ സർക്കിളിലേക്ക് കയറി ചെന്നു.


"സർക്കിൾന്ന് മാറി നിക്കറ!. ദാ ഇവടെ ഇവടെ നിക്ക്!."


എറിയന്മാരുടെ വരിയിൽ ഒരറ്റത്ത് എന്നെ നിർത്തി.


"എന്താ നിൻ്റെ പേര്?."


"ബാലചന്ദ്രൻ."


"ക്ലാസ്?."


"പത്ത് ബി."


"ശരി. അവടെ നിക്ക്. നിൻ്റെ നമ്പറ് ഒമ്പത്. അപ്പൊ ഇന്യാരൂല്ലിലോ?. യെസ് മത്സരം തൊടങ്ങാണ്. ഷോട്ട് പുട്ട് സീനിയേഴ്സ്. റെഡി നമ്പർ വൺ!. "


എട്ടും കഴിഞ്ഞ് ഒമ്പതെത്തിയപ്പോൾ ദേഹം വിറച്ചു തുടങ്ങി. ഞാൻ അനങ്ങിയില്ല.


"ദെന്താണ്ടാ നോക്കി നിക്കണ്. എടുത്തെറ്യേടാങ്ങട്! കാണട്ടെ."


ഞാൻ അനങ്ങുന്നില്ല.


"തെങ്ങടിച്ചാ പന വീഴണ തടീണ്ടായിട്ട് ചെക്കൻ്റെ നിപ്പ് കണ്ടാ. പിടിക്കടാദ്. എറിയടാ."


മാഷ് ഷോട്ടെടുത്ത് കയ്യിൽ തന്നു.


എനിക്ക് ദേഹം തളരുന്ന പോലെ!.


ദൈന്യം കണ്ടിട്ടാവണം മാഷ് അടുത്തു വന്ന് പതുക്കെ ചെവിയിൽ പറഞ്ഞു:


"പൂശ്!.  നെനക്ക് കിട്ടും!."


അതൊരു ചൂട്ടുകുത്തായിരുന്നു.  ഉള്ളിൽ എന്തോ ഒന്നിന് തീ പിടിച്ച പോലെ  തോന്നി. ഉണ്ടയുമായി സർക്കിളിൽ കയറുമ്പോൾ നഷ്ടപ്പെട്ട ഓർമ്മ തിരിച്ചു കിട്ടിയത് ചുറ്റിലുമുയർന്ന ആരവം കേട്ടപ്പോഴായിരുന്നു. എട്ടു കുത്തുകൾക്കും മുന്നിലായി എൻ്റെ കുത്ത്!. തൊട്ടു പിന്നിലുള്ളതിനേക്കാൾ ആറടിയോളം കൂടുതൽ. ടേപ്പ് വെച്ച് അളവു വിളിച്ചു പറയുമ്പോൾ സെബാസ്റ്റ്യൻ മാഷ് എന്നെ അവിശ്വസനീയതയോടെ നോക്കി നിന്നു. 


സെക്കൻഡ് റൌണ്ടിൽ മാഷ് എൻ്റെ നമ്പർ വിളിക്കാതെ ഫൈനൽ റൌണ്ടിലേക്ക് കടന്നു.  എനിക്കപ്പുറം മറ്റൊരു കുത്തില്ലെന്നുറപ്പായപ്പോൾ മാഷ് പറഞ്ഞു.


"ആവശ്യല്ല്യ എന്നാലും  എറിഞ്ഞോ. ടെസ്റ്റിനാ. നിൻ്റെ മാക്സിമം നോക്ക്!."


പരമാവധി ശക്തിയെടുത്തെറിഞ്ഞിട്ടും  ആദ്യത്തോളമെത്തിയില്ല. എന്നാലും  ഒന്നാം സ്ഥാനം എനിക്കു തന്നെ!.


മത്സരം കഴിഞ്ഞ് എല്ലാവരും റിലേ കാണാൻ സ്ഥലം പിടിക്കാൻ ഗ്രൌണ്ടിനു പുറത്തേക്ക് ഓടി.  മാഷും അളവു കുറിക്കുന്ന പേപ്പർ പാഡ് കയ്യിൽ വെച്ച് എൻ സി സി ഓഫീസർ ഭാസ്ക്കരൻ മാഷും എന്തോ സ്വകാര്യം പറഞ്ഞ് സർക്കിളിൽ നിന്നു. സെബാസ്റ്റ്യൻ മാഷ് ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്. മാഷുടെ മുഖത്ത് നിരാശ നിഴലിച്ച പോലെ തോന്നി. ഏറ്റവും ഒടുവിലായി ഞാൻ സ്ഥലം വിടാനൊരുങ്ങിയപ്പോൾ മാഷ് എന്നെ അടുത്തു വിളിച്ചു.


"ഇബട  വാടാ!."


ഞാൻ ചെന്നു. 


"നിൻ്റെ വീടെവട്യാ?."


"വെളക്കും കാലില്."


"നിയ്യിവട തന്ന്യാ പഠിച്ചേർന്നത്?."


"അതെ. "


"ഒന്നാം ക്ലാസു മൊതല്?."


"അതെ മാഷെ."


"നിയ്യിതിനു മുമ്പൊന്നും സ്പോർട്സില്  പങ്കെടുത്തിട്ടില്ല്യേ?."


"ഇല്ല്യ."


"എന്തേ?."


ഞാൻ ഒന്നും മിണ്ടാതെ തല താഴ്ത്തി നിന്നു.


"പറേടാ!."


"നാ.... നാണായിട്ടാ മാഷേ!." 


ഞാൻ ഒരു വിധം പറഞ്ഞൊപ്പിച്ചു.


അതു കേട്ട വശം മാഷ് വലത്തെ കൈവെള്ള കൊണ്ട് സ്വന്തം നെറ്റിയിലടിച്ചു!.


"കർത്താവേ!."


"എന്താ മാഷേ?. എന്താ കാര്യം?."


ഭാസ്ക്കരൻ മാഷക്ക് ജിജ്ഞാസയേറി.


"ഭാസ്ക്കരാ.... കഴിഞ്ഞ ഡിസ്ട്രിക്റ്റ് സ്കൂൾ മീറ്റിലെ റെക്കോഡിന് അര ഇഞ്ചേ കൊറവുള്ളു ഇവൻ്റെ ഏറിന്!."


"അയ്യോ മാഷെ ശര്യാണോ!." 


മിണ്ടാനാവാതെയാവണം തലയൊന്നു കുലുക്കി സെബാസ്റ്റ്യൻ മാഷ് നിന്നു. ഭാസ്കരൻ മാഷ് അതു കണ്ട്  കുറ്റപ്പെടുത്തുന്ന പോലെ എന്നെ  തീഷ്ണമായി നോക്കി.


"എന്താ ബാലന്ദ്രാ നീ കാണിച്ചത്!."


സെബാസ്റ്റ്യൻ മാഷ് ദീർഘനിശ്വാസമിട്ട് ഭാസ്കരൻ മാഷുടെ തോളിൽ തട്ടി.


"ഭാസ്ക്കരാ... തെറ്റീതെനിക്കാ!. എനിക്കെൻ്റെ പിള്ളേരെ അറിയാൻ പറ്റീല്ല്യ!."

:

:

കിട്ടിയ സർട്ടിഫിക്കറ്റിനേക്കാൾ ആയിരമിരട്ടി വിലയുള്ളതായിരുന്നു ആ ആത്മവിമർശനമെന്നു മനസ്സിലാക്കാൻ വിവേകത്തിൻ്റെ പ്രായമെത്തേണ്ടി വന്നു എനിക്ക് ....


ഇന്ന് സെപ്തംബർ 5. അദ്ധ്യാപക ദിനം.

നിർവ്വഹണം

 


ഭാഗം രണ്ട് നിർവ്വഹണം 


ഒരു മാസത്തെ അദ്ധ്വാനം മുഴുവൻ വെള്ളത്തിലായതിൻ്റെ നിരാശ മുത്തിട്ടാകാം നാടകം കളിക്കുന്നില്ലെന്ന് തീരുമാനിച്ച ആ നിമിഷം എവിടെനിന്നോ എൻ്റെ മനസ്സിൽ വല്ലാത്തൊരു ധൈര്യവും ആത്മവിശ്വാസവും ഇരച്ചു വന്നു. ഞാൻ ഉറച്ച സ്വരത്തിൽ പറഞ്ഞു:


"നാടകം കാൻസൽ ചെയ്യുന്നത് മോശമാണ്! "


"പിന്നാല്ലാതെ? ഈ പതിനൊന്നാമത്തെ മണിക്കൂറില് നമ്മള് മറ്റെന്ത് ചെയ്യാനാ രാജ്യാ?"


ഉണ്ണിയേട്ടൻ ചോദിച്ചു.


"നാരായണൻ കുട്ടിയേട്ടൻ്റെ റോള് ഞാൻ ചെയ്യാം."


എല്ലാവരും അവിശ്വസനീയമായ എന്തോ കേട്ട ഭാവത്തിൽ എന്നെ നോക്കി.


"കൊഴപ്പല്ല്യ, ഒരു മാസം റിഹേഴ്‌സല് കണ്ടും പ്രോംപ്റ്റ് ചെയ്തും പരിചയണ്ടല്ലോ? ഞാൻ ചെയ്യാം."


"ഏയ് അതൊന്നും ശര്യാവില്ല്യ ട്ടാ രാജ്യാ, വെർതെ!"


"എനിക്ക് ധൈര്യണ്ട് പോരെ?"


"രാജ്യാ ഇത് സൈക്കിൾ യജ്ഞത്തില് കളിക്കണ തമാശ്യല്ല ട്ടാ!"


എല്ലാവരും നിരുത്സാഹപ്പെടുത്തിക്കൊണ്ടിരുന്നപ്പോഴാണ്  അതുവരെ മിണ്ടാതെ  എല്ലാം നിരീക്ഷിച്ചു കൊണ്ടിരുന്ന ഭാസ്കരപ്പണിക്കർ എഴുന്നേറ്റത്.


"ഭയപ്പെടാതെ, നമുക്ക് രാജനെ വെച്ചോണ്ട് തന്നെ ചെയ്യാം."


"പണിക്കര് സാറേ...!"


"ധൈര്യമായിരിക്കെന്ന്! ഒന്നുല്ലേല് രാജൻ്റെ ആ കോൺഫിഡൻസ് ഒന്നു നോക്ക്, അതു പോരേ?. രാജൻ ചെയ്യും.  എല്ലാരും  ധൈര്യായിരിക്ക്!"


"അപ്പൊ റിഹേഴ്‌സലൊന്നും വേണ്ടേ?"


"ഈ ക്ഷീണത്തില് ഇന്നിനി റിഹേഴ്‌സലൊന്നും വേണ്ട."


ഞാൻ പറഞ്ഞു


"അപ്പൊ?"


എൻ്റെ ആത്മവിശ്വാസത്തിനടിയിൽ ഒപ്പിട്ടു തീർപ്പ് പറഞ്ഞുകൊണ്ട് പണിക്കർ അത്

മറ്റുള്ളവരിലേക്കും 

കുത്തി വെച്ചു. 


"നാളെ കേറിയങ്ങു കളിക്കുക, അത്ര തന്നെ!"


പിന്നീട് കലാമണ്ഡലം സീതാലക്ഷ്മി എന്നും  മൃണാളിനി സാരാഭായി എന്ന ലോകപ്രശസ്ത നർത്തകിയുടെ ദർപ്പണ ഗ്രൂപ്പിലെ നർത്തകിയെന്നും പ്രശസ്തി നേടിയ പുറനാട്ടുകര ചീരക്കുഴി വീട്ടിലെ ഓമനയും ശിഷ്യ ഗണങ്ങളും ചേർന്നവതരിപ്പിച്ച നൃത്തനൃത്യങ്ങളും പറമ്പുവീട്ടിൽ  ശ്രീധരനും മുതുവറക്കാരായ വിദ്യാധരൻ്റെയും  ആൻ്റോയുടെയും ഹാർമ്മോണിയവും തബലയും ചേർന്നുള്ള ഗാനമേളയും കഴിഞ്ഞ്  വായനശാല സെക്രട്ടറി പി എസ് എൻ തിരുമേനി ചെമ്പു പിഞ്ഞാണത്തിൽ മൂന്നു തവണ ചുറ്റിക തട്ടി മുഴക്കി നാടകത്തിനു കർട്ടനുയർത്തി. ഒരു ഗ്യാരണ്ടി എന്ന നിലയ്ക്ക്  സ്റ്റേജ് കർട്ടനു പിന്നിലും വശങ്ങളിലും എനിക്കു വേണ്ടി നിർത്തിയിരുന്ന രണ്ടു മൂന്നു സ്പെഷൽ പ്രോംപ്റ്റർമാർക്ക് ഒരിക്കലും എനിക്കു ചെവി കൊടുക്കേണ്ടി വന്നില്ല. ഒരു തട്ടും മുട്ടുമില്ലാതെ  ഭംഗിയായി തന്നെ നാടകം അവസാനിക്കുന്നതു കണ്ട്  പുഞ്ചിരിച്ചു കൊണ്ടാണ്  അവസാന രംഗത്തിന്  തിരുമേനി കർട്ടൻ്റെ ചരട് അയച്ചത്. 


നാടകം കഴിഞ്ഞ് ജനഗണമന പാടുമ്പോൾ

കൂട്ടുകാരും അവധിക്കു നാട്ടിൽ വന്നിരുന്ന  പഴയ നടന്മാരുമടക്കം നിരവധി പേരായിരുന്നു   സ്റ്റേജിൽ. എല്ലാവരും ഞങ്ങൾ എല്ലാവരേയും അഭിനന്ദിച്ചു. തിരക്കിനിടയിൽ അടാട്ടുകാരനായിരുന്നു എന്നു തോന്നുന്നു ഒരാൾ അക്കാലത്തു പതിവുണ്ടായിരുന്ന പോലെ എൻ്റെ ഷർട്ടിൽ ഒരു മെഡൽ കുത്തി വെച്ച് ഷേയ്ക്ക് ഹാൻഡ്

ചെയ്തു പോയി. ആ മെഡൽ അന്ന് രാത്രി തന്നെ അമ്പാട്ട് വീട്ടിൽ ചെന്ന്  നാരായണൻ കുട്ടിയേട്ടന്  സമ്മാനിച്ചാണ്  ഞാൻ വീട്ടിലേക്ക് മടങ്ങിയത്.


അടുത്ത ഓണത്തിനും  വാർഷികത്തിനും കാത്തു നിൽക്കാതെ തേവരുടെ പൂരം കഴിഞ്ഞ് ജനുവരി മാസത്തിൽ  ഞാൻ  ഡൽഹിക്കു ജയന്തി ജനത കയറി.


അവസാനിച്ചു.

2026 ജൂലൈ 31, വെള്ളിയാഴ്‌ച

അന്യോന്യം

അന്യോന്യം


കൊച്ചുമകനെ സ്കൂളിലേക്കുള്ള കാബിൽ കയറ്റി വിടാൻ കൊണ്ടു പോകുമ്പോഴാണ് കക്ഷി ഇങ്ങോട്ട് കയറി പരിചയപ്പെട്ടത്. പത്തമ്പത് വയസ്സു കാണും

കുട്ടി ഏതു ക്ലാസ്സിലാണ്?

പ്രീസ്കൂൾ.

എത്ര വയസ്സായി?

മൂന്നര.

മുത്തച്ഛനാണ്.

എവട്യാ നാട്?

തൃശ്ശൂർ.

തൃശ്ശൂരെവടെ? ഞാൻ തൃശ്ശൂക്കാരനാ. വടക്കാഞ്ചേരി

പുറനാട്ടുകര.

പുറനാട്ടുകര. അവടെ എൻ്റൊരു പരിചയക്കാരൻ ഉണ്ടായിരുന്നു. പുള്ളി അപ്പോളോ ടയേഴ്‌സിലായിരുന്നു മരിച്ചു പോയി.

അറിയാം അവൻ എൻ്റെ ക്ലോസ് ഫ്രൻഡായിരുന്നു. മുരളീധരൻ.

മുരളീ... അല്ലാട്ടോ ഗംഗാധരൻ.

ഗംഗാധരനല്ല മുരളീധരൻ. നിങ്ങള് പറേണ ഗംഗാധരനെയും ഞാനറീം. ഗംഗേട്ടൻ എന്ന് നമ്മള് വിളിക്കും. നാട്ടീന്ന് വിവാഹം ചെയ്തയാളാ.പുള്ളി പക്ഷേ പ്രീമിയർ ടയേഴ്സി ലായിരുന്നു.

ഏയ്! കക്ഷി അപ്പോളോലായിരുന്നു.

ഗംഗേട്ടൻ കളമശ്ശേരി പ്രീമിയർ ടയേഴ്‌സിലായിരുന്നു. അപ്പോളോ അന്ന് വന്നട്ടില്ല്യ.

കളമശ്ശേരീല് അപ്പോളോ ആണ്സാർ.

അതെനിക്കറിയാം.

പിന്നെന്താ പ്രീമിയർ ടയേഴ്‌സ് എന്ന് പറഞ്ഞേ?

ഗംഗാധരൻ വർക്കീയണ കാലത്ത് അത് പ്രീമിയർ ടയേഴ്‌സായിരുന്നു സൂർത്തേ! അങ്ങേരതീന്ന് പോന്നേ പിന്ന്യാ ചാലക്കുടി പേരാമ്പ്രേല് അപ്പോളോ ടയേഴ്‌സ് വന്നതും പിന്നീട് റൌണക് സിങ്ങ് വാങ്ങി പ്രീമിയർ ടയേഴ്സ് അപ്പോളോ ടയേഴ്സായീതും.

പ്രീമിയർ ടയേഴ്സോ? അങ്ങനെഒന്നുണ്ടോ?

ഉണ്ടായിരുന്നു. ഇന്ത്യേലെ ഏറ്റവും മികച്ച ഫുട്ബോൾ ക്ലബ്ബുകളില് ഒന്നവരട്യാർന്നു. സേവ്യർ പയസ്, സി.ഡി. ഫ്രാൻസീസ്, നജീബ്, ജാഫറ്, വില്യംസ്, പി.പി. പ്രസന്നൻ, വിക്ടർ മഞ്ഞില, സേതുമാധവൻ ന്നൊക്കെ കേട്ടിട്ടില്ല്യേ? ഒരു കേരള ടീമന്ന്യാർന്നു.

അ:അ:ആ! ആ പ്രീമിയർ ടയേഴ്സ്! അവർക്ക് ടയറ് കമ്പനീണ്ടാർന്ന്വോ!

മുത്തച്ഛാ കാബ്...
See less

വകതിരിവ്


വകതിരിവ് 

പണ്ട് ഗുരുവായൂർ ഉത്സവകാലത്ത് ദർശനത്തിനു പോയി. മേളക്കമ്പ ക്കാരനായതിനാൽ വൈകുന്നേരം നടന്നു വന്നിരുന്ന മേളം കേട്ടു. കേട്ട മേളം ഏതെന്ന് അക്കാദമിക്ക് ആയിട്ട് മനസ്സിലാക്കാനായില്ല. അല്ല ആറേഴു മേളമുണ്ടല്ലോ, ഈ മേളം അതിൽ ഏതാണ് എന്ന സംശയം പ്രബലമായി. പഞ്ചാരിയല്ല, ചെമ്പടയല്ല, പാണ്ടിയല്ല. അപ്പോ ഇതേതു മേളം? ധ്രുവം? ചമ്പ? അടന്ത? അഞ്ചടന്ത?

എന്തായാലും മേളം കഴിഞ്ഞപ്പോൾ ഇടന്തല ഗംഭീരമായി കൊട്ടിയിരുന്ന മേളക്കാരനെ വിളിച്ചു ചോദിച്ചു:

"നമസ്‌ക്കാരം."

"നമസ്‌കാരം."

"മേളം നന്നായി. ഇതേതാ മേളം?"

"ച്ചാൽ? "

"അല്ല മേളത്തിൻ്റെ പേര്?"

"അത്.... മേളം."

"എന്നാലും പേരു വേണല്ലോ? ധ്രുവം, അടന്ത, അഞ്ചടന്ത, ചമ്പ, അങ്ങിനെ? ഇതിലേതാണ്? മനസ്സിലാക്കാനാ."

"ഇതതിലൊരു മേളം അത്രന്നെ."

അധികം സംസാരിച്ച് കക്ഷിയേയും എന്നെത്തന്നെയും ക്ലേശിപ്പിക്കണ്ട എന്നു കരുതിയാവണം ഭാര്യ എന്നെതോണ്ടി വിളിച്ചു:

"അതേയ് സീനിയർ സിറ്റിസൺൻ്റെ വരീല് നിക്കാം വര്വോ!"
:
:
:
ഈ മിശിഹാ മെസ്സിയെ ടീവിയിൽ കാണുമ്പോൾ ഞാൻ പലപ്പോഴും ആലോചിക്കാറുണ്ട്, ഇയാൾ മഹാ പ്രതിഭ തന്നെ പക്ഷേ ഒരിക്കലും വായ തുറക്കുന്നതു കണ്ടിട്ടില്ലല്ലോ? മുഖത്ത് സദാ ഒരു പകച്ച ലുക്കാണല്ലോ? കളി കഴിഞ്ഞു നിൽക്കുന്ന സമയം സ്വന്തം ടീമിലെ കളിക്കാർ എതിരാളികളുടെ ചങ്കിന് പിടിക്കുന്നതും ചവിട്ടിക്കൂട്ടു ന്നതും കണ്ടിട്ടും ഇയാൾ എളിയിൽ കൈ കുത്തി നിൽക്കുന്നേയുള്ളല്ലോ? സ്പാനിഷ് ടീം കപ്പുയർത്തും നേരം അർജൻ്റീനിയൻ ടീം മൊത്തത്തിൽ അതിനും പുറം തിരിഞ്ഞു നിന്നപ്പോൾ ഇയാൾ എന്തു ചെയ്യുകയായിരുന്നു?എന്താണിത്!മാരാരെപ്പോലെ സ്വന്തം കർമ്മം വെടിപ്പായി ചെയ്യാൻ മാത്രമേ ഇയാൾക്ക് അറിയുകയുള്ളു എന്നുണ്ടോ?
See less

അറ്റ കൈ

 

അറ്റ കൈ


അത്തം നാളാണ് അന്നെന്നോർ ത്തപ്പോൾ റിട്ടയേഡ് താസിൽദാർ പരമേശ്വരമേനോൻ വായിച്ചിരുന്ന പത്രം ടീപോയിലിട്ട് എഴുന്നേറ്റു. ഭാര്യ ക്ഷേത്രത്തിൽ പോയിരിക്കുന്നു. തിരിച്ചു വരാറായിട്ടുണ്ട്.ഇനിയും വൈകിക്കണ്ട, ഇതാണ് അവസരം. മേനോൻ അകത്തു . പോയി ചിക്കാഗോയിലുള്ള മകനെ വിളിച്ചു.

"ഗുഡ് മോണിങ്ങ് അച്ഛാ!."

"നോട്ട് ദാറ്റ് ഗുഡ് മോനെ."

"എന്താച്ഛാ!. അസുഖം വല്ലതും!."

"നേരെ ചൊവ്വേ പറയാം, ഞാനും അമ്മയും വേർപിരിയുന്നു."

"ഒ ഗോഷ്!. അച്ഛാ, എന്തായിദ്!. ആർ യൂ കിഡിങ്ങ്!."

"ഇതു വരേയ്ക്കും നിങ്ങളോട് പറഞ്ഞില്ലെന്നേയുള്ളു. ഇനിയും വയ്യ!."

"നോ!! അച്ഛാ, ഹാവ് യൂ ഗോൺ ക്രേസി!?."

"നോട്ടറ്റോൾ!. ഞങ്ങൾക്ക് രണ്ടു പേർക്കും പരസ്പരം കണ്ടൂടാണ്ടാ യിരിക്കുന്നു, ഒരു നിമിഷം പോലും!."

"അച്ഛാ...!."

"നോ!. ചേച്ചിയോട് നീതന്നെ വിളിച്ചു പറയ്. എനിക്ക് വയ്യ!. ഞാൻ വെക്കുന്നു."

"അച്ഛാ വെക്കരുത്...! പ്ലീസ്.."

"ഡൂ വാട്ട് ഐ ഹാവ് സെഡ്!."

മേനോൻ ഫോൺ ശബ്ദത്തിൽ വെച്ചു.

ചിക്കാഗോയിൽ നിന്നും ലണ്ടനിലേക്ക് മകൻ്റെ വിളി പറന്നു.

"ചേച്ചീ....!."

"ഷട്ടപ്പ് യൂ.....!. എന്താടാദ്!. ആർ ദേ മാഡ്!. വയസ്സ് കാലത്തോരോ...!. ഇത് നടക്കില്ലട!. നടക്കാൻ പാടില്ല. നീ വെച്ചോ. ഇക്കാര്യം ഞാനേറ്റു."

മകൾ അച്ഛനെ വിളിക്കുമ്പോൾ ജ്വലിച്ചു.

"അച്ഛാ! വാട്ട് ദ ഹെല്ലീസ് ദിസ്!. എന്താച്ഛാ നിങ്ങൾക്ക് രണ്ടാൾക്കും ഭ്രാന്തായോ!. ഈ വയസ്സ് കാലത്ത്; ഇല്ല്യ, ഇത് നടക്കില്ല്യച്ഛാ!. ഞങ്ങള് സമ്മതിക്കില്ല്യ. ഞാനന്യേനെ തിരിച്ച് വിളിക്ക്ണ്ട്. ഞങ്ങള് രണ്ടു പേരും ഓണത്തിനു മുമ്പെത്തും. അതു വരെ ഒന്നും ചെയ്യരുതച്ഛാ, അച്ഛൻ്റെ മോളാ പറേണേ, പ്ലീസ്! "
:
:

2026 ജൂലൈ 8, ബുധനാഴ്‌ച

മുട്ടിറക്കൽ

 

മുട്ടിറക്കൽ 


ഇന്നലെ അർജൻ്റിന ഈജിപ്റ്റ് മത്സരം ആദ്യപകുതി കഴിഞ്ഞപ്പോൾ ഉറങ്ങാൻ കിടന്നു. ഉറക്കമിളയ്ക്കുന്നത് അധികം നല്ലതല്ലെന്ന് വൈദ്യോപദേശമുണ്ട്. ഒരു ഗോളിന് പിന്നിട്ടു നിന്ന് മെസ്സിയും കൂട്ടു കാരും മൈതാനത്തിലും ലയണൽ സ്കലോണിയും സിൽബന്ധികളും ഡഗൗട്ടിലും ഓടി വിയർക്കുന്നതു കണ്ടെങ്കിലും 'ഈ ഗോള് നോക്കണ്ട അർജൻ്റിന തന്നെ ജയിക്കും' എന്ന ഉത്തമ ബോദ്ധ്യത്തിൽ കിടക്കയിൽ മലർന്നു. അത്താഴം കഴിഞ്ഞുള്ള പതിവ് മൂന്ന് കി.മീ നടത്തത്തിൻ്റെ ക്ഷീണമുള്ളതിനാൽ വേഗം ഉറങ്ങി.

പ്രോസ്റ്റേറ്റ് ഗ്ലാൻ്റ് വികസനപാതയിൽ രാത്രി നാലു തവണ മൂത്രമൊഴിക്കൽ പതിവുള്ളതിൽ ആദ്യത്തെ ഷെഡ്യൂൾ സമയം പതിനൊന്ന് മണിക്ക് തന്നെ ഉണർന്നപ്പോൾ സ്വീകരണമുറിയിൽ ആരവം. മരുമകൻ കളി കാണുന്നുണ്ട്. ഒരു ഔത്സുക്യത്തിൽ മൊബൈൽ തുറന്നു നോക്കിയപ്പോൾ അർജൻ്റീന 0 ഈജിപ്റ്റ് 2...!

ഹെൻ്റെമ്മേ!

സംഗതി ബ്രസീൽ ഫാനാണെങ്കിലും അർജൻ്റീനയുടെ വിരോധിയല്ല. കിടക്കപ്പൊറുതിയില്ലാതെ വന്നപ്പോൾ വന്നപ്പോൾ ടീവിക്കു മുന്നിൽ ചെന്നു.

"ഈജിപ്റ്റ് ഒന്നു കൂടി അടിച്ചു!"

മരുമകൻ പറഞ്ഞു.

സമയം നോക്കി. ഇനി പതിനാലു മിനിറ്റ് മാത്രം. അർജൂസ് നൈലന്മാരെ ഇക്ഷ ഇഗ്ഗ ജിച്ച ജഞ്ഞ വരയ്പ്പിക്കുന്നുണ്ട്. അടുത്തിരുന്ന വെള്ളക്കുപ്പിയിൽ നിന്ന് ഒരു കവിൾ മോന്തിയ സമയമാണ് അതുണ്ടായത്....

റൊമേറോ.....

പിന്നാലെ മെസ്സി, ഫെർണാണ്ടസ്.... അങ്ങിനെ വഴിക്ക് വഴി പ്ടും പ്ടും മൂന്നെണ്ണം! പത്ത് മിനിറ്റിനുള്ളിൽ രണ്ട് ഈക്വലൈസർ ഒരു വിന്നർ! ദൈവമേ, അർജൻ്റീനയ്ക്ക് മാത്രമേ ഇതു കഴിയൂ!

ലോങ്ങ് വിസിൽ...

ടീവി നോക്കി ഒന്നു തൊഴുതെണീക്കു മ്പോഴുണ്ട് മെസ്സി എന്നെ തിരിച്ചു തൊഴുതുകൊണ്ട് പറയുന്നു:

"മാഷേ... വളരെ നന്ദി. ആ കാൽവരി യാണ് ഞങ്ങളെ ജയിപ്പിച്ചത്. ഈ നട്ടപ്പാതിരയ്ക്ക് രോഗം അവഗണിച്ച് വന്നിരുന്ന് മുട്ടറുത്തു തന്നില്ലേ! ഒരു മണിക്കൂറു കൊണ്ട് ഞങ്ങൾക്ക് സാധിക്കാതെ പോയതാണ് പത്ത് മിനിറ്റിൽ അങ്ങു കഴിച്ചു തന്നത് ! വാമോസ് വാമോസ്!"

ഞാനോർത്തു.
2007 ലെ ആദ്യ ടി20 ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യക്ക് നേടി തന്നത് കളി കണ്ടിരുന്നി ടത്തു നിന്ന് ഭാര്യ എഴുന്നേറ്റ് അടുക്കള യിൽ പോയ സമയം നോക്കി വീണ മേത്തരം മൂന്നു പാക്ക് വിക്കറ്റുകളാണ്! അവസാന വിക്കറ്റ് അവശേഷിക്കേ ശബ്ദം കേട്ട് ടീവിക്ക് മുന്നിലേക്ക് ഓടി വന്ന അമ്മയെ മകൾ ബലമായി പിടിച്ച് അടുക്കയിലിട്ട് പൂട്ടിയതും ഡീപ് ഫൈൻ ലെഗിൽ ശ്രീശാന്തിൻ്റെ കയ്യിലതാ മിസ്ബാ ഉൾ ഹഖ്, കപ്പ് ഇന്ത്യയ്ക്ക്!

ഒരാൾ ടീവിക്കു മുന്നിൽ വന്നിരുന്നു ഒരാൾ എണീറ്റ് പോയി എന്ന വ്യത്യാസ മേയുള്ളു, രണ്ടിലും ജയപരാജയങ്ങൾ നിർണ്ണയിച്ച മുട്ടറുപ്പുകളാണവ!.

പോരാൻ നേരം ടീവിയിലേക്ക് ഒന്നു കൂടി നോക്കിയപ്പോൾ ഈജിപ്പിൻ്റെ മൊട്ടത്തലയൻ കോച്ചും കളിക്കാരും എന്നെ വിരൽ ചൂണ്ടി അലറുന്നു


"ഈജിപ്റ്റിന് പിണ്ഡം വെക്കാൻ വന്ന ഹറാമീ, നിനക്ക് ഞങ്ങൾ വെച്ചിട്ടുണ്ട്!"

സമയവും സൗകര്യവും ഒത്താൽ അടുത്ത വർഷം ഈജിപ്റ്റ് യാത്രയും പിരമിഡ് ദർശനവും പ്ലാൻ ചെയ്തതാ യിരുന്നു. അപ്പോൾ അത് ഖുദാ ഗവാ!

വെട്ടിക്കിറി നൈൽ നദിയിൽ ഒഴുക്കും അല്ലെങ്കിൽ പൊതിഞ്ഞു കെട്ടി മമ്മിയാക്കി പിരമിഡിലിട്ട് കരിങ്കല്ല് കെട്ടും ഈജിപ്റ്റുകാർ!
See less