2023 ഒക്‌ടോബർ 11, ബുധനാഴ്‌ച

സാഹസം

 സാഹസം 



പൂരാടച്ചൂട്. ഉച്ചതിരിഞ്ഞ് മൂന്നുമണി.
കവലയിലെ പഴം പച്ചക്കറിക്കടയുടെ മുമ്പിൽ ഒരാൾ കുഴഞ്ഞു വീണു. കണ്ടവരും കേട്ടവരും ഓടിക്കൂടി. വീണയാൾക്ക് ബോധമില്ലെന്നു കണ്ട് ഒരാൾ അടുത്ത മുറുക്കാൻ കടയിൽ നിന്നും ഒരു സോഡ വാങ്ങി പൊട്ടിച്ച് അയാളുടെ മുഖത്ത് തളിച്ചു. അമ്പതു വയസ്സു തോന്നിച്ച ആ മനുഷ്യൻ കണ്ണു മെല്ലെ ചിമ്മി ചിമ്മി തുറന്നു.
"ഹലോ? കൊഴപ്പൊന്നൂല്ലിലോ?"
മുഖത്ത് തളിച്ചയാൾ ചോദിച്ചു.
അയാൾ ഇല്ലെന്ന് തലയാട്ടി.
"ഒരു ചായ പറേട്ടെ?"
"വേണ്ട. ഒരോട്ടോർഷ വിളിച്ചര്വോ?"
അയാൾ തളർന്ന സ്വരത്തിൽ ചോദിച്ചു.
"പിന്നെന്താ."
ഓട്ടോറിക്ഷയിൽ കയറുമ്പോൾ ഒരാൾ ചോദിച്ചു.
"എവട്യാ വീട്?"
"പടിഞ്ഞാറ്റുമുറീല്."
"ആരെങ്കിലും കൂടെ വരണോ?"
"വേണ്ട."
അയാൾ എല്ലാവരേയും നോക്കി കൈ കൂപ്പി. ഓട്ടോ കാഴ്ചയിൽ നിന്നു മറഞ്ഞപ്പോൾ ഒരാൾ ചോദിച്ചു..
"അല്ലാ, എന്തേണ്ടായേ?"
"ആവോ. ഞാൻ ദേ വാസ്വേട്ടനായിട്ട് സംസാരിച്ച് നിക്ക്വാർന്നു. ശബ്ദം കേട്ട് തിരിഞ്ഞ് നോക്കീപ്പോ കണ്ടത് നെലത്ത് കെടക്കണതാ!"
"എന്താ ഗോലേട്ടാ എന്താണ്ടായീത്?
നിങ്ങക്കറ്യാലോ. "
എല്ലാവരും കടക്കാരനു നേരെ തിരിഞ്ഞു.
"ഒന്നുണ്ടായില്ല്യാന്നേയ്! അയാള് കേറി വന്ന് ഒരു പഴക്കൊല പിടിച്ച് നോക്കി അയ്ന്റെ വെല ചോയ്ച്ചു."
"ന്ന്ട്ട്?"
"വെല പറഞ്ഞതും അയാള് കായക്കൊലേടെ പിടി വിട്ട്ട്ട് വീണതും ഒപ്പാർന്നു! "
"അങ്ങനെ വരട്ടെ! "
"അപ്പതാണ് കാര്യം!."
"ചെറ്യേരു മോഹാൽസ്യത്തില് അവസാനിച്ചത് ഭാഗ്യം!"
"കഷ്ടം! ഓണക്കാലത്താരെങ്ങിലും ഒറ്റക്ക് വന്ന് നേന്ത്രക്കായേടെ വെല ചോദിക്ക്യോ!"
"ബെസ്റ്റ്! എല്ലാരും വന്നേ, വിളി ഒറക്കാത്ത കയ്യ് നെലത്ത്ട്ട്ട്ടാ വന്നേക്കണ്!"
ആദ്യം പിരിഞ്ഞത് അമ്പലപ്പറമ്പിലെ സപ്പോർട്ട് കളിക്കാരായിരുന്നു....

പിറന്നാൾ ചിന്തകൾ

 

പിറന്നാൾ ചിന്തകൾ

"ബാലകൃഷ്ണാ, നമുക്കൂണു കഴിക്കാം?."

"അയ്യോ വേണ്ട."

"ഏയ്, അത് പറഞ്ഞാ പറ്റില്ല്യ. നേരത്ര്യായില്ല്യേ, ഇനിവടെ കഴിക്കാം."

സുഹൃത്തിൻ്റെ വീട്ടിൽ സൌഹൃദ സന്ദർശനത്തിനു പോയതായിരുന്നു ചേട്ടൻ. സംസാരിച്ച് സമയം മറന്ന് ഉച്ചയായപ്പോൾ സുഹൃത്തും ഭാര്യയും വിട്ടില്ല.

പലതും പറഞ്ഞ് ഊണു കഴിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ സുഹൃത്തിൻ്റെ ഭാര്യ ചോദിച്ചു:

"ബാലഷ്ണൻ്റെ നാളേതാ?."

"ഉത്രട്ടാതി."

"മാസം?."

"ചിങ്ങം."

"അ: അത് നന്നായി!. അപ്പൊ ഇന്നല്ലേ ബാലഷ്ണൻ്റെ പെറന്നാള്?."

"ഓഹോ."

ചേട്ടൻ നിസ്സംഗൻ.

"ബാലകൃഷ്ണൻ മറന്നു പോയതാണോ അതോ.... "

സുഹൃത്ത് വല്ലാതായി.

"അതെ. പതിവുപോലെ."

"ഹ ഹ ഹ!. അപ്പൊ ഇദ് സ്ഥിരം പരിപാട്യാല്ലേ! സാരല്ല്യ പെറന്നാള് മറക്കണത് നല്ലതാന്ന് പറയാറ്ണ്ട്."

"മറന്നത് വെറും പെറന്നാളല്ല; അറുപതാം പെറന്നാളാ. എരട്ടി ഗുണം."

ചേട്ടൻ അപ്പോഴും നിർമ്മമൻ.

"ഓ... ഗോഷ്!. ബാലകൃഷ്ണാ സോറി, വല്ല്യൊരൊക്കേഷൻ.."

"ഏയ് അത് സാരല്ലിടോ. ഷഷ്ടിപൂർത്തി തൻ്റെ വീട്ടിലാഘോഷിച്ചൂന്ന് കൂട്ട്യാ മതി. പായസം വെളമ്പിക്കോളൂ."
:
:
:
:
മൂത്തോൻ അറുപതാം പിറന്നാളും മറന്നു എന്ന വിവരം കിട്ടിയപ്പോൾ അമ്മ ദീർഘനിശ്വാസമിട്ടു.

"ഇങ്ങനൊരു കുട്ടി!. ഷഷ്ടിപൂർത്തി വരെ വല്ലോരടെ വീട്ടിലും ഉണ്ണാനാ അതിന് യോഗം!."

സപ്തതി
അശീതി
ശതാഭിഷേകം
നവതി

ഷഷ്ട്യാനന്തര പെരുന്നാളുകളും ചേട്ടൻ മറന്ന വിവരമറിയാൻ അമ്മക്ക് പക്ഷേ യോഗമുണ്ടായില്ല!.

പിറന്നാളും തന്നെത്തന്നെ മറന്നും തൊണ്ണൂറ്റി മൂന്നിൻ്റെ പടി ചവിട്ടി ചേട്ടൻ ഇപ്പോഴും...
:
:
'ഫലശ്രുതി '
ചേട്ടന്റെ മറവികൾ അനിയന് ഊർജ്ജമാണ്. കൊപ്പക്കായ പുളിങ്കറിയും കോവയ്ക്ക പൊരിയലുമായി അറുപതു പോലെ എഴുപതാം പിറന്നാളും കെങ്കേമമാക്കാൻ വേറെ എവിടെനിന്നതു കിട്ടും!


ഉറവിടം

 

ഉറവിടം 


വിളക്കും കാൽ കവലയിൽ തലേന്ന് ഇസ്തിരിയിടാൻ കൊടുത്തത് വാങ്ങി വരുമ്പോൾ നടുറോഡിൽ ഒരു പൊതിച്ച തേങ്ങ കിടക്കുന്നതു കണ്ടു!. അതെടുത്തൊന്നു കുലുക്കി നോക്കുമ്പോഴേക്കും ഒരു ബൈക്ക് അടുത്തു വന്ന് നിന്നു.

"മാഷേ അതെന്റ്യാ!"

തേങ്ങ വാങ്ങുമ്പോൾ അയാൾ ക്ഷമാപണം പോലെ പറഞ്ഞു:

"പ്ലാസ്റ്റിക്ക് സഞ്ചീലാക്കി സൈഡില് തൂക്ക്യേർന്നതാ. സൈലൻസറിമ്മിര്ന്ന് സഞ്ചി ഉരുകീതറിഞ്ഞില്ല്യ. ഒക്കൂർന്നു പോയി."

"അയ് അപ്പൊ നാള്യേരം വേറേണ്ടാർന്ന്വോ?"

"അഞ്ചണ്ണം. ഓരോന്നായി പർക്കി വര്വാ. ഒരെണ്ണങ്കൂടീണ്ട്."

"ന്നാ വേം പൊക്കോളോ."

അയാൾ താങ്ക്സ് പറഞ്ഞ് പോയി.

പഴയ അമളികൾ ആവർത്തിക്കാതിരുന്നതിൽ ഞാൻ സ്വയം അഭിനന്ദിച്ചു.
പഴയ അമളികൾ...

ഓർമ്മകളുടെ പൊതിച്ച തേങ്ങകൾ വിട്രിഫൈഡ് ടൈൽ ഫ്ലോറിൽ ഉരുട്ടി വിട്ടപോലെ മനസ്സിൽ വന്നിടിച്ച് കൂന കൂടുന്നു....

പണ്ട്, കൃത്യമായി പറഞ്ഞാൽ 1977 ൽ സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ പരീക്ഷയെഴുതാൻ തലസ്ഥാനത്ത് പോയത്...

കരമനയിലുള്ള അമ്മാമന്റെ മകളുടെ വീട്ടിൽ താമസിച്ചത്...

കസിന്റെ ഭർത്താവിന്റെ മരുമകനും നാട്ടുകാരനുമായ സുഹൃത്തും സുഹൃത്തിന്റെ സുഹൃത്തുക്കളുമടക്കം നാലു പേർ പരീക്ഷത്തലേന്ന് രാത്രി കോളനി ഇടവഴികളിലൂടെ കുറെ ദൂരം ചുറ്റിക്കറങ്ങാൻ പോയത്....

മലയാറ്റൂർ രാമകൃഷ്ണന്റെ വീട് കണ്ടത്...

പാതിരാത്രി തിരിച്ചുവരവിൽ പൊതിച്ച ഒരു മുഴു നാളികേരം ടാറിട്ട വഴിയിൽ കിടക്കുന്നതു കണ്ടത്...

അതിന്റെ റിഫ്ലക്സായി മുജ്ജന്മ ശാപം മൂലമോ എന്തോ മതിലരികിലുള്ള തെങ്ങിൻ തലപ്പിലേക്ക് ഞാനൊന്നു നോക്കിപ്പോയത്...

അതു കണ്ട് മറ്റു മൂന്നു പേരും ആർത്തും തലയറഞ്ഞും ചിരിച്ച് എന്നെ ആക്കിയത്...

ബഹളം കേട്ട് കോളനിയുടെ ചുറ്റുവട്ടത്തുള്ള വീടുകളിലെല്ലാം വിളക്കു തെളിഞ്ഞത്....

"ആരാ എന്താ?" ചോദ്യങ്ങൾക്ക് "തേങ്ങ തേങ്ങ " എന്നു വിളിച്ചു പറഞ്ഞ് ഞങ്ങൾ കുത്തനെ വിട്ടത്....

കൃത്യം ഒരു സംവത്സരത്തിനു ശേഷം ഒരു നാളികേരാന്തിക്ക് തന്നെ (സെപ്തംബർ 2 ) കേന്ദ്ര പൊതുമരാമത്ത് വകുപ്പിലേക്ക് നിയമനക്കത്ത് ലഭിച്ചത്...

ഇല്ല... ഒന്നും പൊട്ടച്ചു പോയിട്ടില്ല... സ്റ്റിൽ ഫ്രഷ്!

രാജ് തോമസ്

 രാജ് തോമസ് 

' തുലനം' എന്ന പേരിൽ രാജ് തോമസ് എഴുതിയ ഒരു നാടകം പണ്ട് മുതുവറ പുരോഗമന കലാ സമിതിയുടെ ആഭിമുഖ്യത്തിൽ അവതരിപ്പിച്ചിരുന്നു. അതുല്യനടനായ ചേർത്തല ജയസൂര്യ, സംഗീത നാടക അക്കാദമി സംസ്ഥാന അമച്വർ നാടക മത്സരത്തിൽ രാജ് തോമസിന്റെ തന്നെ 'ചെമ്പകരാമൻ' എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടൻ പുരസ്ക്കാരം ലഭിച്ച മുരളി അടാട്ട് തുടങ്ങിയവർ വേഷമിട്ട് തൃശ്ശൂർ ഗോപാൽജി സംവിധാനം ചെയ്ത നാടകം ആ വർഷം കൂത്താട്ടുകുളത്ത് നടന്ന കേരള സംഗീത നാടക അക്കാദമി സംസ്ഥാന അമച്വർ നാടകമത്സരത്തിൽ അവതരിപ്പിക്കുതിനു വേണ്ടി ഒരുക്കിയതായിരുന്നു. മുതുവറ പുരോഗമനകലാസമിതിയുടെ മാനേജരായിരുന്ന അന്തരിച്ച സുഹൃത്ത് വിജയകൃഷ്ണന്റെ ക്ഷണപ്രകാരം ഈയുള്ളവനും ആ നാടക പ്രതിഭകൾക്കൊപ്പം ഒരു പ്രധാന വേഷവുമായി സഹകരിക്കാൻ ഭാഗ്യമുണ്ടായി.
നാടകത്തിന്റെ ആദ്യാവതരണം മുതുവറ കെ.ആർ. നാരായണൻ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ചായിരുന്നു. മുമ്പ് പുറനാട്ടുകര ആർട്സ് ക്ലബ്ബിന്റെ ബാനറിൽ ഞാനും അടാട്ട് അമ്പിളി തിയ്യറ്റേഴ്സിനു കീഴിൽ രാജ് തോമസും തമ്മിൽ പഞ്ചായത്ത് കലോത്സവ നാടക മത്സരത്തട്ടുകളിൽ വീറോടെ പോരാടിയിരുന്ന ചരിത്ര പശ്ചാത്തലത്തിലാണ് രണ്ടു പേരും മുതുവറ നാടകത്തിൽ ആദ്യമായി ഒരുമിക്കുന്നത്. ആ വൈകാരികത ഉൾക്കൊണ്ടാണ് അവതരണത്തിനു തൊട്ടു മുമ്പ് ഞാൻ രാജ് തോമസിനെ പിന്നരങ്ങിൽ ചെന്നു കാണുന്നത്. ബാക്ക് കർട്ടനു പിന്നിൽ ബീഡി പുകച്ചുനിൽക്കുകയായിരുന്നു അദ്ദേഹം.

"തോമസ്!"

ഞാനങ്ങിനെയാണ് അദ്ദേഹത്തെ വിളിച്ചിരുന്നത്.

"ഓ! ബാലേന്ദ്രൻ. എന്താവോ?"

ലേശം നമ്പൂരിച്ചുവ കലർന്ന സംസാരരീതിയായിരുന്നു തോമസ്സിന്റേത്.

ഒരിക്കൽ ഞാനത് ചോദിക്കുകയും ചെയ്തിരുന്നു.

"അതെന്താ തോമസ്സേ അങ്ങനെ?"

"ഏത്, എന്റെ സംസാരത്തിലെ നമ്പൂരിത്തം ല്ലേ? സ്വാഭാവികം. അപ്പനിൽ നിന്നു കിട്ടിയതാവും. അപ്പന് അടാട്ട് കൂറൂർ മനയുമായായിരുന്നു അധികവും സംസർഗ്ഗം ഹ ഹ ഹ!"

നാടകം അനൗൺസ് ചെയ്തു തുടങ്ങി. ഞാൻ തിടുക്കത്തിൽ പറഞ്ഞു:

"തോമസിന്റെ നാടകത്തിൽ ആദ്യമായാണ്. "

" അറ്യാം, അവസാനത്ത്യല്ലല്ലോ സമാധാനണ്ട്! ഹ ഹ ഹ!. "

"അനുഗ്രഹിക്കണം."

ബീഡിക്കുറ്റി ജനലിലൂടെ പുറത്തെറിഞ്ഞുകൊണ്ട് രാജ് തോമസ് എന്റെ രണ്ട് കയ്യും കൂട്ടിപ്പിടിച്ചു പറഞ്ഞു.

"സോറി! സമശീർഷരെ അനുഗ്രഹിക്കാൻ വകുപ്പില്ല്യ! മനസ്സ്ണ്ട് ഒപ്പം. നന്നാവട്ടെ! ചെന്നോളോ സമയായി!"

അതെ, അതവസാനത്തേതു തന്നെയായിരുന്നു. മലയാള നാടകത്തിന് നമ്മുടെ നാട് സമ്മാനിച്ച പ്രതിഭയിൽനിന്നു ഞാൻ കേട്ട അവസാന വാക്കുകൾ. കണ്ട കാഴ്ചയും...

മാസങ്ങൾക്കു ശേഷം കവി ഉണ്ണികൃഷ്ണൻ അടാട്ട് വിളിച്ചു പറഞ്ഞാണറിഞ്ഞത്:

"ബാലേട്ടാ....രാജ് തോമസ് പോയി!. "
:
:
:
ഇന്ന് നടനും നാടകരചയിതാവും സംവിധായകനും സംഗീത നാടക അക്കാദമി പുരസ്ക്കാര ജേതാവുമായിരുന്ന രാജ് തോമസ് അടാട്ടിന്റെ ഓർമ്മ ദിനം...

 


കാഴ്ചപ്പണ്ടങ്ങൾ

 

കാഴ്ചപ്പണ്ടങ്ങൾ


ഷോർട്ട് ഫിലിം മേക്കിങ്ങിനെക്കുറിച്ച് സംസാരിക്കാൻ ഒറ്റപ്പാലത്തുനിന്ന് രണ്ട് യുവാക്കൾ വരുന്നതും കാത്ത് ഓണപ്പതിപ്പിലെ അവശേഷിപ്പുകൾ വായിക്കുവാൻ തുടങ്ങിയപ്പോഴാണ് ഫോൺ വന്നത്.

"ഹലോ, മാഷേ ഇത് ഞാനാ."

"ആരാ മനസ്സിലായില്ല്യ."

"രാധാകൃഷ്ണൻ. ശങ്കരങ്കുളങ്ങര...."

"അയ്യോ ആശാനോ! എന്താ വിശേഷം? കൊറെ നാളായി കണ്ടിട്ടും കേട്ടിട്ടും? സുഖല്ലേ?"

"പരമ സുഖം. ഒരത്യാവശ്യ കാര്യത്തിനാ വിളിച്ചത്. "

"എന്താശാനേ?"

"ക്ഷേത്രവാദ്യകലാ ക്ഷേമസഭയുടെ വാർഷിക പൊതുയോഗവും കൂടെ ഒന്നു രണ്ട് ആദരണങ്ങളും ഇന്നുച്ചക്ക് രണ്ടരക്ക് വെച്ച്ട്ട്ണ്ട്. മ്മടെ ജില്ലാ കളക്റ്ററായിരുന്നു ഉദ്ഘാടകൻ. പക്ഷേ അദ്ദേഹത്തിന് മറ്റൊരു അടിയന്തിര കാര്യായി വരാൻ കഴീല്ല്യ എന്നിപ്പൊ അറീച്ചിരിക്ക്യാ."

"ഓ അപ്പൊ ഞാനെന്താ വേണ്ട്? വേറാരേങ്കിലും അറേഞ്ച്...."

"അയ്യോ അതൊന്നും വേണ്ട. മാഷന്നെ മതി."

"ഞാനോ! കളക്റ്റർട്യൊക്കെ പകരക്കാരനായിട്ട് വരാൻ എനിക്കെന്ത്...."

"യോഗ്യത്യാന്നല്ലേ? മ്മടെ കൂട്ടത്തിലൊരാളാണ് അതന്നെ."

അതിൽ വീണു. ആശാനാണ്. വയസ്സാം കാലത്ത് എന്നെ പഞ്ചാരി കൊട്ടാൻ പഠിപ്പിച്ച് അരങ്ങേറ്റിയ ജാലവിദ്യക്കാരൻ. മിനിമം പതിനഞ്ചു വയസ്സെങ്കിലും എനിക്കിളയവൻ. മേള പാഠങ്ങൾ തുടങ്ങുന്നതിനു മുമ്പ് ദക്ഷിണയായി നാണയം വെച്ച വെറ്റിലക്കൈ നീട്ടിയപ്പോൾ

"അതേയ്, കാൽക്കല് വീഴണ്ട. ആ ദക്ഷിണ്യങ്ങട് തന്നാ മതി! "

എന്നു ചെവിയിലോതി മൂപ്പിളമ പ്രശ്നം കോംപ്രമൈസാക്കി മാഷെന്നും ആശാനെന്നും പിന്നീട് പരസ്പരം വിളിക്കാൻ പാകത്തിൽ സീൻ ഇംപ്രോവൈസ് ചെയ്ത കക്ഷിയാണ്.

"ശരി. വരാം."

"അപ്പൊ രണ്ട് മണിക്ക് നിഖിലിന്റെ കാറ് വരും."

"കാറൊന്നും വേണ്ട. ഞാൻ സ്കൂട്ടറിൽ വരാം. ശോഭാ സിറ്റി ബ്ലോക്കിൽ സ്കൂട്ടറാ നല്ലത്. കുത്തിത്തൊളച്ച് വരാലോ?"

"ഏയ് വേണ്ട. കാറ് വരും."

"ഓക്കെ. "

ഹ്രസ്വ സിനിമക്കാരെ വിളിച്ച് സമയക്രമം റീ അഡ്ജസ്റ്റ് ചെയ്ത് പുഴയ്ക്കൽ പാടം ബ്ലോക്ക് അര മണിക്കൂറെടുത്ത് ( കുറഞ്ഞത് ഒരു മണിക്കൂറാണത്രെ കീഴ്ക്കട!) തരണം ചെയ്ത് സമ്മേളനസ്ഥലത്ത് എത്തിയപ്പോൾ മണി മൂന്നേകാൽ. സമയം വൈകിയ സാഹചര്യത്തിൽ യോഗം തുടങ്ങി വെച്ചിരുന്നു. ഹാളിൽ കടന്ന് വേദിയിലേക്ക് ഒന്നു നോക്കിയതേയുള്ളു, കേശാദിപാദം തളർന്നു. മേളകലയിലെ മഹാരഥികൾ കിഴക്കൂട്ട് അനിയൻ മാരാർ, ചേരാനല്ലൂർ ശങ്കരകുട്ടൻ മാരാർ, ഏഷ്യാഡ് ശശി!. അന്നും ഇന്നും മനസ്സിൽ ആരാധിച്ചു കൊണ്ടു നടക്കുന്ന കൊമ്പൻ കലാകാരന്മാർ. അപശബ്ദമുണ്ടാക്കി മേളം കുളമാക്കിയെങ്കിലോ എന്നു ഭയന്ന് അരങ്ങേറ്റം കഴിഞ്ഞതിനു ശേഷം ആശാൻ വിളിച്ചാൽ പോലും താളം പിടിക്കാൻ പോകാതെ ചെണ്ട അട്ടത്തു കേറ്റി വെച്ച് കലയെ അപമാനിച്ചവൻ അവർക്കിടയിൽ ഉദ്ഘാടകനായി ഇരിക്കണം! സംഘാടകരുടെ ഔചിത്യബോധം വളരെയേറെ മെച്ചപ്പെടാനുണ്ട്, മനസ്സിൽ കരുതി.
പൊന്നാട, തിരി കൊളുത്തൽ, രണ്ടു വാക്ക് സംസാരം, ആദരണീയർക്ക് മെമെന്റോ, കവർ എന്നിങ്ങനെ പരിപാടി കളറായി. കൂട്ടത്തിൽ എനിക്കും കിട്ടി ചില്ലുകൂട്ടിൽ വെച്ച ക്യൂട്ട് എന്ന് ആധുനിക ശൈലിയിൽ മടികൂടാതെ പറയാവുന്ന ഒരു കുഞ്ഞിച്ചെണ്ട!
ഷോ കേസിലോ ബുക്ക് ഷെൽഫിനു മുകളിലോ എവിടെ വെക്കണം എന്ന് നോക്കി നടക്കുന്നതിനിടയിൽ ബെഡ് റൂമിലെ റാക്കിൽ ക്യാൻവാസ് ബാഗിനുള്ളിൽ വർഷങ്ങളായി ധ്യാനിച്ചിരിക്കുന്ന ചെണ്ട കണ്ടപ്പോൾ ഒരു ഞെട്ടലോടെ ഓർത്തു-
ഈ സമ്മാനം ആശാന്റേയും ശിഷ്യരുടേയും എനിക്കുള്ള ഓർമ്മപ്പെടുത്തലല്ലേ? ചെണ്ട ഒരു കാഴ്ച്ചവസ്തുവല്ല എന്നും കൊട്ടാൻ പോയില്ലെങ്കിലും മാസത്തിൽ ഒരിക്കൽ ഇടന്തലയിൽ നാലു തക്കിട്ട കൊട്ടിയെങ്കിലും പഠിച്ചതിനെ ബഹുമാനിക്കണമെന്നുമുള്ള ഓർമ്മപ്പെടുത്തൽ?
ആയിരിക്കണം.
മാപ്പ്, ഗുരുവിനോട്... മേളകലയോട്!

കേകേ

 കേകേ 


"ഡോ, താനോട്ടീട്ടീല് ഹിന്ദി സീരീസ് കാണാർണ്ടോ?"

ഫോൺ സംഭാഷണത്തിനിടയിൽ സുഹൃത്ത് ചോദിച്ചു.

"വല്ലപ്പോഴൊക്കെ. താനോ?"

"ഏതാണ്ടൊക്കെ കാണും. താൻ ബംബൈ മേരി ജാൻ കണ്ട്വോ?"

"ഉവ്വ്."

"നല്ലതല്ലേ?"

"ങ്‌ഹാ, നോട്ട് ബാഡ്."

"എനിക്കിഷ്ടായി. അതിലെ വില്ലൻ ആക്റ്റർ കലക്കീണ്ടല്ലേ?"

"ആരാ? വില്ലമ്മാര് കൊറേണ്ടലോ?"

"ഹാജി മസ്താൻ?."

"മസ്താനല്ല മഖ്ബൂൽ."

"ങ്‌ഹാ ശരിക്ക് പർഞ്ഞാ മസ്താൻ തന്നെ."

"നന്നായീണ്ട്."

"മ്മടെ മരിച്ച് പോയ എൻ.എഫ് വർഗ്ഗീസിന്റെ പോലേണ്ട് കക്ഷി."

"അത്രക്കെത്തില്ല്യ, ന്നാലും കൊള്ളാം."

"ദാവൂദ് ഇബ്രാഹിം പോര."

"ദാവൂദല്ല ദാര. ദാര കാദ്രി."

"ങ്ഹാ രണ്ടും ഒന്നന്നെ. പിന്നെ, ആ മെയിൻ ക്യാരക്റ്ററാരാ?"

"ഏത്, ഇസ്മയിൽ കാദ്രി?"

"ങ്‌ഹാ ആ പോലീസോഫീസറ്, ദാരേടെ വാപ്പ?."

"എല്ലാ സീരീസും സിനിമേം കാൺണ തനിക്ക് അയാളെ അറീല്ല്യാന്നോ!?"

"കക്ഷ്യേ കാണാറ്ണ്ട്. പക്ഷേ പേര് ശ്രദ്ധിച്ചിട്ടില്ല്യ. "

"കേകേ."

"ങ്‌ഹേ?"

"കെ.കെ. മേനോൻ."

"ഹ ഹ ഹ ഹ ഹ ഹ ഹ ഹ....! ഹയ്യൂ!!"

"എന്തേ താൻ ചിരിച്ചേ?"

"തമാശ കളയ്. ഏതാ ആക്റ്ററ്?"

"കെ.കെ. മേനോൻന്ന് പറഞ്ഞില്ലേ? കേകേന്നും അറീം."

"ഇയാള് പിന്നേം മറ്റേ...."

"താനാള് കൊള്ളാലോ! ഡോ, അയാള് ബോളിവുഡിലെ വല്ല്യേ പാർട്ട്യാണ്. കൃഷ്ണകുമാർ മേനോൻന്നാ കക്ഷീടെ മുഴൻ പേര്."

"സീരിയസ്‌ലി?"

"പിന്നല്ലാണ്ട്! അച്ഛന്വമ്മേം കോഴിക്കോട്ട്വാരാ. ജനിച്ചതും വളർന്നതും മാരാഷ്ട്രേലാ. തിയ്യറ്റർലായിരുന്നു തൊടക്കം."

"അത് ശരി!. ഇക്കറീല്ല്യാർന്നു ട്ടാ. പങ്കജ് ത്രിപാഠീടേം മനോജ് ബാജ്പായ്ടേം നവാസുദ്ദീൻ സിദ്ദിഖീടേം ഒക്കെ എടേല് കേകേ മേനോൻന്ന് കേക്കുമ്പോ;"

"ചിക്കാഗോല് കരയോഗണ്ട് ന്നൊക്കെ കേക്കണ പോലല്ലേ?"

"സത്യം!"

ഒളിച്ചോട്ടം

ഒളിച്ചോട്ടം  


ഒളിച്ചോടുവാൻ നിശ്ചയിച്ച സ്ഥലവും സമയവും പഴയ ഇഷ്ടക്കാരിയെ ഫോൺ ചെയ്ത് അറിയിക്കുവാൻ നോക്കുകയാണ് മുതിർന്ന പൌരൻ. അപ്പുറത്ത് ഫോൺ എടുക്കുന്നില്ല. ഓപ്പറേഷന്റെ സൂത്രധാരനായ ബാല്യയൌവനകാല സുഹൃത്ത് അരികിൽ നിന്ന് നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. രണ്ടു തവണ വിളിച്ചിട്ടും കിട്ടാതാവുമ്പോൾ ഒരു മെസ്സേജ് അയക്കാൻ പറയുന്നു സുഹൃത്ത്, അതു ചെയ്യുന്നു. ഇത്രയുമാണ് സീൻ. സിറ്റുവേഷൻ വിവരിച്ചു തന്ന ശേഷം സംവിധായകൻ മോണിട്ടറിനു മുമ്പിൽ ചെന്നിരുന്നു. അസി. ഡയരക്റ്റർ വന്ന് ഫോൺ തുറന്ന് ഓപ്പറേഷൻ കാണിച്ചു തന്നു. അയാളുടെ മൊബെൽ ഫോൺ തന്നെയാണ് പ്രോപ്പർട്ടി.
ചവിട്ടുന്ന സൈക്കിളും മൊബൈൽ ഫോണും വേറെയാണെങ്കിൽ പൊരുത്തപ്പെടാൻ പ്രയാസമാണ്. സംവിധാന സഹായി എല്ലാം പറഞ്ഞു തന്നുവെങ്കിലും കൃത്യമായി മനസ്സിലായില്ല. അതങ്ങനെയാണ്. അത്ര പെട്ടെന്നൊന്നും സീസൺ ചെയ്തെടുക്കാനാവില്ല സപ്തതി ഉണ്ടവന്റെ തലയിലിരിപ്പ്. വർഷങ്ങൾ കഷ്ടപ്പെട്ടുണ്ടാക്കി സ്റ്റോർ ചെയ്ത വിവരങ്ങളുടെ പെൻ ഡ്രൈവ് അരണ ബുദ്ധിയിൽ ഫോർമാറ്റ് ചെയ്ത് വെടിപ്പാക്കിയിട്ട് അധിക നാളായിട്ടില്ല!

"ക്ലിയറല്ലേ സർ?"

"ഓക്കേ ക്ലിയർ "

ശ്ശെവടെ! എന്നാലും പാതി നുണയുടെ റിസ്കെടുത്തു.

"റെഡി റെഡി പൂവ്വാം"

ക്യാമറാമാൻ അക്ഷമനായി.

"റെഡി. ഓക്കേല്ലേ സാർ ?"

സംവിധായകൻ.

"ഓക്കേ."

"ഗുഡ്. റെഡി റെഡി സൈലൻസ്! സ്റ്റാർട്ട് ക്യാമറ!"

"റോളിങ്ങ്!"

"ആക്ഷൻ!"

അകത്തു നിന്ന് നടന്ന് പുറത്ത് വരാന്തയിൽ കടന്നു. മേശയിലിരുന്ന ഫോൺ എടുത്ത് ഓണാക്കി നമ്പറെടുത്തു പ്രസ്സ് ചെയ്തു. റിങ്ങ് ടോൺ. എടുക്കുന്നില്ല. അരമിനിറ്റ് കാത്തു. ഇനി കോൾ കട്ട് ചെയ്യാം. നോക്കുമ്പോൾ മൊബൈൽ സ്ക്രീൻ ബ്ളാക്ക്! തൊട്ടും തേമ്പിയും നോക്കി. രക്ഷയില്ല. പറഞ്ഞു തന്നത് മറന്നു.

"കട്ട് കട്ട്!"

സംവിധായകൻ വിളിച്ചു പറഞ്ഞു.

"എന്താ സാർ പ്രശ്നം?"

അസിസ്റ്റന്റ് ഓടിയെത്തി.

"ഞാനീ മൊബൈലിൽ

കംഫർട്ടബിളല്ല. എന്റെ മൊബൈലാക്കിക്കൂടെ?"

"ഷ്വർ സർ.! സാറിന്റെ ഫോൺ എടുക്കൂ. "

സഹൻ ഫോൺ വാങ്ങി. കാമുകിയുടെ പേരും നമ്പറും ആഡ് ചെയ്തു തന്നു. ക്ലോസ് ഷോട്ടിൽ പേര് ക്യാമറയിൽ തെളിയണം.

"ഓകെ റെഡി."

"റെഡി ക്യാമറ!"

"റോളിങ്!"

"ആക്ഷൻ!"

ഫോൺ എടുത്തു. സ്ക്രീൻ ഓപ്പണാവുന്നില്ല. വിരൽത്തുമ്പും പിന്നും ഒന്നും ഏശുന്നില്ല! പതിവില്ലാത്തതാണ്.

"കട്ട് കട്ട് കട്ട്!"

"എന്താ സാർ?"

"എന്തോ! വർക്കാവുന്നില്ല. ഡിസ്ക്കംഫർട്ട് തന്നെയാവണം."

"പ്രോപ്പർട്ടി മാറീലോ സർ, പിന്നെന്താ ഡിസ്കംഫർട്ട്!?"

"എനിക്കല്ല, മൊബൈലിന്. ആദ്യായിട്ടാണേയ്, അതിന്റൊരു...."

"ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ
ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ ഹ"


"സാറ് പൊളിയാണല്ലോ !."

" ഹ ഹ ഹേയ്, ഒക്കെ പൂവ്വാം."

"ഫോൺ ഓക്കേല്ലേ സാർ?"

"ഡബിളോക്കേ!"

"റെഡി പൂവ്വാം, സൈലൻസ്! സ്റ്റാർട്ട് ക്യാമറ!"

"റോളിങ്ങ്!"

"ആക്ഷൻ!"

രണ്ട് കോള്. ഒരു മെസ്സേജ്. ഫോൺ മേശയിൽ വെച്ച് കുട്ടുകാരനെ നോക്കി. കൂട്ടുകാരൻ തലയിളക്കി ദാറ്റ്സാൾ മുദ്ര കാട്ടി.

"കട്ട്! ഓാാാാക്കെ സാർ, സൂ......പ്പർ! അടിപൊളി! "

ഷോർട്ട് ഫിലിം ലൊക്കേഷൻ ഒരു രസം തന്നെ!