2012 സെപ്റ്റംബർ 15, ശനിയാഴ്‌ച

പുലിവാല്


പുലിവാല് 


ഇരുപത് കൊല്ലം മുന്‍പ്  ഓഫീസില്‍ ഒരു ദിവസം.....


" മിസ്റ്റര്‍ ബാലചന്ദ്രന്‍,  യു ഹാവ് ഗോട്ട് എ കാള്‍ "


ഡിവിഷണല്‍  മാനേജര്‍ വിളിക്കുന്നത്  കേട്ട് അദ്ദേഹത്തിന്‍റെ ചേമ്പറില്‍ ചെന്ന്  റിസീവര്‍ കയ്യിലെടുത്തു.

" ഹലോ, ബാലചന്ദ്രന്‍  ഹിയര്‍ "

" ഹലോ, മിസ്റ്റര്‍ ജയചന്ദ്രന്‍  നായര്‍,  എന്‍റെ പേര് വിക്രമന്‍ നായര്‍.  വീട് ചങ്ങനാശ്ശേരി . കല്‍ക്കത്തയിലുള്ള അങ്ങയുടെ ബ്രദര്‍  ഇന്‍ ലോ മിസ്റ്റര്‍ കെ .എന്‍ . മേനോന്‍ പറഞ്ഞാ ഞാന്‍ വിളിക്കുന്നേ "

" അത്യോ, വളരെ സന്തോഷം സര്‍ .   ന്താ വിശേഷം പറയൂ "

" ബാങ്ക്  ജോലിയായതുകൊണ്ട്   തെരക്കൊണ്ടാവുമെന്നറിയാം.  അതുകൊണ്ട്  ഞാന്‍ നേരിട്ട് വിഷയത്തിലേക്ക് കടന്നേക്കാം. കല്‍ക്കത്തയില്‍  തന്നെയുള്ള എന്‍റെ ഒരു അടുത്ത ബന്ധു ആയി അടുപ്പിച്ചതാ കേട്ടോ; എന്‍റെ മകള്‍ക്കൊരു വിവാഹാലോചന. മിസ്റ്റര്‍ മേനോന്‍റെ മകന്‍; അതായത്  താങ്കളുടെ സഹോദരീപുത്രനുമായിട്ടാണ്.   ദൈവം സഹായിച്ചു സംഗതി വളരെ  മുന്നോട്ടു പോയിട്ടൊണ്ട്‌.  ആ നിലയ്ക്ക്  കുറച്ചു കൂടി വിവരങ്ങള്‍ പരസ്പരം അറിയണമെന്നൊണ്ട് . നേരിട്ട് കണ്ടു സംസാരിക്കുന്നതില്‍ വിരോധമൊണ്ടോ?"

" ഏയ്‌, ഒരു വിരോധോല്ല്യ . അസ്സലായി. ന്താദ്! എപ്പോഴാണ് വേണ്ടത്  എന്ന്  സാറ് പറഞ്ഞാ മതി"

" ബാലചന്ദ്രന്‍ നായര്‍ , സത്യത്തില്‍ ഞാനിപ്പോള്‍ തൃശ്ശൂരില്‍ തന്നെയൊണ്ട്.  ഇവിടെയുള്ള എന്‍റെ സുഹൃത്ത്  മിസ്റ്റര്‍ നീലകണ്‌ഠപിള്ളയുടെ വീട്ടില്‍നിന്നാ സംസാരിക്കുന്നേ "

"ഓഹോ"

" മിസ്റ്റര്‍ ജയചന്ദ്രന്‍ നായര്‍ക്ക്‌ സൗകര്യം ഉള്ള ഒരു സമയം പറഞ്ഞാല്‍ ഞാന്‍ അങ്ങയുടെ വീട്ടിലേക്ക്‌ വരാം. നാട്ടിലെ വിലാസമൊക്കെ  മിസ്റ്റര്‍ മേനോന്‍ പറഞ്ഞു തന്നിട്ടൊണ്ട്. പുറനാട്ടുകര  അല്ല്യോ വീട് ?"

"അതെ. എനിക്കെപ്പഴായാലും സൗകര്യം തന്ന്യാ ."

" അങ്ങിനെയെങ്കില്‍  നമുക്ക്  ഇന്നു തന്നെയങ്ങായാലോ?"

"വിരോധല്ല്യ . ഓഫീസ്  ഉള്ളോണ്ട്  അഞ്ചു മണിക്കു ശേഷാവാം .  വൈകുമ്പോ സാറിനു ബുദ്ധിമുട്ടാവ്വ്വോ ?"

"ഓ. എന്നാ പറയുന്നേ!  ബുദ്ധിമുട്ടോ?   ഞാന്‍ അതിനായിട്ട്‌ എറങ്ങിത്തിരിച്ചിരിക്കുവല്ല്യോ?  ഇന്ന് എന്തായാലും ഇവിടെതന്നെയാണ്  എന്റെ ക്യാമ്പ്‌. നാളെ  കണ്ണൂര്  വരെ ഒന്ന് പോകണം. സര്‍വീസ് പെന്‍ഷണര്‍മാരുടെ സംഘടനയുടെ  സംസ്ഥാന ജൊയിന്‍റ്  സെക്രട്ടറിയാണ് ഞാന്‍.  അവിടെ ഒരു സമ്മേളനമുണ്ട്.   ഞാന്‍ സദാ യാത്രയിലുള്ള ഒരാളാണ്  കേട്ടോ."

" സന്തോഷം. അതൊക്കെ നല്ല കാര്യല്ലേ?"

" തന്നെ  തന്നെ. സമൂഹത്തിനു വേണ്ടി ഓരോരുത്തരും തന്നാലായത്  ചെയ്യേണ്ടായോ? അപ്പോള്‍  ഞാന്‍ ഇന്ന്  ഒരു ആറു മണിക്ക് താങ്കളുടെ വീട്ടില്‍ വരാം. "

"ശരി.  അങ്ങന്യാച്ചാ  ഒരു കാര്യം ചെയ്യാം. വൈകീട്ട്  ഞാന്‍ മിസ്റ്റര്‍ പിള്ളേടെ  വീട്ടില്‍ക്ക് വരാം.   മ്മക്ക്  ഒരുമിച്ചു   പോകാം. അങ്ങക്ക്‌  എന്‍റെ ബൈക്കില് ഇരിക്കണ്ടി വരും. പക്ഷെ. വെഷമാവ്വോ ?"

" ഓ. ഒന്നും  വേണ്ടെന്ന് . മിസ്റ്റര്‍  നായര്‍ക്ക്‌ ഭാര്യയെയും കൂട്ടി പോകേണ്ടതല്ല്യോ.   മിസ്റ്റര്‍ മേനോന്‍ എന്നോട്  എല്ലാം പറഞ്ഞിട്ടൊണ്ട്.   നിങ്ങളുടെ ഭാര്യയും  എമ്പ്ലോയ്ഡ് ആണെന്നും  ഒരുമിച്ചു ബൈക്കിലാണ്‌  യാത്രയെന്നുമൊക്കെ. എന്തായാലും അത്  വേണ്ട  മിസ്റ്റര്‍ നായര്‍. ഞാന്‍  ഇവിടെ നിന്ന്  ഒരു  ഓട്ടോ പിടിച്ചു വന്നേക്കാം "

" എല്ലാം സാറിന്‍റെ  ഇഷ്ട്ടം. അപ്പോന്നാ ഞാന്‍  ആറ്‌  മണിക്ക് പ്രതീക്ഷിക്കട്ടെ ? "

"തീര്‍ച്ചയായും.  ഞാന്‍ ആറ്‌  മണിക്ക്  കൃത്യം അവിടെയത്തും.   ശേഷം വഴിയെ സംസാരിക്കാം കേട്ടോ.    എന്നാല്‍  ഞാന്‍  വെച്ചോട്ടെ?"

" ശരി, ന്നാ അങ്ങന്യാവട്ടെ ."

ആ  ധാരണയില്‍  സംഭാഷണം അവസാനിച്ചു. 
ഓഫീസ്‌  വിട്ട്  മടങ്ങുമ്പോള്‍ അത്യാവശ്യം ബേക്കറി സാധനങ്ങള്‍ വാങ്ങി.   വീടിന്‍റെ അകവും പുറവും തിടുക്കത്തില്‍  അടിച്ചു വാരി തുടച്ചു. അലങ്കോലപ്പെട്ടു കിടക്കുന്ന സ്വീകരണമുറി  വൃത്തിയാക്കി വെച്ചു . വിവാഹാലോചനയുമായി വരുന്ന പെണ്ണിന്‍റെച്ഛനെ സ്വീകരിക്കുവാന്‍ തയ്യാറായി ഞങ്ങള്‍ നിന്നു.

മണി ആറരയായി.   ആളെ കാണാനില്ല. കണിശക്കാരനാണെന്നു മനസ്സിലാക്കിയതുകൊണ്ട് ആറു മണിക്ക് തന്നെ പ്രതീക്ഷിച്ചു.  ഓ, അങ്ങിനെയൊക്കെ ഷാര്‍പ്പാവാന്‍ പറ്റുമോ എല്ലാവര്‍ക്കും  എല്ലായ്പ്പോഴും  എന്നു തിരിച്ചും ചിന്തിച്ചു.

ഏഴു മണി അടിച്ചു .  വരട്ടെ;  ഇനിയും സമയമുണ്ട്.  ആള്‍ക്ക് തിരിച്ചു  നാട്ടിലേക്ക്  മടങ്ങേണ്ടല്ലോ.  തൃശ്ശൂരില്‍  തന്നെ അല്ലെ ക്യാമ്പ്‌.    വൈകിയാലും  കുഴപ്പമില്ല.

എഴരയായിട്ടും കണാഞ്ഞപ്പോള്‍  സംശയമായി.   ഇനി ആശാന്‍ പരിപാടി കാന്‍സല്‍ ചെയ്തോ?   ഏയ്‌  അങ്ങിനെ വരില്ല.  അങ്ങിനെയെങ്കില്‍  അറിയിക്കും.   അച്ചടക്കമുള്ള ഒരു  സാമൂഹ്യ  പ്രവര്‍ത്തകനല്ലേ.   മാന്യത വിട്ടു പെരുമാറില്ല.

ഇതിനിടയില്‍  മൂന്നു  നാല്  ഓട്ടോ റിക്ഷകള്‍  വീടിനു പടിക്കല്‍ കൂടി പോയി.     ഇതിലൊന്നും നിങ്ങള്‍  പ്രതീക്ഷിക്കുന്ന ആളില്ല എന്നു ഹോണടിച്ചുകൊണ്ട്. 

എട്ടു  മണി ആയിട്ടും കാണാതെ  വന്നപ്പോള്‍ തീരുമാനിച്ചു. ഇനി വരില്ല.  അന്തസ്സില്ലാത്ത  മനുഷ്യന്‍ .  അല്ലെങ്കിലും ഈ തെക്കന്മാര്‍ക്ക്‌  തീരെ  സത്യസന്ധതയില്ല . പ്രാദേശികവികാരത്തിലേക്ക് വിചാരം ചുവടുമാറ്റം ചെയ്തു തുടങ്ങിയ നിമിഷത്തിലാണ് പടിക്കല്‍  ഒരു  ഓട്ടോ  റിക്ഷ വന്നു നിന്നത്.   ഞങ്ങള്‍  ഉടനെ  പടിക്കലേക്കു ഇറങ്ങി ചെന്നു.   ആള്‍ തന്നെ.   ഓട്ടോ റിക്ഷക്കാരന്‍ വാടക പറയുന്നത്  കേട്ടപ്പോള്‍  ഞങ്ങള്‍  ഞെട്ടി. നൂറു  രൂപ!  പക്ഷെ  അതിഥിക്ക് ഒരു ഭാവമാറ്റവുമില്ല .  അറിയാത്തതുകൊണ്ടാവും എന്ന്  വിചാരിച്ചു ഞാന്‍  ഇടപെട്ടു:

" നൂറു  രൂപ്യോ ?   എന്താ ചങ്ങാതീ  ദ്  ? തൃശ്ശൂര്ന്ന്  ഇങ്ങട്ട് മുപ്പതു  രൂപ്യല്ലെള്ളോ ?   ചോദിക്കണേന്  ഒരു  ലിമിറ്റില്ല്യേ  "

" ദേ മാഷേ, നിങ്ങള്  കാര്യറ്യാണ്ട്  കെടന്ന് വളവളാന്ന് സംസാരിക്കരുത്  ട്ടാ!.  തൃശൂര്ന്ന് ഇബടക്ക്  മുപ്പതന്ന്യാന്ന്   ഇക്കറ്യാം.  പക്ഷെ നിങ്ങള്‍ടെ  കോപ്പിലെ  വീടന്വേഷിച്ച്‌ ഈ പഞ്ചായത്ത്  മൊത്തം  കെടന്നു  കറങ്ങാന്‍ തോടങ്ങീട്ടേയ്  നേരെത്ര്യായീന്നാ  വിചാരം?   ആളെ അറിയാണ്ട്  വീടന്വേഷിച്ച്‌ ഏറങ്ങ്യാലേയ്  ഇങ്ങനിരിക്കും."

" അതിനിപ്പോ  എന്തേണ്ടായീത്.   ഇദ്ദേഹത്തിനു അഡ്രസ്‌ അറിയാര്‍ന്നൂലോ.   ന്ന്ട്ടെന്തേ ?"

" ആ..., മാഷ്‌  കാര്‍ന്നരോടന്നെ  ചോദിക്ക്.    അതൊക്കെ നിങ്ങള്‍ടെ  കാര്യം"

എന്നും  പറഞ്ഞു  അത്ര  നല്ലതല്ലാത്ത  ഒരു മൂന്നക്ഷരം പിറുപിറുത്ത്  ഓട്ടോക്കാരന്‍  ഓടിച്ചു പോയി.   ഞാന്‍ തിരിഞ്ഞു  അതിഥിയോടു  വിവരം തിരക്കി 

" എന്താണ്  സാര്‍ ഉണ്ടായത്.   വീട്  കണ്ടു പിടിക്കാന്‍ എന്തേങ്ങനെ  വെഷമിച്ചത് ? ഇത്രധികം വാടക വരാന്‍ മാത്രം  കറങ്ങ്യോ ?"


"ഓ!   ഒന്നും  പറയേണ്ടെന്ന് !   ഓട്ടോക്കാരന്‍  പറഞ്ഞതെല്ലാം ശരിയാ.    ഈ പഞ്ചായത്ത്‌  മുഴുവന്‍  ചുറ്റിക്കറങ്ങി.   ഈ വീടിനു മുന്നിലൂടെ  തന്നെ  മൂന്നോ  നാലോ തവണ പോയിട്ടുണ്ടെന്നു ഇപ്പോഴാണ്  മനസ്സിലായത്  "

" അപ്പൊ ആരോടെങ്കിലും ചോദിക്കാര്‍ന്നില്ല്യേ ?"

" പിന്നെ ചോദിക്കാതെ പറ്റുമോ!.   ഏറെ പേരോടു  ചോദിച്ചതാ  .  പക്ഷെ  ആര്‍ക്കും നിങ്ങളെ  അറിയത്തില്ല . അങ്ങിനെയൊരാള്‍  ഈ നാട്ടിലില്ലെന്നാ  മറുപടി."

" എന്നെ അറീല്ല്യാന്നോ? "  ഞാന്‍ അതിശയിച്ചു പോയി.

" തന്നേന്ന്.   എല്ലാവര്‍ക്കും  വീട്ടുപേരറിയാം കേട്ടോ.    ഈ പേരില്‍  ഒത്തിരി  വീടുകളുണ്ടെന്നും. പക്ഷെ  നിങ്ങളെ അറിയില്ല  ആര്‍ക്കും. "

ആ  സ്വരത്തില്‍  ലേശം  നീരസം  കലര്‍ന്നിട്ടുണ്ടോ എന്ന് എനിക്ക്  സംശയമായി.


"ഏയ്‌  അങ്ങനെ  വരില്ല്യ.    ഒരു  പക്ഷെ  സാറ്‌ ചോദിച്ചതൊക്കെ  നാട്ടില്  അടുത്ത കാലത്ത്  സെറ്റില് ചെയ്തോരോടായിരിക്കും.    അതല്ലെങ്കില്‍  പേര്  തെറ്റി പറഞ്ഞു  കാണും."

"എന്തുവാ  പറയുന്നേ ?    എഴുപത്  വയസ്സായെങ്കിലും അത്രയ്ക്ക്  വലിയ  മറവിരോഗമൊന്നും  എന്നെ  ബാധിച്ചിട്ടില്ല കേട്ടോ.  വ്യക്തമായി  നിങ്ങളുടെ  പേര്  പറഞ്ഞാണ്  ഞാന്‍ ചോദിച്ചത്.   എല്ലാവര്‍ക്കും  ബാലകൃഷ്ണന്‍ നായരേയും, മാധവന്‍നായരേയും, ഗോപിനാഥന്‍  നായരേയും അറിയാം പക്ഷെ ബാലചന്ദ്രന്‍  നായരെ  ആര്‍ക്കും അറിയില്ല"

" ബാലചന്ദ്രന്‍ നായരോ..!?"

" തന്നെ  തന്നെ  ബാലചന്ദ്രന്‍ നായര്‍  എന്ന്  തന്നെയാണ് ഞാന്‍  പറഞ്ഞത്"

" ശ്ശോ!  അത്  തന്നെയാണ്  സാര്‍  കൊഴപ്പാക്കീത് "

" എന്ത്വാ കൊഴപ്പം? നിങ്ങളുടെ  പേര്  ബാലചന്ദ്രന്‍ നായരെന്നല്ല്യോ?"

" സംഗതി ഞാന്‍  ബാലചന്ദ്രന്‍ തന്നെ.   പക്ഷെ  നായര്  എന്ന് പറഞ്ഞതാണ്  വെഷമാക്കീത് "

" ങ്ങ്ഹേ!!  അപ്പോള്‍  നിങ്ങള്‍  നായരല്ല്യോ !!?"

വല്ലാതെ  പതറിയ  സ്വരത്തിലുള്ള  ആ  ചോദ്യം കേട്ടപ്പോഴാണ്  ഞാന്‍  അദ്ദേഹത്തെ  കൂടുതല്‍ ശ്രദ്ധിച്ചത് .  വീട്ടുപടിക്കലെ അരണ്ട വെളിച്ചത്തിലും  ഇടിവേട്ടെറ്റ പോലെ  നില്‍ക്കുന്ന ആ രൂപത്തെ  എനിക്ക്  കാണാന്‍ കഴിഞ്ഞു .    ആ നിലയില്‍  അദ്ദേഹത്തെ  അധികനേരം നിര്‍ത്തേണ്ടെന്നു കരുതി ഞാന്‍ ഉടനെ വിശദീകരിച്ചു: 

" തന്നെ സര്‍, നായര്‍ തന്നെ.  പക്ഷെ  ഞങ്ങളാരും പേരിനോടൊപ്പം  ആ വാല്  ചേര്‍ത്തിട്ടില്ല. അറുപത്തിനാല് വയസ്സായ എന്‍റെ  ചേട്ടന്‍ പോലും വെറും  ബാലകൃഷ്ണനാണ് . പൊതുവേ ഞങ്ങളുടെ നാട്ടിലും  അങ്ങനൊക്കത്തന്ന്യാ. ചോദിച്ചവര്‍ക്കൊക്കെ  ബാലചന്ദ്രന്‍  നായരെ അറിയാണ്ട് പോയീത്  അതോണ്ടാ  "

" ഓഹോ അങ്ങിനെയോ..?"

അത്രയും പറഞ്ഞു  ഒരു ദീര്‍ഘനിശ്വാസമിട്ടുകൊണ്ട് മധ്യതിരുവിതാംകൂറുകാരന്‍ കരയോഗി  നായര്‍ വീട്ടിലേക്ക്‌  കയറുമ്പോള്‍ രാവിലത്തെ സംഭാഷണത്തില്‍  നാല് വരിക്കിടയില്‍ അഞ്ചു തവണ ബാലചന്ദ്രന്‍ നായര്‍, ബാലചന്ദ്രന്‍ നായര്‍ എന്നു പറഞ്ഞു സംബോധന ചെയ്ത സമയത്തു  തന്നെ കാര്യങ്ങള്‍  വ്യക്തമാക്കിയിരുന്നെങ്കില്‍ വയസ്സുകാലത്ത്  ഈ  പാവത്തിനു  കറങ്ങേണ്ടി വരില്ലായിരുന്നല്ലോ  എന്ന് ഒരു കുറ്റബോധം തൃശ്ശൂക്കാരന്‍  വാലില്ലാനായരുടെ  മനസ്സില്‍ ഉണര്‍ന്നു.



......................

   



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ