വേട്ടക്കാരന്‍
“എടാ
സാധനം നിന്‍റെ കയ്യിലുണ്ടെന്ന് വേറെ ആരും അറിയരുത്.”
“അതെങ്ങന്യാ
അച്ചായാ അറിയുന്നത്?
ഞാനത് ഒളിപ്പിച്ചു വെച്ചല്ലോ?”
“എങ്കിലും
അത് നിന്‍റെ കയ്യിലുണ്ടല്ലോ?”
“അതെങ്ങിനെ
അച്ചായാ എന്‍റെ കയ്യിലുണ്ടാവുന്നത് ഞാനത്
ഒളിപ്പിച്ചു കഴിഞ്ഞില്ലെ?”
കാക്കക്കുയിലിലെ കൊച്ചിന്‍ ഹനീഫ-ജഗദീഷ്
കോമഡി സീന്‍ കണ്ടു ചിരിക്കുമ്പോഴൊക്കെ ഇതെല്ലാം വെറും തമാശയല്ലേ യഥാര്‍ത്ഥ
ജീവിതത്തില് ഇത്തരക്കാരൊക്കെ ഉണ്ടാവുമോ എന്നു സംശയിച്ചിട്ടുണ്ട്. അപ്പോഴൊക്കെ പണ്ടു നടന്ന ഒരു സംഭവം സന്ദേഹസംഹാരിയായി മനസ്സില്‍ കയറി വരും .
പത്തു നാല്‍പ്പതു കൊല്ലം
മുമ്പാണ്. കട്ടകുത്തിയ ഇരുട്ടും
അകമുരുക്കുന്ന ഉഷ്ണവും നിറഞ്ഞ
ഇലയനങ്ങാത്ത ഒരു മീനമാസരാത്രിയിലാണ് സംഭവം നടക്കുന്നത്.
നാട്ടില്‍ നിത്യേനയെന്നോണം കള്ളന്മാരുടെ ശല്ല്യം. കള്ളനെ കാണല്‍ മാത്രമേയുള്ളൂ. എവിടേയും മോഷണം നടന്നതായി കേട്ടിരുന്നില്ല.
പലരും കള്ളനെ കാണുന്നുണ്ട്. നിഴലായി, എണ്ണയിട്ടു മിനുക്കിയ കറുത്ത രൂപമായി, നോക്കിനില്‍ക്കേ
അപ്രത്യക്ഷനാവുന്ന കള്ളനെ.
പാതിരാത്രിയായാല്‍ കള്ളന്‍ കള്ളന്‍ ഓടി വായോ ഓടി വായോ എന്ന നിലവവിളി കേള്‍ക്കാന്‍ ആളുകള്‍ കാതു കൂര്‍പ്പിച്ചു കിടക്കുകയാണോ എന്നു തോന്നും
വിളികേട്ടിടത്തു നൊടിയിടക്കുള്ളില്‍ ഓടിയെത്തുന്ന ജനസഞ്ചയത്തെ കണ്ടാല്‍!
“ ആരാ, എന്താ, എവട്യാ? “
“മൂത്രൊഴിക്കാന്‍ പൊറത്തക്ക്
വന്നപ്പഴാ കണ്ടത്. തെക്കോര്‍ത്തെ കാഞ്ഞിരത്തിന്‍റെ ചോട്ടില്‍ അനങ്ങാണ്ട് നിക്കുണു. പേടിച്ച് പേടിച്ച് ആരാന്നു
ചോദിച്ചപ്ലക്കും അപ്പറത്തക്കാ മറഞ്ഞു!.”
രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍
വേറൊരു സ്ഥലത്തു നിന്നു കേള്‍ക്കാം നിലവിളി. കാഞ്ഞിരത്തിന് പകരം മുരിങ്ങ തെക്കോറത്തിന് പകരം പടിഞ്ഞാപ്രം എന്ന
നേരിയ വ്യത്യാസത്തോടെയാവും ദര്‍ശനം. കള്ളന്‍ അപ്പുറത്തേക്ക് മറയുന്നത്
എല്ലാ സംഭവാഖ്യാനത്തിന്‍റെയും ശുഭാന്ത്യ മായിരുന്നു.
അപ്പുറമെന്നത് ഇടത്തോ വലത്തോ മുന്നോ പിന്നോ ആകാശമോ പാതാളമോ എന്നൊന്നും
ആര്‍ക്കും അറിഞ്ഞുകൂടായിരുന്നു. കാണാതാവുന്നു എന്നത് മാത്രം സത്യം. ഒടുവില്‍ ഇന്ദ്രജിത്തില്‍നിന്ന് നേരിട്ടു തിരസ്കരണി
മന്ത്രം പഠിച്ച കള്ളനാവും എന്നു
ചിന്തിച്ച് സമാധാനിക്കേണ്ടി വന്നു എല്ലാവര്‍ക്കും.
ഒളിച്ചുകളിയെന്നപോലെ തസ്കരദര്‍ശനവും
കൂട്ടനിലവിളിയും ഓടിക്കൂടലും അപ്പുറം മറിച്ചിലുമെല്ലാം നിത്യസംഭവമായപ്പോള്‍
ഞങ്ങള്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരൊക്കെ
കൂടി കളി കാര്യമാക്കുവാന്‍ തന്നെ തീരുമാനിക്കുകയും മോഷ്ടാവേട്ടക്ക് അരയും തലയും
മുറുക്കി രംഗത്തിറങ്ങുകയും ചെയ്തു. ആ വകയില്‍ രാത്രിയും പുറത്തിറങ്ങി ഉഷ്ണമകറ്റാമല്ലോ
എന്നതായിരുന്നു രഹസ്യ അജണ്ട.
നാട്ടിലെ ചുറുചുറുക്കുള്ള
ചെറുപ്പക്കാരൊക്കെ കള്ളനെ പിടിക്കാന്‍ ഉഷാറായി രംഗത്തിറങ്ങിയിട്ടുണ്ട് എന്നറിഞ്ഞു ശിവദാസന്‍മാഷും
ഞങ്ങളോടൊപ്പം കൂടി. തെക്കേവിടെയോ നിന്നു വന്ന് നാട്ടില്‍ സെറ്റിലായ ആളാണ് ശിവദാസന്‍
മാഷ്. നഗരത്തിലെ സ്കൂളില്‍ ഡ്രില്‍ മാഷായിരുന്നു ദേഹം. ആറടി പൊക്കം കരുത്തിരുണ്ട്
ഒത്ത തടി. ആജ്ഞാസ്വരം. ഞങ്ങളുടെ കൂട്ടത്തില്‍
ചേര്‍ന്ന ആദ്യദിവസം തന്നെ മാഷ് ഓപ്പറേഷന്‍റെ
നായകത്വം സ്വയം ഏറ്റെടുത്തു.
രാത്രി അത്താഴം കഴിഞ്ഞാല്‍
സന്നദ്ധസേവകരോക്കെ ആല്‍ത്തറയില്‍ ഒത്തുചേരുക.
അവിടെനിന്നു ബാച്ച് തിരിഞ്ഞു തന്ത്രപ്രധാനമായ
സ്ഥലങ്ങളില്‍ പോയി കാവലിരിക്കുക,
അസാധാരണ സാഹചര്യങ്ങളില്‍ കാണുന്നവരെ കര്‍ക്കശമായി ചോദ്യം ചെയ്യുക, സംശയമുള്ളവനെ പൊതിരെ തല്ലുക, കള്ളനെന്ന് തിട്ടമായാല്‍ പിടിച്ചു
കെട്ടിയിട്ട് പോലീസില്‍ വിവരമറിയിക്കുക ഇതായിരുന്നു മാഷ് വിഭാവനം ചെയ്ത മോഡസ്
ഓപ്പറാണ്ടി.
ആയതിലേക്ക് വേണ്ടുന്ന ആക്രമണശൈലിയും സുരക്ഷാമാര്‍ഗങ്ങളും വിവരിച്ച ശേഷം
ഭടന്‍മാരെ സാവ്ധാനില്‍ നിരത്തി നിര്‍ത്തി മാഷ് ചോദിച്ചു:
“ആട്ടെ, നിങ്ങള്‍ എത്ര പേരുടെ കയ്യില്‍
വിസിലൊണ്ട്?”
“വിസിലോ! ദെന്താ മാഷേ ഇത് പന്തുകള്യാ?"
“തമാശക്കുള്ള സമയമല്ലിത് ജോസഫേ, വിസിലാവശ്യമൊണ്ട്. കള്ളനെ
കണ്ടാല്‍ ഉടന്‍ വിസിലടിക്കണം. ദാ കണ്ടോ ഇങ്ങിനെ”
അത്രയും പറഞ്ഞ് മാഷ് പോക്കറ്റില്‍നിന്നും ഒരു പോലീസ് വീസിലെടുത്ത് ഇരുകവിളിലും പന്തു വീര്‍പ്പിച്ച് നീട്ടിയടിച്ചു. വിസിലടി കേട്ടപ്പോള്‍
അവിടെ കൂടിയിരുന്ന എല്ലാവര്‍ക്കും കള്ളനെ കണ്ടപോലെ
ഉല്‍ക്കിടിലമുണ്ടായി എന്നത് പില്‍ക്കാലത്ത് വെളിപ്പെട്ട രഹസ്യം.
“ഈ വിസിലുണ്ടല്ലോ ഒരു മൈലകലെ കേള്‍ക്കും!. വ്യത്യസ്ഥ
കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള എല്ലാവരും വിസിലടി കെട്ടിടത്തേക്ക് വേഗത്തില്‍ ഓടിയെത്തണം. പക്ഷേ
നല്ല ജാഗ്രത വേണം കേട്ടോ! കാരണം കള്ളന്‍ രക്ഷപ്പെടാന്‍
ഏതു ഭാഗത്തുകൂടിയാണ് ഓടി വരുന്നതെന്നറിയില്ല. അവന്‍ അഭ്യാസിയും കയ്യില്‍
മാരകായുധങ്ങള്‍ ഉള്ളവനുമായിരിക്കും. നല്ലവണ്ണം സൂക്ഷിക്കണം. അപ്പോള്‍ ശരി. ഓരോ ബാച്ചും പോയി അവരവരുടെ പൊസിഷന്‍ ഗാര്‍ഡ് ചെയ്തോളൂ. ഞാന്‍ എന്‍റെ
സ്പോട്ടിലേക്ക് നീങ്ങട്ടെ.”
”അപ്പോ മാഷ് എവട്യാ നിക്ക്വാ?”
“ഞാന്‍ എന്‍റെ വീട്ടിനടുത്തുണ്ടാവും
. കൂട്ടത്തില്‍ ഏറ്റവും വള്‍നറബിളായിട്ടുള്ള
സ്പോട്ടാണ്. അപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണ്ടേ?”
“വേണം വേണം!. വീട്ടിലുള്ളോരെ കെട്ടിപ്പിടിച്ച്
കെടക്കണ്ടേ!.” ഉണ്ണി എന്‍റെ ചെവിയില്‍ അടക്കം
പറഞ്ഞു ചിരിച്ചു.
“എയ് അതൊന്ന്വല്ലട. മാഷ് നല്ല ബോള്‍ഡാ!”
ഞാന്‍ ഉണ്ണിയെ ശാസിച്ചു.
ഞങ്ങള്‍ക്കു മാര്‍ക്ക് ചെയ്ത സ്പോട്ടിലേക്ക് ഞാനും ഉണ്ണിയും ഉത്സാഹത്തോടെ
ചെന്നു കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു. സമയം പന്ത്രണ്ടു കഴിഞ്ഞു കാണും. രണ്ടാള്‍ക്കും മിണ്ടാട്ടമില്ല. ഇടക്ക് ഒരു കാജാ
ബീഡി കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ ഉണ്ണി എന്നെ തുടയില്‍ നുള്ളി വിലക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ നടന്നു വരുന്ന ശബ്ദം കേട്ടു. നിമിഷങ്ങള്‍ക്കകം
ഒരു രൂപം ഞങ്ങള്‍ ഇരിന്നിടത്തിന് എതിരെയുള്ള വിളക്കുംകാലിനു ചുവട്ടില്‍ എത്തി. ദേഹമാകെ കറുത്തു
തിളങ്ങുന്നു!. ഞങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക്
നോക്കി കരിവേഷം നില്‍ക്കുകയാണ്. എന്തും വരട്ടെ എന്നു നിശ്ചയിച്ചു ഉണ്ണി ഉറക്കെ ചോദിച്ചു.
“ആരാടാദ്?”
അനക്കമില്ല!
“ചോച്ചതു കേട്ടില്ല്യേ ആരാന്ന്?
“ആരാ
ഉണ്ണ്യാ?
ഇത് ഞാനാടാ വടക്കേലെ ഗോപി.”
“അത് ശരി! എന്താടാ?”
ഗോപി ഞങ്ങള്‍
ഇരിക്കുന്നതിനടുത്തേക്ക് വന്നു. കടലെണ്ണയുടെ
മണം.
“ഞാന്‍ നിങ്ങള്‍ടൊപ്പം ചേരാന്‍
വന്നതാ. മാഷാ പറഞ്ഞേ നിങ്ങള് ഇവട്യാന്ന്. ഞാന്‍ ഇത്തിരി വൈകി”
“ദെന്താ നിയ്യ് എണ്ണ്യൊക്കെ തേച്ചിട്ട്? നാട്ടുകാരടെ തല്ല് കൊണ്ട് ചാവാന്‍
ഇത്ര പൂതീണ്ടാ നെനക്ക്?”
“എയ്. ഒരു കരുതല് വേണ്ട്രാ.”
‘എന്തൂട്ട്
കരുതല്?”
“പിടിച്ചാ വഴുക്കിപ്പോണ്ട്രാ?”
“ ആര് പിടിച്ചാ? കള്ളനാ?”
“പിന്നല്ലാണ്ട്! എങ്ങാനും അവന്‍റെ കയ്യിപ്പെട്ടാലേയ് പിന്നെ പറഞ്ഞിട്ടു കാര്യല്ല്യ! ”
“അത് ശരി. എന്നാപ്പിന്നെ നെനക്ക് വീട്ടീക്കെടന്ന് ഒറങ്ങ്യാ പോരടാ ശവീ!"
പെട്ടെന്നു അകലെനിന്നു നീണ്ട വിസിലടി
കേട്ടു. ശിവദാസന്‍മാഷടെ ഭാഗത്ത് നിന്നു തന്നെയാണ്. വള്‍നറബിള്‍ സ്പോട്ട്! ഞങ്ങള്‍
അങ്ങോട്ട് കുതിച്ചു. എല്ലാ ഭാഗത്തുനിന്നുമുള്ള കമാന്‍ഡോകള്‍ മാഷുടെ വീടിന്
മുന്നിലെത്തി കിതച്ചു നില്‍പ്പുണ്ട്. ഒരു കയ്യില്‍ വലിയൊരു എവറെഡി ടോര്‍ച്ചും മറുകയ്യില്‍ മഴുത്തായയുമായി മാഷ് വീടിന്‍റെ ഇറയത്ത് നിന്നു കിതക്കുകയാണ്. ഭയം നിറഞ്ഞ മുഖങ്ങളുമായി മാഷുടെ വീട്ടുകാര്‍ പിന്നിലും.
“എന്തേ മാഷെ? കണ്ട്വോ?”
“പിന്നില്ലാതെ? വെറുതെ ഞാന്‍ വിസിലടിക്കുമോ?”
“എന്നിട്ടെവിടെ?”
“അവന്‍ അതാ ആ മതിലെടുത്തു ചാടി അപ്പുറത്ത്
മറഞ്ഞു!. ”
ദാ വീണ്ടും അപ്പുറവും മറയലും!. എങ്കിലും
വിവരണത്തില്‍ ലേശം തന്‍മയത്വമുണ്ട്. മതിലെടുത്തു ചാടി എന്നു കൃത്യമായി പറയുന്നുണ്ട്!.
"അയ്! അപ്പെന്തേണ്ടായേ മാഷേ?."
മാഷ് സംഭവം വിവരിക്കാന്‍
തുടങ്ങി.
"ഞാനിതാ ഈ ഇറയത്ത് കാത്തിരിക്കുമ്പോഴാണ്
വടക്ക് പുറത്തു നിന്നൊരു ശബ്ദം കേട്ടത്. ശ്വാസമടക്കി തയ്യാറായി നിന്നപ്പോള്‍ അവന്‍ - ഒരാറാറര അടി പൊക്കമുണ്ടാവും കേട്ടോ - ദാ എന്‍റെ തൊട്ടു മുന്നിലൂടെ
അങ്ങോട്ടു പോയി. ആ കാണുന്ന അമരപ്പന്തലിനുള്ളില്‍ അവന്‍ എത്തിയപ്പോള്‍ പെട്ടെന്നു ഞാന്‍ ടോര്‍ച്ചടിച്ചു. അത് പ്രതീക്ഷിച്ചുകാണില്ല.
ഒരു നിമിഷം അവന്‍ അന്ധാളിച്ചു നിന്നു . പിന്നെ എന്‍റെ ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍ ആ മതിലെടുത്ത് അപ്പുറത്തേക്ക് ചാടി. അപ്പോഴാണ്
ഞാന്‍ വിസിലടിച്ചത്. കഷ്ടമായിപ്പോയി. കയ്യില്‍ കിട്ടിയതായിരുന്നു!."
“അപ്പോ മാഷെന്തൂട്ട് പണ്യാ കാട്ട്യേ മാഷേ!
തൊട്ടടുത്തൂടി പോയപ്പോ കഴുത്തിലടിക്കണ്ടേ ?”
“എന്താ ഉണ്ണി പറയുന്നേ?
ഞാന്‍ എങ്ങിനെ അടിക്കും?. എന്‍റെ
ഇടത്തേ കയ്യില്‍ ആറു സെല്ലിന്‍റെ ടോര്‍ച്ചും വലത്തെ കയ്യില്‍ മഴുത്തായയുമല്ലേ!.”
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ