2013 ജൂലൈ 7, ഞായറാഴ്‌ച

അവിഘ്നമസ്തു



അവിഘ്നമസ്തു 



2 0 1 3 ജൂണ്‍ രണ്ട്  പ്രവേശനോൽസവം 

കട്ട്  ബാക്ക് ....

ആയിരത്തിത്തൊള്ളായിരത്തി അമ്പത്തിയൊമ്പത് ജൂണ്‍ ഒന്ന്...!
ഈയുള്ളവന്റെ ഒന്നാം ക്ലാസ് സങ്കടപ്രവേശം.

അമ്മയുടെ മന്ദ്രമധുരമായ താരാട്ടിനിന്നും ഷാരടിമാഷുടെ 'കൂ കൂ തീവണ്ടി ഖരഖരപ്രിയയിലേക്കുള്ള അതിഭീകരമായ രാഗസംക്രമണം....

പണ്ട്  ഗാന്ധിയപ്പൂപ്പൻ അന്തിയുറങ്ങിയ ആനന്ദകുടീരത്തിലെ  ഇടവപ്പാതി ഇരുട്ടു നിറച്ച    'ഒന്ന് എ.' യിലെ  പുത്ത കുമ്മായച്ചൂരും മാഷുടെ ഖദർ ജുബ്ബയുടെ കഞ്ഞിപ്പശച്ചൂരും വീപ്പു മുട്ടിച്ചപ്പോ ആയുധമെടുക്കാ      താമസിച്ചില്ല .

"ന്താ ഇയാള്  കരേണ് ?" 
മാഷുടെ ഉള്ളംകയ്യിലെ പാറത്തഴമ്പ്  പുറം തലോടി .

"ഇച്ച്  വീട്ടിച്ച്  പോണം. "

എന്തിനാ വീട്ടിക്ക്‌ പോണ്‌ ?"

ചൂച്ചുത്താ ."

"ചൂച്ചുത്താ  ന്തിനാ  വീട്ടില്  പോണ്.     ഇബടെ മൂത്രപ്പെരേണ്ടലോ.    ബെല്ലടിക്കുമ്പൊ  പൂവാം ട്ടോ ."

ഇച്ച്  വീട്ടില്  ചൂച്ചുത്തണം ."

മാഷുടെ ജുബ്ബക്കീശയി ഒളിച്ചിരുന്ന നാരങ്ങസത്ത്‌  നിറവും മണവും കാട്ടി പുറത്തു വന്നു. 

ഇച്ച്  വീട്ടിച്ച്   പോണം ."   കുടുക്കി വീണില്ല.  നാണം കേടേണ്ടെന്നു  കരുതി നാരങ്ങസത്ത് കീശയിലേക്ക്  തിരിച്ചു ചാടി നിദ്രയിലാണ്ടു .

"വീട്ടിൽക്ക്  പോയാ എങ്ങന്യാ ? ഇയാൾക്ക് പഠിച്ചു വല്ല്യേ ആളാവണ്ടേ ? "

" മാണ്ട . ഇച്ച്  വീട്ടിൽച്ചു പോണം. "

പിന്നെ വന്നത് സാക്ഷാ മറ്റവ .   മാഷുടെ കറുത്ത  കയ്യിലിരുന്ന്  മേലാസകലം ഇളക്കി അവ പിപ്പിടി കാട്ടി. 

ഇത് കണ്ട്ണ്ടോ   ഇയാള് ?.    തൊടേലെ തോലൂരണ സാധനാ . സ്വാദ്‌  നോക്കണോ ?"

ഇച്ച്  വീ ....ട്ടിച്ച്  പോ .....ണം .!" 

സങ്കടപ്പുറമെ   വരാനിരിക്കുന്ന  തോലുരിയലിന്റെ നീറ്റവും കൂടിയായപ്പോ  കരച്ചി കീഴ് സ്ഥായി  വിട്ട്  മച്ചി മുകളി കയറി കാറിപ്പൊളിച്ചു.

സാംക്രമികം  പടർന്ന് സമൂഹഗാനമാവാനുള്ള  സാദ്ധ്യത  മുന്നിൽ   കണ്ടാവണം കഞ്ഞിപ്പുരയിലെ പണിക്കാരി കാർത്ത്യായനി വഴി അടിയന്തിരനിദ്ദേശം പോയതും അഞ്ചാം ക്ലാസി പഠിക്കുന്ന ചേട്ട ഓടിക്കിതച്ചു വന്നതും പൊതിരെ പെയ്ത മഴയി ഒറ്റക്കുടയി കെട്ടിപ്പിടിച്ച് രാമലക്ഷ്മണന്മാ ഗൃഹം പൂകിയതും അമ്മയുടെ "ഗോപുരം തിങ്ങീ രണ്ടീച്ച  ചത്തൂ " താരാട്ടു സാന്ത്വനങ്ങളി ഇല്ലാത്ത  മൂത്രം  ഒഴിഞ്ഞുപോയതും പിന്നെ പിന്നെ ചൂരല് കാട്ടി പേടിപ്പിക്കലല്ലാതെ തല്ലാൻ അറിയാത്ത  ഷാരടി  മാഷുടെ നാരങ്ങസത്തും  അമ്മിണി ടീച്ചറുടെ ആനയും തുന്നല്ക്കാരനും സൂചിയും  കണ്ണിനു കുളിരും കണാമൃതവുമൊക്കെയായതും  ഗൃഹാതുരശബ്ദകോശമനുസരിച്ച്  "ഒക്കെ ഇന്നലെ കഴിഞ്ഞത്  പോലെ ". 


xxxxxxxxxxx

2013 മേയ് 26, ഞായറാഴ്‌ച

ടൂ - ഇൻ - വണ്‍


രണ്ടായ നിന്നെയിഹ

കണക്കിൽ കൂടുതൽ ആളുകൾ വന്നു കഴിച്ചു പോയതുകൊണ്ട് മകളുടെ വിവാഹസദ്യക്കു ക്ഷണിച്ചു വരുത്തിയ പലർക്കും ഭക്ഷണം കൊടുക്കാൻ പറ്റാതെ വന്ന മാനക്കേടിൽ തല കുനിച്ചിരിക്കുകയായിരുന്നു വധൂപിതാവ്. ചെക്കന്‍റെ വീട്ടിലേക്ക് പെണ്ണിനെ കൊണ്ടു പോകുന്ന ചടങ്ങിനായി കാറും മുഹൂർത്തവും എത്തി എല്ലാവരും യഥാവിധി പരിഭ്രമിച്ചു നില്ക്കുമ്പോഴാണ് അയാൾ ഹാളിന്‍റെ മൂലയിലുള്ള കസേരയിൽ രണ്ടു കൈകളിലും മുഖം പൂഴ്ത്തിയിരുന്നുകൊണ്ട് തന്‍റെ ഇതികർത്തവ്യതാമൂഡത്വം പരസ്യപ്പെടുത്തുന്നത്‌ . തദവസരങ്ങളിൽ അവശ്യം വേണ്ടുന്ന പ്രത്യുൽപ്പന്നമതിത്വത്തെ തട്ടിയുണർത്തി ഞങ്ങൾ പഴയ സഹപാഠികൾ ചേർന്ന് കൂട്ടുകാരന്‍റെ നെഞ്ചിലെ ഇടങ്ങഴി ഒന്നും രണ്ടും പറഞ്ഞ് തിരുമ്മിയുടച്ചു സമാധാനിപ്പിച്ച ശേഷം വധൂവരന്മാർക്കൊപ്പം അദ്ദേഹത്തെ കാറിൽ കയറ്റി അയച്ചു. തിരിച്ചു കുശിനിയിൽ ചെന്ന് ദേഹണ്ണക്കാരനെ ചട്ടം കെട്ടി പെട്ടെന്നു വേവിച്ചെടുത്ത പൊന്നി അരിയുടെ ചോറ്‌ ആകെ അവശേഷിച്ച വടുകപ്പുളി അച്ചാറും കൂട്ടിയടിച്ച് കാളുന്ന വിശപ്പടക്കി. ശേഷം അനിഷ്ട സംഭവത്തെപ്പറ്റി വിമർശനാത്മകമായി വിലയിരുത്താനിരുന്നു.
സല്‍ക്കാരങ്ങള്‍ക്ക് ക്ഷണിക്കുന്നതിലെ ഏകോപനമില്ലായ്മ, ആയിരക്കണക്കിനു പേരെ ക്ഷണിക്കുന്നതിലെ അഹമ്മതി, ദേഹണ്ണക്കാരന്‍റെ കണക്കുപിഴ, പേരെടുത്തൊരാളെ മാത്രം ക്ഷണിച്ചിടത്തുനിന്നുപോലും വീടച്ചുപൂട്ടി താക്കോൽ മടിയിൽ തിരുകി കുടുംബം സര്‍വത്ര ഉണ്ണാൻ വരുന്നത്, ഇത്യാദി വിഷയങ്ങളുടെ കൂട്ടത്തിൽ 'കല്യാണഉണ്ണികൾ' എന്നൊരു ചിരപുരാതനപ്രതിഭാസവും ചര്‍ച്ചക്കു വന്നു. ക്ഷണിക്കപ്പെടാത്ത അതിഥികളാണത്രെ ഇവർ. സദ്യയുള്ളിടത്തൊക്കെ നല്ല വേഷം ധരിച്ച് യോഗ്യന്മാരായി വരികയും പന്തിയിൽ കടന്നിരുന്നു കുഴച്ചുരുട്ടിയും തേമ്പിക്കുടിച്ചും ശാപ്പിട്ട് കാര്യപരിപാടിയിലെ അവസാന ഇനമായി ഹൈദരബാദ് മത്സ്യചികിത്സയിലെന്നപോലെ മുഴുത്ത പൂവമ്പഴം രണ്ടെണ്ണം തൊണ്ടതൊടാതെ വിഴുങ്ങി, തളിർവെറ്റില മുറുക്കി, അവകാശബോധത്തോടെ ചെറുനാരങ്ങ ഒരെണ്ണം ചോദിച്ചു വാങ്ങി സിനിമാതാരങ്ങളുടെ ആത്മവിശ്വാസത്തോടെ മടങ്ങുകയും ചെയ്യുന്ന ഇവർ നൂറുകണക്കിനുണ്ടാവുമത്രെ. പൂട്ടിവിതച്ച കണ്ടത്തിൽ എരണ്ടപ്പക്ഷികളെന്നപോലെ ഇവറ്റകള്‍ പന്തിയിലിറങ്ങി ദുരന്തം വിതയ്ക്കും എന്നൊരു നിരീക്ഷണം നഗരങ്ങളില്‍ നടക്കുന്ന വിവാഹസദ്യകളിലാണ് അതിനു സാദ്ധ്യതക്കൂടുതൽ എന്നൊരു ഭേദഗതിയോടെ യോഗം അംഗീകരിച്ചു. അത് ഭാവിയില്‍ തങ്ങൾക്കും ബാധകമല്ലേയെന്നോർത്ത് ഒന്നു നടുങ്ങുവാൻ എല്ലാവരും ചേര്‍ന്ന് ഒരു മിനിറ്റ് മൌനമാചരിച്ചു കഴിഞ്ഞപ്പോള്‍ ഒരു സുഹൃത്ത് പറഞ്ഞു:
"ശര്യാ. നല്ല പാന്‍റും ഷര്‍ട്ട്വൊക്കീട്ട് വന്ന് സ്റ്റൈലിൽ ശാപ്പിട്ടു പോകുന്ന ഇവരെപ്പറ്റി സംശയം തോന്നില്ല്യ. ഇനി തോന്ന്യാത്തന്നെ അത്രയ്ക്ക് യോഗ്യന്മാരോട് എങ്ങന്യാ ചെന്ന് ചോയ്ക്ക്യാല്ലേ ബാലാ?."
അഭിപ്രായൈക്യം പ്രതീക്ഷിച്ച് എന്‍റെ കൈത്തണ്ടയിൽ പിടിച്ച സുഹൃത്തിനോട് വാക്കാല്‍ സമ്മതപ്പെടുമ്പോള്‍ മനസ്സ് പക്ഷേ സമരസപ്പെട്ടിരുന്നില്ല !. കാരണമുണ്ട്.... !

അഞ്ചു വർഷം മുൻപ് നടന്ന സംഭവമാണ്......

ബാങ്കിൽ കൂടെ ജോലി ചെയ്തിരുന്ന ഒരു വാരസ്യാരുകുട്ടി അനിയത്തിയുടെ കല്യാണത്തിന്‍റെ സ്വീകരണസല്‍ക്കാരത്തിന് ക്ഷണിച്ചു. സ്ഥലം പട്ടണത്തിലെ പ്രശസ്തമായ ഹോട്ടൽ. സമയം വൈകീട്ട് ആറു മുതൽ എട്ടുവരെ. നല്ല സമയം. വീട്ടിൽ അത്താഴക്കണക്കിൽ നാഴി അരി കുറവളക്കാം.

ബാങ്കിന്‍റെ പരിശീലനക്കളരികൾ അടക്കം പലവിശേഷങ്ങൾക്കും പങ്കുകൊണ്ടിട്ടുള്ള ഹോട്ടലിലാണ് സല്‍ക്കാരം. ഫസ്റ്റ് ഫ്ലോറിൽ സ്വീകരണമണ്ഡപം. അതിനു പിന്നിലായി ഭക്ഷണപ്പുര. യൂണിയന്‍റെ ഒന്നുരണ്ടു യോഗങ്ങൾ അവിടെ നടന്നിട്ടുണ്ട്. രണ്ടാം നിലയിൽ ശീതീകരിച്ച സമ്മേളനമുറി. അവിടെയാണ് ബാങ്കിന്‍റെ പരിശീലനക്ലാസുകൾ നടക്കാറുള്ളത്. കൊള്ളാവുന്ന ഹോട്ടൽ . വൃത്തിയും വെടിപ്പുമുള്ള സെറ്റപ്പ് .

സംഭവദിവസം ജോലി കഴിഞ്ഞു വീട്ടിൽ ചെന്നു കുളിച്ചു പച്ചയായി ഹോട്ടലിലെത്തുമ്പൊൾ സമയം ഏഴര മണി. മണ്ഡപത്തിൽ വരനും വധുവും തീരെ പരിചയമില്ലാത്ത കുറച്ചു പേരും നിൽപ്പുണ്ട്. വിവാഹിതരെ പരിചയപ്പെടണം. അതൊരു ഉപചാരമാണ്. ക്യാമറകൾക്ക് മുന്നില്‍ നിന്നു കൊടുത്തു സാന്നിദ്ധ്യം രേഖയാക്കണം . വീഡിയോക്കാരന് തംസപ്പ് തിരിച്ചുകൊടുക്കണം. വധൂവരന്‍മാരെ ഓൾ ദ് ബെസ്റ്റാക്കണം. പക്ഷേ അതിനൊക്കെ പരിചയപ്പെടുത്താൻ ദിവ്യ എവിടെ? ഞാൻ ചുറ്റിലും ഒന്നു കണ്ണോടിച്ചു. അങ്ങിങ്ങായി കൂട്ടം കൂടി നിന്നു സംസാരിക്കുന്ന ചിലരൊഴിച്ചാൽ ഹാൾ ഏതാണ്ട് ശൂന്യമാണ്. ഓഫീസിലെ മറ്റു സഹപ്രവർത്തകരിൽ ഒരാളെപ്പോലും കാണാനില്ല. ഒരു പക്ഷെ അവരൊക്കെ നേരത്തെ വന്നു പോയിട്ടുണ്ടാവും. താൻ വളരെ വൈകിയിരിക്കുന്നുവല്ലോ!. എന്നാലും ദിവ്യ എവിടെ? പാന്‍റിന്‍റെ രണ്ടു പോക്കറ്റിലും കൈകളിട്ടു അങ്ങുമിങ്ങും പരതി നടക്കുമ്പോൾ മെലിഞ്ഞു കൃശഗാത്രനായ ഒരാൾ അടുത്തു വന്നു ചോദിച്ചു:

"കഴിച്ച്വാവോ?"

"ഇല്ല്യ. ദിവ്യ എവിടെ? ഞാൻ ദിവ്യേടെ കൊളീഗാണ് ." ഞാൻ പറഞ്ഞു.

"ദിവ്യോ?. അറീല്ലിലോ. ന്തായാലും അങ്ങ് കഴിച്ചില്ലിലോ. ദാ അവട്യാ ശാപ്പാട്, അങ്ങട് ചെല്ല്വാ. അവടെ കാണേരിക്കും"

മണ്ഡപത്തിന്‍റെ പിന്നിലുള്ള  വാതില്‍ക്കലേക്കു വിരല്‍ ചൂണ്ടിക്കൊണ്ട് കൃശഗാത്രൻ തിരോഭവിച്ചു .

ശരിയാണ്. ദിവ്യ ചിലപ്പോൾ അവിടെയുണ്ടാകും. ഡിന്നർ ഏതാണ്ട് അവസാനിക്കാറായല്ലോ. അടുത്ത ബന്ധുക്കളെല്ലാവരും ചേര്‍ന്നുള്ള കൂട്ടപ്പൊരിച്ചിലായിരിക്കും. വാതിൽ തുറന്നു ഞാൻ ഭക്ഷണശാലയിലേക്ക് പ്രവേശിച്ചു. നിറയെ ആളുകളാണ്. ഉറക്കെ ഉറക്കെയുള്ള സംസാരം. പൊട്ടിച്ചിരികൾ. മുതിർന്നവരും ചെറുപ്പക്കാരും കുട്ടികളും അടക്കം ഏതാണ്ടെല്ലാവരും പറഞ്ഞുവെച്ച പോലെ കസവു വസ്ത്രങ്ങളാണ്‌ ധരിച്ചിരിക്കുന്നത്. ആദ്യത്തെ തീറ്റക്കുടിലിനുമുന്നിൽ നല്ല വെജിറ്റേറിയൻ വിഭവങ്ങളുടെ കൊതിപ്പിക്കുന്ന മണം ആസ്വദിച്ചുകൊണ്ട് വാരസ്യാരെ തിരഞ്ഞു നില്‍ക്കവേ തടിച്ചു വെളുത്തു സുന്ദരിയായ ഒരു മധ്യവയസ്ക എന്‍റെ അടുത്തുവന്ന് കൌണ്ടറിന്‍റെ തുടക്കത്തിൽ കാലടിയിലെ ശങ്കരമണ്ഡപം പോലെ പടുത്തുയർത്തിയിട്ടുള്ള കവിടിക്കിണ്ണങ്ങളുടെ മട്ടുപ്പാവിലേയ്ക്ക് വിരൽ ചൂണ്ടിക്കൊണ്ട് പറഞ്ഞു

"  എടുത്തോളൂ!. "

ആ സൽക്കാരമര്യാദക്കു നന്ദി പറഞ്ഞുകൊണ്ട് മണ്ഡപത്തിന്‍റെ മേൽക്കൂര പൊളിച്ചു ടിഷ്യൂ പേപ്പറിട്ടു തുടച്ചു നീട്ടിയ പ്ലേറ്റിൽ പാന്‍റും ജാക്കറ്റുമിട്ട വിളമ്പന്മാർ ദാനം പോലെ ഇട്ടു തന്ന വെള്ളേപ്പം റൂമാലി, ഫ്രൈഡ്റൈസ് തുടങ്ങിയ ഉത്തര ദക്ഷിണ ഭാരത ചൈനീസ് ജനകീയ റിപ്പബ്ലിക് ഭോജ്യങ്ങളും അവയ്ക്ക് ചേരുംപടി കാരണവന്മാരായി പണ്ടേ പറഞ്ഞുവെച്ചിട്ടുള്ള ഉപദംശങ്ങളും വാങ്ങി ആളൊഴിഞ്ഞ ഒരു മേശയിൽ ചെന്നിരുന്നു.

സ്വയംവര സദസ്സിൽ പാഞ്ചാലിയെ മോഹിച്ചു വില്ലു കുലച്ച പാർത്ഥനെപ്പോലെ റൂമാലി പിടിച്ചു വലിച്ച് തുണ്ടുകളാക്കുന്ന അഭ്യാസത്തിന്‍റെ ധ്യാനാത്മകതയിൽ മുഴുകിയിരുന്ന ഞാൻ പെട്ടെന്നാണത് ശ്രദ്ധിച്ചത്. മുന്നിലും വശങ്ങളിലും ഇരിക്കുന്നവരൊക്കെ എന്നെ സൂക്ഷിച്ചു നോക്കുന്നു. ഇങ്ങോട്ട് ചൂണ്ടി എന്തൊക്കെയോ പറയുന്നുമുണ്ട്. എന്‍റെ മനസ്സിൽ ഒരു വെള്ളിടി വെട്ടി ! ദൈവമേ എനിക്ക് സ്ഥലം തെറ്റിയോ? ഏയ്‌ അങ്ങിനെയാവാൻ വഴിയില്ല. ഇവിടെയൊക്കെ എത്രയോ തവണ വന്നിട്ടുണ്ട് .

അനാവശ്യസംശയങ്ങളെ ലോക്കപ്പിൽ കയറ്റി മുന്നിലിരിക്കുന്ന തന്തൂരി തയ്യാറിപ്പുകളുടെ ഇലാസ്തികതക്കുമേല്‍ മൂന്നാംമുറ പ്രയോഗിച്ചുകൊണ്ടിരിമ്പോഴാണ് അവരെത്തിയത്...!

സംഘത്തിൽ നാലു പേരുണ്ടായിരുന്നു.....

എന്‍റെ മേശയിൽ അവശേഷിക്കുന്ന സീറ്റുകളിൽ അവർ വന്നിരുന്നു. പ്ലേറ്റുകളിൽ കണക്കില്ലാതെ പൊത്തിവെച്ച വിഭവങ്ങളുടെ കെട്ടിപ്പിണച്ചിൽ. അവയെ ശ്രദ്ധാപൂർവ്വം വേർപ്പെടുത്തി കുറുമയും മഞ്ചൂരിയും തൊട്ടുകൂട്ടി ശിരോമണ്ഡലത്തിലെ തമോഗർത്തത്തിലേക്കു അതിദ്രുതം തള്ളിക്കൊണ്ട് അവർ ആംഗികവും വാചികവും തുടങ്ങി. ശുദ്ധ നമ്പൂരിച്ചുവയിലുള്ള സംസാരം കേട്ടപ്പോൾ ഭയം വീണ്ടും മനസ്സിൽ ഇരച്ചു കയറി. ബഹു കേമം!, ഉവ്വോ?, ഇശ്ശി,നന്നേ കഷ്ടി , തരാക്കി, കേട്ടടക്കണു തുടങ്ങിയ പ്രയോഗങ്ങൾ . അഫൻ, പേരശ്ശി, തേവാരം, വടക്കിനി, തുടങ്ങിയ സ്ഥാന സ്ഥല ക്രിയാ നാമങ്ങൾ!. തറവാട്ടു പരാമർശങ്ങളിൽ ന്യായമായും ഞാൻ പ്രതീക്ഷിച്ച തെക്കെപ്പാട്ട് , വടക്കേപ്പാട്ട് , വാരിയങ്ങളുടെ സ്ഥാനത്ത് നാലുകെട്ടും എട്ടുകെട്ടുമായി വന്ന തെക്കേടം, വടക്കേടം, പടിഞ്ഞാറ്റേടം ഇല്ലങ്ങൾ !

ശരിയാണ് , തനിക്കു സ്ഥലം തെറ്റിയിരിക്കുന്നു!. സത്യം ഒരു റിയാലിറ്റി ഷോ ആയി മുന്നിൽ നിന്ന് ഇട്ടിക്കണ്ടപ്പൻ കളിച്ചു!

ചവച്ചിറക്കിയ അനുഭവങ്ങളൊക്കെ നെഞ്ചിൽ കെട്ടിക്കിടന്ന അടിയന്തിരാവസ്ഥയെ മാനേജ് ചെയ്യാൻ പണിപ്പെട്ടുകൊണ്ടിരിക്കുമ്പോഴാണ് എനിക്ക് നേരെ മുന്നിലിരുന്ന് സംഭാഷണങ്ങൾക്കിടയിലും ഇടവിട്ടിടവിട്ട് എന്നെ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്ന ആ വിശാലാക്ഷൻ ചോദിച്ചത്:

'എസ്ക്യൂസ് മീ! എന്താവോ പേര് ?"

"ബാലചന്ദ്രൻ "

" ഏതില്ലത്ത്യാ ?"

റിക്റ്റർ സ്കെയിലിൽ ഏഴര പോയിന്റ്‌ രേഖപ്പെടുത്തിയ കമ്പമായിരുന്നു അത്. തുടർചലനങ്ങളെ പണിപ്പെട്ടൊതുക്കി ധൈര്യം സംഭരിച്ചുകൊണ്ട് ഞാൻ പറഞ്ഞു :

"പറങ്ങോടത്ത് ."

" അയ്‌ ! പറങ്ങോടോ ; കേട്ടിട്ടില്ലിലോ ?"

" കേട്ടിട്ടില്ലെന്നോ? അസ്സലായി ! തെക്കേടം, വടക്കേടം ഒക്കെ പോലെ പറങ്ങോടം? "

ഭയത്തിന്‍റെ സൂര്യനെ പനീർ മസാലയിൽ മുക്കിക്കൊന്ന് ഞാൻ സംഭവം അല്‍പ്പാല്‍പ്പം ആസ്വദിക്കാൻ തുടങ്ങിയിരുന്നു.

"ഏയ്‌ ഇല്ല്യ. കേട്ടിട്ടില്ല്യ. ട്ടോ ജാതവേദൻ, തന്‍റെ അറിവിലെങ്ങാനും ങ്ങനൊരു ഇല്ലത്തെപ്പറ്റി കേട്ടട്ട്ണ്ടോ ? "

അയാൾ അടുത്തിരുന്ന ശാപ്പാടിയോടു തിരക്കി.

ചോദ്യം കേട്ട് വേദജാതൻ എന്‍റെ നേരെ തിരിഞ്ഞു :

"കഷ്ട്യാന്ന് പറ്യാണ്ട് തരല്ല്യ . പറങ്ങോടൻന്ന് കേട്ടണ്ട് . സഞ്ജയൻ എഴുതീട്ട് ." 

നല്ല ഒറിജിനൽ വെടിവട്ടച്ചിരി മുന്നിൽ ഉയർന്നപ്പോൾ എത്രയും വേഗം സ്ഥലംകാലിയാക്കുന്നതാണ് ബുദ്ധി എന്നുറപ്പിച്ചു .

"അപ്പോ എവട്യായിട്ടു വരും ഈ ഇല്ലം?." 

"കാസർഗോഡ് ജില്ലേല്!."

നാലംഗ അന്വേഷണ സംഘത്തിന്‍റെ കണ്ണുകളിലെ സംശയത്തിന്‍റെ കുന്തമുനകളെ തൃണവൽഗണിച്ചും കൈവിരൽ നക്കിവടിച്ചും ഞാൻ എണീറ്റു. ശാന്തിക്കാരന്‍റെ മുങ്ങിക്കുളിപോലെ പേരിനൊന്നു കൈകഴുകി സത്യമല്ലാത്തൊരു ചുമയും ചുമച്ചുകൊണ്ട് പുറംവാതിലിലേക്ക് കുതിക്കുമ്പോൾ തല മറയ്ക്കാൻ ഒരു രണ്ടാം മുണ്ട് കരുതാതിരുന്ന ബുദ്ധിമോശത്തെ മനസാ ശപിച്ചു.

പുറത്തു കടന്നു ലോഞ്ചിൽനിന്നുകൊണ്ട് സഹപ്രവർത്തകനായ ഗോപകുമാറിനെ മൊബൈലില്‍ വിളിച്ചു.

"ഗോപൂ, എവട്യാ ദിവ്യേടെ പാർട്ടി ?"

" എമറാൾഡ്‌ റീജൻസീല്?."

" അയ്! ഞാനിപ്പോ അവട്യണലോ നിക്കണെ !. ഇവട്യൊന്നും ആരേം കാണാല്ലിലോ?"

"ബാലേട്ടൻ എവട്യാ? ദിവ്യ ദേ ഇവടെ മണ്ഡപത്തില്ണ്ടലോ ?"

ഞാൻ തിരിച്ചു ചെന്ന് വാതിൽ തുറന്നു നോക്കി . മണ്ഡപം ശൂന്യം!

എന്താണിവിടെ സംഭവിക്കുന്നത്‌?. സ്ഥലകാലബോധം നഷ്ടപ്പെട്ട് വിയർത്തുനിന്ന എന്നോട് ഗോപകുമാർ ചോദിച്ചു:

"കണ്ടില്ല്യേ ബാലേട്ടാ?"

"ഞാനൊന്നും കണ്ടില്ല്യ !." എനിക്ക് ശുണ്‍ഠി വന്നു .

"ശ്ശെന്തായി പറേണേ! അതേയ് ബാലേട്ടൻ എവട്യാ നിക്കണേ?. ഐ മീൻ; ഏതു ഫ്ലോറിലാ ?."

'ഞാൻ ദേ ഇവടെ ഫസ്റ്റ് ഫ്ലോറില്. അല്ലാണ്ട് എവട്യാ?"

"അസ്സലായി! ബാലേട്ടാ അവട്യല്ല , സെക്കന്‍ ഫ്ലോറിലാ ! "

"എന്താ ഗോപൂ പറേണേ? അത് കോണ്‍ഫ്രൻസ്സാളല്ലേ ?"

" അയ്യോ അല്ല ബാലേട്ടാ ! അതൊക്കെ എന്നോ മാറ്റി. ഇപ്പോ അതും കല്ല്യാണമണ്ഡപാ. ബാലേട്ടൻ ഇപ്പൊ നിക്കണതേയ് ഒരു ബ്രാഹ്മണാൾ വേളി സൽക്കാരത്തിലാ!."

"അസ്സലായി! ഇതാരറിഞ്ഞു ! "

"ങ്ഹാ. പോട്ടെ സാരല്ല്യ. ബാലേട്ടൻ ഇങ്ങോട്ട് പൊന്നോളൂ . ഞങ്ങളൊക്കെ ബാലേട്ടനെ കാത്തിരിക്ക്യാ കഴിക്കാൻ ."

"ങ്ഹും! ഞാൻ വരാം. നിങ്ങൾക്കൊപ്പം ഇരിക്കാം. അത്രന്നെ. കഴിക്കാനൊന്നും വയ്യ !"

" അയ്യോ ബാലേട്ടാ! അപ്പോ....!?"



" അതെ ഗോപൂ ! അത് സംഭവിച്ചിരിക്കുന്നു!"


====== X =======





2013 മേയ് 13, തിങ്കളാഴ്‌ച

പൂരകമ്പത്തിന്റെ പുരാവൃത്തം.

പൂരകമ്പത്തിന്റെ പുരാവൃത്തം. 
poratreeyam.blogspot.in



ആമ്പലംകാവിലെ ഭരണിവേല. പകൽപ്പൂരം. കത്തുന്ന മേടവെയിലിൽ കുളിർമഴ പെയ്യിച്ച് കിഴക്കൂട്ട് അനിയന്റെ മേഘമൽഹാർ. പതികാലത്തിൽ ചാറി, ഇടമട്ടിൽ  മുറുകി, ദ്രുതകാലത്തിൽ തുള്ളിക്കൊരുകുടമായി പാണ്ടിപ്പെരുമഴ. നീന്തിയും തുടിച്ചും കൈക്കുടന്നയിൽ വാങ്ങി മുഖത്തെറിഞ്ഞും കണ്ണിക്കാലൊപ്പം വെള്ളത്തിൽ കൈകാലിട്ടടിച്ചും അർമാദിച്ച ചെറു ബാല്യക്കാർക്കിടയിൽ സന്ധിബന്ധങ്ങളുടെ മുറവിളികൾക്കു കാതു കൊടുക്കാതെ ചങ്ങലയഴിഞ്ഞ താളാവേശവുമായി ഈ അറുപതുകാരനും!. തീറുകലാശവും കതിനവെടിയും കഴിഞ്ഞ് ആളൊഴിഞ്ഞ അഞ്ചാനപ്പന്തലിന്റെ തൂണും ചാരി കിതപ്പണച്ചു നിന്നപ്പോൾ പരിചയം പുതുക്കാൻവന്ന പഴയ പത്താംക്ലാസ്  സഹപാഠിക്ക് വിസ്മയം.

" എന്താ ഈ പൊറാട്രക്കാരൊക്കെ ഇവടെ?"

എന്ന മുഖവുരയോടെ അടുത്തുവന്ന് തോളിൽതട്ടി ഒരു നിമിഷം കണ്ണുകളിൽ നോക്കി നിന്ന ശേഷം സുഹൃത്ത് തുടർന്നു:

"മേളത്തിന്റെ എടേല് കണ്ടു തന്നെ.  ആരും കാണാതെ പോവില്ല്യ. അങ്ങന്യാർന്നൂലോ പ്രകടനം!. ധന്വന്തരോം കൊട്ടഞ്ചുക്കാദീം ചുടുവെള്ളോം ഭസ്മക്കുറീം ഒക്ക്യായി രാമനാമം ജപിച്ചിരിക്കണ്ട കാലത്ത് താൻ പിള്ളേർക്കൊപ്പം മേളം  ചാടാൻ നടക്ക്വാ അല്ലേ? "


" ഏയ് .   ഇതൊക്കെ ഒരു രസം.   എപ്പഴൂല്ലിലോ."


"ങ്ഹും കൊള്ളാം! മനസ്സിന് ചെറുപ്പം വിടാത്തേന്റെ ദോഷാ ഇതൊക്കെ. പക്ഷെ ചെറുപ്പം വിട്ട ഒരു സാധനണ്ട് ട്ടോ. ശരീരം. അതോർമ്മേണ്ടലോ!"


"അതൊന്നും കൊഴപ്പല്ല്യന്നേ. ദേ ഇവടന്നങ്ങട് വീട്ടില് ചെന്നാലേയ്  മാക്സിമം സഹിക്കാവുന്ന ചുടുവെളളത്തില് ഒരു  കുളി അങ്ങട്ട് പാസ്സാക്ക്യാ മതി.  മേല് വേദന പമ്പ കടക്കും."


" ശരി ശരി.  തന്നോട്  തർക്കിക്കാനില്ല്യ.  അതൊക്കെ പോട്ടെ . നാടകോം പന്ത്കളീം ക്രിക്കറ്റും കുണ്ടാമണ്ടീം ഒക്കേണ്ടന്നു നേർത്തെ അറിയാർന്നു. പക്ഷെ ഇങ്ങനൊരു വേഷം കാണണത്‌ ആദ്യായിട്ടാ. ദെന്ന് തൊടങ്ങീ തനിക്കീ പൂരക്കമ്പം?."


"അതൊക്കെ  കുട്ടീലേള്ളതല്ലേ? പണ്ട്  ഇവട്യന്നെ വന്ന് എത്ര വേല ചാട്യേടക്ക്ണു!  എത്ര മഴ കൊണ്ടടക്ക്ണു!"


"ങ്ഹും! ശരി ശരി. തന്നെ സമ്മതിക്കണം ഇഷ്ടാ." 


പിന്നെ തെല്ലിട എന്തോ ഓർത്തുനിന്നശേഷം ഒരു ദീർഘനിശ്വാസത്തോടെ  സുഹൃത്ത് പറഞ്ഞു :


"ഒരു കണക്കിന് നോക്ക്യാ താൻ ഭാഗ്യവാനാണ്ട്രോ. പണ്ടത്തെ ആ കുട്ട്യേ ഇപ്പളും മനസ്സില്ങ്ങനെ കൊണ്ട് നടക്കാൻ പറ്റ്ണ്ടലോ  തനിക്ക് . അതിനൊക്കെ ഭാഗ്യം ചെയ്യ്വന്നെ വേണം. അപ്പൊ ശരി. വീട്ടില് കൊറച്ചു ആളുകള് വരും. ചെറിയൊരു സ്ഥലക്കച്ചവടം . അല്പം  എടനെലപ്പണീണ്ടേയ്‌. "


എന്റെ മൌനത്തിൽ  എന്തൊക്കെയോ അർത്ഥം വായിച്ചിട്ടാവാം പിരിയുന്നതിനു മുൻപ് ഒരല്പം സങ്കോചത്തോടെ അയാൾ പറഞ്ഞു:


"ഓട്ടല്ലേ സർവത്ര. ഓട്ടം! ഓട്ടത്തില്  മ്മള് പിന്നാക്കം പോവാണ്ട്  നോക്കണ്ട്രോ! " 


'അലുക്കിട്ട ചായക്കിരീടവും, പിച്ചളത്തോടയും, കഴുത്തിൽ കലപില പാടും പണ്ടങ്ങളുമണിഞ്ഞ്' മരവും ചെണ്ടയും മുഴക്കുന്ന രൌദ്രതാളങ്ങളിൽ കാൽചിലമ്പിളക്കി തിറവേഷങ്ങൾ പന്തലിൽ നിറഞ്ഞാടി. തിരക്കിൽനിന്നു പിൻവാങ്ങി തെക്കേ  നടയിലെ ആളൊഴിഞ്ഞ ആൽത്തറയിൽ ചെന്നിരുന്നപ്പോൾ 'കൊട്ടുന്ന കോൽക്ക് തുള്ളുന്ന' സഹൃദയത്വത്തിന് കൂട്ടുകാരൻ   വരച്ചിട്ട ചിത്രം ബലൂണ്‍പീപ്പിയൂതി മുന്നിൽ വന്നു നിന്നു! " മനസ്സിൽ കൊണ്ടു നടക്കുന്ന കുട്ടി!. "


ഞാനോർത്തു...


ആളൊഴിഞ്ഞ പൂരപ്പറമ്പിൽ  ബലൂണ്‍ തുണ്ടുകളും വളപ്പൊട്ടുകളും ആനകൾ ഇലയുരിഞ്ഞിട്ടുപോയ പനങ്കോലുകൾ ചുഴറ്റി ആനപ്പാപ്പാൻ കളിച്ചു നടന്ന കുട്ടിയുടെ പൂരക്കമ്പത്തിന്റെ ദശാപരിണാമങ്ങൾ....

രണ്ടാമത്തെ വയസ്സില്‍ അമ്മയുടെ ഒക്കത്തിരുന്ന് ഉഷ:ശ്ശിവേലി കണ്ടതിന്റെ പ്രചോദനത്തിൽ  കയ്യും കാല്‍മുട്ടും നിലത്തു കുത്തിച്ച് ചേട്ടന്റെ മുതുകത്ത് വാശിത്തിടമ്പേറ്റി 'ഇണ്ടിണ്ണം പെപ്പരപേ'  കൊട്ടിച്ചാണ് മനസ്സിന്റെ മുളയറയില്‍ പൂരക്കമ്പത്തിനു വിത്തിട്ടത്. നാലാംവയസ്സിൽ അതു ചേച്ചിയുടെ ധാവണിത്തത്തുമ്പിൽ തൂങ്ങി പഞ്ചവാദ്യം നുണഞ്ഞു .അഞ്ചിന്റെ കൊച്ചുവെളുപ്പിന്  അച്ഛന്റെ തോളിൽ അമ്മയുടെ മഫ്ലറിൽ ഒളിച്ചിരുന്നു  വെടിക്കെട്ടു കണ്ടു . 

പത്തും തികഞ്ഞപ്പോള്‍ പന്ത്രണ്ടു പേരുടെ വിക്കറ്റെടുത്ത ചിറക്കലെ ആനയ്ക്ക് പിന്നില്‍ 'ഐസ്രൂട്ട്' ഈമ്പി നടന്നു. നടൂത്താറ പുത്തങ്കൊളത്തില് നീരാടാൻ പോകുന്ന കുറുമ്പനെ കൂട്ടം ചേർന്നാർപ്പിട്ടു ചിന്നം വിളിപ്പിച്ച് പാപ്പാന്റെ വായിലെ സരസുച്ചേച്ചിയെ പുറത്തു ചാടിച്ചതും അക്കാലത്തുതന്നെ. പന്ത്രണ്ടിന്റെ പൂരപ്പിറ്റേന്നാണ് ജന്മദൗത്യം പൂർത്തിയാക്കാനാകാതെ മതിൽക്കകത്ത് ഗതി കെട്ടു കിടന്ന ഓലപ്പടക്കവും  അമിട്ടുഗുളികയും പെറുക്കിയത് .  നാലാംപക്കം ഉണങ്ങിയ ആനപ്പിണ്ടം കത്തിച്ചു തീപ്പന്തു തട്ടി. ആളിക്കത്തുന്ന ചിമ്മിനിവിളക്കിലെ മണ്ണെണ്ണപ്പുക നസ്യം ചെയ്ത് കിലുക്കിക്കുത്തും ആനമയിലൊട്ടകവും നാടകുത്തും കളിച്ച്  പോയ മേടത്തിലെ വിഷുവിന്റെ 'കേട്ടം' വെള്ളത്തിലിട്ടത്‌ ഒമ്പതാം  ക്ലാസ്സിൽ . 

ഗുരുകുലത്തിന്റെ പടിയിറങ്ങിയ സ്വാതന്ത്ര്യപ്പതിനഞ്ച് മേല്‍ചുണ്ടിൽ ആണത്തം വരഞ്ഞു തന്ന കരുത്തില്‍ കുളക്കരയിലെ പാമ്പിന്‍കാവിലെ 'വെട്ട്യാല്‍ മുറിയാത്ത' ഇരുട്ടില്‍ ആദ്യത്തെ ചാര്‍മിനാറിനു തീപ്പെട്ടിയുരച്ചപ്പോൾ  അതീതകാലത്ത് ജാംബവാന്‍ ഊഞ്ഞാലാടി കളിച്ച പാലമരത്തിന്റെ പോടുകളില്‍ രാമനാമം ജപിച്ചിരുന്ന പല്ലു കൊഴിഞ്ഞ കരിമൂർക്കന്‍മാര്‍ 'കുട്ട്യോള്‍ടെ അഹമ്മതി' യെ ശാസിച്ചത് കേട്ടില്ലെന്നു നടിച്ചു. 


നെഞ്ചിലേറ്റിയപ്പോഴൊക്കെ ഉള്ളെരിയിച്ച കടുപ്പക്കാരി ചാര്‍മിനാറിനെ മൊഴിചൊല്ലി പനാമയെ പരിണയിച്ചത് കേരളവര്‍മയിലെ ഊട്ടിക്കാട്ടില്‍ വെച്ച്. മാര്‍ച്ചിനെ വിജയത്തിന്റെ ആദ്യചുവടാക്കി പ്രീഡിഗ്രി പരീക്ഷ സെപ്റ്റംബര്‍ മുള്ളുവേലി ചാടിക്കടന്ന പതിനേഴിന്റെ ഒരു മണ്ഡലകാലത്ത്   ഉണ്ണി യേട്ടനില്‍നിന്നും വെടിക്കെട്ടുപണിക്കു മന്ത്രദീക്ഷ. പോക്കുവെയിലിൽ  പൂത്തുലഞ്ഞ ദേഹകാന്തിയിൽ അച്ഛനൊപ്പം  പാണ്ടി കൊട്ടിയ   പെരുമനം കുട്ടന്റെ   കൌമാരവിലോഭനങ്ങൾ സിരകളിൽ കുത്തിവെച്ചത്‌ വിട്ടൊഴിയാത്ത മേളജ്വരം. 

പള്ളിപ്പാടന്റെ തിമിലയും കടവല്ലൂരിന്റെ മദ്ദളവും  ത്രിപുട പെരുക്കിയ ഒരു ധനുമാസരാവിൽ   വെടിമരുന്നു വാരിത്തേച്ച വെള്ളകുപ്പായമിട്ട് ഉണ്ണിയേട്ടനൊപ്പം പൂരത്തിരക്കിൽ തിക്കിത്തിരക്കി ഗൌരവം കളിച്ചു നടന്നും പഞ്ചവാദ്യം തിമിലവറത്തൊടുങ്ങിയപ്പോള്‍ മതിലകത്തു വഴിയിട്ട കരിമരുന്നില്‍ ചോരത്തിളപ്പിന്റെ ചൂട്ടു കുത്തി തലങ്ങും വിലങ്ങും കുഴിമിന്നല്‍ പൊട്ടിച്ചും പൊലിപ്പിച്ചെടുത്ത ഇരുപതിന്റെ അര്‍ജ്ജുനപരിവേഷത്തിലേക്ക്   പൂരപ്പറമ്പിലെ പേരാല്‍ച്ചവട്ടിലെ  ഇന്ദീവരങ്ങളിലൊന്നു മിഴിതുറന്നപ്പോൾ അകതാരില്‍   വെള്ളിയമിട്ടു  പൊട്ടി  ഒലിയിട്ടിറങ്ങി......

പൂരക്കമ്പം ഋതുമതിയായി....



"ബാലേട്ടാ ദെന്താ ഇവടേരിക്കണേ വെടിക്കെട്ടിന്   പോണില്ല്യേ ?  ഏഴു മണിക്ക് പൊട്ടും. മുള്ളൂർ പാടത്താണ്  . "

ഗൾഫിൽനിന്നും ആർത്തിപൂണ്ട്  ഭരണിവേലയ്ക്കു പറന്നെത്തിയ പുത്തൻ തലമുറക്കാരൻ. ഫേസ് ബുക്കിൽ വിരിഞ്ഞ സൗഹൃദം. 


വാച്ചിൽ നോക്കി. സമയം ആറേമുക്കാൽ. പതിനഞ്ചു മിനിട്ടുണ്ട്. പോകണോ? വേണം !. അവിടെ ഉണ്ണ്യേട്ടൻ ഉണ്ടാവും. കള്ളിമുണ്ടും കയ്യില്ലാത്ത ബനിയനുമിട്ട് വെടിമരുന്നു കറുപ്പിച്ച കൈകൾ  വീശി, മുണ്ടത്തിക്കോട്ട് മണിയാശാന് എന്തൊക്കെയോ നിർദേശങ്ങൾ നൽകുന്നതിനിടക്ക് എന്നെ കാണുമ്പോൾ:


"അ: വന്ന്വല്ലേ! ന്ന്ട്ട്..? ബാലന്ദ്രൻ...രാത്ര്യെന്താ പരിപാടി?"


എന്ന് ഒരു കള്ളപ്പുഞ്ചിരിയോടെ ചോദിക്കുന്ന ഉണ്ണ്യേട്ടൻ....

അതെ...ഒരിക്കലും കലാശിക്കാത്ത പാണ്ടിമേളത്തിന്റെ മർമ്മം നോക്കി കതിനയ്ക്കു തീവെക്കാൻ  ഓലച്ചൂട്ട് വീശി ഇരുട്ടിലേക്ക് നടന്നു പോയ   ഉണ്ണ്യേട്ടൻ ......




                                                   ***********





2013 മാർച്ച് 28, വ്യാഴാഴ്‌ച

പൂരത്തികവ്

പൂരത്തികവ് 



എഴുപതുകളിലെ  ഒരു തൃശ്ശൂർ പൂരം. 

ഒരു മണിക്ക് നടുവിലാലിലെ വിതാനപ്പന്തലിൽ കയറുന്ന മഠത്തിൽവരവിനും തുടർന്ന് തിരുവമ്പാടിക്കാർ പൊട്ടിക്കുന്ന കളർഗുണ്ടിനും കടലാസമിട്ടിനും  പാരച്ചൂട്ടിനും എത്താൻ പാകത്തിൽ കണക്കുകൂട്ടി കൊച്ചുട്ടൻ ഉച്ചക്ക് പന്ത്രണ്ടേകാലിന്റെ 'രംഗവിലാസി'ൽ ഇടിച്ചു കയറി. പുത്തിശ്ശേരി, മുതുവറ, അയ്യന്തോൾ ഗ്രൌണ്ട് തുടങ്ങിയ സ്റ്റോപ്പുകളിൽനിന്നു കയറിയ പൂരപ്രാന്തന്മാരുടെ തിക്കും തൊഴിയുമേറ്റ് അവശനായി പടിഞ്ഞാറെ കോട്ടയിൽ എത്തിയപ്പോൾ  കണ്ടു; പത്തു പതിനഞ്ചു പോലീസുകാർ നിരന്നു നിന്ന് കിഴക്കോട്ടുള്ള ബസ്സുകളെല്ലാം തടുക്കുന്നു. ആളൊഴിഞ്ഞ ബസ്സിൽ കാര്യമെന്താണെന്നു പിടി കിട്ടാതെ മിഴിച്ചു നിന്ന കൊച്ചുട്ടനോട് കണ്ടക്ടർ പറഞ്ഞു:

" ചേട്ടാ എറങ്ങ്, പടിഞ്ഞാറെ കോട്ട്യായി. "

"  അതെന്താ അങ്ങനെ?. റൌണ്ടിൽക്ക്  പോണില്ല്യേ ?"

" ഇല്ല്യ. ഇത് വര്യെള്ളൂ. ആളുകള്  നറഞ്ഞില്ല്യേ. ഇനി  അങ്ങട് കടക്കാൻ പറ്റില്ല്യ. പോരാത്തേന് എന്താ ഇക്കൊല്ലത്തെ തെരക്ക് !  കണ്ടില്ല്യേ?"

നിരാശനായ കൊച്ചുട്ടൻ ബസ്സിൽനിന്നിറങ്ങി നാല് പാടും നൊക്കി. 

ഹെന്റമ്മേ!കണ്ടക്ടർ പറഞ്ഞത് ശര്യാ! നൂറു കണക്കിന് ബസ്സോള്, ആയിരക്കണക്കിന് ജനങ്ങള്. പടിഞ്ഞാറെ കോട്ട മനുഷ്യമഹാസമുദ്രം തന്ന്യാ.      അപ്പൊപ്പിന്നെ തേക്കിങ്കാട്ടിലെ കാര്യം പറയാണ്ടോ. കഷ്ട്ടം!ഇക്കണ്ട ആളുകളൊക്കെ വട്ടത്തിലായില്ല്യേ. ഇനീപ്പോ എന്താ ചെയ്യ്വാ? ഒന്നും ചെയ്യാല്ല്യ .  മടങ്ങ്വന്നെ. 

അടുത്തു കണ്ട സർവത്ത് കടയിൽനിന്ന് ഒരു നാരങ്ങ സോഡ കുടിച്ച് കൊച്ചുട്ടൻ അടാട്ടേയ്ക്ക് 'മെളകരച്ചു'  നില്ക്കുന്ന 'ശരവണഭവ'യിൽ   കയറി.  തിരിച്ച്  ആശ്രമം  സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോൾ  വിളക്കുംകാലിൽനിന്നുളള  നാലഞ്ച്  പേർ പൂരക്കുപ്പായമിട്ടു ബസ്‌  പിടിക്കാൻ വരുന്നതു കണ്ടു. കൊച്ചുട്ടന് ആവേശം പിടിച്ചു നിർത്താനായില്ല. 

റോഡിന്റെ  നടുവിൽനിന്ന്  ഇരുവശത്തേക്കും   കൈകൾ  നീട്ടി അവരെ തടഞ്ഞുകൊണ്ട്‌ കൊച്ചുട്ടൻ  ചോദിച്ചു:



"നിക്ക് , നിക്ക് !  എവടക്കാ നിങ്ങളൊക്കെ?"




"പൂരത്തിന് !"




" ഉവ്വവ്വ് .പൂരൊക്കെ നി അടുത്തൊല്ലം. ല്ലാരും മടങ്ങ്യോളേൻ !"



" അതെന്താണ്ടാദ്  കൊച്ചുട്ടാ! വല്ല അപകടോണ്ടായാ ?"




"അപകടോം കിപകടോം ഒന്ന്വല്ല. പടിഞ്ഞാറെ കോട്ടേല്  പോലീസാര് ബസ്സോളൊക്കെ തട്ക്ക്ണ്ട്.  പൂരത്തിന്   ആള് തെകഞ്ഞൂത്രേ!"




                                        -----X-----




2013 ഫെബ്രുവരി 3, ഞായറാഴ്‌ച

കൈവിഷം



കൈവിഷം 


കുടിയും വലിയും  ആരോഗ്യത്തിനു ഹാനികരമാണെന്നൊരു ചൊല്ലുണ്ട്. ലേബലുകളിലും മാധ്യമങ്ങളിലുമെല്ലാം നിറഞ്ഞു നില്‍ക്കുന്ന പതിരില്ലാപ്പഴഞ്ചൊല്ല്. പേശും പടങ്ങളില്‍ ഉടനീളം മേലെഴുത്തായി വചനത്തിന്‍റെ സൂപ്പര്‍ സാന്നിദ്ധ്യം തെളിഞ്ഞു കാണാം. നീചന്മാരുമൊത്തു സഹവസിച്ചാല്‍  കരളും ശ്വാസകോശങ്ങളും അണ്ണാക്കും ചിതല്‍ തിന്നു പോകുമെന്ന് വൈദ്യശാസ്ത്രം. തോളിലിരുന്നു ചെവി തിന്നുന്നവന്മാരാണത്രേ ഇരുവരും. വാതകരൂപന്‍ അവനവനാത്മസുഖം പകരുന്നതോടൊപ്പം കാലാന്തരേണ നാരകീയസുഖങ്ങളില്‍ പങ്കുചേരാന്‍ സഹവാസികള്‍ക്ക് കോംപ്ലിമെന്ററി  പാസ്സും നല്‍കുന്നുണ്ടത്രെ!. ദ്രവരൂപന്‍ കളത്രപുത്രാദികള്‍ക്ക് ദുരിതവും. 

അപ്പോള്‍ ഖരരൂപിയായ മൂന്നാമനോ? മുറുക്കാന്‍? അയാളുടെ ജന്മദൗത്യങ്ങളിലുമുണ്ടോ ഹിംസ ?

ഉണ്ടത്രേ!. ഉണ്ടായിരിക്കാം.  പക്ഷേ മദയാനകളെ   മയക്കുവെടി വെച്ച് ശാന്തകുമാരന്മാരാക്കുന്ന ഒരു മന്ത്രസിദ്ധിയും നാലും കൂടിയതിനുണ്ടെന്നാണ് ഈയുള്ളവന്‍റെ അനുഭവം. പറയാം. 

അര നൂറ്റാണ്ട് പഴക്കമുള്ള സംഭവമാണ്.

അന്ന്  വയസ്സ് പതിമൂന്ന്  . എട്ടില്‍ പഠിക്കുന്നു

ഒരു ഞായറാഴ്ച.

രാവിലെ മുതല്‍  അമ്പലപ്പറമ്പില്‍ തിരികൊളുത്തിയ അര്‍മാദങ്ങള്‍ക്കു സുല്ല് പറഞ്ഞ് വിശന്നു പൊരിഞ്ഞ വയറുമായി ഉച്ചയൂണിനു വീട്ടിലേക്കു മടങ്ങുമ്പോള്‍ പിന്നില്‍ ആരോ ഓടിയെത്തുന്ന കാലൊച്ച കേട്ട് ഞാന്‍ തിരിഞ്ഞു നോക്കി. ചേട്ടനാണ്. ഒരു കള്ളച്ചിരിയോടെ ആശാന്‍ എന്‍റെ പിന്നില്‍ വന്നു കിതച്ചു നിന്നു . വായനശാലയില്‍ നോവല്‍ ചെറുകഥ, കവിത, നാടകാദി  വിഭാഗങ്ങള്‍ ഇടകലര്‍ന്നു താറുമാറായ പുസ്തകശേഖരം  വീണ്ടും നമ്പര്‍പ്രകാരം  അടുക്കി വെക്കുന്ന വാര്‍ഷിക യജ്ഞത്തിനിടയില്‍ ലഞ്ചിന് ബ്രേക്കിട്ട്   വരവാണ് ചേട്ടനും. കിതപ്പണഞ്ഞപ്പോള്‍  എന്‍റെ തോളില്‍ പിടിച്ചു തള്ളികൊണ്ട് അദ്ദേഹം പറഞ്ഞു 

"നടക്ക്‌ !


പിന്നിലേക്ക്‌ മാറി നടക്കാന്‍ നോക്കിയ എന്നെ പിടിച്ചു മുന്നിലേക്ക്‌ തന്നെ നിര്‍ത്തി അഞ്ചു വയസ്സിനു മൂപ്പിന്‍റെ അധികാരഗര്‍വ്വോടെ അഗ്രജന്‍  ആജ്ഞാപിച്ചു

"വല്ല്യേ ബഹുമാനൊന്നും കാണിക്കണ്ട.  മുന്നില്‍ നടക്ക് !"

എന്തോ പന്തികേടുണ്ട് എന്നല്ലാതെ അസാധാരണമായ ആ നടപടിയില്‍നിന്നു കൂടുതലൊന്നും വായിച്ചെടുക്കാനായില്ലെങ്കിലും അനുസരണയുള്ള   ലക്ഷ്മണന്‍കുട്ടിയായി ഞാന്‍  മുന്നില്‍ തന്നെ നടന്നു.

ഗേറ്റ്  തുറന്നു മുറ്റത്തേക്ക്‌ കാലെടുത്തു വെച്ചപ്പോഴാണ് മൂപ്പിളമയെ മറികടന്ന് അനിയനെ മുന്നില്‍ നടത്തിക്കാന്‍ ചേട്ടന്‍ കാണിച്ച ഉദാരമനസ്കതയുടെ കാണാച്ചരട്    പിടി കിട്ടിയത്.

അച്ഛന്‍  ഇറയത്ത്‌ തിണ്ണയിലിരിക്കുന്നു!. ഇടതു കാലില്‍ വലതു കാല്‍ കയറ്റി വെച്ച്‌ കാല്‍ മുട്ടില്‍ മലര്‍ത്തി വെച്ച ഇടത്തെ ഉള്ളം കയ്യില്‍ വലംകൈപത്തി മുന്നോട്ടും പിന്നോട്ടും തിരുമ്പിയിരുന്നുകൊണ്ട് താമ്പൂലചര്‍വണം നടത്തുന്ന  പോസിലാണ് പ്രതിഷ്ഠ. ക്ഷിപ്രകോപി!. അമ്പലപ്പറമ്പെന്നു കേട്ടാല്‍ ഉറഞ്ഞുതുള്ളും. വായനശാലയെന്നു കേട്ടാലോ  തിളയ്ക്കും ചോര ഞരമ്പുകളില്‍. കഴിഞ്ഞ  വര്‍ഷം വായനശാല വാര്‍ഷികത്തിന്‍റെ നാടക റിഹേഴ്സല്‍ കഴിഞ്ഞു പാതിരക്ക് കള്ളനെപ്പോലെ പതുങ്ങി വീട്ടില്‍ കയറി  വന്ന ചേട്ടനെ  ശബ്ദമുണ്ടാക്കാതെ  വാതില്‍ തുറന്ന്  അമ്മ അകത്തു കയറ്റിയപ്പോള്‍ കയ്യോടെ പിടികൂടി പുറത്താക്കി വാതിലടക്കുകയും സംഭവം ആവര്‍ത്തിച്ചാല്‍ വാതില്‍ തുറന്നു കൊടുത്തവരും പുറത്ത്  എന്ന്  തട്ടമിട്ട ഭീഷണിയിറക്കി അമ്മയെ വിരട്ടുകയും ചെയ്ത സഹൃദയനാണ് പിതാജി.

പടി  തുറക്കുന്ന ശബ്ദം കേട്ട്  അച്ഛന്‍ ഞങ്ങളെ നോക്കി.   കുറച്ചു മുമ്പായിരിക്കണം തൊട്ടടുത്തുള്ള കവലയിലെ  ബാര്‍ബര്‍ ഷാപ്പില്‍  പോയി വടിച്ചു മിനുക്കി രൂക്ഷമാക്കിയ അച്ഛന്‍റെ മുഖം എന്നില്‍ ഉള്‍ക്കിടിലമുണ്ടാക്കി. ധൈര്യത്തിനു   വേണ്ടി ഞാന്‍ പിന്നിലേക്കു തിരിഞ്ഞു നോക്കിയപ്പോള്‍ കണ്ടത് മുറ്റത്ത് ഉണക്കാന്‍ ഇട്ടിരുന്ന മാവിന്‍ വിറകു കളിലേക്ക്  മരണത്തെ മുഖാമുഖം കണ്ടവനെപോലെ തുറിച്ചു നോക്കി നില്‍ക്കുന്ന ചേട്ടനെയാണ്.  കുറ്റം പറയാന്‍ പറ്റില്ല. കലിയിളകിയാല്‍ മേല് കീഴ് നോക്കാതെ കയ്യില്‍ കിട്ടിയതെടുത്ത് വീക്കുന്ന  ദീര്‍ഘകായം മഹാവീര്യമാണ്   മുന്നില്‍ നിവര്‍ന്നിരിക്കുന്നത്. നേരത്തെ ഇതറിഞ്ഞിരുന്നെങ്കില്‍ അയലത്തെ പറമ്പിന്‍റെ  വേലിചാടി പിന്‍വാതിലിലൂടെ കുശിനിയില്‍ പ്രവേശിക്കാമായിരുന്നു. അപകടത്തെ പറ്റി ഒരു സൂചനയെങ്കിലും തരാതെ  മുന്നില്‍ പിടിച്ചു നിര്‍ത്തി തീവണ്ടി കളിച്ച് പുലിമടയിലേക്ക് നടന്നു കയറിയ ചേട്ടന്‍റെ  പോഴത്തത്തെ  ഞാന്‍ മനസാ ശപിച്ചു. ഇനിയിപ്പോള്‍ പറഞ്ഞിട്ട് കാര്യമില്ല. കുടുങ്ങിപ്പോയി.  

വായില്‍ കൊഴുത്തു നിറഞ്ഞ മുറുക്കാന്‍    ചാറ്     മുറ്റത്തേക്ക്‌ പാറ്റി   തുപ്പിയ    തക്കം   നോക്കി എന്തും വരട്ടെ എന്ന് നിശ്ചയിച്ചു   വടക്കേപ്പുറം  മാര്‍ഗവും അടുക്കള ലക്ഷ്യവുമാക്കി നീങ്ങുമ്പോള്‍ ഘനഗംഭീരമായ സ്വരം പിന്നില്‍ കേട്ടു :

"ഏമാന്മാര്  അവടെ നിക്ക്വാ!"

ആജ്ഞയെ പിന്തുടര്‍ന്നുണ്ടായ കനത്ത  നിശ്ശബ്ദതയില്‍ എനിക്കു പിന്നില്‍ ചേട്ടന്‍റെ കാല്‍മുട്ടുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം ഞാന്‍ വ്യക്തമായി കേട്ടു.   അകായിലെ വാതില്‍ മറവില്‍നിന്ന് കാര്യങ്ങള്‍ ഉദ്വേഗപൂര്‍വം വീക്ഷിച്ചുകൊണ്ടിരുന്ന ബീയെഡ്ഢിനു പഠിക്കുന്ന   ചേച്ചി അക്കാര്യം പിന്നീടൊരവസരത്തില്‍  മറ്റു കൂടപ്പിറപ്പുകള്‍ പങ്കെടുത്ത സദസ്സില്‍വെച്ച് ചേട്ടന്‍റെ ശക്തമായ പ്രതിഷേധങ്ങളെ വകവെക്കാതെ വെളിപ്പെടുത്തുകയുണ്ടായി.     "ചന്ദ്രന് പക്ഷെ കൂസലൊന്നും ണ്ടായില്ല്യ ട്ടോ " എന്നൊരു വാഴ്ത്തുമൊഴി പറയുന്ന കൂട്ടത്തില്‍ എനിക്ക് സമ്മാനിക്കാനും  ചേച്ചി മറന്നില്ല.

വിധിയെ നേരിടാന്‍ തന്നെ ഉറച്ചുകൊണ്ട്  ഭയം നിറഞ്ഞ ഗൌരവത്തോടെ ഞാന്‍ അച്ഛന്‍റെ ഉഗ്രമുഖത്തേക്ക് നോക്കി നിന്നു.

"രണ്ടു യജമാനന്മാരും  എവിടെനിന്ന് വരുന്നു?"

അംഗീകരിച്ചു കൊടുക്കാന്‍ നിവൃത്തിയില്ലാത്ത ഒരു തരം അച്ചടിഭാഷയിലുള്ള ചോദ്യം കേട്ട് മിഴിച്ചു  നിന്നപ്പോള്‍ 'പറയ് പറയ് ' എന്ന് തര്‍ജ്ജമ ചെയ്യാവുന്ന വിധം പിന്നില്‍നിന്നു ചന്തിയില്‍ രണ്ടു തോണ്ട്  കിട്ടി. 

"കേട്ടില്ല്യാന്ന്ണ്ടോ ! എവട്യാര്‍ന്നു ഇത്‌ വരെ?"

അച്ഛന്‍ വീണ്ടും ഗ്രാമ്യത്തില്‍ പ്രവേശിച്ചു.

തൊണ്ടിമുതല്‍ പോലീസിനു കാണിച്ചു കൊടുക്കുന്ന കള്ളന്‍റെ അത്മവ്യഥയോടെ ഞാന്‍ പറഞ്ഞു:

"അമ്പലപ്പറമ്പില്‍ "

"വിശേഷം?"

"പന്ത് കളിക്ക്യായിരുന്നു"

"വല്ല്യേ എമാനനോ ?"

ഞാന്‍ ചേട്ടനെ നോക്കി. വിറയ്ക്കുന്ന മുട്ടിനെ നിലയ്ക്ക് നിര്‍ത്താനുള്ള വിഫലശ്രമത്തിലാണ് അദ്ദേഹം.

"വായനശാലേല്  പുസ്തകം ശര്യാക്ക്വായിരുന്നു"

ശബ്ദം നഷ്ട്ടപ്പെട്ടവന്  ശബ്ദം നല്‍കാന്‍ ഞാന്‍ സന്നദ്ധനായി. 

"ന്താ? വായനശാലക്കാരന് വായേല്  നാവില്ല്യേ ?"

" ഉവ്വ് " 

ചേട്ടന്റെ നിസ്സഹായാവസ്ഥയില്‍ അവിടെയും ഞാന്‍ തന്നെ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. 

ഇളയതിന്‍റെ  വിപദിധൈര്യത്തിനും പ്രത്യുല്‍പ്പന്നമതിത്വത്തിനും മേല്‍  അന്തിച്ച ഒരു നോട്ടമെറിഞ്ഞ്‌ അച്ഛന്‍ വീണ്ടും ചോദിച്ചു

"എപ്പെറങ്ങീതാ  വീട്ടീന്ന് ?

"രാവിലെ"

"ഇപ്പൊ നേരെത്ര്യായീ?"

"ഒരു മണി കഴിഞ്ഞു"

"ഇപ്പൊ വന്നിരിക്കണത്  എന്തിനാണാവോ ?"

"ഊണ് കഴിക്കാന്‍"

ഡയലോഗിന്‍റെ രസനീയതയില്‍ അച്ഛനും കമ്പം കയറിയ മട്ടുണ്ട് !

"അപ്പൊ വായനശാലേലും അമ്പലപ്പറമ്പിലും അതിനുള്ള ഏര്‍പ്പാടൊന്നും  ഇല്ല്യേ?"

സിലബസ്സിലും ചോദ്യബാങ്കിലുമില്ലാത്ത യുക്തിക്ക് നിരക്കാത്ത ചോദ്യം. അച്ഛനിതെന്തിന്‍റെ  പുറപ്പാടാണ് ? ഇത്രയ്ക്കു കൂലംകഷമായ ചോദ്യം ചെയ്യലൊന്നും കൂടാതെ ഡയറക്റ്റ്‌ ആക്ഷനാണല്ലോ   പതിവ്  എന്ന ചിന്തയുമായി ഒരു നിമിഷം പരുങ്ങിനിന്ന  ശേഷം അടുത്ത ചോദ്യത്തിന് വെമ്പി നില്‍ക്കുന്ന അച്ഛന്‍റെ മുഖത്ത് നോക്കി ഉറച്ച ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു:

"ഇല്ല്യ"

മുറുക്കാന്‍റെ ചര്‍വിത ചര്‍വണം പെട്ടെന്ന് നിര്‍ത്തി തുറിച്ചുനോക്കി നില്ക്കുന്ന അച്ഛന്‍ വാക്കാല്‍ നിരായുധനായിക്കഴിഞ്ഞെന്നും ഇനി ഏതു നിമിഷവും  കര്‍മ്മനിരതനായേക്കാമെന്നും കണക്കു കൂട്ടി അനിവാര്യമായ ദുരന്തം ഏറ്റു വാങ്ങുവാന്‍ മെയ്യും മനവും സജ്ജമാക്കി നില്‍ക്കവേ അടുക്കളയില്‍നിന്നും അമ്മയുടെ അശരീരി കേട്ടു :

"അതേയ്, മതി അവറ്റോളെ വിസ്തരിച്ചത്. ആ നട്ടപ്ര വെയിലത്ത് നിക്കാണ്ട് രണ്ടാളും കയ്യും കാലും  കഴുകി വന്നു ഊണ് കഴിക്ക്വോ."

കിണറ്റുകരയില്‍ വെള്ളം കോരി കാലും മുഖവും കഴുകുമ്പോള്‍ ഞാന്‍ കണ്ടു.   ചേട്ടന്‍റെ മുഖം ചൊകചൊകാന്ന്  ഇരിക്കുന്നു ! വിപല്‍സന്ധിയില്‍ പെട്ടതിന്‍റെ വിഹ്വലതയേക്കാള്‍ വായനശാലയിലായിരുന്നു എന്ന് ഞാന്‍ വെളിപ്പെടുത്തിയതിലുള്ള ഈര്‍ഷ്യയുടെ  ചെമ്പരത്തിപ്പൂക്കള്‍! 

കാളുന്ന വിശപ്പിലും   അമര്‍ത്തിപ്പിടിച്ച ഭീതിയിലും വരണ്ടുണങ്ങിയ തൊണ്ടയിലൂടെ  വാരി വിഴുങ്ങിയ ചോറ് നെഞ്ചില്‍ കുടുങ്ങി  എക്കിട്ടം വന്നപ്പോള്‍ അമ്മ ശാസിച്ചു തന്ന വെള്ളം മടമടാന്ന് കുടിച്ചു ശമിപ്പിച്ചു.  ഊണ് കഴിഞ്ഞു വായ കഴുകുമ്പോഴും അച്ഛന്‍റെ അത്ഭുതകരമായ   ഭാവമാറ്റത്തെക്കുറിച്ചുള്ള ചിന്ത എന്നെ വിട്ടു മാറിയിരുന്നില്ല. പതിവുപോലെ എന്തേ അച്ഛന്‍ ശാര്‍ദ്ദൂലവിക്രീഡിതം ആടാഞ്ഞത്?

അതിനുത്തരം അമ്മയുടെ ഭാരതവാക്യത്തിലുണ്ടായിരുന്നു.

"ഇനി ഇന്ന് രണ്ടാളും പൊറത്തെക്കെറങ്ങണ്ടാ ട്ടോ. കൊല്ലും!. എപ്പഴാ വിധം പകര്വാന്നറീല്ല്യ. ഊണും കഴിഞ്ഞു മുറുക്കി ഇരിക്കണ സമയത്ത് വന്നോണ്ട് രണ്ടെണ്ണത്തിന്‍റേം പൊറം   പൊളിഞ്ഞില്ല്യ! ."

അതൊരു പുതിയ അറിവായിരുന്നു. രത്നാകരനെ വാല്മീകിയാക്കി പരിവര്‍ത്തിച്ചെടുത്തത്  വെറ്റിലയും അടക്കയും പുകയിലയും ചുണ്ണാമ്പും ചേര്‍ന്ന കൂട്ടുമുന്നണിയായിരുന്നു  എന്ന നാട്ടറിവ് . മുറുക്കാന്‍റെ അപാരസിദ്ധിയെക്കുറിച്ചു വിസ്മയം കൊണ്ടും അതിന്‍റെ ഉപയോഗിത ഭാവിയില്‍ എങ്ങിനെ സ്വധര്‍മത്തില്‍ പ്രയോജനപ്പെടുത്താം എന്നും പടിഞ്ഞാറെ ഇറയത്തെ വിചാരമഞ്ചത്തില്‍ കിടന്നു ചിന്തിച്ചുകൊണ്ടിരുന്നതിനിടയില്‍ അടുക്കളപ്പണി കഴിഞ്ഞ് ജഗന്നാഥന്‍  മുണ്ടില്‍ കൈ തുടച്ച്  'ഒന്ന് നടു നീര്‍ത്താന്‍' അകായിലേക്ക് പോകുന്ന അമ്മയോട് അഭ്യര്‍ത്ഥിച്ചു:    

"നാല് മണിക്ക്  മേച്ച്ണ്ട് .    കോളണി  ടീമ്വായിട്ട്.   ഞാനാ ഗോളി .   യ്ക്ക് പുവ്വാണ്ട് പറ്റില്ല്യ.  ആ നേരത്ത് അമ്മ അച്ഛനിത്തിരി മുറുക്കാന്‍ കൊടുക്ക്വോ?"

"ഫ! അസത്തെ!   ഉണ്ടൊടനെ മലര്‍ന്നു കെടന്ന് കിണ്ങ്ങാണ്ട് പോയിര്ന്ന്  പഠിക്കട !.   കെടക്കേന്ന് എണീറ്റാ അമ്പലപ്പറമ്പ് . മൂന്ന്  നേരം തിന്നാനും രാത്രി  കെടക്കാനും മാത്രം വീട് എന്നല്ലാണ്ട് പുസ്തകം കയ്യോണ്ട്‌ തൊടണ  ശീലല്ല്യ അശ്രീകരത്തിന്!.  വരട്ടെ ഒക്കൊരീസം ഞാന്‍ പറഞ്ഞു കൊടുക്കണ്ട് അച്ഛനോട് !"

ഒരിക്കലും പറഞ്ഞു കൊടുക്കില്ലാത്ത 'ആ ഒരീസത്തെ ഒക്കെയില്‍' പെടുത്തി  നാല് മണിക്ക് മുന്‍പ് അച്ഛന് മുന്നിലേക്ക്‌ അമ്മ ചെല്ലം നീക്കിവെക്കും എന്ന അതിമോഹവുമായി   ഞാന്‍ ഇറയത്തു തന്നെ കിടന്നുറങ്ങി.   വിളക്കുംകാലിന്‍റെ ഗോള്‍ പോസ്റ്റിലേക്ക് കോളണി കളിക്കാര്‍ ഉതിര്‍ക്കുന്ന  ഉശിരന്‍  അടികള്‍  പുഷ്പംപുഷ്പം പോലെ പിടിച്ചെടുക്കുന്ന സുന്ദരന്‍ സ്വപ്നനിദ്രയില്‍നിന്നുണര്‍ന്നത് ആരോ  ചുമലില്‍ തട്ടി വിളിച്ചപ്പോഴാണ്.   കണ്ണു  തുറന്നു നോക്കിയപ്പോള്‍  മുന്നില്‍ അമ്മ. 

"അടുക്കളേല്  പാത്യേമ്പൊറത്ത് ചായേണ്ടാക്കി വെച്ച്ണ്ട്. പോത്തുപോലെ കെടന്നൊറങ്ങാണ്ട് എണീറ്റ്   പോയി  കുടിക്കടാ."

പിന്നെ ഒരു രഹസ്യമെന്നോണം  സ്വരം താഴ്ത്തിക്കൊണ്ട് അമ്മ കൂട്ടിച്ചേര്‍ത്തു:

"മണി നാലായി. കളിക്കാന്‍  പോണില്ല്യേ ? ദേ,  അച്ഛന്‍ മുറുക്കിത്തൊടങ്ങി!."

                                       *****************








2013 ജനുവരി 25, വെള്ളിയാഴ്‌ച

പെണ്ണാളും പെരുന്നാളും

പെണ്ണാളും പെരുന്നാളും 




പതിവില്ലാതെ സന്ധ്യക്ക്‌ ആല്‍ത്തറയിലേക്ക് ഒന്നിറങ്ങിയതാണ് . അവിടെ രണ്ടു പേര്‍ മാത്രമുണ്ട് . സൂരജും വിഷ്ണുവും.

" ഇന്ന് ഇറ്റ്ഫോക്കിനു ( International Theatre Festival of Kerala) പോയില്ലേ ബാലേട്ടാ? " സൂരജ് ചോദിച്ചു.

" ഇല്ല്യ നല്ല സുഖം തോന്നീല്ല്യ."

പിന്നെ നാടകോത്സവസംവിധാനങ്ങളെക്കുറിച്ചുള്ള ചര്‍ച്ചയായി . ഡെലിഗേറ്റ് പാസ്സ് , ബ്ലാക്ക്‌ ബോക്സ്‌, ഇന്റിമേറ്റ് തിയ്യറ്റര്‍ , ഇന്ത്യന്‍ ടെമ്പസ്റ്റ്, ഗോപാലന്‍ എന്നിങ്ങനെ വിചാര്‍ മഞ്ച് കറങ്ങി കറങ്ങി അന്നയും റസൂലിലുമെത്തി . നല്ല ചിത്രം. ഫഹദും ആന്ദ്രിയാസ് ജെര്‍മിയയും സൂപ്പര്‍. ജീവിതത്തിന്റെ യഥാതഥമായ ആവിഷ്കാരം. നല്ല റിസര്‍ച്ച്.  പള്ളി പെരുന്നാളിന്റെ ചിത്രീകരണത്തിലെ സ്വാഭാവികത. പെണ്ണാളെ പെണ്ണാളെ എന്ന ബാന്റ് സെറ്റ് പാട്ടിന്റെ തെരഞ്ഞെടുപ്പിലെ ഔചിത്യം. പട്ടുകുട. അമ്പ് . വെള്ളമടി. അടി.

" ആ അടി പക്ഷെ വളരെ സീരിയസ് ആയി. പണ്ടൊക്കെ പെരുന്നാള്‍ തല്ലിന് ഇത്ര ഈണം ഇണ്ടാര്‍ന്നില്ല്യ . അപ്പച്ചന്റെ തമാശ മാത്രായിരുന്നു ".

അറുപതിനോടടുക്കുന്ന ഞാന്‍ ഗൃഹാതുരനായി.

" ഏയ്‌ ! ഇപ്പൊക്കെ സീരിയസ്സാ ബാലേട്ടാ . "

പുതുയുവത്വത്തിന്റെ പ്രതിനിധിയായ സൂരജ് ചൂണ്ടിക്കാട്ടി.

വാസ്തവം . പക്ഷെ അന്നത്തെ പെരുന്നാളടിക്ക്  വ്യത്യാസമുണ്ടായിരുന്നു.   മിക്കവാറും സഹോദരപുത്രന്മാര്‍ തമ്മിലായിരിക്കും കലാപരിപാടി. എല്ലാ വര്‍ഷവും  'പെണ്ണാള് ' തന്നെയായിരിക്കും മൂലകാരണം. ' നിത്യവിശുദ്ധയാം കന്യാമറിയമേ ' കഴിഞ്ഞാല്‍ ഉടന്‍ ബാന്റ് സെറ്റുകാരോട് ലോനപ്പന്‍ ആജ്ഞാപിക്കും:

"ഡാ ഇനി പെണ്ണാളെ പെണ്ണാളെ അലക്ക്  "

അപ്പൊള്‍  അന്തോണി വിരട്ടും:

" അത് പള്ളീല് ; നീയ് കായലരികത്തടിക്കടാ " .

തര്‍ക്കം അന്തമില്ലാതെ നീളുമ്പോള്‍ 
ബാന്റ് സെറ്റുകാര്‍ താര്‍ക്കികന്മാരുടെ ശാരീരികം ഒറ്റ നോട്ടത്തില്‍ വിലയിരുത്തി 'ഇതൊക്കെ മ്മള്  എത്ര കണ്ടിരിക്കണ് ' എന്ന പുച്ഛത്തില്‍  'പെണ്ണാളെ' പാടിത്തുടങ്ങുന്നു. അടി പൊട്ടുന്നു. പക്ഷെ വെറും ഉന്തും തള്ളും ദേഹത്ത് കൊള്ളാത്ത അടിയും മാത്രം. കവിഭാഷ കടമെടുത്താല്‍ സ്നേഹത്തിന്റെ ഒരു കലങ്ങി മറിച്ചില്. രക്തബന്ധത്തില്‍ പെടാത്ത മറ്റു വല്ലവരും പ്രശ്നത്തില്‍ ഗുരുതരമായി ഇടപെട്ടാല്‍ സഹോദരന്മാര്‍ ഒന്നിക്കുന്നു. ഇടപെടലുകാര്‍ തത്സമയം പിന്‍വാങ്ങുന്നു.

വെള്ളമടിയും അലമ്പുകളുമില്ലാതെ അച്ചടക്കത്തോടെ രാത്രി പത്തു മണിക്ക് മുന്‍പ് അമ്പെഴുന്നെള്ളിപ്പ് പള്ളിയിലെത്തിക്കാന്‍ ഇടവകക്കാര്‍ ശ്രദ്ധിക്കുന്നതുകൊണ്ട് മക്ഡൊവലിനും , മാന്‍ഷന്‍ ഹൗസിനും , ഹണീ ബീക്കും ഇപ്പോള്‍ ബ്രേക്ക്‌ ഡാന്‍സ്‌ കളിക്കാന്‍ പെരുന്നാളില്‍ ഇടമില്ലാതായി......


00000000

2012 ഡിസംബർ 15, ശനിയാഴ്‌ച

ലോനപ്പേട്ടന്‍റെ പീയെന്‍ബി


ലോനപ്പേട്ടന്‍റെ പീയെന്‍ബി




അരിയങ്ങാടിയിലെ പലചരക്ക് മൊത്തവ്യാപാരക്കടയിലെ അസിസ്റ്റന്‍റ് ലോനപ്പേട്ടന്‍ അടച്ച പണം എണ്ണിക്കൊണ്ടിരിക്കുമ്പോള്‍ കൌണ്ടറിനപ്പുറം അണ്ണാമല യൂണിവേഴ്സിറ്റിയിലേക്ക് ഡ്രാഫ്‌റ്റിന് പണമടക്കാന്‍ വന്നു ക്യൂവില്‍ നില്‍ക്കുന്ന രണ്ടു വിദ്യാര്‍ഥികള്‍ നേരം കൊല്ലാന്‍ ക്വിസ് കളിക്കുന്നത് കേട്ടു. 


എസ്‌. ബീ. ഐ. എന്ന് പറഞ്ഞാല്‍ ഫുള്‍ ഫോം എന്താടാ  ? 


സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ



സീ. ബീ. ഐയോ? 



സെന്‍ട്രല്‍ ബ്യുറോ ഓഫ് ഇന്‍വെസ്ടിഗേഷന്‍ .


തെറ്റി. കടം ഒന്ന്.! സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ .

പള്ളീല് പറഞ്ഞാ മതി!. അത് ഇവര് ബാങ്കുകാര്‍ക്ക്.

ഓക്കേ, സമ്മതിച്ചു. എസ്‌. എം. ജീ. ബീ ന്ന്ച്ചാലോ? 

സൌത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് .

ഗുഡ് !. അപ്പൊ ഐ സീ ഐ സീ ഐ ബാങ്കോ?

വേറെ ആളെ നോക്ക് ട്ടാ ഗഡീ! . ഇന്റസ്ട്രിയല്‍ ക്രെഡിറ്റ്‌ ആന്‍ഡ്‌ ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ബാങ്ക്.

എന്റമ്മേ! നീയ് പുല്യാണലോ ഗഡീ...ഇതൊക്കെങ്ങനെ സാധിച്ചു ?

വായിക്കണം. പേപ്പറും പുസ്തകോം വല്ലപ്പഴും വായിക്കണം !. 

ശരി. ഇനി അവസാന ചോദ്യം. ആലോചിച്ചിട്ട്‌ വേണം ഉത്തരം പറയാന്‍. 

നീയ് ചോദ്യം ചോദിക്ക് ബ്രോ!

സ്റ്റേറ്റ് ബാങ്ക് കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും അധികം ബ്രാഞ്ച്കളുള്ള ബാങ്കാണ് പീ. എന്‍ .ബീ . ആ പീയെന്‍ബി ഒന്നു നീട്ടിപ്പിടിച്ചേ !.

പിള്ളേരുടെ സമയംകൊല്ലിക്കളി സാകൂതം ശ്രദ്ധിച്ചുകൊണ്ടിരുന്ന ലോനപ്പേട്ടന്‍ ആവേശപൂര്‍വം ചാടിക്കയറി പറഞ്ഞു.

" ഞാന്‍ പറയാം. പഴേ നെടുങ്ങാടി ബാങ്ക് !."

".......!?!"

പണമടച്ച രസീതിയും വാങ്ങി തങ്ങളെ നോക്കി മുറുക്കാന്‍കറ പിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ടു നടന്നു നീങ്ങിയ ലോനപ്പേട്ടനെ പിള്ളേര് അന്തം വിട്ടു നോക്കി നിന്നു...! 









                                                                       **********----------------------------------------------------------------------------------------------------------------------------------
പൊതുവിജ്ഞാനത്തില്‍ ലോനപ്പേട്ടന്റെ റേഞ്ച് ഇല്ലാത്തവര്‍ക്ക്‌ ഇതാ ഒരു 'കുളു ' :-
മലയാളത്തിലെ ആദ്യത്തെ നോവല്‍ 'കുന്ദലത ' എഴുതിയ അപ്പു നെടുങ്ങാടി 1899 ല്‍ കോഴിക്കോട്ട് സ്ഥാപിച്ച ദക്ഷിണേന്ത്യയിലെ ആദ്യത്തെ സ്വകാര്യ കമേഴ്സ്യല്‍ ബാങ്കായ നെടുങ്ങാടി ബാങ്ക് 2003 ല്‍ പീ. എന്‍ .ബീ (പഞ്ചാബ് നാഷണല്‍ ബാങ്ക് ) ഏറ്റെടുത്തു!!