2016 മാർച്ച് 12, ശനിയാഴ്‌ച

അയാളെല്ലാം കാണുന്നുണ്ട്

അയാളെല്ലാം കാണുന്നുണ്ട്


ഇന്നു കാലത്ത് അയാളെന്‍റെ വീട്ടിലും വന്നു.

വെളുപ്പിനുള്ള നടത്തം കഴിഞ്ഞു ചായപ്പുറമേ പത്രം വായിച്ചുകൊണ്ടിക്കുമ്പോഴാണ് കോളിങ് ബെല്ലടിച്ചത്. . ഉമ്മറത്തു ചെന്നപ്പോള്‍ അയാള്‍!.

പ്രഭാതസവാരിക്കിടെ വിചിത്രസ്വഭാവിയായ അയാളെ പലവട്ടം വഴിയില്‍ വെച്ചു കണ്ടിട്ടുണ്ട്. ആദ്യം കണ്ടത് ചിറ്റിലപ്പിള്ളി സെന്ററില്‍ വെച്ച്. സൂര്യനുദിച്ച് നല്ലവണ്ണം വെളിച്ചം പരന്നു തുടങ്ങിയിരുന്നു. ശരവേഗത്തില്‍ ബൈക്ക് ഓടിച്ചു വന്ന ഒരു പയ്യനെ കൈകാട്ടി നിര്ത്തി്ച്ചുക്കൊണ്ട് അയാള്‍ പറഞ്ഞു:


"ഡാ മോനേ, ആ ഹെഡ് ലൈറ്റ് ഓഫാക്ക്യേടാ! വെര്‍തെ ബാട്രീടെ ചാര്ജ്് കളേണ്ട്രാ!. "


ലൈറ്റ് ഓഫാക്കി എന്നെനോക്കി ഒരു ചമ്മല്ച്ചിരി ചിരിച്ചുകൊണ്ട് പയ്യന്‍ യമഹ വീണ്ടും പറപ്പിച്ചപ്പോള്‍ അയാള്‍ വിളിച്ചു കൂവി.


"ഒന്നു പതുക്കെ വിട്രാ മോനേ. വഴ്യരീല് പോസ്റ്റുംകാലോള്ണ്ട്രാ!."

പിന്നൊരുനാള്‍ വഴിയരികിലെ ഒരു വീട്ടില്‍ കയറിച്ചെന്നു വീട്ടുകാരെ വിളിച്ച് ഗുണദോഷിക്കുന്നതാണ് കണ്ടത്.

"പെങ്ങളേ, ലൈറ്റ് ഇങ്ങനെ വെറുതേട്ട് വെക്കരുത്. . ആവശ്യം കഴിഞ്ഞാല്‍ ഓഫാക്ക്വാ. നമ്മക്കും പൊതു ഖജനാവിനും വെറുതേങ്ങനെ നഷ്ടണ്ടാക്കണോ ."

കാർ  പോര്‍ച്ചില് കത്തി നില്ക്കുന്ന ലൈറ്റായിരുന്നു വിഷയം.

രണ്ടു രണ്ടര വയസ്സു തോന്നിക്കുന്ന കുട്ടിയെ ടാര്‍ റോഡിലൂടെ കൈപിടിച്ചു നടത്തുന്ന യുവതിയോട് ഒരിക്കല്‍ അയാള്‍ പറയുന്നതു കേട്ടു:

"മോളേ, വാഹനം ഓടണ ഭാഗത്തൂടെ നടത്താണ്ട് കുട്ട്യേ അപ്പ്രത്തൂടെ നടത്തണം. കുട്ട്യേങ്ങാനും കൈവിട്ട് ഓടുമ്പഴാവും വല്ല വാഹനോം വര്വാ. സൂക്ഷിച്ചാ ദു:ഖിക്കണ്ട :!."

എനിക്കയാളോട് മതിപ്പുതോന്നി.

അയാളും എന്നെപ്പോലെ ഒരു പ്രഭാതസവാരിക്കാരനാണ്. രാവിലെ എണീറ്റ് ഏറെ ദൂരം നടക്കുന്നെന്നേയുള്ളൂ ഞാനൊക്കെ. യാതൊരു പരിസരനിരീക്ഷണവുമില്ലാത്ത ഒരുപ്പോക്ക്. പക്ഷേ അയാളോ? ദൈനംദിന വ്യായാമത്തോടൊപ്പം സാമൂഹ്യ ബോധവല്ക്കവരണവും അജണ്ടയാക്കിയിരിക്കുന്നു. മതിപ്പു തോന്നാതെ വയ്യ.

അയാളിതാ ഇപ്പോഴെന്‍റെ വീട്ടിലും എത്തിയിരിക്കുന്നു!. അഹിതകരമായി എന്താണാവോ കണ്ടുപിടിച്ചിരിക്കുന്നത്?. ലൈറ്റുകളെല്ലാം ഓഫാക്കിയിട്ടില്ലേ. ഞാന്‍ ശങ്കാപരവശനായി. അയാളെ കണ്ടറിഞ്ഞതിനുശേഷം ചില ചിട്ടകളൊക്കെ ദൈനംദിനത്തില്‍ വരുത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയായിരുന്നു ഞാനും.

ചെറിയൊരു പരിഭ്രമത്തോടെയും ഭവ്യതയോടേയും ഞാനയാളോടു ചോദിച്ചു.

"എന്തേ?."

"അല്ല മാഷേ. ആ ഏലക്ട്രിക്ക് പോസ്റ്റിന്റെ‍ സ്റ്റേ വയറിമ്മല് ചുറ്റിക്കേറണ വള്ളിച്ചെടി മാഷ് കണ്ടില്ല്യാന്നുണ്ടോ?. അതെങ്ങാനും കറണ്ട് കമ്പീമേ ടച്ചീതാലത്തവസ്ഥ മാഷ് മനസ്സിലാക്കീണ്ടോ?."

ചെടിയുടെ ചുറ്റിക്കളി പലവട്ടം ശ്രദ്ധയില്‍ പെട്ടിട്ടുള്ളതാണെങ്കിലും കാര്യമാക്കിയിരുന്നില്ല. എങ്കിലും എളിമയോടെ ഞാനയാളോട് നുണ പറഞ്ഞു:

"അയ്യൊ ഞാനത് കണ്ടില്ല്യാട്ടോ!."

"തൊട്ടുമ്മറത്തുള്ള കാര്യം കണ്ടില്ല്യാന്നോ!. ചെടി പടർന്ന് കേറി കമ്പീമെ ചുറ്റി നിക്കണ സമയത്ത് ആരെങ്കിലും അദ്മ്മെ ചെന്നു തൊട്ടാ കഴിഞ്ഞില്ല്യെ മാഷേ പണി?. ഒരു കത്ത്യോണ്ട് ചെടീടെ കട ഒന്നു മുറിച്ചിട്ടാ മതി. അതൊണങ്ങിക്കോളും. അതുപോലും ചെയ്യാന്‍ മട്യാന്ന് മനുഷ്യര്ക്ക് !. അയ്യയ്യേ!. മാഷ് ഒരു കത്ത്യെടുത്തേ, ഞാനിപ്പ ശര്യാക്കിത്തരാം."

"അയ്യൊ വേണ്ടാന്നേയ്!. ഞാഞ്ചെയ്തോളാം."

"ന്നാ അതിപ്പത്തന്ന്യാവട്ടെ!. ന്നട്ടേ ഞാന്‍ പോണുള്ളോ!. അല്ലെങ്ങേ മാഷ് ഒഴപ്പും."

അടുക്കളയില്‍ പോയി കറിക്കത്തിയെടുത്ത് വള്ളിച്ചെടിയുടെ കട എന്നെകൊണ്ടു മുറിച്ചിടീച്ചിട്ടേ ആരാ ഏതാ എന്നൊന്നും നിശ്ചയമില്ലാത്ത ആ മനുഷ്യന്‍ പോയതുള്ളു!.

2016 ജനുവരി 24, ഞായറാഴ്‌ച

ആണ്ടറുതി



ആണ്ടറുതി

അഭിനയവും കളരിയും ഇന്ദ്രപ്രസ്ഥത്തില്‍ രംഗമഹോത്സവവുമായി നാടകാടനം പത്തു മാസം തികഞ്ഞപ്പോള്‍ ഗോവിന്ദന്‍ ഓര്‍ത്തു. ആണ്ടുഴിച്ചലിനു സമയമായി. വര്‍ഷാവര്‍ഷം തടി ഓവറോളിങ്ങിന് കയറ്റിയില്ലെങ്കില്‍ സ്റ്റേജ് പെര്‍മിറ്റ് കട്ടാവും. കര്‍ക്കടകം ദാ വന്നു എന്ന മട്ടില്‍ നില്‍പ്പാണ്.  എടവം പത്തായി. ഓള്‍റെഡി ലേറ്റ്! മേടത്തില്‍ മുന്‍കൂര്‍ രെയ്ശ്രാക്കിയില്ലെങ്കില്‍ തിരുമ്മല്‍ ദേവന്‍ ഉഴിയന്നൂര്‍  തണ്ടാന്‍  പടി കയറ്റില്ല! കുപ്പിബന്ധം നോക്കാത്തവനാണ്. ദക്ഷിണേഷ്യയില്‍ ഏറ്റവും മികച്ചത് തന്‍റെ എണ്ണപ്പാത്തിയെന്ന  ഭാവം അല്ലെങ്കിലേ മുഖത്തുണ്ട്!

അറ്റകൈക്കു പ്രയോഗിക്കേണ്ട ആയുധങ്ങള്‍ മാത്രം കരുതിയ  തൂണീരം മുതുകത്തിട്ട് തൃശ്ശൂരില്‍നിന്നും ഗോവിന്ദന്‍ പടിഞ്ഞാട്ട് ബസ്സ് കയറി.ഉഴിച്ചില്‍ മഠത്തിന്‍റെ ഗേറ്റ് തുറന്നപ്പോള്‍ മെടഞ്ഞ ചൂരലില്‍ തീര്‍ത്തു പൂമുഖത്തിട്ട ചാരുക്കസേരയില്‍ ആന്‍റിക്കായി മലര്‍ന്ന് കിടന്നു വിശറി വീശുന്ന മേദസ്സ് ദര്‍ശിച്ചു. ഒന്നേ കണ്ണയച്ചുള്ളൂ; കണ്ടഭാവം നടിക്കാതെ മന്ത്രാലയത്തിലേക്ക് വലം വെട്ടി .

ചെന്ന പാടെ റിസപ്ഷന്‍ കൌണ്ടറില്‍ നെറ്റിയില്‍ ചോദ്യക്കുറിയിട്ടു നിന്ന പെമ്പിറന്നവളോടു പറഞ്ഞു:

“ആസകലം ഒന്നുഴിയണം . ഇത് രണ്ടാംവര്‍ഷം”

"ബുക്കിങ് ക്ലോസായീലോ സാര്‍?"

കൌണ്ടര്‍ച്ചി കൈരേഖ കാട്ടി

"എഴുതിക്കോളൂ, ഗോവിന്ദന്‍. ഏമാന്‍റെ ചങ്ങാത്യാ."

“വരട്ടെ. അതിനു മുമ്പ് ശപ്പനോടു മോയ്ലാളിയെ ചെന്നു കാണാന്‍ പറഞ്ഞു “

ഒരു കോങ്കണ്ണന്‍ ഓടിക്കിതച്ചു വന്നു പറഞ്ഞു.

കൌണ്ടറിലെ കാളി എടുത്ത പുസ്തകം മടക്കി.

“ശപ്പനോ? ആരാടാ ശപ്പന്‍?” ഗോവിന്ദന്‍ ജുബ്ബക്കൈ ചുരുട്ടി.

“പ്ലീസ്!. ഉപദ്രവിക്കരുത്! അങ്ങനെത്തന്നെ പറയണന്നു പറഞ്ഞു .”

കൊങ്കണ്ണന്‍ തലകുനിച്ചു പഞ്ചപുച്ഛമടക്കി.

“ആഹാ.! അത്രക്കായോ? എടുത്തോ അവന്‍!”

മുഖത്ത് കരി തേച്ചു പൂമുഖത്ത് ചെന്നപ്പോള്‍ മുറുക്കാന്‍ ചാര്‍ തുപ്പി കോളാമ്പി നിലത്തു വെക്കുന്ന ആക്ഷന്‍ പോസിലാണ് മഗലശ്ശേരി.

“നീലാണ്ടാ!.” ഗോവിന്ദന്‍ അലറി!

“എന്താണ്ടാ?”

“മാടമ്പി ചമയരുത്!. ആരാ നിന്‍റെ ശപ്പന്‍?”

“നീയന്നേ” 

തണ്ടാന്‍ കൂസലന്യേ  വിരല്‍ ചൂണ്ടി

ഒന്നു ചുളുങ്ങി വീണ്ടും നിവര്‍ന്ന് ഗോവിന്ദന്‍ പ്രതിഷേധിച്ചു

"ആളെ അപമാനിക്കരുത്."

" എന്നെ അപമാനിക്കാം എന്നാവും വ്യംഗ്യം?."

"ആരപമാനിച്ചു? കബ്? ക്യോം? കൈസേ? സാലേ ബോല്‍!."

 "ചുപ്! ഗേറ്റ് തുറന്ന വശം  വെട്ടി വലത്തോട്ടടിച്ചത് ഞാന്‍ കണ്ടില്ല്യാന്നു വിചാരിച്ച്വോ നീ?. ഇന്‍റര്‍നാഷണലായീപ്പോ മഹാനടന് നാട്ടുവഴക്കമൊക്കെ നാണക്കേടായിട്ടുണ്ടാവും! ഉല്ലൂ കേ പട്ടേ!."

"ഓ അതോര്‍ത്തില്ല്യ! പോരുമ്പോ എടക്കയെടുക്കാന്‍ മറന്നുപോയ് പ്രഭോ. അല്ലെങ്കില്‍ പടിപ്പെരേല് വെച്ച് വന്ദേ മുകുന്ദനെ ഒന്നു പൂശാര്‍ന്നു!."

"അധികം  ഊതരുത്! ബഴ്സ്റ്റാവും. ഉമ്മറം വെടക്കാവും."

"ശ്ശെന്താ നോക്ക്വോ! അപ്പോ നല്ലതും പറഞ്ഞൂടാ!."

"കുശലം നിര്‍ത്താം. കാര്യത്തിലിക്ക് പ്രവേശിക്കാം. എന്താ നെന്‍റെ വരവിന്‍റെ  ഉദ്ദേശം?."

"മുന്‍വര്‍ഷത്തെപ്പോല്‍ തൈലദ്രോണിയിലിട്ട് അസ്സലായിട്ടൊന്നുഴിയണം. ശരീരമാദ്യം ഖലു ധര്‍മ്മ സാമാനം എന്നുണ്ടല്ലോ?."

"വിയോജിപ്പില്ല. അതു പ്രത്യക്ഷോദ്ദേശം. പരോക്ഷം?."

"അറിയുന്ന കാര്യം ചോദിക്കുന്നതിന് ചൊറിയുക എന്നു പേരുണ്ട്!."

"അപവാദഭയം തെല്ലുമില്ല. പരോക്ഷോദ്ദേശം എന്താന്ന് പറഞ്ഞാ ഉഭയം തുടരാം."

"സോമസുധാ.... രസ പാനമു ജേ....ശി... അതായത്...;"

ഗോപാലന്‍ ആന്ദോളികത്തില്‍ ഒന്നു ദോളിച്ച ശേഷം വിസ്താരത്തിലേക്ക് കടന്നപ്പോള്‍ ആശാന്‍ കടന്നു വെട്ടി.

"സാധിക്കില്ല്യ! ഇവടെപ്പോ ഉഴിച്ചല്‍ മാത്രേള്ളൂ ഒഴിക്കലില്ല."

"ച്ചാല്‍?."

"സേവാഗ്രാം നിര്‍ത്തി."

"എന്നു മുതല്‍?."

700 നും പൂട്ടിട്ട നാള്‍ മുതല്‍.

“ഓഹോ അങ്ങിനെയോ?”

കരി തുടച്ചു മാറ്റി സെന്‍ ഗുരുവിന്‍റെ നിസ്സംഗത മുഖത്തെഴുതി ഗോവിന്ദന്‍ തിരിഞ്ഞു നടന്നു.

"നിക്കടാവടെ!."

“ഔ! ദേന്താപ്പാദ്!”  ഗോപാലനു ബോറടിച്ചു .

"ഇങ്ങട് വാടാ!."

ഗോപാലന്‍ തിരിച്ചടിച്ചു മുഖദാവില്‍ സാവ്ധാനായി.

"ചേട്ടായി ഒരു തമാശ പറഞ്ഞതല്ലടാ ശവീ? നിയപ്ലക്കും!.

തണ്ടാന്‍ ഡൌണ്‍ ടു ഏര്‍ത്തായി കണ്ണീരൊഴുക്കി . മൂക്കു പിഴിഞ്ഞു കോളാമ്പി നിറച്ചു.

“അങ്ങിനെ വഴിക്കു വാ തണ്ടാന്‍കുട്ടി.” ഗോവിന്ദന്‍ കളരിക്കാശാന്‍റെ സൂമോ കവിളില്‍ നുള്ളി.

"തിരിഞ്ഞു നടന്നപ്പോ ചന്തിയും മുലയും തുറിച്ച നിന്‍റെ ബാക്‍പ്പാക്ക് കണ്ടിരുന്നില്ലെങ്കില്‍ എന്‍റെ പട്ടി നിന്നെ തിരിച്ചു വിളിക്കും!. ബിലാത്തീലും പരന്ത്രീസിലുമൊക്കെ കളിച്ചും ഉണ്ടും ഉറങ്ങിയവനല്ലേ നീ?  അപ്പോ പറയ്, ബഹുരാഷ്ട്രീയമായി എന്തുണ്ട് പാഥേയത്തില്‍?."

"ജാക്കിയും ജോണിയും."

"ജാക്കീചാന്‍?."

"വേണ്ടകാലത്ത് നാലക്ഷരം വായിക്കണം!. ജാക് ഡാനിയേല്‍!."

"കഷ്ടം! നഥാനിയേലും വാറ്റ് തുടങ്ങിയോ?."

"അവറ്റക്ക് പിടിച്ച് നിക്കണ്ടേ ഭായ്!"

"ജോണി നടരാജന്‍ ചോപ്പോ നീലയോ?."

" കുഴികള്‍ മൂടി.  ഇനി എണ്ണണ്ട!"

"എന്നാ ജോണി മേശപ്പുറത്ത് വെക്ക്!."

"വെച്ചു."

"വൌ..! നീലി തന്നെ! അപ്പോ ജാക്കിയെടുത്ത് നീ കളപ്പുരയില്‍ ചെല്ല്. ഉപദംശങ്ങളുമായി ഞാന്‍ പിന്നിലുണ്ട്."

"അപ്പോ ജോണി?."

"അത് നീയന്വേഷിക്കണ്ട!. ഇവിടെ യോഗ്യന്മാരും വരാറുണ്ട് കസ്റ്റമേഴ്സായി. അവര്‍ക്കെന്തെങ്കിലും നേദിക്കണം.".

"ദുഷ്ടന്‍!."

"നാമത്തില്‍ പേരെച്ചത്തിന്‍റെ കുറവുണ്ട്."

"പരമദുഷ്ടന്‍!."

"അത് കറക്റ്റ്!.   അപ്പോ മോന്‍ കളപ്പുരേല്‍ക്ക് ചെല്ല്!. "





2015 ഡിസംബർ 28, തിങ്കളാഴ്‌ച

നുണകള്‍

നുണകള്‍

ശമ്പള രജിസ്റ്ററിലെ നെടുനീളന്‍ താളുകളില്‍ കാല്‍ക്കുലേറ്റര്‍ ഇടത്തും വലത്തും നിരക്കി ഗ്രോസും നെറ്റും കൂട്ടിക്കൊണ്ടിരിക്കുമ്പോഴാണ് രാമേട്ടന്‍ കയറി വന്നത്. ഓഫീസില്‍നിന്നും കഴിഞ്ഞ വര്‍ഷം റിട്ടയര്‍ ചെയ്തയാളാണ് രാമേട്ടന്‍. അച്ഛന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇതേ ഓഫീസില്‍ ജോലി ചെയ്യുന്ന സമയത്ത് രാമേട്ടനുമായി വളരെ അടുത്ത ബന്ധം സൂക്ഷിച്ചിരുന്നു. അതിന്‍റെ ഒരു വാത്സല്യം എപ്പോഴും അദ്ദേഹം എന്നോടു കാണിക്കാറുണ്ട്.

“ആ എന്താ രാമേട്ടാ വിശേഷം?.”

“അസുഖൊന്നൂല്ല്യടോ!. താന്‍ തന്‍റെ വിശേഷം പറയ്വാ.  അമ്മക്കൊക്കെങ്ങന്യാ?”

“സുഖന്നെ.” ഞാന്‍ പറഞ്ഞു.

“കെടപ്പൊന്ന്വല്ലലോ?.”

“എയ്!.  ഇപ്പഴും സ്വന്തം കാര്യൊക്കെ തന്ന്യന്ന്യ!.”

“അതേതെ. പറ്റണോടത്തോളം മറ്റുള്ളോരേ ബുദ്ധിമുട്ടിക്കാണ്ട് കഴ്യാനും വേണം ഒരു യോഗം. അച്ഛന്‍ സുഖായി മരിച്ചു. അമ്മക്കും ആ ഭാഗ്യണ്ടാവട്ടെ!. ഞാനിപ്പോ വന്നത് തന്നോടൊരു കാര്യം ചോച്ചറിയാനാ.”

“എന്താദ്?”

“വേറൊന്ന്വല്ല. മോള്‍ക്ക് ഒരു കല്ല്യാണാലോചന വന്നണ്ട്. അത് തന്‍റെ നാട്ടീന്നാ.  ചെക്കന്‍ നേവീലാത്രേ. താനറിയ്വോ എന്തോ; ഒരു വാസുദേവന്‍.”

“ആരാ?.  ഏതു വീട്ടില്യാ രാമേട്ടാ?.”

പറഞ്ഞും  കേട്ടും  വന്നപ്പോള്‍ വളരെ നന്നായി അറിയുന്ന കൂട്ടരാണ്. അച്ഛനും അമ്മയും താഴെ ഒരനിയത്തിയും അടങ്ങുന്ന ചെറിയ കുടുംബമായിരുന്നു. വലിയ വിഷമങ്ങളൊന്നും കൂടാതെ കഴിഞ്ഞിരുന്നവരാണ്.  തിരുപ്പൂരില്‍ ഒരു റെഡി മെയ്ഡ് ഗാര്‍മെന്‍റ് കമ്പനിയില്‍ ജോലിയുണ്ടായിരുന്ന അച്ഛന്‍ പെട്ടെന്നു മരിച്ചപ്പോള്‍ മകന് കുടുംബത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വന്നു. പ്രീഡിഗ്രീ ഡിസ്റ്റിങ്ങ്ഷനില്‍ പാസ്സായി നില്‍ക്കുകയായിരുന്ന പയ്യന്‍ മാറിയ സാഹചര്യത്തില്‍ തുടര്‍പഠനം വേണ്ടെന്ന് വെച്ച് നേവിയില്‍ ചേരുകയായിരുന്നു. ആണ്‍തരിയുടെ ഉത്തരവാദിത്തബോധവും ത്രാണിയും ചേര്‍ന്നപ്പോള്‍ കുടുംബം അച്ഛന്‍റെ അഭാവവും മറ്റു വിഷമങ്ങളും അറിയാതെ മുന്നോട്ട് നീങ്ങി. ജോലി ലഭിച്ചു മൂന്നു കൊല്ലത്തിനുള്ളില്‍ അനിയത്തിക്കുട്ടിയുടെ വിവാഹം മാന്യമായ നിലയില്‍ നടത്തി മിടുക്കന്‍ ചെക്കന്‍ എന്ന പേര് നാട്ടിലുണ്ടാക്കി. കാണാന്‍ സുന്ദരന്‍. സംസ്കൃതന്‍ .

“ഓ ഞാനറിയൂലോ രാമേട്ടാ. മിടുക്കന്‍ പയ്യനാണ്!.”

“വീട്ടുകാരെപ്പറ്റിയൊക്കെ ഞാനന്വേഷിച്ചു. അച്ഛന്‍ മരിച്ചേപ്പിന്നെ വല്ല്യേ ബുദ്ധിമുട്ടായിരുന്നു. ചെക്കന് ജോല്യായപ്പോ പച്ച പിടിച്ച് വന്നതാണ് എന്നൊക്കറിഞ്ഞു. അതൊന്നും സാരല്ല്യ. നമ്മളും ഇപ്പോ കോലോത്ത്  ജനിച്ച്‌  വളർന്നോരൊന്ന്വല്ലലോ. എനിക്കറ്യേണ്ടത് ചെക്കനെപ്പറ്റ്യാ. ആള് കാണാന്‍ യോഗ്യനാന്നറിഞ്ഞു. പക്ഷേ സ്വഭാവം. അതൊക്കെങ്ങന്യാ?.”

“ഓ വളരെ നല്ല സ്വഭാവാ രാമേട്ടാ. അധികം സാംസാരിക്കുന്ന പ്രകൃതമല്ല. നല്ല വിനയം.”

“അതും ഏതാണ്ടൊക്കറിഞ്ഞു. പക്ഷേ...."

“പിന്നെന്താ രാമേട്ടാ. വേണ്ട്?.”

“സ്വഭാവത്തില് വേറേo ചെലതൊക്കെ നോക്കണലോ?.”

“എന്നു വെച്ചാ?.”

‘അല്ല ; വലിക്ക്വോ കുടിക്ക്വോന്നൊക്കെ.”

“ഓ അത് ശരി. പയ്യന്‍ സിഗരറ്റൊക്കെ വല്ലപ്പഴും വലിക്കുന്നത് കണ്ടിട്ടുണ്ട്. മദ്യപിക്കുമോ ന്നറീല്ല്യ .”

അതൊരു നുണയായിരുന്നു. ഓണത്തിനോ ഉത്സവത്തിനോ ലീവില്‍ വരുമ്പോള്‍ കയ്യില്‍ കരുതുന്ന ക്വോട്ട കൂട്ടുകാരുമൊത്ത് പങ്കിട്ട് അലമ്പില്ലാതെ ഉല്ലസിച്ചു നടക്കുന്നതൊക്കെ  കണ്ടിട്ടുണ്ട്.

“അതേ അതൊന്നറ്യേണം. അതാണലോ മുമ്പറ്യേണ്ടത്!. കേട്ടടത്തോളം അത്യാവശ്യം സേവിക്കും എന്നറിഞ്ഞു. കേട്ടറിവ് ശര്യാണോന്നു തന്നോടുംകൂടി ഒന്നു ചോയ്ക്കാന്ന് വെച്ചതാ!.”

“രാമേട്ടാ ഞാന്‍ പറഞ്ഞില്ല്യേ!.  എനിക്കറീല്ല്യ.  പിന്നെ ആള് പട്ടാളത്തിലല്ലേ. ലേശം കഴിക്കുമായിരിക്കും. എന്നാത്തന്നെ  അതൊക്കെ ഇത്ര കാര്യാക്കണോ?. വല്ലപ്പഴും ലേശം കഴിക്കണത് മോശാന്ന്  ചിന്തിക്കണ കൂട്ടത്തിലല്ല ഞാൻ  ട്ടോ."

ഞാൻ സ്വന്തം മദ്യനയം വ്യക്തമാക്കി.

“അപ്പോ കഴിക്കും അല്ലേ?.”

“അയ്!. അങ്ങനെ ഞാന്‍ പറഞ്ഞില്ലിലോ രാമേട്ടാ!.”

രാമേട്ടന്‍ വീണ്ടും വീണ്ടും നുണ പറയിപ്പിക്കുന്നു. ഉള്ള കാര്യം പറഞ്ഞാല്‍ രാമേട്ടൻ   വഴി തന്നെ പയ്യന്‍റെ വീട്ടുകാരതറിയും. കല്ല്യാണം മുടക്കി എന്ന പേരും കിട്ടും. അതാണ് നാട്ടുനടപ്പ്!. അതത്ര സുഖപ്രദമല്ല!.

“ന്നാലും കുടിക്കണത് അത്ര മോശൊന്ന്വല്ലാന്ന് പറഞ്ഞൂലോ താന്‍!. നിങ്ങള്‍ക്കതൊക്കെ പരിഷ്ക്കാരാവും. അതൊന്നും നമുക്ക് പറ്റില്ല്യടോ. ലക്ഷപ്രഭുക്കന്മാരല്ലെങ്കിലും മാനം മര്യാദ്യായിട്ടു കഴ്യേണോരാ നമ്മള്.”

“രാമേട്ടാ ഒന്നൂടി ആലോചിച്ചിട്ട് പോരേ!.  ഇന്നേ വരെ അയാളെപ്പറ്റി മോശായിട്ടൊന്നും ഞാന്‍ കേട്ടിട്ടില്ല്യ.”

“ ഇല്ല്യാ. ഇനീപ്പോ അധികം ആലോചിക്കാല്ല്യ!. അധികാലോചിച്ചാലും  വെഷമാ. ഒന്നു കണിശാ; പാരമ്പര്യായിട്ട് ഏന്‍റെ വീട്ടില് കള്ളുടി ഇല്ല്യ. അത്തരക്കാര് വീട്ടില് കേറി വന്നിട്ടൂല്ല്യ. ഇനി ഞാനായിട്ട് പേര്ദോഷണ്ടാക്കാല്ല്യ!. അപ്പ ശരി ബാലന്ദ്ര. എനിക്ക് കോലഴീലൊന്നു പോണം. ദാമോദരപണിക്കരെ കാണണം. മറ്റൊരു കേസൂടീണ്ട്. ചെക്കന്‍ ദുബായിക്കാരനാ!. നോക്കട്ടെ എവട്യാ യോഗന്ന് അറീല്ലിലോ!. അപ്പോന്നാ ഞാന്‍ പോണില്ല്യ. അമ്മോടന്വേഷിച്ചൂന്ന്  പറയാ .  ”

നാലഞ്ചു മാസം കഴിഞ്ഞു കാണും.......

മകളുടെ വിവാഹത്തിന്‍റെ ക്ഷണക്കത്തുമായി രാമേട്ടന്‍ വീണ്ടും എന്നെ കാണാന്‍ വന്നു. അഞ്ചു മാസം മുമ്പ് സൂചിപ്പിച്ച ദുബായിക്കാരന്‍ തന്നെയായിരുന്നു പയ്യന്‍. കുടിയില്ല വലിയില്ല, മുറുക്കില്ല. ഒരു ചായ പോലും പുറത്തു നിന്നു കുടിക്കില്ല. അത്രക്ക് സല്‍സ്വഭാവി. പാരമ്പര്യം ചിതല് കുത്താതെ സംരക്ഷിക്കാനായതില്‍ രാമേട്ടന്‍ അതീവസംതൃപ്തന്‍.

പക്ഷേ അഞ്ചു വര്‍ഷത്തിനുശേഷം അമ്മയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചറിഞ്ഞു രാമേട്ടന്‍ എന്‍റെ വീട്ടില്‍ കയറിവന്നത് കഴിഞ്ചിനു സമാധാനമില്ലാത്ത മനസ്സുമായിട്ടാണ്. പ്രായത്തിനു നിരക്കാത്ത തരത്തില്‍ ആ ശരീരത്തിലും മനസ്സിലും ജരാനരകള്‍ പടര്‍ന്നിരുന്നു. അമ്മയുടെ അവസാന നാളുകളിലെ സ്ഥിതിയും, സുഖമരണവും എല്ലാം വിവരിച്ചു കഴിഞ്ഞ സമയം ഭാര്യ ചായ കൊണ്ടുവന്നു വെച്ച് മകളുടെ വിശേഷം ചോദിച്ചപ്പോള്‍ രാമേട്ടന്‍ എല്ലാം പറഞ്ഞു.

വിവാഹത്തിന് ശേഷം അധികം താമസിയാതെ  മകളുടെ ഭര്‍ത്താവ് വിസ കാലാവധി കഴിഞ്ഞു നാട്ടിലേക്ക് മടങ്ങിയതും പട്ടണത്തിലുള്ള കൂട്ടുകാരുമൊത്ത് രാമേട്ടനും വീട്ടുകാര്‍ക്കും പോലും വലിയ നിശ്ചയമില്ലാത്ത എന്തോ കച്ചവടം തുടങ്ങിയതും സാമര്‍ഥ്യക്കാരായ ചങ്ങാതിമാര്‍ പങ്കു കച്ചവടത്തില്‍നിന്നും മരുമകനെ പുറത്തു ചാടിച്ചതും ദുഖങ്ങള്‍ക്കവധി കൊടുക്കാനായി ഒരു നാള്‍ മരുമകന്‍ തുടങ്ങിയ വിഷമക്കുടി ദൈനംദിനമായതും സമ്പാദിച്ചതൊക്കെയും 'വെള്ള'ത്തില്‍ ഒഴുകിയതും, മരുമകന്‍ വരുത്തിവെച്ച കടം വീട്ടാന്‍ രാമേട്ടന് ഭാര്യയുടെ തറവാട് ഭാഗം വെച്ചു കിട്ടിയ പറമ്പ് വില്‍ക്കേണ്ടി വന്നതും കുടിച്ച് മത്തായി ഉമ്മറത്ത് പൂക്കുലക്കുറ്റി തുള്ളിയ ഒരു ദിവസം മരുമകന്‍റെ പിടലിക്ക് പിടിച്ച് തെരുവിലേക്ക് തള്ളിയതും വിവാഹമോചനം കാത്തു കഴിയുന്ന മകളുടെയും രണ്ടു കുട്ടികളുടെയും ചുമതല ഏറ്റെടുക്കേണ്ടി വന്നതുമൊക്കെ വിവരിക്കുമ്പോള്‍ തികച്ചും നിര്‍വികാരനായിരുന്നു രാമേട്ടന്‍. പട്ടണത്തിലെ പ്രശസ്തമായ തുണിക്കടയില്‍ സെയില്‍സ് ഗേളായി മകള്‍ക്ക് പണി തരപ്പെടുത്താന്‍ നടത്തുന്ന ശ്രമങ്ങളെപ്പറ്റി രാമേട്ടന്‍  പ്രതീക്ഷയോടെ വിവരിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു നിയോഗം പോലെ വാസുദേവന്‍ കടന്നു വന്നത്.

“ ബാലേട്ടാ! സുഖല്ലേ?.”

“അ: നീയെന്ന് വന്നു?.”

“ഞാനിന്നലെ. ”

നേവിയില്‍നിന്നും ഡിസ്ചാര്‍ജ് വാങ്ങി പിരിയുകയാണെന്ന് കഴിഞ്ഞ വരവില്‍ പറഞ്ഞിരുന്നത് പെട്ടെന്ന് ഓര്‍മവന്നു.

“അപ്പോ ഡിസ്ചാര്‍ജായോ?.”

“ഉവ്വ്. രണ്ടു മാസായി. കൊറച്ച് ഫോര്‍മാലിറ്റീസ് ബാക്കീണ്ടാര്‍ന്നു. അതേ എത്താന്‍ വൈകീത്.”

“ഇനി എന്താ പരിപാടി?. പ്രാക്ടീസ് ചെയ്യുന്നുണ്ടോ?.”

ഇക്കാലത്തിനിടയില്‍ പ്രൈവറ്റായി പഠിച്ചു വക്കീല്‍ ബിരുദവും നേടിക്കഴിഞ്ഞിരുന്നു പരിശ്രമശാലി.

“അതിനെപ്പറ്റി ഒന്നും ചിന്തിച്ചിട്ടില്ല്യ. സമയണ്ടലോ. അതിനെടക്ക് ഒരു ജോലി ശര്യായി.”

“എവടെ?”

“കനറാ  ബാങ്കില്‍. എക്സ് സര്‍വീസ് ക്വോട്ടേലാ. തൃശ്ശൂര് തന്ന്യ പോസ്റ്റിങ്ങ്.”

“ഓഹോ. ദാറ്റ്സ് ഗ്രേറ്റ്!.എല്ലാംകൊണ്ടും താന്‍ ഭാഗ്യവാനാണല്ലോ”

ഒരു നറുപുഞ്ചിരിയായിരുന്നു അതിനു മറുപടി. വാസുദേവന്‍ പിന്നേയും കുറച്ചു നേരം ഇരുന്നു വിശേഷം പറഞ്ഞു. ആ സമയമത്രയും രാമേട്ടന്‍ അയാളെ സാകൂതം നോക്കിയിരിക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.

“എന്നാ ഞാന്‍ എറങ്ങട്ടെ ബാലേട്ടാ. അച്ഛന്‍റെ വീട്ടിലൊന്ന് പോണം. അച്ഛമ്മ തീരെ അവശനിലയിലാണ്.”

“എന്നാ ചെല്ല്. നമുക്ക് പിന്നെ കാണാം.”

വാസുദേവന്‍ പോയതിന്‍റെ പിന്നാലെ രാമേട്ടനും ഇറങ്ങി. പടി വരെ ഞാന്‍ കൂടെ ചെന്നു. ഗേറ്റ് പാതി തുറന്നു പിടിച്ചുകൊണ്ട് കാത്തു വെച്ചിരുന്നതുപോലെ രാമേട്ടന്‍ ആ ചോദ്യം പുറത്തെടുത്തു.

“അല്ല ബാലന്ദ്രാ. ആ പോയ വിദ്വാന്‍ ഏതാ? നല്ല പരിചയം പോലെ?.”

"എയ്!. രാമേട്ടന് തോന്നീതാവും. അത് സുകുമാരന്‍. രമേട്ടനറീല്ല്യ.. ഈ നാട്ടീന്നു കല്ല്യാണം കഴിച്ചാളാ. കൊടകരക്കാരന്‍. എന്‍റെ പഴയ കോളേജ്മേറ്റിന്‍റെ മരുമകനാണ്. ഞാനായിട്ടാ വിവാഹം തരാക്കീത്.”

ഒറ്റ ശ്വാസത്തില്‍ പറഞ്ഞൊപ്പിക്കുമ്പോള്‍ ഓര്‍ത്തു; രാമേട്ടനോട് തുടര്‍ന്നും നുണകള്‍ പറഞ്ഞേ തീരൂ. സത്യം പറഞ്ഞ് ഇനിയും ആ മനസ്സ് വേദനിപ്പിക്കരുത്!.

“ശര്യാ എനിക്ക് തോന്നീതാവും!. മ്മടെ തോന്നലൊക്കെ എപ്പഴും ശര്യാവണന്നില്ലിലോ. ന്നാ ഞാന്‍ പോണില്ല്യ ബാലന്ദ്രാ. പറ്റിച്ചാ ഇനീം കാണാടോ!.”

“അങ്ങന്യാവട്ടെ രാമേട്ടാ.”

വായനശാലയും ആല്‍ത്തറയും കടന്നു വഴിയിലെ വളവില്‍ രാമേട്ടന്‍ മറയുന്നതുവരെ ഉള്ളിലുയര്‍ന്നുവന്ന ദീര്‍ഘനിശ്വാസത്തെ ഞാന്‍ അടക്കി നിര്‍ത്തി.
___________________________________________________

2015 ഡിസംബർ 13, ഞായറാഴ്‌ച

വേട്ടക്കാരന്‍


വേട്ടക്കാരന്‍


എടാ സാധനം നിന്‍റെ കയ്യിലുണ്ടെന്ന് വേറെ ആരും അറിയരുത്.”

അതെങ്ങന്യാ അച്ചായാ അറിയുന്നത്? ഞാനത് ഒളിപ്പിച്ചു വെച്ചല്ലോ?”

എങ്കിലും അത് നിന്‍റെ കയ്യിലുണ്ടല്ലോ?”

അതെങ്ങിനെ അച്ചായാ എന്‍റെ കയ്യിലുണ്ടാവുന്നത്  ഞാനത് ഒളിപ്പിച്ചു കഴിഞ്ഞില്ലെ?”

കാക്കക്കുയിലിലെ കൊച്ചിന്‍ ഹനീഫ-ജഗദീഷ് കോമഡി സീന്‍ കണ്ടു ചിരിക്കുമ്പോഴൊക്കെ ഇതെല്ലാം വെറും തമാശയല്ലേ   യഥാര്‍ത്ഥ ജീവിതത്തില് ഇത്തരക്കാരൊക്കെ ഉണ്ടാവുമോ എന്നു  സംശയിച്ചിട്ടുണ്ട്.  അപ്പോഴൊക്കെ പണ്ടു നടന്ന ഒരു സംഭവം സന്ദേഹസംഹാരിയായി മനസ്സില്‍ കയറി വരും .

പത്തു നാല്‍പ്പതു കൊല്ലം മുമ്പാണ്. കട്ടകുത്തിയ ഇരുട്ടും  അകമുരുക്കുന്ന  ഉഷ്ണവും നിറഞ്ഞ ഇലയനങ്ങാത്ത ഒരു മീനമാസരാത്രിയിലാണ് സംഭവം നടക്കുന്നത്.

നാട്ടില്‍ നിത്യേനയെന്നോണം  കള്ളന്മാരുടെ  ശല്ല്യം. കള്ളനെ കാണല്‍ മാത്രമേയുള്ളൂ. എവിടേയും മോഷണം നടന്നതായി കേട്ടിരുന്നില്ല. പലരും കള്ളനെ കാണുന്നുണ്ട്. നിഴലായി,  എണ്ണയിട്ടു മിനുക്കിയ കറുത്ത രൂപമായി, നോക്കിനില്‍ക്കേ അപ്രത്യക്ഷനാവുന്ന കള്ളനെ.  

പാതിരാത്രിയായാല്‍  കള്ളന്‍ കള്ളന്‍  ഓടി വായോ ഓടി വായോ എന്ന നിലവവിളി കേള്‍ക്കാന്‍ ആളുകള്‍ കാതു കൂര്‍പ്പിച്ചു കിടക്കുകയാണോ എന്നു തോന്നും വിളികേട്ടിടത്തു നൊടിയിടക്കുള്ളില്‍ ഓടിയെത്തുന്ന ജനസഞ്ചയത്തെ കണ്ടാല്‍!

“ ആരാ, എന്താ, എവട്യാ?

“മൂത്രൊഴിക്കാന്‍ പൊറത്തക്ക് വന്നപ്പഴാ കണ്ടത്. തെക്കോര്‍ത്തെ കാഞ്ഞിരത്തിന്‍റെ ചോട്ടില്‍ അനങ്ങാണ്ട് നിക്കുണു. പേടിച്ച് പേടിച്ച് ആരാന്നു ചോദിച്ചപ്ലക്കും അപ്പറത്തക്കാ മറഞ്ഞു!.”

രണ്ടോ മൂന്നോ ദിവസം കഴിഞ്ഞാല്‍ വേറൊരു സ്ഥലത്തു നിന്നു കേള്‍ക്കാം നിലവിളി. കാഞ്ഞിരത്തിന്  പകരം മുരിങ്ങ തെക്കോറത്തിന് പകരം പടിഞ്ഞാപ്രം എന്ന  നേരിയ വ്യത്യാസത്തോടെയാവും  ദര്‍ശനം.  കള്ളന്‍ അപ്പുറത്തേക്ക്  മറയുന്നത്  എല്ലാ സംഭവാഖ്യാനത്തിന്‍റെയും  ശുഭാന്ത്യ മായിരുന്നു. അപ്പുറമെന്നത്  ഇടത്തോ  വലത്തോ  മുന്നോ  പിന്നോ ആകാശമോ പാതാളമോ  എന്നൊന്നും  ആര്‍ക്കും  അറിഞ്ഞുകൂടായിരുന്നു. കാണാതാവുന്നു എന്നത് മാത്രം സത്യം. ഒടുവില്‍  ഇന്ദ്രജിത്തില്‍നിന്ന് നേരിട്ടു തിരസ്കരണി മന്ത്രം പഠിച്ച കള്ളനാവും എന്നു ചിന്തിച്ച്  സമാധാനിക്കേണ്ടി വന്നു എല്ലാവര്‍ക്കും. 

ഒളിച്ചുകളിയെന്നപോലെ തസ്കരദര്‍ശനവും കൂട്ടനിലവിളിയും ഓടിക്കൂടലും അപ്പുറം മറിച്ചിലുമെല്ലാം  നിത്യസംഭവമായപ്പോള്‍ ഞങ്ങള്‍ തൊഴിലില്ലാത്ത ചെറുപ്പക്കാരൊക്കെ കൂടി കളി കാര്യമാക്കുവാന്‍ തന്നെ തീരുമാനിക്കുകയും മോഷ്ടാവേട്ടക്ക് അരയും തലയും മുറുക്കി രംഗത്തിറങ്ങുകയും  ചെയ്തു. ആ വകയില്‍ രാത്രിയും പുറത്തിറങ്ങി ഉഷ്ണമകറ്റാമല്ലോ എന്നതായിരുന്നു രഹസ്യ അജണ്ട.

നാട്ടിലെ ചുറുചുറുക്കുള്ള ചെറുപ്പക്കാരൊക്കെ കള്ളനെ പിടിക്കാന്‍ ഉഷാറായി രംഗത്തിറങ്ങിയിട്ടുണ്ട് എന്നറിഞ്ഞു ശിവദാസന്‍മാഷും ഞങ്ങളോടൊപ്പം കൂടി. തെക്കേവിടെയോ നിന്നു വന്ന് നാട്ടില്‍ സെറ്റിലായ ആളാണ് ശിവദാസന്‍ മാഷ്. നഗരത്തിലെ സ്കൂളില്‍ ഡ്രില്‍ മാഷായിരുന്നു ദേഹം. ആറടി പൊക്കം കരുത്തിരുണ്ട് ഒത്ത  തടി. ആജ്ഞാസ്വരം. ഞങ്ങളുടെ കൂട്ടത്തില്‍ ചേര്‍ന്ന ആദ്യദിവസം തന്നെ  മാഷ് ഓപ്പറേഷന്‍റെ നായകത്വം സ്വയം ഏറ്റെടുത്തു. 

രാത്രി അത്താഴം കഴിഞ്ഞാല്‍ സന്നദ്ധസേവകരോക്കെ ആല്‍ത്തറയില്‍ ഒത്തുചേരുക. അവിടെനിന്നു ബാച്ച് തിരിഞ്ഞു തന്ത്രപ്രധാനമായ സ്ഥലങ്ങളില്‍ പോയി കാവലിരിക്കുക, അസാധാരണ സാഹചര്യങ്ങളില്‍ കാണുന്നവരെ കര്‍ക്കശമായി ചോദ്യം ചെയ്യുക, സംശയമുള്ളവനെ പൊതിരെ തല്ലുക, കള്ളനെന്ന് തിട്ടമായാല്‍ പിടിച്ചു കെട്ടിയിട്ട് പോലീസില്‍ വിവരമറിയിക്കുക ഇതായിരുന്നു മാഷ് വിഭാവനം ചെയ്ത മോഡസ് ഓപ്പറാണ്ടി.

ആയതിലേക്ക് വേണ്ടുന്ന   ആക്രമണശൈലിയും സുരക്ഷാമാര്‍ഗങ്ങളും വിവരിച്ച ശേഷം ഭടന്‍മാരെ സാവ്ധാനില്‍ നിരത്തി നിര്‍ത്തി മാഷ് ചോദിച്ചു:

“ആട്ടെ, നിങ്ങള്‍ എത്ര പേരുടെ കയ്യില്‍ വിസിലൊണ്ട്?”

“വിസിലോ! ദെന്താ മാഷേ ഇത് പന്തുകള്യാ?"

“തമാശക്കുള്ള സമയമല്ലിത് ജോസഫേ, വിസിലാവശ്യമൊണ്ട്. കള്ളനെ കണ്ടാല്‍ ഉടന്‍ വിസിലടിക്കണം. ദാ കണ്ടോ ഇങ്ങിനെ”

അത്രയും പറഞ്ഞ് മാഷ് പോക്കറ്റില്‍നിന്നും  ഒരു പോലീസ് വീസിലെടുത്ത് ഇരുകവിളിലും പന്തു വീര്‍പ്പിച്ച്  നീട്ടിയടിച്ചു. വിസിലടി കേട്ടപ്പോള്‍ അവിടെ കൂടിയിരുന്ന  എല്ലാവര്‍ക്കും കള്ളനെ കണ്ടപോലെ ഉല്‍ക്കിടിലമുണ്ടായി എന്നത് പില്‍ക്കാലത്ത് വെളിപ്പെട്ട രഹസ്യം.

“ഈ വിസിലുണ്ടല്ലോ  ഒരു മൈലകലെ കേള്‍ക്കും!. വ്യത്യസ്ഥ കേന്ദ്രങ്ങളില്‍ നിലയുറപ്പിച്ചിട്ടുള്ള എല്ലാവരും വിസിലടി   കെട്ടിടത്തേക്ക് വേഗത്തില്‍ ഓടിയെത്തണം. പക്ഷേ നല്ല  ജാഗ്രത വേണം കേട്ടോ! കാരണം കള്ളന്‍ രക്ഷപ്പെടാന്‍ ഏതു ഭാഗത്തുകൂടിയാണ് ഓടി വരുന്നതെന്നറിയില്ല. അവന്‍ അഭ്യാസിയും കയ്യില്‍ മാരകായുധങ്ങള്‍ ഉള്ളവനുമായിരിക്കും. നല്ലവണ്ണം സൂക്ഷിക്കണം. അപ്പോള്‍ ശരി. ഓരോ ബാച്ചും പോയി അവരവരുടെ  പൊസിഷന്‍ ഗാര്‍ഡ് ചെയ്തോളൂ. ഞാന്‍ എന്‍റെ സ്പോട്ടിലേക്ക് നീങ്ങട്ടെ.”

”അപ്പോ മാഷ്  എവട്യാ  നിക്ക്വാ?”

ഞാന്‍ എന്‍റെ വീട്ടിനടുത്തുണ്ടാവും . കൂട്ടത്തില്‍ ഏറ്റവും  വള്‍നറബിളായിട്ടുള്ള സ്പോട്ടാണ്. അപ്പോള്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കണ്ടേ?”

“വേണം വേണം!. വീട്ടിലുള്ളോരെ കെട്ടിപ്പിടിച്ച് കെടക്കണ്ടേ!.”    ഉണ്ണി എന്‍റെ ചെവിയില്‍ അടക്കം പറഞ്ഞു ചിരിച്ചു.

“എയ് അതൊന്ന്വല്ലട. മാഷ് നല്ല ബോള്‍ഡാ!” ഞാന്‍ ഉണ്ണിയെ ശാസിച്ചു.

ഞങ്ങള്‍ക്കു  മാര്‍ക്ക് ചെയ്ത സ്പോട്ടിലേക്ക് ഞാനും ഉണ്ണിയും ഉത്സാഹത്തോടെ ചെന്നു കുറ്റിച്ചെടികള്‍ക്കിടയില്‍ മറഞ്ഞിരുന്നു. സമയം പന്ത്രണ്ടു കഴിഞ്ഞു കാണും.  രണ്ടാള്‍ക്കും മിണ്ടാട്ടമില്ല. ഇടക്ക് ഒരു കാജാ ബീഡി കൊളുത്താന്‍ ശ്രമിച്ചപ്പോള്‍ ഉണ്ണി എന്നെ തുടയില്‍ നുള്ളി വിലക്കി. കുറച്ചു കഴിഞ്ഞപ്പോള്‍ ആരോ നടന്നു വരുന്ന ശബ്ദം കേട്ടു. നിമിഷങ്ങള്‍ക്കകം ഒരു രൂപം ഞങ്ങള്‍ ഇരിന്നിടത്തിന് എതിരെയുള്ള വിളക്കുംകാലിനു ചുവട്ടില്‍ എത്തി. ദേഹമാകെ കറുത്തു തിളങ്ങുന്നു!. ഞങ്ങളുടെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു. ഞങ്ങളിരിക്കുന്ന ഭാഗത്തേക്ക് നോക്കി കരിവേഷം നില്‍ക്കുകയാണ്. എന്തും വരട്ടെ എന്നു നിശ്ചയിച്ചു ഉണ്ണി  ഉറക്കെ  ചോദിച്ചു.

“ആരാടാദ്?”

അനക്കമില്ല!

“ചോച്ചതു കേട്ടില്ല്യേ  ആരാന്ന്?

ആരാ ഉണ്ണ്യാ? ഇത് ഞാനാടാ വടക്കേലെ ഗോപി.”

“അത് ശരി! എന്താടാ?

ഗോപി ഞങ്ങള്‍ ഇരിക്കുന്നതിനടുത്തേക്ക് വന്നു. കടലെണ്ണയുടെ  മണം.

“ഞാന്‍ നിങ്ങള്‍ടൊപ്പം ചേരാന്‍ വന്നതാ. മാഷാ പറഞ്ഞേ നിങ്ങള് ഇവട്യാന്ന്. ഞാന്‍  ഇത്തിരി വൈകി”

“ദെന്താ നിയ്യ് എണ്ണ്യൊക്കെ തേച്ചിട്ട്? നാട്ടുകാരടെ തല്ല് കൊണ്ട് ചാവാന്‍ ഇത്ര പൂതീണ്ടാ നെനക്ക്?”

“എയ്. ഒരു കരുതല് വേണ്ട്രാ.”

എന്തൂട്ട് കരുതല്?”

“പിടിച്ചാ വഴുക്കിപ്പോണ്ട്രാ?”

“ ആര് പിടിച്ചാ? കള്ളനാ?”

“പിന്നല്ലാണ്ട്! എങ്ങാനും അവന്‍റെ കയ്യിപ്പെട്ടാലേയ് പിന്നെ പറഞ്ഞിട്ടു കാര്യല്ല്യ! ”

“അത് ശരി. എന്നാപ്പിന്നെ നെനക്ക് വീട്ടീക്കെടന്ന്  ഒറങ്ങ്യാ പോരടാ ശവീ!"

പെട്ടെന്നു അകലെനിന്നു നീണ്ട വിസിലടി കേട്ടു. ശിവദാസന്‍മാഷടെ ഭാഗത്ത് നിന്നു തന്നെയാണ്. വള്‍നറബിള്‍ സ്പോട്ട്! ഞങ്ങള്‍ അങ്ങോട്ട് കുതിച്ചു. എല്ലാ ഭാഗത്തുനിന്നുമുള്ള കമാന്‍ഡോകള്‍ മാഷുടെ വീടിന് മുന്നിലെത്തി കിതച്ചു നില്‍പ്പുണ്ട്. ഒരു കയ്യില്‍ വലിയൊരു എവറെഡി ടോര്‍ച്ചും മറുകയ്യില്‍ മഴുത്തായയുമായി മാഷ് വീടിന്‍റെ ഇറയത്ത് നിന്നു കിതക്കുകയാണ്. ഭയം നിറഞ്ഞ മുഖങ്ങളുമായി മാഷുടെ വീട്ടുകാര്‍  പിന്നിലും.

“എന്തേ മാഷെ?  കണ്ട്വോ?”

“പിന്നില്ലാതെ? വെറുതെ ഞാന്‍ വിസിലടിക്കുമോ?”

“എന്നിട്ടെവിടെ?”

“അവന്‍ അതാ ആ മതിലെടുത്തു ചാടി അപ്പുറത്ത് മറഞ്ഞു!. ”

ദാ  വീണ്ടും  അപ്പുറവും മറയലും!. എങ്കിലും വിവരണത്തില്‍ ലേശം തന്‍മയത്വമുണ്ട്. മതിലെടുത്തു ചാടി എന്നു കൃത്യമായി പറയുന്നുണ്ട്!.

"അയ്! അപ്പെന്തേണ്ടായേ മാഷേ?."

മാഷ് സംഭവം വിവരിക്കാന്‍ തുടങ്ങി.

"ഞാനിതാ ഈ ഇറയത്ത് കാത്തിരിക്കുമ്പോഴാണ് വടക്ക് പുറത്തു നിന്നൊരു ശബ്ദം കേട്ടത്. ശ്വാസമടക്കി തയ്യാറായി നിന്നപ്പോള്‍  അവന്‍ - ഒരാറാറര അടി പൊക്കമുണ്ടാവും കേട്ടോ - ദാ എന്‍റെ തൊട്ടു മുന്നിലൂടെ അങ്ങോട്ടു പോയി.  ആ കാണുന്ന അമരപ്പന്തലിനുള്ളില്‍  അവന്‍ എത്തിയപ്പോള്‍ പെട്ടെന്നു   ഞാന്‍ ടോര്‍ച്ചടിച്ചു. അത് പ്രതീക്ഷിച്ചുകാണില്ല. ഒരു നിമിഷം അവന്‍ അന്ധാളിച്ചു നിന്നു . പിന്നെ  എന്‍റെ  ടോര്‍ച്ചിന്‍റെ വെളിച്ചത്തില്‍  ആ മതിലെടുത്ത് അപ്പുറത്തേക്ക് ചാടി.   അപ്പോഴാണ് ഞാന്‍ വിസിലടിച്ചത്. കഷ്ടമായിപ്പോയി. കയ്യില്‍ കിട്ടിയതായിരുന്നു!."

“അപ്പോ മാഷെന്തൂട്ട് പണ്യാ കാട്ട്യേ മാഷേ! തൊട്ടടുത്തൂടി  പോയപ്പോ കഴുത്തിലടിക്കണ്ടേ ?”


“എന്താ ഉണ്ണി  പറയുന്നേ? ഞാന്‍ എങ്ങിനെ അടിക്കും?. എന്‍റെ ഇടത്തേ കയ്യില്‍ ആറു സെല്ലിന്‍റെ ടോര്‍ച്ചും വലത്തെ കയ്യില്‍ മഴുത്തായയുമല്ലേ!.