2017 ഒക്‌ടോബർ 9, തിങ്കളാഴ്‌ച

മീറ്റിങ്ങ്


  മീറ്റിങ്ങ്  

വെളുപ്പിനെണീറ്റപ്പോൾ നല്ല സമ്പ്രദായത്തിലുള്ള തലവേദന .

"ചായ ഡബിള്‍ സ്ട്രോങ്ങായിക്കോട്ടെ . നല്ല തലവേദനേണ്ട്‌."

ചായയിടാന്‍ തുടങ്ങിയ ഭാര്യയോടു പറഞ്ഞു. 


" ആ എനിക്ക്വതെ!. ന്നലെ രാത്രി തൊടങ്ങീതാ!."


ഗ്യാസടുപ്പിന്റെ നോബ് തിരിച്ച് തോക്ക് പൊട്ടിക്കുമ്പോള്‍ ഭാര്യയും പറഞ്ഞു.

പ്രതിശ്രുതി ലേശം അരിശം മനസ്സിൽ നുരപ്പിച്ചെങ്കിലും പെട്ടെന്ന് തന്നെ അടങ്ങി. അര നൂറ്റാണ്ടു പഴക്കമുള്ള ഒരോര്‍മ്മ പെട്ടെന്ന് ഓടിയെത്തി മുഖത്തൊരു പുഞ്ചിരി തേച്ചു പോയതു കണ്ടിട്ടാവണം ഭാര്യ ചോദിച്ചു.

"എന്തേ ചിരിച്ചേ?."

"ഒന്നൂല്ല്യ. അച്ഛന്റേം അമ്മേടെം കാര്യം ഓർത്തതാ."

"എന്താദ് പെട്ടെന്നോര്‍ക്കാന്‍?"

മറ്റിടങ്ങളിൽ ജോലിയും കുടുംബവും കുഞ്ഞുകുട്ടി പ്രാരബ്ദങ്ങളുമായി കഴിയുന്ന മക്കൾ മാസത്തിലൊരിക്കൽ വീട്ടിലേക്കു വരുമ്പോൾ അച്ഛൻ അവരെ സ്വാഗതം ചെയ്യുന്നത് സ്വന്തം ശാരീരിക വല്ലായ്മകൾ അവതരിപ്പിച്ചുകൊണ്ടായിരിക്കും. ക്ഷീണം, ശോധനക്കുറവ്, തണ്ടൽ വേദന, കഫം, ഉറക്കക്കുറവ് ഇത്യാദികളെല്ലാം വിസ്തരിച്ചു തുടങ്ങുമ്പോഴേക്കും അടുക്കളപ്പണിക്ക് സുല്ലിട്ട് അമ്മ ഉമ്മറത്തേക്ക് ഓടിയെത്തും. അച്ഛന്റെ മെഡിക്കൽ ബുള്ളറ്റിനിൽ ഇടംകോലിട്ടുകൊണ്ട് അമ്മയും തുടങ്ങും.

അച്ഛന്‍റെ കഫശല്യത്തിന് അമ്മയുടെ കാലു പൊളിച്ചൽ.

അച്ഛന്റെ വിശപ്പില്ലായ്മക്ക് അമ്മയുടെ ശ്വാസംമുട്ട്.

കാഴ്ചക്കുറവിനെതിരെ തണ്ടല്‍വേദന.

രണ്ടുപേരുടെയും അന്യോന്യം ഇടവേളക്കു പിരിയുന്നത് വന്നു കയറിയ മകളോ മകനോ ' ഇക്കൊരു ചായ വേണലോമ്മേ; ബാക്കി പിന്നെ സംസാരിക്കാച്ഛാ ' എന്നും പറഞ്ഞ് അടുക്കളയിലേക്കു തിരിക്കുമ്പോഴാണ്. അഹിതകരമായ ഇടപെടലുകളില്‍ മുഖഭാവംകൊണ്ടു അസ്വസ്ഥത പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കിലും അമ്മക്കെതിരായി അച്ഛൻ ഒന്നും പറയാറില്ല. എങ്കിലും ഒരു നാൾ അച്ഛൻ പ്രതികരിക്കുക തന്നെ ചെയ്തു.

എല്ലാ മക്കളും മക്കളുടെ മക്കളും ഒരുമിച്ചു കൂടിയ ഒരോണനാളിലാണതുണ്ടായത്. പതിവുപോലെ അച്ഛന്‍ ആദ്യം പന്തുരുട്ടി.

"രാത്രി ഭക്ഷണം കഴിഞ്ഞ് കെടന്നാ അടിവയറ്റീന്നിങ്ങനെ എന്തോ ഉരുണ്ട് കേറും."

"എനിക്കൂണ്ട് . വെളിച്ചായാലാ ത്തിരി ഒറക്കം കിട്ട്വാ." അമ്മ 

"ഭക്ഷണം കഴിഞ്ഞാ നെഞ്ചെരിച്ചല് സഹിക്കില്ല്യ ." അച്ഛൻ 

"എനിക്കോ!. എരിച്ചിലൂണ്ട് ഗ്യാസൂണ്ട്. പിന്നെ പറേണോ!" വീണ്ടും അമ്മ 

"വാതത്തിന്റെ അസുഖം ഒരു കൊറവൂല്ല്യാ."

"ഞാന്‍ പിന്നെ പറേണില്ല്യാന്നേള്ളോ; കാലു പൊളിച്ചലൊഴിഞ്ഞ നേരല്ല്യ!." 'അമ്മ വിടുമോ?

എന്തുകൊണ്ടാണെന്നറിയില്ല   എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് ആദ്യമായി അച്ഛന്‍ കയറു പൊട്ടിച്ചു:

"ശേന്തൊരു കഷ്ടാ നോക്ക്വോ!. ഞാന്തെങ്കിലും ദെണ്ണം പറഞ്ഞാ അതൊക്കെ അവര്ക്കൂണ്ട്! ."

"പിന്നല്ലാണ്ട്! എനിക്കും വയാസ്സായില്ല്യേ!. എന്‍റെ രോഗം പറയാണ്ട് കഴ്യോ.? അമ്മ പ്രതിഷേധിച്ചു .

"പറഞ്ഞോളോ പാറൂട്ട്യേ?. അതിവട്യന്നെ പറേണോ?."

"എന്താബടെ പറഞ്ഞാ? ഞാമ്പിന്നെവട്യാ പറേണ്ട്?."

"എന്‍റെ മീറ്റിങ്ങിലന്നെ പറേണന്ന് എന്താ നിങ്ങക്കിത്ര വാശി?. നിങ്ങക്ക് വേണെങ്ങെ വേറെ മീറ്റിങ്ങ് വിളിച്ചു കൂട്ട്വാ!. ഇതെന്‍റെ മീറ്റിങ്ങാ!."

അച്ഛന്‍ ഉന്നയിച്ച ക്രമപ്രശ്നത്തിന്റെ  ഗൌരവത്തെ നേരിടാന്‍ കഴിയാഞ്ഞിട്ടാവണം മൌനം പാലിച്ചിരുന്ന മക്കളുടെ പ്രതികരണശേഷിയില്ലായ്മക്കെതിരെ ആളാംപ്രതി തീഷ്ണമായ ഓരോ നോട്ടം നല്‍കിയാണ്‌ അമ്മ അടുക്കളയിലേക്ക് മടങ്ങിയത്!.
:
:
:
"അമ്മ പറേണേലും കാര്യല്ല്യേ " എന്നൊരു ചോദ്യത്തിന്‍റെ സമീപസാദ്ധ്യതയെ കണക്കിലെടുത്ത് തലവേദനക്കുള്ള ചായയുമായി ഉത്തരക്ഷണം ഞാന്‍ അടുക്കള വിട്ടു.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ