സുഖദം
ഒരു നാള്‍ റീജിയണല്‍ തിയ്യറ്ററില്‍ വെച്ചു കണ്ടു മുട്ടിയപ്പോള്‍ സുനിലും ജയചന്ദ്രനുമൊത്തൊരു പടമെടുത്തു. മുഖപുസ്തകത്തില്‍ അതൊരു പോസ്റ്റാക്കി. രണ്ടു വര്‍ഷം മുമ്പ് നടന്നതാണ്. ആദ്യമായി കണ്ടിട്ടാവണം ആരോ ഒരാള്‍ കമന്റിട്ടതിനെ തുടര്‍ന്ന് ആഴങ്ങളിൽനിന്നു പൊന്തിവന്ന് സംഗതി ദാ വീണ്ടും ലൈവായി പേജില്‍ ഒഴുകി നടക്കുന്നുണ്ട്!.
വിശേഷം അതല്ല.
മേല്‍ചൊന്ന പോസ്റ്റിന്‍റെ പുതുവായനക്കാരനായ ഒരു സുഹൃത്താണ്. മോണിറ്ററിൽ 'അവൈലബിൾ ' പച്ച കണ്ടിട്ടാവണം കൊച്ചു വെളുപ്പിന് കോട്ടുവായ്ക്ക് പകരം ഹായ് ഇട്ട് ഇഷ്ടന്‍ ഇൻബോക്സിൽ തെളിഞ്ഞു.
"ഹായ്, ബാലേട്ടാ!."
"ഹലോ."
"എന്ത് പറയുന്നു സുഖല്ലേ?."
"പരമസുഖം."
"പുതിയ വർക്കൊക്കെ ?"
"ഒന്നൂല്ല്യ. "
"ആമി എന്നാ?."
"ഡിസംബറിലാണെന്നു തോന്നുന്നു. കൃത്യമായറിയില്ല. "
"വല്ല്യേ വേഷാണോ?."
"ചെറുത് . വേഷ്ടി വലുതാ പക്ഷെ."
"ആരായിട്ടാ?."
"സിനിമ കാണ്. ഇപ്പ പറേല്ല്യ."
" ഓക്കേ. പക്ഷെ ഈ ചെറിയ വേഷങ്ങളുമായി എത്ര കാലം മുന്നോട്ട് പോവാനാ പരിപാടി?."
" അതുംകൂടി ഇല്ല്യാണ്ടാവണ വരെ."
"ഹ ഹ ഹ ! ബാലേട്ടൻ അടിപൊളി തമാശ്യാ ട്ടാ!. ങ്ങ്ഹാ, അതൊക്കെ പോട്ടെ ഞാനിപ്പോ വന്നത് ഒരു കാര്യം പറയാനാ."
"എന്താദ്?."
"സുനിൽ സുഗതയുമൊത്തുള്ള പടവും പോസ്റ്റും കണ്ടു. കലക്കീണ്ട് ട്ടാ!. "
"താങ്ക്യൂ ."
"പക്ഷെ ബാലേട്ടൻ ശ്രദ്ധിച്ചോന്നറീല്ല്യ; സുനിലിന്‍റെ സർണെയിം എഴുതിയേല് ഒരു പെശകുണ്ടല്ലോ ?"
"മനസ്സിലായില്ല്യ." (ചതിച്ചോ ദൈവമേ!.)
"സുഗത എന്നത് സുഖദ എന്നായല്ലോ?. വെണ്ണ വെണ്ണ പോലത്തെ വാക്കിനെ ബാലേട്ടൻ കൊണ്ടോയി കടുപ്പാക്കി!."
"സുഗതയോ?."
"ങ് ഹാ സുഗത?. സു .....ഗ ....ത !. ബാലേട്ടൻ അത് സുഖദയാക്കി സു...ഖ...ദ !. "
"ആരാ തന്നോടു പറഞ്ഞേ സുഗത്യാന്ന്?."
"അയ്, അതിപ്പോ ആരെങ്കിലും പറയാണ്ടോ ബാലേട്ടാ?. അതല്ലേ ശരി?. ഈ സുഖദാന്ന് ബാലേട്ടനോടാരാ പറഞ്ഞേ?."
"സുനിൽ സുഖദ്യന്നെ. ഇന്യതും സംശയണ്ടെങ്ങേ പൂത്തോള് പോയിട്ട് സുനിലിന്‍റെ വീടിന്‍റെ ഗേറ്റില് നോക്ക്യാ വീടിന്‍റെ പേരായി കാണാം . "
"വീടിന്‍റെ പേര് സുഖദാന്നാ?."
"അതെ. സുഖദം"
"അത് ശരി!. പക്ഷെ അങ്ങനൊരു വാക്കുണ്ടോ മ്മടെ ഭാഷേല് ? എന്താതിന്റർത്ഥം ബാലേട്ടാ? "
"സുഖകരമായത്. സുഖം നൽകുന്നത് ."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ