//////// തിരശ്ശീലക്കു പിന്നിൽ /////////
അപകടകരമായ ആ രഹസ്യം മകളോട് വെളിപ്പെടുത്തുമെന്നായപ്പോൾ തൻ്റെ വിശ്വസ്തനും ബിനാമിയുമായ കാർ ഡ്രൈവറെ മുതലാളി വെടിവെച്ച് കൊല്ലുന്നതാണ് രംഗം .
നാട്ടിലെ വായനശാല വാർഷികത്തിന് അവതരിപ്പിക്കാൻ പോകുന്ന നാടകമാണ് വിഷയം. മകൾക്കു മുമ്പിൽ തൻ്റെ രഹസ്യം വെളിപ്പെടുന്ന നിമിഷം പിന്നരങ്ങിൽനിന്ന് മുതലാളിയുടെ തോക്ക് ഗർജിക്കുന്നു. രംഗത്തു ഡ്രൈവർ മരിച്ചു വീഴുന്നു. അണിയറയിൽനിന്നും കൃത്യസമയത്തു വെടി പൊട്ടണം. ഇല്ലെങ്കിൽ രംഗത്തുള്ള ഡ്രൈവർ ഉണ്ണ്യേട്ടനും വെച്ചുകെട്ട് സ്ത്രീ പാർട്ട് ചന്ദ്രനും വിയർക്കും. രംഗം കുളമാവും.
അതിനാൽ കൃതഹസ്തനായ ഒരാൾ വേണം വെടി പൊട്ടിക്കാൻ. അതാര് ചെയ്യും?. റിഹേഴ്സൽ മുഴുവനായും കണ്ടിട്ടുള്ള ആളായിരിക്കണം . കൊച്ചപ്പൻ, വാസു, ഹരി, പ്രോംപ്റ്റർ ഗോപി, പശ്ചാത്തല സംഗീതത്തിന് ഹാർമോണിയം വായിക്കുന്ന ചന്ദ്രൻ മാഷ്, അയൽവീട്ടിലെ രണ്ടു മൂന്ന് വള്ളി ട്രൗസർ പിള്ളേര് തുടങ്ങിയവരൊഴിച്ചു സ്ഥിരം റിഹേഴ്സൽ കാഴ്ചക്കാർ വേറെ ആരുമില്ല. വല്ലപ്പോഴും വന്ന് ആദ്യാവസാനം കണ്ടു പോകുന്നവർ നാടകവുമായി ഇഴുകിച്ചേരാത്തവരായതുകൊണ്ട് ദൗത്യത്തിന് പ്രാപ്‌തരല്ല. പ്രാപ്തിയുണ്ടായിരുന്നവരൊക്കെ അഭിനേതാക്കളുടെ തെരഞ്ഞെടുപ്പിൽ പുറംതള്ളപ്പെട്ട് വിമതപക്ഷത്താണ്.
തത്സമയം രംഗത്തില്ലാത്ത നടന്മാരിൽ ഒരാൾക്കു ചെയ്യാവുന്ന കൃത്യമാണെങ്കിലും ആരും സാഹസത്തിനു തയ്യാറല്ല. അഭിനയത്തിലെ ഏകാഗ്രത ചോർന്നു പോകുമത്രേ!. വിഷയത്തിൽ കണിശമായ ഒരു തീരുമാനമെടുക്കാനായി നാടകത്തിന് ഒരു സംവിധായകനുമില്ല. നാട്ടിലെ കീഴ്വഴക്കം അതായിരുന്നു. നാടകത്തിനു പ്രഖ്യാപിത സംവിധായകൻ വേണ്ട. നാടകം തിരഞ്ഞെടുക്കുന്നതും, നടന്മാരെ നിശ്ചയിക്കുന്നതും, എല്ലാം കൂട്ടായിട്ടാണ്. ഒരാൾ സൂത്രം ധരിച്ചു തോപ്പിൽ ഭാസിയായി വിലസുന്നത് കാണാനുള്ള മന:ശക്തി തങ്ങളിൽ ആർക്കുമില്ലെന്ന പരസ്പരമുള്ള തിരിച്ചറിവിൽനിന്നാണ് നാല്പതു വർഷം മുമ്പ് ആ സമ്പ്രദായം പിറവിയെടുക്കുന്നത്.
അപ്പോൾ പിന്നെ നാടകം എങ്ങിനെ രൂപം കൊള്ളും?. സിമ്പിൾ!. ഒരു പ്രോംപ്റ്റർ വേണം. അതിനു സ്ഥിരം തസ്തികയിൽ വായനശാല ലൈബ്രെറിയനും സി.എൽ. ജോസിൻ്റെ ആരാധകനുമായ ഗോപിയുണ്ട്. അയാൾ വായിക്കുന്നത് കേട്ടും ഏറ്റു പറഞ്ഞും രണ്ടു മാസത്തിനുള്ളിൽ നാടകമൊക്കെ തനിയെ ഉണ്ടായിക്കൊള്ളും. പ്രോംപ്റ്റർ അവതരണസമയത്ത് ബാക്ക് കർട്ടനു പിന്നിൽ ഉണ്ടായിരിക്കണമെന്നു മാത്രം. കാലാകാലമായി അമ്പലം കഴകക്കാരൻ്റെ നിഷ്‌ഠയോടെ ഗോപി അതെല്ലാം നിർവഹിച്ചു പോരുന്നുണ്ട് . എങ്കിലും ടെൻഷനടിച്ച് കൈ വിറക്കും എന്ന കാരണത്താൽ അധികച്ചുമതലയായി ഈ വെടിവഴിപാടുകൂടി ഏറ്റെടുക്കാൻ ഗോപിക്കു വിഷമമുണ്ടത്രെ.
നാടകാവതരണത്തിനു തലേന്ന് രാത്രി അവസാന റിഹേഴ്സലിനു വായനശാലയിൽ കൂടിയവർ വിഷയത്തിന്മേൽ തല പുകച്ചു.
"അപ്പൊ ആര് വെടി പൊട്ടിക്കും?"
പ്രധാന നടനും മുതലാളി വേഷക്കാരനുമായ രാജു ചോദിച്ചു .
രാജുവിൻ്റെ ചോദ്യം കേട്ട പാതി ആപൽസാധ്യത മുൻകൂട്ടി കണ്ടിട്ടാവണം കൊച്ചപ്പനും സുരേശനും മൂത്രമൊഴിക്കുവാനായി മൂട് തട്ടി സ്ഥലം വിട്ടു.
"ആ വഴീം അടഞ്ഞു."
സുരേശൻ കൊച്ചപ്പന്മാരുടെ ഇറങ്ങിപ്പോക്കിൽ നിരാശനായ സ്ഥിരം വേലക്കാരൻ വേഷം വേണുവാശാൻ കൈമലർത്തി.
അപ്പൊ എന്ത് ചെയ്യും?. ഒരു തീരുമാനമായിട്ടു വേണം റിഹേഴ്സൽ തുടങ്ങാൻ. നാളെയാണ് നാടകം. 'മാനസമൈനേ വരൂ....' വായിച്ചു മടുത്ത ചന്ദ്രൻ മാഷ് അക്ഷമനായി ഹാർമോണിയം അടച്ചുവെച്ച് ഒരു നുള്ളു പട്ടണം പൊടി മൂക്കിൽ വലിച്ചുകേറ്റി.
"മാഷ്ക്ക് ചെയ്തൂടെ?."
"പറ്റില്ല്യ ട്ടാ!." ചോദ്യം കാത്തിരുന്നപോലെ ചന്ദ്രൻ മാഷ് ദയാരഹിതനായി.
"ഇനീപ്പോ എന്ത് ചെയ്യും?."
"ഒരാളെ കണ്ടെത്തിയേ തീരൂ."
"അതേ, അതാരാ?."
ദീർഘമേറിയും വെട്ടിയാൽ മുറിയാതെയും കനത്തുനിന്ന ഒരു നിശ്ശബ്ദതക്കൊടുവിൽ ആ ശബ്ദം മുഴങ്ങി.
"ഞാൻ ചെയ്യാം."
ശബ്ദം കേട്ടിടത്തേക്ക് എല്ലാവരും നോക്കി. ഹരിയാണ് . ഹാളിൻ്റെ പുറത്തെ തിണ്ണയിൽ എല്ലാവരിൽനിന്നും അകന്നിരുന്ന് എല്ലാം കേട്ട് എന്നാൽ ഒന്നും മിണ്ടാതെ എല്ലാം സസൂക്ഷ്മം ശ്രദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു കക്ഷി.
പോക്കറ്റിൽ നിന്നും കാജാ ബീഡിയുടെ പാക്കറ്റ് എടുത്ത് ഒരെണ്ണം കൊളുത്തി വെളിയിലെ ഇരുട്ടിലേക്ക് നിർവികാരതയോടെ പുകവലയം വിട്ടുകൊണ്ട് ഹരി ഇരുന്നു.
."എന്താ ഹരി പറഞ്ഞേ ?"
വേണുവാശാൻ ചോദിച്ചു.
"ഞാൻ ചെയ്യാന്ന്!. "
"ഒറപ്പാണോ?."
"ഇനീപ്പോ തേവരടെ നടക്കല് ചെന്ന് സത്യം ചെയ്യണോ.?"
മേലുകീഴ് തടവാൻ പറ്റാത്ത പ്രകൃതക്കാരൻ തുറിച്ചു നോക്കിയപ്പോൾ ആശാൻ ഒരു ചമ്മൽ ചിരിച്ചു മൗനിയായി .
എല്ലാവരും പരസ്പരം നോക്കി. ഇതുവരെ ഒരു സ്റ്റേജിലും കയറിയിട്ടില്ലാത്ത ദേഹമാണ്. ഗോപി വരാത്ത ദിവസം ഒന്ന് പ്രോംപ്റ്റ് ചെയ്യാൻ പറഞ്ഞാൽ പോലും നിർദ്ദാക്ഷിണ്യം നിരസിച്ചിരുന്ന പാർട്ടി. എങ്കിലും ദിവസവും റിഹേഴ്സൽ കണ്ടു പരിചയമുള്ള ആളായതിനാൽ ഹരി തന്നെ മതി എന്നു യോഗം തീരുമാനിച്ചു.
"ശരി ശരി അപ്പൊ ഹരി വെടി വെക്കുന്നു!."
ഒന്ന് കണ്ണിറുക്കിക്കൊണ്ടു രാജു പ്രഖ്യാപിച്ചു .
"ഡാ രാജ്വോ, വേണ്ട്ര വേണ്ട്ര!. നിയ്യ് വെളഞ്ഞ കണ്ടത്തിൽക്ക് തേവണ്ട്ര !."
"അയ്യോ ഹര്യേ ഞാനതല്ല ഉദ്ദേശിച്ചത്!."
"പിന്നെ നീയെന്താണ്ടാ ഉദ്ദേശിച്ചേ?. പറയ്! . മ്മക്കിപ്പന്നെ തീരുമാനാക്കാം!."
ഹരി രണോത്സുകനായി എഴുന്നേറ്റു. പഴയൊരു പൂരക്കമ്മിറ്റി വിഷയത്തിൽ ഹരിക്കു രാജുവിനോട് ചെറിയ ഒരിർണം ഉണ്ടായിരുന്നു എന്ന കാര്യം സുവിദിതമായിരുന്നു.
"അയ് അയ്, അത് പോട്ടെ ഹര്യേ !."
എല്ലാവരും ചേർന്ന് ഹരിയെ തളച്ചു. ഒന്ന് തണുപ്പിക്കാൻ എന്ന ഭാവേന വേണുവാശാൻ അടുത്തു ചെന്ന് ചോദിച്ചു.
"അല്ല ഹര്യേ അറിയാണ്ട് ചോയ്ക്ക്യാ; എങ്ങന്യാ നിയ്യ് പൊട്ടിക്കാൻ പോണ്, കളിത്തോക്കിൻ്റെ കേപ്പോണ്ടാ?. "
"അല്ല കോപ്പോണ്ട്!. അതൊക്കെ താനെന്തിനാ അറ്യേണ്?. സാനം സമയത്ത് പൊട്ട്യാ പോരെ?. അതേയ് കളിക്കാൻ നിക്കാണ്ട് നിങ്ങള് റിഹേഴ്സല് തൊടങ്ങു്. ഇക്കൊറക്കം വര്ണ്ട് !.
കെട്ടു പോയ ബീഡിക്കുറ്റി ആഞ്ഞു വലിച്ചു കത്തിക്കാൻ നോക്കി പരാജയപ്പെട്ടപ്പോൾ ഹരി അത് വെളിയിലേക്കെറിഞ്ഞു.
" അതവൻ ചെയ്‌തോളും . അതേയ് മ്മക്ക് തൊടങ്ങാം. ഗോപ്യേ പുസ്തകട്ക്ക്!."
അമ്പലത്തിലെ വെടിക്കെട്ടു പണിയിൽ തനിക്ക് സഹായിയായ ഹരിയിൽ ഉണ്ണിയേട്ടൻ അർപ്പിച്ച പൂർണ്ണവിശ്വാസം പ്രതിസന്ധിക്ക് പരിഹാരമായി. തൽക്കാലം മേശയിൽ കല്ലെടുത്ത് കുത്തി നല്ല ടൈമിങ്ങിൽ വെടി പൊട്ടിച്ചു തൻ്റെ ഡ്രാമാ സെൻസ് തെളിയിച്ചുകൊണ്ട് ഹരി ഞങ്ങൾക്ക് ആവേശവുമായി. ഞങ്ങളുടെ ആവേശത്തിൽ തരളിതനായപ്പോൾ റിഹേഴ്സൽ കഴിഞ്ഞു മടങ്ങുന്ന നേരം വിളക്കുംകാൽ കവലയിൽ വെച്ച് ഹരി ആക്ഷൻ പ്ലാൻ വിവരിച്ചു തന്നു..
സംഗതി ലളിതമായിരുന്നു. പ്രായോഗികവും. നല്ല പരന്ന ഒരു കരിങ്കൽ പാളിയിൽ ഒരു നുള്ളു പടക്കമരുന്നു വെച്ച് അതിനു മുകളിൽ ചെറിയൊരു കഷ്ണം വെള്ളാരംകല്ല് വെച്ച് അതിന്മേൽ ചുറ്റികകൊണ്ട് അടിക്കുക . കണ്ണഞ്ചിക്കുന്നതും കാതടപ്പിക്കുന്നതുമായ വെടി ഗ്യാരണ്ടി. വെടിസൂത്രമറിഞ്ഞപ്പോൾ എല്ലാവരും ഒറ്റ സ്വരത്തിൽ പറഞ്ഞു:
"ചുറ്റിക ഒന്ന് തെറ്റിയാ നാടകം പൊട്ടും ട്ടാ ഹര്യേ !. "
"അതൊക്കെ ഞാൻ നോക്ക്യോളാം. നിങ്ങള് സംഭാഷണം പൊട്ടിക്കാഞ്ഞാ മതി."
വെടിമരുന്നും കരിങ്കല്ലും വെള്ളാരംകൽ ചീളുകളും ചുറ്റികയും ഉപയോഗിച്ച് പിറ്റേന്ന് വാർഷികദിവസം രാവിലെ അമ്പലപ്പറമ്പിൽ ഡെമോൺസ്ട്രേഷൻ നടത്തി ഹരി എല്ലാവരേയും ത്രസിപ്പിച്ചു. ഉണ്ണ്യേട്ടൻ രണ്ടുതവണ നിലത്തു വീണുകൊണ്ട് വെടിമരുന്നു പ്രയോഗത്തിൻ്റെയും അഭിനയത്തിൻ്റെയും പാരസ്പര്യം ഉറപ്പാക്കി.
വാർഷിക സമ്മേളനവും തുടർന്നു രംഗപൂജയും ഭരതനാട്യവും മറ്റു നൃത്ത നൃത്യാദികളും ശ്രീധരൻ്റെ ഗാനമേളയുമായി കലാപരിപാടികൾ കഴിഞ്ഞപ്പോൾ വാസുദേവൻ്റെ കിണ്ണത്തിലടിച്ചുള്ള അനൗൺസ്മെന്റോടെ നാടകം തുടങ്ങി. സംഭാഷണം പച്ചവെള്ളമാക്കിയവർ അത് മൈക്കിനടുത്തു വന്നു തുരുതുരാ വർഷിച്ചും പരുങ്ങലിലായവർ യഥാസമയം പിന്നിലെ നീലക്കർട്ടനടുത്തു ചെന്ന് ഗോപിയുടെ സീൽക്കാരമൊഴിക്കു കാതു കൊടുത്തും വലിയ പരിക്കില്ലാതെ സംഭവം നീക്കിക്കൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി മഴ പെയ്തത്!. അതോടെ സദസ്സ് ഛിന്നഭിന്നമായി. പകുതി ജനങ്ങൾ സ്ഥലം വിട്ടു. പകുതി ആലിൻ ചുവട്ടിലും സെക്രട്ടറി പിഷാരടിയുടെ വീടിൻ്റെ ഇറക്കാലിയിലും കയറി നിന്ന് നാടകം കണ്ടുകൊണ്ട് തങ്ങളുടെ സാംസ്‌കാരിക പ്രതിബദ്ധത തെളിയിച്ചു. നാടകം അവസാനിക്കാൻ അര മണിക്കൂറുള്ളപ്പോൾ മഴ നിന്നു. ചളിപിളിയായ അമ്പലപ്പറമ്പിൽ സ്റ്റേജിനു മുന്നിൽ തടിച്ചുകൂടി നിന്നുകൊണ്ട് കാണികൾ നാടകം കണ്ടു .
അവസാനം ആ അനർഘ മുഹൂർത്തമെത്തി. ആകാംക്ഷ നിറഞ്ഞ മുഖവുമായി നിൽക്കുന്ന മുതലാളിയുടെ മകളോട് ഡ്രൈവർ ആ രഹസ്യത്തിൻ്റെ മറ നീക്കുവാൻ പോവുകയാണ് . ഉണ്ണ്യേട്ടൻ ഇടംകണ്ണിട്ടു അണിയറയിലേക്കു നോക്കി. ഹരി റെഡിയല്ലേ!.
ഉണ്ണ്യേട്ടൻ രഹസ്യം പരസ്യമാക്കി !.
"ധും!."
നെഞ്ച് പൊത്തി വീഴാൻ ഗിയറിട്ടു നിന്ന ഉണ്ണ്യേട്ടൻ അങ്കലാപ്പിലായി.
വെടി ശബ്ദമല്ല, മര ഉരലിൽ കതിന മരുന്നിടിക്കുന്ന ശബ്ദമാണ് കേൾക്കുന്നത് !.
ദെന്താദ്!.
"ധും.."
വീണ്ടും മരുന്നിടി തന്നെ!. . എല്ലാവരുടെയും ചങ്കിടിപ്പു വർദ്ധിച്ചു . ദൈവമേ, ഹരി ചതിച്ചുവോ!.
"ഹര്യേ എന്താ പ്രശ്‍നം?."
ഗോപിയുടെ ആശങ്കയിൽ പൊതിഞ്ഞ ഉറക്കെയുള്ള ചോദ്യം മൈക്കിൽ വ്യക്തമായി കേട്ടു .
നാടകത്തിൽ വേഷം കിട്ടാത്ത വിമതപക്ഷം അതോടെ പണി തുടങ്ങി. റിഹേഴ്സൽ കണ്ടു പരിചയമുള്ള ആരോ സദസ്സിൽ നിന്നും വിളിച്ചു പറഞ്ഞു:
"വെട്ടി പൊട്ടട്രാ!."
"ധും..... ധും ......"
"പൂ.......യ് ....പൂ.......യ് !."
"ധും.... ധും .....ധും...... ധും "
സസ്പെന്സിന് ആക്കം കൂട്ടാനുള്ള പശ്ചാത്തലസംഗീത പ്രയോഗമാണെന്ന് ആദ്യം തെറ്റിദ്ധരിച്ച കലാരസികരൊക്കെ പെട്ടെന്ന് യാഥാർഥ്യത്തിലേക്ക് തിരിച്ചു വന്നു വിമത പക്ഷം ചേർന്നു കൂവി .
"ധും ധും ധും ധും ധും ധും ധും "
ദുന്ദുഭി നാദം നാലിരട്ടിയായി. എന്നിട്ടും വെട്ടി പൊട്ടുന്നില്ല.
രാജു പിന്നെ സമയം വൈകിച്ചില്ല. വരുന്നത് വരട്ടെ എന്ന് നിശ്ചയിച്ച് വായക്കിരുവശവും കൈവെച്ചു സർവ്വശക്തിയുമെടുത്ത് ഒരു കാച്ചങ്ങു കാച്ചി.
"ട്ടേ .............യ് !."
രാജുവായിലെ വെടിയൊച്ച കേട്ടപ്പോൾ ഇനി കാത്തു നിൽക്കുന്നതിൽ നാടകമില്ല എന്ന് തീരുമാനിച്ച് ഉണ്ണ്യേട്ടൻ നെഞ്ച് പൊത്തി നിലത്തു വീണു പിടഞ്ഞു നിശ്ചലനായി. തൊട്ടു പിന്നാലെ കണ്ണഞ്ചിപ്പിക്കുന്ന മിന്നലിലും അതി ഭയങ്കരമായ ശബ്ദത്തിലും കർട്ടനു പിന്നിൽനിന്നും ഔദ്യോഗിക വെടിയും പൊട്ടി!.
കൂവലുകാർ പോലും ഒരു നിമിഷം സ്തബ്ധരായി നിന്നപ്പോഴാണ് ഉണ്ണ്യേട്ടൻ ആ കടുംകൈ ചെയ്തത്!. ഹരിവെടി കേട്ടപാടെ നാല് ഉശിരൻ പിടച്ചിലിനോട് ആദ്യപ്രകടനത്തിൽ വിട്ടു പോയ ഒരാർത്തനാദം കൂട്ടിച്ചേർത്ത് മരണത്തിൻ്റെ രണ്ടാം പതിപ്പ് ഉണ്ണ്യേട്ടൻ പ്രകാശനം ചെയ്തു.
അഞ്ചാംകാലത്തിൽ മുറുകിയ കൂവലിനിടയിലൂടെ കുത്തിത്തിരുകി സ്റ്റേജിൽ കയറി അന്തംവിട്ടുനിന്ന രവിയുടെ കയ്യിൽനിന്നും കയർ പിടിച്ചു വാങ്ങിയാണ് സെക്രട്ടറി പിഷാരടി ദുരന്തനാടകത്തിനു കർട്ടനിട്ടത്.
:
:
:
മഴയിൽ കുതിർന്നു കിടന്ന കരിങ്കൽ പാളിയും നനഞ്ഞ പടക്കമരുന്നുമാണ് വെടിയിൽ ചതിച്ചതെന്നു ഹരി സത്യം ചെയ്‌തെങ്കിലും പലർക്കും അത് സ്വീകാര്യമായില്ല.
"അപ്പൊ പിന്നെ അവസാനം പൊട്ടീതോ?."
രാജു അവസരം ഉപയോഗിക്കുകയായിരുന്നു.
ഉണ്ണ്യേട്ടനാണ് സംശയം തീർത്തത്.
"ഇടിച്ചിടിച്ചിടിച്ച് കല്ലും മരുന്നും ചൂടായീപ്പോ പൊട്ടീതാന്നേയ്!."
വെടിമരുന്നിൻ്റെ അകം പൊരുളും പുറം പൊരുളും അറിയുന്ന ഉണ്ണ്യേട്ടൻ പറഞ്ഞത് കേട്ട് മറ്റെല്ലാവരും അടങ്ങിയെങ്കിലും രാജുവിന് അരിശം തീർന്നിട്ടില്ലായിരുന്നു. ധരിച്ചിരുന്ന സിൽക്ക് ജുബ്ബ ഊരി നിലത്തെറിഞ്ഞുകൊണ്ട് അവൻ ചിറി കോട്ടി.
"ശര്യാ, പെരുന്നാള് പലഹാരത്തിന് അരി ഇടിക്കണ പോല്യല്ലേ ഇടിച്ചേർന്നേ ; ചൂടാവാണ്ടിരിക്ക്യോ !."
അത് കേട്ടപ്പോൾ ഉയർത്തിപ്പിടിച്ച ചുറ്റികയുമായി ഉണ്ണി ഹരിക്കുനേരെ കുതിച്ചു.
" അവൻ കൊറേ കാലായി ണ്ടാക്കാൻ തൊടങ്ങീട്ട് പന്നി!. നെന്നേന്ന് ഞാൻ...... "
"അയ് അയ് ഹര്യേ അരുത്!. അരുത് ഹര്യേ ........ അടങ് നിയ്യ്!."
ഹരിക്കും രാജുവിനും ഇടയിൽ ഉടനടി മതില് കെട്ടിയതുകൊണ്ട് പോലീസ് സ്റ്റേഷനും വാർഷികത്തിന്റെ വരവുചെലവു കണക്കിൽ ആശുപത്രിച്ചെലവും ഒഴിവാക്കാനായി .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ