2018 ജനുവരി 20, ശനിയാഴ്‌ച

ഒറ്റമൂലി


ഒറ്റമൂലി

കൊടകരയില്‍ നിന്നാണ് അവര്‍ രണ്ടുപേരും ബസ്സില്‍ കയറിയത്. ഉറങ്ങുന്ന കൈക്കുഞ്ഞിനെ ചുമലിലിട്ട് ഒരു സ്ത്രീയും അവരുടെ ഭര്‍ത്താവായിരിക്കണം അതീവഗൌരവവദനനായ ഒരു പുരുഷനും. സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ടാണെങ്കിലും ബസ്സില്‍ തരക്കേടില്ലാത്ത തിരക്കുണ്ട്. ഉറങ്ങുന്ന കുട്ടിയെ ചുമലിലിട്ടു ചാഞ്ചാടി നില്‍ക്കുന്ന സ്ത്രീയുടെ കഷ്ടാവസ്ഥ കണ്ടപ്പോള്‍ ബസ്സിലെ മൂന്നാള്‍ സീറ്റുകളിലൊന്നിന്‍റെ ജനലരികില്‍ ഇരുന്നിരുന്ന യാത്രക്കാരന്‍ എഴുന്നേറ്റു.
"അതേയ് ഇങ്ങോട്ട് പോന്നോളു. ഇവടേരിക്കാം ."
"വേണ്ട ഞങ്ങള് നിന്നോളാം!."
പെട്ടെന്ന് തന്നെ ഭര്‍ത്താവ് മുരടന്‍ സ്വരത്തില്‍ അയാളുടെ ഓഫര്‍ നിരസിച്ചു. അവസരം തട്ടിക്കളഞ്ഞതിലുള്ള പരിഭവത്തോടെ സ്ത്രീ അയാളുടെ മുഖത്തേക്ക് നോക്കി.
അപ്പോള്‍ അയാളുടെ മനസ്സ് വായിക്കുന്നതില്‍ വിജയിച്ച് സീറ്റിന്‍റെ നടുവിടത്തില്‍ ഇരുന്നിരുന്ന മനുഷ്യനും എഴുന്നേറ്റു.
" എന്നാ രണ്ടാള്‍ക്കും ഇവടേരിക്കാം."
വാഗ്ദാനം ഇരട്ടിച്ചു കിട്ടിയപ്പോള്‍ ഇതൊക്കെ തങ്ങളുടെ മൌലികാവകാശം എന്ന ഭാവത്തോടെ അയാള്‍ ഭാര്യയെ തട്ടി വിളിച്ചു.
"വാടീ."
സീറ്റിലേക്ക് കടക്കുന്ന വഴിയിൽ 
ഇരിക്കുന്നയാള്‍ക്കെതിരെ കനത്ത ജാഗ്രത പുലര്‍ത്തിക്കൊണ്ട് അയാള്‍ ഭാര്യയോടാജ്ഞാപിച്ചു

" അങ്ങട് കടന്നിരിക്ക്!."
ജനലരികില്‍ ഇരുന്ന ഭാര്യക്ക്‌ പിന്നാലെ നന്ദിസൂചകങ്ങള്‍ക്കൊന്നും മുതിരാതെ അയാള്‍ നടുസീറ്റില്‍ ഞെളിഞ്ഞിരുന്നു. എന്നാല്‍ ഉറക്കത്തില്‍ ഒന്നിളകിയ കുഞ്ഞിനെ തട്ടിപ്പൊതുക്കുമ്പോള്‍ ഇരിക്കാന്‍ ഇടം നല്‍കിയ രണ്ടു പേര്‍ക്കും ഒരു നറുപുഞ്ചിരി സമ്മാനിക്കാന്‍ ആ സ്ത്രീ മറന്നില്ല. അത് കണ്ടിട്ടാവണം അയാള്‍ അവരെ രൂക്ഷമായൊന്നു നോക്കി ആ പുഞ്ചിരിയും മായ്‌ച്ചു കളഞ്ഞു.
അഞ്ചു മിനിട്ട് കഴിഞ്ഞു കാണണം ഉറങ്ങിയിരുന്ന കുട്ടി ഉണര്‍ന്നു കരയാന്‍ തുടങ്ങി. അമ്മയുടെ സാമ്പ്രദായിക രീതിയിലുള്ള തട്ടിപ്പൊതുക്കലും സാന്ത്വനവചനങ്ങളും പുറംകാഴ്ചകള്‍ കാണിക്കലും ഒന്നും ഫലപ്രദമായില്ല. കുട്ടി ചെവി തുളക്കുന്ന തരത്തില്‍ നിര്‍ത്താതെ കരച്ചിലാണ്. അതിനിടയില്‍ അയാള്‍ ശുണ്‍ഠിയെടുത്ത് എന്തൊക്കെയോ വിളിച്ചു പറയുന്നുണ്ട്. ബസ്സിലുള്ളവരുടെ ശ്രദ്ധയെല്ലാം അങ്ങോട്ട്‌ തിരിഞ്ഞു. ശ്വാസമിടയില്ലാതെ ചീറിക്കരയുന്ന കുട്ടിയും കുട്ടിയേയും തന്നെയും ശാസിച്ചുകൊണ്ടിരിക്കുന്ന ഭര്‍ത്താവും മുന്നിലും പിന്നിലും തങ്ങളെ സാകൂതം നോക്കിക്കൊണ്ടിരുന്ന യാത്രക്കാരുമായപ്പോള്‍ സ്ത്രീ വല്ലാത്ത അവസ്ഥയിലായി.
സമയവും ശകടവും നീങ്ങുന്നു. കുട്ടിയുടെ കരച്ചിലിന് പക്ഷെ ശമനമില്ല.
പെട്ടെന്നാണ് പിന്നില്‍ നിന്നും ആള്‍തിരക്കിനെ കുത്തിത്തുളച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്‍ അവര്‍ക്കരികിലെത്തിയത്.
"ചേച്ച്യേയ്..!"
ചെറുപ്പക്കാരന്‍റെ വിളികേട്ട് ഭാര്യഭര്‍ത്താക്കന്മാര്‍ തിരിഞ്ഞു നോക്കി. യാത്രക്കാരുടെ ശ്രദ്ധയും അയാളിലേക്കായി.
"ചേച്ച്യേ കുട്ടിക്ക് കുടിക്കാന്‍ കൊടക്ക്. അതിനു വെശക്ക്ണ്ട്."
അത് കേള്‍ക്കേണ്ട താമസം ചന്തിയില്‍ ആണി കയറിയപോലെ ഭര്‍ത്താവ് സീറ്റില്‍നിന്നും പിടഞ്ഞെഴുന്നേറ്റു.
"ഫ !. പെണ്ണുങ്ങളോടനാവശ്യം പറ്യാണ്ടാ തെണ്ടീ!."
ആദ്യം ഒന്ന് പകച്ചു നിന്ന ചെറുപ്പക്കാരന്‍ പിന്നീട് അയാള്‍ക്ക്‌ നേരെ വിരല്‍ ചൂണ്ടി കണ്ണുരുട്ടി:
"ദേ, ചേട്ടാ തല്ലൊള്ളി ഭാഷ പറേര്ത് ട്ടാ!."
"തല്ലൊള്ളിത്തരം പറഞ്ഞത് നിയ്യല്ലടാ!"
"ഞാന്തൂട്ടാ ചേട്ടാ മോശം പറഞ്ഞത്?"
"നിയ്യൊന്നും പറഞ്ഞില്ല്യല്ലേ?"
"അയ്‌, പറയ്‌ ചേട്ടാ ഞാനെന്താ പറഞ്ഞെ?."
ഇതിനിടയില്‍ സ്ത്രീ സാരി വലിച്ചിട്ടു മറപ്പുരയുണ്ടാക്കി ചെറുപ്പക്കാരന്‍റെ നിര്‍ദ്ദേശം പ്രാവര്‍ത്തികമാക്കുകയും തദനുസാരിയായി കുട്ടിയുടെ നിലവിളി നിലക്കുകയും ചെയ്തിരുന്നു. അതോടെ അയാള്‍ കൂടുതല്‍ രോഷാകുലനായി.
"കുട്ടിക്ക് കുടിക്കാന്‍ കൊടക്കാന്‍ പറഞ്ഞില്ലിടാ നിയ്യ്‌!."
ഇതെന്തു കാട്ടുമാക്കാനപ്പാ എന്ന ഭാവത്തില്‍ ചെറുപ്പക്കാരന്‍ അയാളെ നോക്കികൊണ്ട്‌ പറഞ്ഞു:
"കുട്ടിക്ക് കൊടുക്കാനല്ലേ പറഞ്ഞള്ളോ?. മറ്റൊന്ന്വല്ലലോ?."
" അത് പറയാന്‍ നിയ്യാരാണ്ടാ?."
"ഞാനാര്വല്ല. പക്ഷെ ചെയ്യണ്ടാള് ചെയ്യണ കണ്ടില്ല്യേയ്!."
"ഇക്ക് ചെയ്യാന്‍ പറ്റാത്തതൊക്കെ നിയ്യ്‌ ചെയ്യോടാ?."
ഇയാള്‍ കൂട്ടിക്കൊണ്ടു പോകുന്നത് തീരെ നല്ല പരിസരത്തിലേക്കല്ല എന്നു തോന്നിയതുകൊണ്ടാവണം ചെറുപ്പക്കാരന്‍ പതിയെ പിന്‍വാങ്ങി.
കുട്ടിയെ കുടിപ്പിക്കുന്നതിനിടയില്‍ സ്ത്രീ അയാളെ ചുമലില്‍ തട്ടി ശാന്തമായിരിക്കാന്‍ അപേക്ഷിച്ചു.
"നിയ്യവടെ മിണ്ടാണ്ടിരിക്കടെ!. അമ്മേം പെങ്ങന്മാരൂല്ല്യാത്തോനോട് നാല് വാക്ക് പറഞ്ഞിട്ടന്നെ കാര്യം. "
അപ്പറഞ്ഞത്‌ കേട്ടപ്പോള്‍ രോഷം ഇരച്ചു കയറി ഭീഷണമായ മുഖത്തോടെ അയാള്‍ക്കരികിലേക്കു നീങ്ങിയ യുവാവിനെ അതുവരെ വെറും കാണികളായി നോക്കി നിന്നവര്‍ ചേര്‍ന്ന് ശാന്തമാക്കി.
കുടിക്കുന്നത് നിര്‍ത്തി ബഹളത്തിലേക്ക് ഒന്ന് പകച്ചു നോക്കിയ കുഞ്ഞ് കാര്യം താരതമ്യേന നിസ്സാരമെന്നു മനസ്സിലായപ്പോള്‍ പെട്ടെന്ന് തന്നെ കുടിയിടത്തിലേക്ക് തിരിഞ്ഞു.
പക്ഷെ അയാള്‍ നിര്‍ത്താന്‍ ഭാവമുണ്ടായിരുന്നില്ല.
"ഞാവടെരിക്കുമ്പോ എന്‍റെ പെണ്ണിനോടു കുടിക്കാന്‍ കൊടുക്കാന്‍ പറയാന്‍ ഇവനാരാ?. ഇവന്യോക്കേയ് എടുത്തിട്ട് ശരിക്കും പെരുമാറണം. പെണ്ണുങ്ങളെ കാണുമ്പള്ള ഇവമ്മാരടെ $%*!~#@ ന്നാലെ അവസാനിക്കുള്ളോ!. ബസ്സിന്‍റെ ഉള്ളിലായിപ്പോയി ഇല്ലിങ്ങണ്ടലോ... അവന്‍റെ......"
പെട്ടെന്ന് ചെറുപ്പക്കാരന്‍ ബസ്സിന്‍റെ മണിച്ചിരട് പിടിച്ചു വലിച്ചു. പിന്നെ ഏയും യൂയും ഏയൂയും ചേര്‍ത്ത് സാരസ്വതം വിളമ്പിക്കൊണ്ടിരുന്ന അയാള്‍ക്ക്‌ നേരെ നീങ്ങി. വീണ്ടും സംഘര്‍ഷം മണത്തപ്പോള്‍ തൊട്ടടുത്തു നിന്ന യാത്രക്കാര്‍ ചെറുപ്പക്കാരനെ തടഞ്ഞു.
"അയ്‌ അയ്‌!. നിങ്ങളും ഇങ്ങന്യായാലോ. അയാളെന്തെങ്കിലും പറയട്ടേന്ന്!. നിങ്ങളങ്ങട് പോയേന്‍."
"ഏയ്‌ കൊഴപ്പല്ല്യ ചേട്ടന്മാരെ. ഞാനൊന്നിന്വല്ല; ആ ചേച്ച്യോടൊരു വാക്ക് പറയാനാ. "
" അപ്പ നെന്‍റെ കഴപ്പിനീം ....."
അയാള്‍ എഴുന്നേറ്റു യുദ്ധസന്നദ്ധനായി.
"ചേട്ടാ, ഇരിക്ക് ചേട്ടാ പറേട്ടെ!."
ചെറുപ്പക്കാരന്‍ പുഞ്ചിരിച്ചുകൊണ്ട് അയാളുടെ തോളില്‍ മൃദുവായി തട്ടി. അപ്രതീക്ഷിതമായ പെരുമാറ്റമായിരുന്നതിനാലാവാം അനുസരണയുള്ള കുട്ടിയെപ്പോലെ അയാള്‍ സീറ്റിലിരുന്നു..
"ആരാ ബെല്ലടിച്ചത്? ആരെങ്കിലും എറങ്ങാണ്ടോ?. "
വണ്ടി നിന്നപ്പോള്‍ ഡ്രൈവര്‍ വിളിച്ചു ചോദിച്ചു.
"ആളുണ്ട് ചേട്ടാ. ഒരു മിന്‍ട്ട്."
ചെറുപ്പക്കാരന്‍ വിളിച്ചു പറഞ്ഞു.
പിന്നെ രണ്ടുപേര്‍ക്കും അരികിലേക്ക് ഒന്നു കുനിഞ്ഞുകൊണ്ട് സ്ത്രീയെ നോക്കി പറഞ്ഞു.
"ചേച്ച്യേ, ഇപ്പ കുട്ടീടെ കരച്ചിലൊക്കെ നിന്നൂലോ?. ദേ, ഇനീ ചേട്ടന്‍റെ കേസെട്ക്ക്‌. കണ്ണും ചെകിടും കേക്കട്ടെ മറ്റുള്ളോര്‍ക്ക്!."
പരിഭ്രമമകന്ന് ചിരിയടക്കാന്‍ പാടുപെടുന്ന സ്ത്രീയേയും കേട്ട വാക്കുകളുടെ അര്‍ത്ഥവിഭ്രാന്തിയില്‍ പെട്ടുഴലുന്ന ഭര്‍ത്താവിന്‍റെ കണ്ണുകളെയും കൂട്ടച്ചിരിയുയര്‍ത്തിയ മുഖങ്ങളെയും അവഗണിച്ചുകൊണ്ട് ഞെങ്ങിയും ഞെരുങ്ങിയും ബസ്സിന്‍റെ പുറംവാതില്‍ക്കലേക്ക് നീങ്ങുമ്പോള്‍ ചെറുപ്പക്കാരന്‍റെ മുഖത്ത് വല്ലാത്തൊരു ശാന്തത കളിയാടി.




   




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ