2020 ഡിസംബർ 4, വെള്ളിയാഴ്‌ച

ധൂമ്രദോഷം


ധൂമ്രദോഷം
അയൽപ്പക്കത്തെ മരണവീട്ടിൽ നിന്നും ശവസംസ്ക്കാരച്ചടങ്ങുകൾ കഴിഞ്ഞ് വീട്ടിലെത്തിയ അച്ഛനോട് അമ്മ പറഞ്ഞു:

"അതേയ് മരിച്ചോടത്ത് പോയിട്ട് കുളിക്കണട്ടാ!."

"കുളി കഴിഞ്ഞട്ടാ പോയീത്."

"അതോണ്ട് കാര്യല്ല്യ, മരിച്ചോടത്ത് പോയാ വീണ്ടും കുളിക്കണം!."

"വേണ്ട!. ഇനി വൈകിട്ട് പതിവ്ള്ള മേല് കഴുകല് മതി!. എടക്കുളി പതിവില്ല്യ."

"എന്താതിനൊക്കെ പറേണ്ട് ൻ്റെ തേവരേ!. മരിച്ചോടത്ത് പോയിട്ട് കുളിക്കണില്ല്യാന്ന് മന്ഷ്യൻ!."

"കിണ്ങ്ങാൻ നിക്കാണ്ട് പാറൂട്ടി പോയി ചോറ് വെളമ്പ്ണ്ടാ?."

"അങ്ങന്യാച്ചാ അവടന്നന്നെ കൊള്ളിച്ചോറ് കഴിക്കാർന്നില്ല്യേ?. ചുത്തം മാറാത്തോർക്ക് ന്നെക്കൊണ്ടന്നെ വെളമ്പിക്കണാ!."

" നിങ്ങക്ക് വയ്യെങ്ങെ വേണ്ടാ; ഞാനന്നെ വെളമ്പി കഴിച്ചോളാം!."

"അത് ശരി; ന്നട്ട് വേണം കുടുമ്മത്ത്ള്ളോരേം കൂടി അശുദ്ധാക്കാൻ!."

പെട്ടെന്നാണ് അച്ഛൻ്റെ സുഹൃത്ത് പടി കയറി വന്നത്. അച്ഛൻ്റെ പേരു തന്നെ സുഹൃത്തിനും.

"എന്താ രണ്ടാളും കൂടി കലാപരിപാടി?."

"മരിച്ച വീട്ടീപ്പോയി വന്നാളോട് കുളിക്കാൻ പറഞ്ഞേന്ളള ഘോഷാ നാരേൺനായരേ!."

"അതെന്താണ്ടോദ്, ഒന്നു കുളിച്ചാ എന്താ ദോഷം?."

"കുളിച്ചില്ലിങ്ങെന്താ ദോഷം?."

അച്ഛൻ വിട്ടു കൊടുത്തില്ല.

"ദോഷണ്ട്!. "

തിണ്ണയിൽ കയറിയിരുന്ന് രണ്ടാം മുണ്ടുകൊണ്ട് ഒന്ന് വീശിയശേഷം നാരായണൻ നായർ പറഞ്ഞു.

"ടോ, മരിച്ചോരടെ ശരീരത്തിലെ അണുക്കളൊക്കെ വീട്ടിലും ചുറ്റിലും തങ്ങി നിക്ക്ണ്ടാവും. ചെത കത്തുമ്പൊണ്ടാവണ പൊകേലൂണ്ടാവും. അവടെ ചെന്നോരടെ ശരീരത്തില് അതൊക്കെ കേറും. ആ ദോഷകറ്റാനാ കുളിക്കണത്. അത് ശാസ്ത്രാ, അല്ലാണ്ട് അന്ധവിശ്വാസല്ല!."

" ചോദിക്കട്ടെ, താൻ കുളിച്ചോ?."

"ഉവ്വലോ. നടുത്താറ കൊളത്തില് കുളിച്ചു വരണ വരവാ ഞാൻ!."

"അപ്പൊ മൂക്കീക്കോടേം വായേക്കോടേം അകത്ത് കേറ്യേ അണുക്കളൊക്ക്യോ?. അതൊക്കെ മുങ്ങിക്കുളിച്ചാ പോവുടോ?."

"ടോ അതൊക്കൊരു വിശ്വാസാ. താൻ തർക്കിക്കാൻ നിക്കാണ്ട് കെണറ്റുങ്കരേ പോയിട്ടെങ്കിലും രണ്ട് പാട്ട വെള്ളം കോരി തലേലൊഴിക്ക്യാ."

അത്രയും നേരം മിണ്ടാതിരുന്ന അമ്മ തക്കം നോക്കി ഡിമാൻ്റ് കൂട്ടി.
"അത് പറ്റില്ല്യ പൊറത്ത് കൊളത്തില് കുളിച്ചേ വീട്ടില് കേറാവൂ!."
"തൽക്കാലങ്ങനെ പോട്ടെ പാർട്ട്യേമ്മേ."

പടിഞ്ഞാറൻ കാറ്റടിച്ച് വീട്ടിനു മുറ്റത്തേക്ക് ഒഴുകി വന്ന പുകയിൽ ശവം കരിഞ്ഞത് മണത്തപ്പോൾ നാരായണൻ നായർ തോർത്തുകൊണ്ട് വായും മൂക്കും മറച്ചുകൊണ്ട് പറഞ്ഞു:

"നടുവറ്റ് തട്ടിക്കൂട്ടീണ്ടാവും. അതാങ്ങനെ പൊക."

"അപ്പൊ തനിക്കിനീം കുളിക്കണ്ടി വരൂടോ?. മേത്ത് പിന്നേം പൊകടിച്ചില്ല്യേ?."

അച്ഛനിട്ട തോട്ടിയുടെ കുത്തേറ്റപ്പോൾ നാരായണൻ നായര് തിണ്ണയിൽ നിന്നിറങ്ങി.

"അതേയ് തന്നോട് വർത്താനം പറഞ്ഞ് ജയിക്കാൻ എളുപ്പല്ല. താൻ കുളിക്ക്യേ കളിക്ക്യേ എന്താച്ചാ ചെയ്യാ. എനിക്ക് വേറെ പണീണ്ട്. ഞാനെറങ്ങണു. "

നാരായണൻ നായരും കൈവിട്ടപ്പോൾ അമ്മ അടുക്കളയിലേക്ക് പിൻവലിഞ്ഞു.

"ഒരുമ്പെട്ടോരെ നേര്യാക്കാൻ ആരെക്കൊണ്ടു കൂട്ട്യാ കൂടണു?. അവനോൻ അനുഭവിച്ചോട്ടെ!."

അടുക്കളയിൽ ചെന്ന് പപ്പടം കാച്ചാൻ ചീനച്ചട്ടി അടുപ്പത്ത് കേറ്റുമ്പോൾ അമ്മ നടത്തിയ ആത്മഗതം പക്ഷേ അച്ഛൻ കേട്ടു:

" ങ്ഹാ ഞാനനുഭവിച്ചു!."

"യ്യയ്യോ ങ്ങനേണ്ടോ മന്ഷ്യര്!."

ഗുണപാഠം: അര നൂറ്റാണ്ട് കഴിഞ്ഞ് യഥാക്രമം എൺപത്തെട്ടും തൊണ്ണൂറും വയസ്സിലാണ് അച്ഛനും അമ്മയും മരിച്ചത്. പതിനായിരത്തിലൊരാൾക്കു മാത്രം ലഭിക്കുന്ന സുഖമരണം...
____________________________________________________________________________________
കൊള്ളിച്ചോറ്** ശവസംസ്കാരച്ചടങ്ങിൽ പങ്കെടുക്കുന്നവർക്ക് മരിച്ചയാളുടെ ബന്ധക്കാരല്ലാത്തവരുടെ വീട്ടിൽ ഒരുക്കുന്ന ഭക്ഷണം.
Image may contain: text that says "കൊവിഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ് ക്കാരം നാട്ടുകാർ തടഞ്ഞു."
Chithira Balachandran, Rajan Parangodath and 67 others
16 comments
2 shares
Like
Comment
Share
Image may contain: text that says "കൊവിഡ് ബാധിച്ചു മരിച്ചയാളുടെ ശവസംസ് ക്കാരം നാട്ടുകാർ തടഞ്ഞു."
Chithira Balachandran, Rajan Parangodath and 67 others
16 comments
2 shares
Like
Comment
Share

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ