2015 നവംബർ 26, വ്യാഴാഴ്‌ച

പ്രകൃതിപാഠങ്ങള്‍




 പ്രകൃതിപാഠങ്ങള്‍ 

മില്ലേനിയം സമാപ്തി വര്‍ഷത്തിലാണ് സംഭവം.

സപ്തതി കഴിഞ്ഞവര്‍ പോലും മുടി ചായമടിച്ചു ചീകിയൊതുക്കി കുട്ടപ്പനായി നടക്കുന്ന പുതു സംസ്കൃതിയുടെ കാലമാണ്. കുറെകാലമായി  മനസ്സില്‍ ഒരു പൂതി കയറിയിട്ട്.   തലയിലിരിപ്പൊന്നുമില്ലെങ്കിലും  ഉള്ളതുവെച്ച് ഒന്നു പൂശ്യാലോ? പൊതുജനം എങ്ങിനെ പ്രതികരിക്കും?  ആശങ്കകളൊക്കെ തിരിച്ചും മറിച്ചും ചിന്തിച്ചൊതുക്കി അവശേഷിക്കുന്ന ചുമരില്‍ ഒരു നാള്‍ ചിത്രം വരക്കുക തന്നെ ചെയ്തു.


ലൂസിയ പാലസില്‍ പോയി നൂറ്റിയമ്പത് മുടക്കി ഗോദ്രെജ് കുമാരനായി വീട്ടില്‍ ചെന്നു കയറിയ ഉടന്‍ അമ്മ അര്‍ത്ഥശങ്കക്കിടം നല്‍കാതെ പറഞ്ഞു:



“ അയ്യയ്യേ! ദേന്തൂട്ടായി ചെക്കന്‍ കാട്ട്യേക്കണേ! പൊട്ട!”

“ പൊട്ട്യോ! അമ്മക്ക് തോന്നണതാ. ഇതാപ്പൊ സ്റ്റൈല്.”

“തോന്നണതൊന്ന്വല്ല. ഒരു ഭംഗീല്ല്യ! വേഗം അതെളക്കി കളഞ്ഞോളോ!."

“എളക്കി കളയേ!. അസ്സലായി! നൂറ്റമ്പത് രൂപ്യാ കൊടുത്തേ! ഇനി മൂന്നു മാസം കഴ്യേണം പഴേ പോല്യാവാന്‍."

" ഇത് നോക്ക്വോ ജാന്വോ...”

വര്‍ത്തമാനം കേട്ട് ഇറയത്തേക്ക് വന്ന ഭാര്യയിലേക്ക് അമ്മ ട്രാക്ക് മാറ്റി .

"....ചന്നരന്‍റെ ....മോത്തക്ക് നോക്ക്വയ്യ! നാടകത്തിനു വേഷം കെട്ട്യേ പോലേണ്ട്!."

ഭാര്യ ഞാന്‍ പെരിങ്ങാവുകാര്യാ എന്ന മട്ടില്‍ ചിരിയൊതുക്കി നിന്നു.

“കൊള്ളില്ല്യാച്ചാ അമ്മ എന്‍റെ മോത്ത് നോക്കണ്ട പോരേ!” എനിക്കു ശുണ്ഠി കയറി.

" ചന്നരാ പറേണത് കേക്ക്!. നെനക്ക് ആ നര തന്ന്യാ അന്തസ്സ്. പതിനെട്ടല്ല നാല്‍പ്പത്തെട്ടാ വരണ ചിങ്ങത്തില്!. ഓരോ പ്രായത്തിന് ഓരോന്നു പറഞ്ഞ്ണ്ട് മനുഷ്യര്‍ക്ക്. അത് മറന്നു വേഷം കെട്ട്യാ അരോചകാ!."

"പത്തെഴുപതു വയസ്സ് കഴിഞ്ഞോര് ഡൈ ചെയ്തു നടക്കുണു. അപ്പളോ?"

ഞാന്‍ നിരാശനായി പതുക്കെ പ്രതിരോധത്തിലേക്ക് വലിഞ്ഞു.

"പ്രായായോര് ഇങ്ങന്യൊക്കെ നടന്നാ ആളോളോരോന്ന് പറഞ്ഞ്ണ്ടാക്കും കുട്ട്യേ!.”

“എന്ത് പറഞ്ഞ്ണ്ടാക്കും?”

“സൂക്കേടാന്ന്!”

“സൂക്കേടാ!” എനിക്ക് നേരിയ ഭയം തോന്നി.

“അതേടാ! ആ കുന്നത്തെ രാമന്‍വൈദ്യരെ നോക്കീണ്ടാ നിയ്യ്?."

"എന്താ വൈദ്യര്‍ക്ക്?."

"വയസ്സെണ്‍പതായി. ഒരൊറ്റ മുടി നരച്ചിട്ടൂല്ല്യാ, കൊഴിഞ്ഞിട്ടൂല്ല്യാ!."

"അയ്, അത് നല്ലതല്ലേ? ഇത്ര വയസ്സായിട്ടും മുടി നരച്ചിട്ടില്ല്യാച്ചാ?"

"നല്ലതാ!? അസ്സലായി! എന്‍റെ മോന്‍റൊരു ബുദ്ധി! അതേയ്, വയസ്സായാ മനുഷ്യന്‍റെ മുടി നരക്കണം. പല്ലു കൊഴ്യേണം. തൊലി ചുക്കിച്ചുളിയണം. അതാ ശാസ്ത്രം!"

"ഇല്ലിങ്ങിലോ?."

" ഇല്ല്യാച്ചാ ദേഹത്തിനെന്തോ വല്ല്യേ കേട്ണ്ട്ന്നര്‍ത്ഥം !"

തുടക്കവും ഒടുക്കവും അതായിരുന്നു. 'സൂക്കേട്' പേടിയോ മാതൃഭക്തിയോ എന്തോ ചന്നരന്‍ പിന്നെ മണ്ടയില്‍ ചായം തേച്ചിട്ടില്ല!.

2015 ഒക്‌ടോബർ 16, വെള്ളിയാഴ്‌ച

നാസിക്ക്

 നാസിക്ക് 

മധ്യവേനല്‍ അവധിക്കാലത്ത് നടക്കുന്ന കുട്ടികളുടെ  നാടകക്കളരി. കളരി കാലം കൂടുന്ന ദിവസം അവതരിപ്പിക്കാന്‍ ഒരു നാടകം വേണം. അതിനുള്ള ആലോചന ആശാനും കുട്ടികള്‍ക്കുമിടയില്‍ പൊടിപൊടിക്കുന്നു.

" ക്യാമ്പിലുള്ള എല്ലാവരും നാടകത്തില്‍ ഉണ്ടായിരിക്കും. ഒരാളേo ഒഴിവാക്കാന്‍ പറ്റില്ല്യ. എല്ലാവരും റെഡ്യല്ലേ?." മാഷ് ചോദിച്ചു.


"ങ്ഹാ..റെഡീ....!" .

ക്യാംമ്പംഗങ്ങള്‍ക്ക് ഏകസ്വരം.ഉത്സാഹം.



"ഇന്ന് റിഹേര്‍ഴ്സല് തൊടങ്ങും. ആര്‍ക്കേങ്ങിലും അസൌകര്യണ്ടോ?."

"ഇല്ല്യാ....!"

"ഇനി എഴീസേള്ളോ മ്മക്ക് നാടകം ചെയ്യാന്‍. റിഹേര്‍ഴ്സല് തൊടങ്യാ പിന്നാരും ഒറ്റ ദിവസം മൊടങ്ങരുത്! സമ്മതിച്ച്വോ?."

"സമ്മതിച്ചൂ....!"

"ആര്‍ക്കെങ്കിലും  വെഷമണ്ടെങ്കില്‍ ഇപ്പ പറേണം. ആര്‍ക്കാ അസൌകര്യം ?.പേടിക്കണ്ട, പറഞ്ഞോ!.."

കുട്ടികള്‍ക്കിടയില്‍നിന്നും ഒരാള്‍ എണീറ്റ് നിന്നു. സ്മാര്‍ട്ട്, ഇന്‍റലിജന്‍റ്, പ്രധാന വേഷം ചെയ്യിപ്പിക്കാം എന്നൊക്കെ മാഷ് കരുതിവെച്ചിരുന്ന പയ്യനാണ്.

"നെനക്ക് നാടകത്തില് കളിക്കണ്ടേ !?."

മാഷക്ക് ഉല്‍കണ്ഠയായി.

"വേണം മാഷേ!."

"പിന്നെന്താ നെനക്ക് അസൌകര്യം?."

"ഇക്ക് നാളെ പറ്റില്ല്യ."

"നാളെ മാത്രേള്ളോ?."

"അതേ."

" കൊഴപ്പല്ല്യ. ഒരീസല്ലെ അജസ്റ്റീയാം. അത് പോട്ടെ ;എന്താ നാളെ വിശേഷം?."

" നാസിക്കിന് പോണം."

"നാസിക്കാ!!?" മാഷ് അത്ഭുതപ്പെട്ടു!

"അതേ മാഷേ...നാസിക്കന്നെ!" മറ്റു കുട്ടികളുടെ കോറസ്സ്.

" നാസിക്കില് പോയാ പിന്നെങ്ങന്യാണ്ടാ നിയ്യ് നാടകം കളിക്ക്യാ!?"

"അയ്ന് ഞാന്‍ മറ്റന്നാണ്ടാവും മാഷേ!."

"എന്തൊക്ക്യാ ഇവന്‍ പറേണേ! നാളെ നാസിക്കില് പൂവും മറ്റന്നാ നാടകത്തിനു വരും!. കാര്യം തെളിച്ച് പറേടാ!."

"മാഷേ, മാഷേ അവന്‍ എല്ലാ ഞായറാഴ്ച്ചേo നാസിക്ക് ദോൾ കൊട്ടാൻ   പഠിക്ക്യാ "

കുട്ടികള്‍ കാര്യം തെളിച്ചപ്പോള്‍ കളരിക്കാശാന്‍ ശശിമാഷ്!.

2015 സെപ്റ്റംബർ 15, ചൊവ്വാഴ്ച

ചോദ്യങ്ങള്‍


 ചോദ്യങ്ങള്‍ 

ബോബി ഫിഷറും ബോറിസ് സ്പാസ്ക്കിയും ചേര്‍ന്നാണ് ചെസ്സ് കളി പഠിപ്പിച്ചത്. 1972ല്‍. ഫിഷറുടെ കിറുക്കൻ  നിലപാടുകൾ   കൊളുത്തിവിട്ട വിവാദങ്ങൾ   പത്രത്തില്‍ വായിച്ചാണ് കളിയെക്കുറിച്ചു മനസ്സിലാക്കിയതും   കമ്പം കയറിയതും . ചെസ്സിന് അഖിലലോകപ്രിയത കൂട്ടിയതും ആ ലോകമഹായുദ്ധമായിരുന്നുവല്ലോ. അന്ന് കൂടെ കളി പഠിച്ചവരില്‍ പല തൃശ്ശൂക്കാരും പ്രശസ്തരായി. നമ്മള്‍ പൊറാട്രക്കാരൊക്കെ ഒന്നാം ക്ലാസില്‍ തോറ്റുകിടന്നു. 

കളരിയില്‍ സതീര്‍ത്ഥ്യരായവരുമൊത്ത് തീനും കുടിയുമുപേക്ഷിച്ചു കളിയോട് കളിതന്നെയായിരുന്നു ആദ്യഘട്ടത്തില്‍. വായനശാലയിലെ ഒരു ഞായറാഴ്ചക്കളി. തഞ്ചത്തിൽ കിട്ടിയ  ഫോര്‍ക്കില്‍* കുരുക്കി വെട്ടിയെടുത്ത ചന്ദ്രന്‍ മാഷുടെ റാണിയെ താലോലിച്ചിരിക്കുമ്പൊഴാണ്  അയല്‍പക്കത്തെ പയ്യന്‍ ഓടിയെത്തി  എനിക്കരികില്‍ കിതച്ചു നിന്നത്. എന്തോ പറയാന്‍ മുട്ടുന്ന അവന്‍റെ ശരീരഭാഷ വായിച്ചു ഞാന്‍ ചോദിച്ചു:

"എന്തടാ?."



"ഒരു കാര്യം ചോയ്ക്കാന്‍ പറഞ്ഞു!."


"ആര്?."


"അമ്മ."


"ഏതമ്മ?."


"ബാലന്ദ്രേട്ടന്‍റെ."


"എന്തൂട്ടാ  ചോയ്ക്കാന്‍ പറഞ്ഞേ?."


"ഊണ് വായനശാലേല്‍ക്ക് കൊണ്ട്രണോന്ന്!.".


.പറഞ്ഞതും ചെക്കന്‍ വണ്ടി  റിവേര്‍ഴ്സില്‍ വാണം  വിട്ടു .


സൈക്കിള്‍ ടയര്‍ പഞ്ചറാവുന്ന ശബ്ദത്തില്‍   ചന്ദ്രന്‍ മാഷ് ചിരിച്ചുലഞ്ഞു.


"ഞാന്‍ റിസൈന്‍ ചീതു!.മതി, നിർത്ത്വാ !".

കരുക്കളെല്ലാം  വാരി പാരീസ് മിഠായി ഒഴിഞ്ഞ തകരപ്പെട്ടിയിലിട്ടു പ്രതിയോഗി കളിപ്പടം  മടക്കി. 



"സമയെത്ര്യായീ മാഷേ?."


"ഒന്നര!."


"എന്റമ്മേ! ഒന്നര്യാ!?."


കാലത്ത് ഒമ്പത് മണിക്ക് ചന്ദ്രന്‍മാഷുടെ രാജാവിന്‍റെ കാലാള് വെച്ചടി രണ്ടില്‍ തുടങ്ങിയ കളിയാണ്! ഇപ്പോള്‍ മണി ഒന്നര!


അന്നറിഞ്ഞു; ചെസ്സ് കളിയെപ്പോലെ സമയം പിടുങ്ങുന്ന  മറ്റൊരു ഗണപതിയില്ലെന്ന്!.


ഇന്ന്....


രാവിലെ ഉപ്പുമാവ് ഫുള്‍ ടാങ്കടിച്ചു മുകളിലെ മുറിയില്‍  കയറിയതാണ്. കമ്പ്യൂട്ടര്‍ നട തുറന്ന് ക്രോമില്‍ ദക്ഷിണ വെച്ചു  


ഫേസ്ബുക്കില്‍ കയറുമ്പോള്‍ ജോലിക്കു പോകാൻ സാരി ചുറ്റിയ   ഭാര്യ ചുവട്ടിൽനിന്നും വിളിച്ചു പറഞ്ഞു:


"ഞാന്‍ പൂവാട്ടാ. വാതില്  കുറ്റീട്ടോളോ."


ഉദ്യോഗസ്ഥഭാര്യയുടെ ശബ്ദം പ്രസ്തുത  ദിവസം വീണ്ടും കേട്ടത് ഇങ്ങിനെ:


" അതേയ് മോളിലിണ്ടാ? ദെന്താദ്! ഇന്നുച്ചക്കൂണ് കഴിച്ചില്ല്യേ? ചോറും കൂട്ടാനും അങ്ങന്യന്നെ ഇരിക്ക്ണ്ടലോ?."

ചോദ്യം കേട്ട് കിടിലം കൊണ്ടിരിക്കുമ്പോള്‍ ഡെസ്ക്ടോപ്പിന്‍റെ ബോട്ടം റൈറ്റ് കോർണർ കണ്ണിറുക്കി:

"എന്തേ അന്തം വിട്ടിരിക്കണേ ?  മണി ആറ് പതിമൂന്നായി!."

ഇന്നറിയുന്നു; മുഖപുസ്തകത്തെപ്പോലെ നിര്‍ദ്ദയനായ ഒരു സമയക്കൊലയാളി ഇനി വേറെ ജനിക്കണം!.
---------------------------------------------------------------------------------
*ഫോര്‍ക്ക് ( FORK ) : ഒറ്റ കരുകൊണ്ട് ഒരേ സമയം എതിരാളിയുടെ രണ്ടില്‍ കൂടുതല്‍ കരുക്കളെ കുടുക്കുന്ന നീക്കം

2015 ഓഗസ്റ്റ് 9, ഞായറാഴ്‌ച

സര്‍ജിക്കല്‍ സൊലൂഷന്‍

 സര്‍ജിക്കല്‍ സൊലൂഷന്‍ 


കര്‍ക്കശക്കാരനും സൂത്രശാലിയുമായ ക്രിക്കറ്റ് പരിശീലകനായിരുന്നു സ്നേഹരാജ്. കുട്ടികളെ മനസ്സിലാക്കുവാനും പരിശീലനസമയത്ത് അവർക്കുണ്ടാവുന്ന  ശാരീരിക മാനസിക പ്രതിസന്ധികള്‍ പരിഹരിക്കുവാനും അദ്ദേഹം അവലംബിച്ചിരുന്ന  മാര്‍ഗ്ഗങ്ങള്‍ പലപ്പോഴും വിചിത്രവും സമ്പ്രദായവിരുദ്ധവുമായിരുന്നു.

സ്വന്തം അനുഭവമാണ് ...

കാലം 1998. മകന്‍റെ പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞുള്ള വേനലവധിക്കാലം. ക്രിക്കറ്റ് കമ്പം നുരഞ്ഞുകുത്തുന്ന കൌമാരം. തരക്കേടില്ലാതെ ബാറ്റടിക്കാനും പന്തെറിയാനും അവനറിയാം. കേന്ദ്രീയ വിദ്യാലയത്തിന്‍റെ വിശാലമായ മൈതാനിയിലും നാട്ടിലെ അമ്പലപ്പറമ്പിലും എറിഞ്ഞും അടിച്ചും കൂട്ടുകാർക്കൊപ്പം മകന്‍ ക്രിക്കറ്റ്കാമം തീര്‍ത്തുകൊണ്ടിരുന്ന നാളുകളിലൊരിക്കല്‍ സ്നേഹരാജ് എന്നെ വിളിച്ചു:


ബാലാ, അണ്ടര്‍ സിക്സ്റ്റീന്‍ സെലക്ഷന്‍ ക്യാമ്പ് ഈ പതിനഞ്ചാന്തി തൊടങ്ങും. താല്‍പ്പര്യണ്ടെങ്ങെ ചെക്കനെ വിട്ടേക്ക്.


ജില്ലാ  ക്രിക്കറ്റ് അമ്പയര്‍ പാനലില്‍ ഉള്‍പ്പെടുത്താന്‍ വേണ്ടി  ക്രിക്കറ്റ് അസോസിയേഷന്‍ നടത്തിയ  പരീക്ഷ എഴുതുവാനും യോഗ്യത നേടുവാനും എന്നെ പരിശീലിപ്പിച്ച വകയിലും തുടര്‍ന്നു സ്റ്റേറ്റ് പാനല്‍ പരീക്ഷ എഴുതാന്‍ വളരെ നിര്‍ബന്ധിച്ചിട്ടും തിരുവനന്തപുരത്തേക്ക് പോകേണ്ട മടിക്ക് സൂത്രം പറഞ്ഞു മുങ്ങിയതിനു കേട്ട തെറിയുടെ പ്രഭാവംകൊണ്ടും നമുക്കിടയില്‍  ഗാഢമായ  സൌഹൃദം വളർന്നിരുന്നു  . 

താല്‍പ്പര്യണ്ട്. അതിനു വിശേഷിച്ചെന്തെങ്കിലും തയ്യാറെടുക്കേണ്ടതുണ്ടോ ?.”

ഭാവിയില്‍ ഇന്ത്യന്‍ ടീമില്‍ ഒരു മലയാളി സാന്നിദ്ധ്യം! ബാലചന്ദ്രന്‍ അശ്വിന്‍! മനസ്സില്‍ സ്വപ്നങ്ങളുടെ ഗാലറിപ്പടവുകള്‍ ഉയര്‍ന്നുതുടങ്ങിയിരുന്നു!.

“ പാന്‍റും ടീ ഷര്‍ട്ടും സ്പോര്‍ട്ട്സ് ഷൂവും ഒക്കേണ്ടാവൂലോ അവന്. അത് മതി . നീ ചെക്കനെ വിട്. ബാക്കി  ഞാനേറ്റു.” 

സ്വപ്നത്തിന്‍റെ ഗാലറിക്കു മുകളില്‍  സ്നേഹരാജ് വര്‍ണ്ണമേലാപ്പു കെട്ടി!.

പതിനഞ്ചാംതിയതി വെളുപ്പിനു ചെക്കനെ  കാനാട്ടുകരക്കു വിട്ടു. കേരളവര്‍മ കോളേജ് ഗ്രൌണ്ടിലെ ക്യാമ്പ് ആദ്യ ദിവസം സ്മൂത്തായി പോയി. രാത്രി സ്നേഹരാജ് എന്നെ വിളിച്ചു.

ബാലാ ചെക്കനെ ഞാന്‍ ആദ്യായി കാണ്വാ. അവൻ തരക്കേടില്ല്യ ട്ടാ. പേസ് ഇത്തിരി കൊറവുണ്ടെങ്കിലും ബോളിന് നല്ല സ്വിങ്ണ്ട്! പിന്നെ നല്ല റിഥം റണ്ണപ്പ്. ലൈന്‍ ആന്‍റ് ലെങ്ത് പക്കാ!. പോരാത്തേന് ചെക്കന്‍ നല്ല ഹൈറ്റല്ലേ!. എന്തായാലും ഞാന്‍ അവനെ ബൌളിങ്ങില് പിടിക്കാന്‍  പൊവ്വാ. കള്ളന്  പക്ഷേ ബാറ്റിങ്ങിലാ നോട്ടം!. പന്തെടുക്കാന്‍  മട്യാ. അത് ഞാന്‍ ശര്യാക്ക്ണ്ട്!.

നാലാം ദിവസം മകൻ  ക്യാമ്പില്‍ പോകാന്‍ വിസമ്മതിച്ചു!. വലത്തെ കയ്യ് ഉയര്‍ത്താന്‍ പറ്റുന്നില്ലത്രെ!. കൈ പറിഞ്ഞു പോകുന്ന വേദന. കുളിക്കുമ്പോള്‍  വെള്ളം മഗ്ഗില്‍ കോരി അച്ഛന്‍ ഒഴിച്ച് കൊടുക്കണം. ഷര്‍ട്ട് ഇടാനും ഊരാനും അമ്മ.  ഭക്ഷണം ഇടംകൈകൊണ്ട് എന്നതു വരെയായി കാര്യങ്ങൾ!. തുടര്‍ച്ചയായി പത്തും മുപ്പതും ഓവര്‍ ബൌള്‍ ചെയ്യേണ്ടി വന്നതാണ് കാരണമെന്ന് മകന്‍റെ പരാതിയും പ്രതിഷേധവും.  അന്നവന്‍ ക്യാമ്പില്‍ പോയില്ല. രാത്രി വിളി വന്നു.

എന്തേ ബാലാ ചെക്കനെ ഇന്ന്  കണ്ടില്ലിലോ ?.”

അവന് തീരെ വയ്യാ സ്നേഹരാജ്. കയ്യനക്കാന്‍ പറ്റുന്നില്ല. കുളിയും വസ്ത്രാധാരണവുമൊക്കെ പരസഹായത്തിലാ. രാത്രി മുഴുവന്‍ കിടക്കയില്‍ കിടന്നു  നിലവിളിയായിരുന്നു. ഇവിടെ ഞങ്ങളും  വല്ലാതെ പേടിച്ചിരിപ്പാണ്. ഏന്താനി വേണ്ടത്!?

ഓ! അങ്ങന്യാല്ലേ!. ഒരു കാര്യം ചെയ്യ്. നാളെ ചെക്കനേം കൂട്ടി ക്യാമ്പില് വാ. ഞാന്‍ ഒന്നു നോക്കട്ടെ. കേട്ടിട്ട് ഇത്തിരി സീരിയാസ്സാന്നു തോന്ന്ണ്ട്!.

അത് കേട്ടപ്പോള്‍ ഉള്ളിൽ  ഭയം ഇരച്ചു കയറി.

പിറ്റേ ദിവസം ക്യാമ്പില്‍ ചെന്നപ്പോള്‍ സ്നേഹരാജ് മകനെ വിളിച്ച് തോളില്‍ കയ്യിട്ട് ഗ്രൌണ്ടിലേക്ക്  കൊണ്ടുപോയി. പിച്ചിന് നടുവില്‍ നിര്‍ത്തി കുറച്ചു നേരം  ചോദ്യം ചെയ്തു. കൈ പിടിച്ച് ഉയര്‍ത്തുന്നതും  വശങ്ങളിലേക്ക് തിരിക്കുന്നതും  കയ്യില്‍ ബാറ്റ് കൊടുത്തു സ്റ്റാംപ്സിന് മുന്നില്‍ ഗാര്‍ഡ് എടുപ്പിക്കുന്നതും ബാക് ഫൂട്ട് ഫ്രണ്ട് ഫൂട്ട് പ്രതിരോധത്തിനുള്ള ചുവടുവെപ്പുകള്‍ ചെയ്യിക്കുന്നതും കണ്ടപ്പോള്‍ എനിക്കു ആധിയായി. ഈശ്വരാ ഇനി പരിക്ക് മൂപ്പിച്ച്  അപകടം  വരുത്തുമോ!?

പതിനഞ്ചു മിനിറ്റ് കഴിഞ്ഞപ്പോള്‍ മകനെയും കൂട്ടി സ്നേഹരാജ് തിരിച്ചു വന്നു.

ബാലാ സംഗതി കൊറച്ച് സീരിയസ്സാ. കൊറച്ച്ന്നല്ല നല്ലോണം!.  പറയാന്‍ കാരണണ്ട്. സിമിലര്‍ കേസ് ഒന്നു രണ്ടെണ്ണം ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട് .“

മുമ്പൊക്കെ എന്താ ചെയ്തേ!”

“സര്‍ജറി തന്നെ!. ഏ സി ജോയിന്‍റില്‍ ഒരു മേജര്‍ സര്‍ജറി.

അയ്യോ ഓപ്പറേഷനാ!

 എന്റെ ശരീരം തളര്‍ന്നു!.

പക്ഷേ പേടിക്കാനോന്നൂല്ല്യ. സൈമണ്‍ ഡോക്റ്റര്‍ മിടുക്കനാ. ഇന്നിപ്പോ ആളെ കാണാന്‍ പറ്റില്ല്യ. എന്തായാലും നമുക്ക് നാളെ രാവിലെ പോയി കാണാം. ഞാന്‍ സാറിനെ വിളിച്ച് അപ്പോയിന്‍റ്മെന്‍റ് ഫിക്സീയാം. ഇപ്പൊ നിങ്ങള് പൊക്കോ. രാത്രി ഞാന്‍ വിളിക്കാം. പേടിക്കണ്ടാ ട്രാ.” 

മകന്‍റെ  തോളത്തു രണ്ടു തട്ടും തട്ടി സ്നേഹരാജ് കുട്ടികള്‍ക്കിടയിലേക്ക് ജോഗ് ചെയ്തു പോയി.

പറഞ്ഞ പോലെ അന്നു രാത്രി സ്നേഹരാജ് വിളിച്ചു.

ബാലാ നാളെ രാവിലെ പത്തു മണിക്കാ സമയം. നീ അവനേം  കൂട്ടി ഒമ്പതരക്കു വാ.  ഞാന്‍ ഡോക്റ്റര്‍ടെ അടുത്തുണ്ടാവും. തയ്യാറായിട്ടു വരണം. സർജറി ഒരു പക്ഷേ  ഒടനെ വേണ്ടി വന്നേക്കാം.

ഫോണ്‍ വെക്കുമ്പോള്‍ പേടിച്ച്  വിളറിയ മുഖവുമായി മുന്നില്‍ ഭാവി ഇന്ത്യന്‍ താരം!.

ആശുപത്രിയിൽ നിൽക്കുമ്പോൾ വേണ്ട വസ്ത്രങ്ങളും മറ്റും ബാഗിലാക്കി രാവിലെ പോകാനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു .

പിറ്റേ ദിവസം രാവിലെ എണീറ്റപ്പോള്‍ വലംകൈകൊണ്ട് കശകശാന്നു  പല്ലു തേക്കുന്ന മകനെ കണ്ടു!. വേദനയുടെ ലക്ഷണമൊന്നും  അവന്‍റെ ശരീരഭാഷയിലില്ല!.

എന്നെ കണ്ടയുടന്‍ ബ്രഷിങ് നിര്‍ത്തി കൈ ഉയർത്തിയും താഴ്ത്തിയും അവൻ പറഞ്ഞു:

അച്ഛാ ഭയങ്കരത്ഭുതം!. വേദന പോയി!.

പിന്നെ പല്ലുതേപ്പ് പൂര്‍ത്തിയാക്കി  മുറ്റത്തിറങ്ങി മാവിഞ്ചുവട്ടില്‍ കിടന്നിരുന്ന  ഒരു കല്ലെടുത്ത് ബൌള്‍ ചെയ്യുന്നതൊക്കെ കണ്ടപ്പോള്‍ ആശ്വാസമാണോ അതിശയമാണോ തോന്നുന്നത് എന്ന സംശയമായി എനിക്ക്!     ഇതെന്തു മറിമായം?

"അത്ഭുതം തന്നെ ! ഒറ്റ രാത്രികൊണ്ട്!” 

ഭാര്യക്ക് വിസ്മയവും സന്തോഷവും   അടക്കാനാവുന്നില്ല!.

അതന്നെ!. ഗ്രൌണ്ടില് വെച്ച് സാറ് കയ്യ് അങ്ങനേം ഇങ്ങനേം ഒക്കെ  തിരിച്ചേല് എന്തോ ട്രിക്ക്ണ്ട്ന്നാ   എനിക്ക് തോന്നണേ!.  മകന്‍.

നെനക്ക് ഇപ്പോ വേദന ഒട്ടൂല്ല്യേ!” .

എനിക്ക് വിശ്വാസം വന്നില്ല. ഓപ്പറേഷന്‍ പേടിച്ച് ചെക്കന്‍ നുണ പറയുകയാണോ?

കോറേശ്ശെണ്ട്. ന്നാലും കോഴപ്പല്ല്യച്ഛാ. ശര്യാവും.

ഏഴു മണിക്ക് ഞാന്‍ സ്നേഹരാജിനെ വിളിച്ചു.

ങ്ഹാ, എന്താ ബാലാ?.”

അതേയ് ഭയങ്കരതിശയം!. ചെക്കന് ഇപ്പൊ വേദന തീരേല്ല്യ!.

ഒട്ടൂല്ല്യേ?.”

ഇല്ല്യാന്നാ അവൻ  പറേണ്. ചെക്കന്‍ ബൌളിങ് ആക്ഷനൊക്കെ സ്ട്രോങ്ങായി കാണിക്ക്ണ്ട്.

ഉവ്വല്ലേ. അപ്പോ ഇന്ന് മൊതല് അവന്‍ ക്യാമ്പില് വരും അല്ലേ?.”

വരണംന്നാ അവന്‍ പറേണ്.

വരും. അവന്‍ വരും. ഇക്കറ്യാം!.  ഞാനിതൊക്കെ എത്ര കണ്ടേക്കണു! ആ ശേഖണ്ണനോട് വേഗം വരാന്‍ പറയ്! മണി ഏഴു കഴിഞ്ഞു!. പിള്ളേര് വാമപ്പ് തൊടങ്ങി.

ഹ ഹ ഹ! ഇക്കൊന്നും മനസ്സിലാവിണില്ല്യ. അല്ല; ദെന്താ സംഗതി ആശാനേ!?."

നെനക്ക് മനസ്സിലായില്ല്യാല്ലേ? തിരി മുറിഞ്ഞ കള്ളനാ അവന്‍!. ഗ്രൌണ്ടില് കൊണ്ടോയി നാല് ചോദ്യം ചോദിച്ചപ്പത്തന്നെ  ഇക്ക് കാര്യം പിടി കിട്ട്യേര്‍ന്നു. ഒക്കെ അവന്‍റെ വേഷംകെട്ടാന്ന് അവന്‍റെ കള്ളമോന്ത നോക്കി ഞാന്‍ വായിച്ചു.! പിന്നെ നിന്‍റെയല്ലേ മോന്‍! തിരുവനന്തപുരത്തക്ക് പോണ്ട മടിക്ക് പന്യാന്നു പറഞ്ഞ് സ്റ്റേറ്റ് അമ്പയര്‍ ടെസ്റ്റ് എഴുതാണ്ട് മുങ്യോനല്ലേ നിയ്യ്? വിത്തുഗുണം പത്തുഗുണം!

ആശാനേ! സമ്മതിച്ചു തന്നിരിക്കുന്നു!. അപ്പോ സൈമണ്‍ ഡോക്റ്റര്‍ടെ അപ്പോയിന്‍റ്മെന്‍റ്?”

ഏത് സൈമണ്‍ ഡോക്റ്റര്? എന്തപ്പോയിന്‍മെന്‍റ്? നെനക്ക്  വല്ല പ്രാന്തൂണ്ടാ? അതൊക്ക അവന്യൊന്നു വെരട്ടാള്ള നമ്പറാര്‍ന്നു.

ക്യാമ്പ് ഭംഗിയായി സമാപിച്ചു. സെലക്ഷന്‍ കിട്ടിയില്ലെങ്കിലും ഗുരുവില്‍നിന്നും സര്‍ട്ടിഫിക്കറ്റും ഭാവി അണ്ടര്‍ നയന്‍റീന്‍ ആശംസകളുമായി മകന്‍ പ്രസന്നനും വര്‍ദ്ധിതാരോഗ്യവാനുമായി തിരിച്ചു വന്നു. പക്ഷേ  ക്രിക്കറ്റിങ് മോഹങ്ങളൊക്കെ കോട്ടയത്തെ പാമ്പാടി എഞ്ചിനീയറിങ് കോളേജിലെ കംപ്യൂട്ടര്‍ ലാബില്‍ ഇറക്കി വെച്ചു. പന്തിനെ തിരിച്ചു പായിക്കാനിരുന്ന  വിരലുകള്‍ പിന്നീട് നൈസാമിന്‍റെ നഗരിയിലെ ഐടി ഭീമന്‍റെ കീ ബോര്‍ഡില്‍ തിരുപ്പറങ്ങാൻ  തുടങ്ങി. രണ്ടായിരത്തിപ്പത്തില്‍ രവിചന്ദ്രന്‍ അശ്വിന്‍ ഇന്ത്യന്‍ ടീമില്‍ ഇടം കണ്ടെത്തിയപ്പോള്‍ എന്‍റെ സ്വപ്നം ഭാഗികമായി പൂവണിഞ്ഞു.

മകന്‍റെ സർണെയിമിലെ ബാലന്‍ പോയി രവിയായി. അത്രയല്ലെയുള്ളൂ?
------------------------------------------------------------------------

2015 ഓഗസ്റ്റ് 2, ഞായറാഴ്‌ച

പരീക്ഷണം


പരീക്ഷണം


ചാലക്കുടിയിലുള്ള ടയർ ഫാക്റ്ററിയിൽ  ഉദ്യോഗസ്ഥനായിരുന്നു ഉണ്ണി. രാത്രിക്കുള്ള   ഷിഫ്റ്റിൽ ജോലിക്കു കയറാനായി    ബസ്സു കാത്ത് തൃശ്ശൂര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനില്‍ നിൽക്കുമ്പോണ് നാലു കാലില്‍ നടക്കുന്ന രാജുവിനെ ഉണ്ണി കണ്ടത്. സ്വന്തം   വർക്ക് ഷോപ്പിനടുത്തു പുതിയ വീട് വാങ്ങി നാട്ടില്‍നിന്നു താമസം മാറ്റിയതില്‍പിന്നെ   കക്ഷിയെ   കാണുന്നത് അപൂര്‍വമായിരുന്നു.   കണിമംഗലത്ത് ടയർ റീട്രേഡിംഗ്   ബിസിനസ് നടത്തുകയാണ് അവന്‍.  ആയതിലേക്ക്  രണ്ടു വർഷം മുമ്പ് പതിനായിരം രൂപ വായ്പ വാങ്ങിയിരുന്നത് ഇതുവരെ മടക്കി തന്നിട്ടില്ല. ഇടക്ക് കണ്ടപ്പോഴൊക്കെ ബുദ്ധിമുട്ടുകളും പ്രാരബ്ദങ്ങളും പറഞ്ഞു അവധി ചോദിച്ചിരുന്നു. എന്തായാലും ഇപ്പോള്‍ അത്  ചോദിക്കാന്‍ പറ്റിയ അവസരമല്ല. മൂക്കറ്റം കയറ്റി ചുവന്ന മത്താപ്പായിട്ടാണ് നില്‍പ്പ്. തന്നെയുമല്ല ചോദിച്ചാൽ പാരാപരിപ്പുകള്‍ പറയുന്നതു കേള്‍ക്കാന്‍ നിന്ന്   ബസ്സ് തെറ്റും. വേണ്ട ഇപ്പോള്‍ വേണ്ട. ആവുമ്പോള്‍ തരട്ടെ. എൻക്വയറി കണ്ടറിനുമുന്നില്‍ ഇടത്തും വലത്തും ആടിക്കളിച്ചു നില്‍ക്കുകയാണ് പാര്‍ട്ടി. അവിടെ നില്‍ക്കട്ടെ. ഉണ്ണി പുറം തിരിഞ്ഞു ബസ്സുകളുടെ നെറ്റിയിൽ നോക്കി നിന്നു. പെട്ടെന്നാണ് തോളിൽ അടി വീണത്‌.

“ആഹഹഹഹ!. എന്തറാബടെ?. ”

ബ്രാണ്ടി, ഗോള്‍ഡ് ഫ്ലേക്ക്, കല്‍ക്കത്ത പാൻ സമ്മിശ്രഗന്ധം ഉണ്ണിയുടെ മൂക്കില്‍ തുളച്ചു കയറി.

“അല്ല എന്താ നീയിവടെ?.” ഉണ്ണി ചോദ്യം തിരിച്ചിട്ടു.

“എയ്!. ഞാന്‍ ദേ അരമനേന്ന് എറങ്ങീതാ. ഒരു ഛോട്ടാ പാര്‍ട്ടീണ്ടാര്‍ന്നു.”

“ഉം. പാർട്ടീടെ വലിപ്പം നിന്‍റെ പരുവം  കാണുമ്പോ അറ്യാണ്ട്! .”

പിന്നിലൂടെ നടന്നു പോയ കണ്ടക്‍ട്ടറുടെ ദേഹത്തേക്ക് തുലനം തെറ്റി വീഴാന്‍ പോയപ്പോള്‍ ഉണ്ണി ‘വയ്യാത്താളെ’ പിടിച്ചു 'നിലക്കു നിർത്തി'. 

“എയ്!. നോ പ്രോബ്ലം!. എനിക്കു കൊഴപ്പൊന്നൂല്ല്യാ. ഞാന്‍ നോര്‍മലാ.”

തെക്കൻ സമ്പ്രദായത്തിൽ തന്നെ തുറിച്ചു നോക്കിയ കണ്ടക്ട്ടറെ രാജു  സാന്ത്വനിപ്പിച്ചു.

“അല്ല; വീട്ടില്‍ക്ക് പോവാനുള്ള ഉദ്ദേശല്ല്യേ?. ” ഉണ്ണി ചോദിച്ചു.

“പിന്നെ പിന്നെ! പോണം!. പക്ഷേ ഒരു പ്രശനണ്ട്രാ! ബൈക്ക് എവട്യാ വെച്ചേന്ന്ര് ഇപ്പോർമ്മേല്ല്യ!."

“ബെസ്റ്റ്!. ഇനീപ്പോ എന്തീയും?. ബൈക്ക് വഴീലിട്ട് ബസ്സില് കേറാൻ വന്നേക്ക്യാ?.”

“എയ് നോ പ്രോബ്ലം. ശൊക്കെറങ്ങുമ്പോ ഓര്‍മ്മ വരും.“

“അത് വരെ എന്താ പരിപാടി?. അരമന തന്നെ ല്ലേ !.”

“ഏയ്‌!. ഇനി വയ്യാടപ്പ!. ഫുള്ളായി. അപ്പ ശരീടാ!. ഇനിക്ക് തെരക്ക്ണ്ട്. കൊക്കാലേല് ഒരു പാർട്ട്യേ കാണണം.  ന്നാ  പിന്നെ കാണാറാ. ബാൽന്ദ്രനോട് ഞാന്ന്വേഷിച്ചൂന്നു പറയ്‌!. ”

ബലിഷ്ഠമായ കൈകള്‍കൊണ്ട് തന്‍റെ വലം കൈ പിടിച്ചു നാലു വട്ടം കുലുക്കിയപ്പോള്‍ ഉണ്ണിയുടെ തോളെല്ല് കിടുങ്ങി!.

കുത്തഴിഞ്ഞ മുണ്ട് വലിച്ചു വാരി ഉടുത്ത് തിരിഞ്ഞു നടക്കുന്നതിനിടയില്‍ എന്തോ ഓര്‍ത്ത് രാജു  നിന്നു. തിരിച്ചു വന്നു ഉണ്ണിയോട് ചോദിച്ചു.

“ടാ ഉണ്ണ്യേ, നെനക്ക് ഞാന്‍ കൊറച്ച് പൈസ തരാല്ല്യേ?.”

“കൊറച്ചല്ല പൈനായിരം!. അതൊക്കെ ഓര്‍മേണ്ടല്ലേ?”


ഉണ്ണിക്ക് നേരിയ തോതിൽ അരിശം കയറി.



“അത് ഞാന്‍ മറക്ക്വോടാ?. അത്ര വല്ല്യേ വെഷമത്തിലിരിക്കുമ്പ തന്നതല്ലേ നിയ്യ്!. ദാ ഇപ്പ കയ്യില് സാനണ്ട്. ആറ്മാസം മുമ്പ് ക്രെഡിറ്റിന് കൊടുത്തേന്‍റെ കാശാ. ഇന്ന് കിട്ടി. നിയ്യിതു പിടിച്ചേ!.”

രാജു ബനിയനുള്ളില്‍ കയ്യിട്ട് ഒരു പ്ലാസ്റ്റിക്ക് കവര്‍ വലിച്ചെടുത്തു. അതില്‍നിന്ന് നൂറിന്‍റെ ഒരു സെക്ഷനെടുത്തു ഉണ്ണിക്ക് നീട്ടി. കനറാ ബാങ്കിന്‍റെ സ്ലിപ്പ് പൊട്ടിക്കാത്ത നോട്ടുകെട്ട്. കവറില്‍ ഇനിയും പണമുണ്ട്. പണക്കെട്ട് തന്‍റെ ബാഗിലേക്ക് വെക്കുമ്പോള്‍ ഉണ്ണി പരിഭ്രമിച്ചു. ദൈവമേ!. കുടിച്ചു വീര്‍ത്ത അവന്‍റെ വയറിന് മുകളില്‍ ആ 'പണക്കിഴി' സുരക്ഷിതമാണോ?

“രാജ്വോ , ഇത്ര പെരുത്ത് കാശ് കയ്യില് വെച്ചിട്ടാ നിന്‍റെ ഈ കളി!?."

“പോടാ പോടാ!. നിയ്യ് നിന്‍റെ കയ്യിലിരിപ്പ് കാക്ക്! എന്‍റാര്യം ഞാന്‍ നോക്ക്യോളാം ട്ടാ!. ഓക്കെ..ബൈ!.”

രാജൂ  പോയി.

പിറ്റേ ദിവസം അതിരാവിലെ ഷിഫ്റ്റ് കഴിഞ്ഞു വന്നു കുളിയും പ്രാതലും  കഴിഞ്ഞ് ഉണ്ണി ഉറങ്ങാൻ കിടന്നതേയുള്ളൂ. ഒരു യമഹ മൂളി പറന്നുവന്ന് വീടിന്‍റെ പടിക്കൽ സഡൻ  ബ്രേക്കിട്ടു നിന്നു. ശബ്ദം കേട്ടു പുറത്തു വന്നപ്പോൾ തിടുക്കത്തിൽ നടന്നു വരുന്ന രാജുവിനെ കണ്ടു!. ഉണ്ണി സൂക്ഷിച്ചു നോക്കി. ഇല്ല കുഴപ്പമില്ല. രണ്ടു കാലിൽ തന്നെ!

ഇറയത്തേക്കു വന്നു കയറിയപാടെ ആശാൻ ഉദ്വേഗത്തോടെ ചോദിച്ചു.

"ടാ നിയ്യിന്നലെ തൃശൂര് ട്രാൻസ്പോർട്ട് സ്റ്റാണ്ടില് വന്നിരുന്ന്വോ?."

കാര്യം പിടി കിട്ടിയപ്പോൾ ഒരു നമ്പറിറക്കാം എന്ന് തീരുമാനിച്ചുകൊണ്ട് ഉണ്ണി കൈ മലര്‍ത്തി:

"ഏയ്‌!. ഇല്ലിലോ?. എന്താ കാര്യം?."

രാജുവിന്‍റെ മുഖത്ത് മഴക്കാറ് പടര്‍ന്നു!.

"സത്യം പറടാ ഉണ്ണ്യേ!. മ്മള് ഇന്നലെ സ്റ്റാണ്ടില്  വെച്ച് കണ്ടില്ല്യേ?. സംസാരിച്ചില്ല്യേ!?. "

"നെനക്കെന്താ രാജ്വോ പ്രാന്ത്ണ്ടാ?. എനിക്കിന്നലെ ഓഫായിരുന്നു. പിന്നെങ്ങന്യാ ഞാൻ പോവ്വാ?."

"ചതിച്ചു!!."

കൈ പരത്തി നെറ്റിയിലടിച്ചുകൊണ്ട് രാജു  ഇറയത്തെ കസേരയിലേക്ക് വീണു.

"എന്താണ്ടാദ്‌!. നിയ്യ്‌ കാര്യം പറയ്!."

"ഇന്നലെ രാത്രി ട്രാൻസ്പോർട്ട് സ്റ്റാണ്ടില് വെച്ചിട്ട് നിന്‍റെ പോലെ ഒരാളെ കണ്ടു. ഞാൻ നല്ല ഫിറ്റാർന്നു. നിയ്യാന്ന് വിചാരിച്ചിട്ട് നെനക്ക് തരാള്ള ആ കാശു മുഴുവൻ ഞാനയാൾക്ക്‌ കൊടുത്തു!."

"ദൈവമേ! പൈനായിരോ!."

"അതടപ്പാ!. ഒരുത്തന്‍റ കയ്യീന്ന് കിട്ടാണ്ടാർന്ന  കാശ് കൊറേ കാലം കഴിഞ്ഞ് കിട്ടീതാ. അതിന്‍റെ സബോത്യാർന്നു ഇന്നലെ അരമന ബാറില്. ഒക്കെ കഴിഞ്ഞു മടങ്ങുമ്പഴാ സംഭവണ്ടായീത്!."

"എന്‍റെ രാജ്വോ എന്താ നെന്ന്യൊക്കെ വേണ്ട്!. കയ്യില് ഇത്രധികം കാശു വച്ചിട്ടാ നിയ്യ്‌ വെലസീത് !"

"പറ്റിപ്പോയീടപ്പാ. ഇനി പറഞ്ഞിട്ട് കാര്യല്ല്യ!. എന്തായാലും തീരാള്ളതൊക്കെ തീരട്ടെ. "

കസേരയിൽ നിന്നെണീറ്റ് പതിവ് ശൈലിയിൽ ബനിയനുള്ളിൽ കയ്യിട്ട് നൂറിന്‍റെ കെട്ടെടുത്ത് രാജു ഉണ്ണിക്കു നീട്ടി.

"നെനക്ക് ബുദ്ധിമുട്ടാച്ചാ പിന്നെ തന്നാ മതീടാ!. ഇയവസ്തേല്...?."

"അത് സാരല്ല്യടാ . എന്‍റെ തോന്ന്യാസല്ലേ! നിയ്യെന്തിനാ സഹിക്കണ്!."

രാജുവിന്‍റെ കയ്യിലിരുന്ന പണം വാങ്ങി ടീപോയിയിൽ വെച്ചുകൊണ്ട് ഉണ്ണി പറഞ്ഞു.

"നിയ്യിരിക്ക്. ചായ കുടിച്ചിട്ട് പുവ്വാം. ഇട്ളീണ്ട്. "

"അയ്യോ വേണ്ട്ര. ഞാൻ ചെന്നിട്ടു വേണം വർഷോപ്പ് തൊറക്കാൻ. പണിക്കാര് കാത്ത് നിക്ക്വാവും!. പോട്ര, പിന്നെ കാണാം. "

"ഉം ശരി ചെല്ല്. "

ഹവായ് ചെരുപ്പിട്ട് യമഹയിലേക്ക് തിരിയുമ്പോള്‍ രാജുവിനോട് ഉണ്ണി ചോദിച്ചു :

"അപ്പൊ ഇന്നലെ രാത്രി നിയ്യ്‌ ബൈക്ക് എവട്യാ വെച്ചേർന്നേ?."

ഞെട്ടിത്തിരിഞ്ഞ്‌ രാജു  കുലുങ്ങിച്ചിരിക്കുന്ന ഉണ്ണിയെ  നോക്കി!. 

"ടാ ശവീ ..!! അപ്പൊ നിയ്യെന്നെ സൂപ്പാക്കീതാല്ലേ!."
പൊട്ടിച്ചിരിയും കെട്ടിപ്പിടിത്തവും കഴിഞ്ഞു നോട്ടുകെട്ട് രാജുവിന്‍റെ പോക്കറ്റിൽ കുത്തിയിറക്കുമ്പോൾ അവന്‍റെ നിറഞ്ഞ കണ്ണുകളിൽ നോക്കി ഉണ്ണി ശാസിച്ചു:

"കുടിച്ച് ബോധല്ല്യാണ്ട് വല്ല മുദ്രപത്രത്തിലും കേറി ഒപ്പ്ട്ട് കൊട്ത്ത്ട്ട് പെണ്ണിനേം കുട്ട്യോളെം വഴ്യാധാരാക്കണേനു മുമ്പ് ഇതൊക്കൊന്നു നിര്‍ത്തട തെണ്ടീ!."
.....................................................X......................................................


2015 ജൂലൈ 23, വ്യാഴാഴ്‌ച

ലൊക്കേഷൻ 'ഷോട്ടു'കൾ


 ലൊക്കേഷൻ 'ഷോട്ടു'കൾ  

നാടകക്കാരനായിരുന്ന മാധവന് സിനിമയിൽ ചെറിയൊരു വേഷം കിട്ടി.

ന്യൂ ജെൻ നായകനെ പിന്നിലിരുത്തി മോട്ടോർ സൈക്കിൾ ഓടിക്കുന്നതാണ് ഷോട്ട്. മാധവനെ കൈപിടിച്ചു മോട്ടോർ സൈക്കിളിനടുത്ത് കൊണ്ട് നിർത്തി അസിസ്റ്റൻഡ്‌ ഡയറക്ട്ടർ പറഞ്ഞു:

"ചേട്ടാ ആക്ഷൻ പറയുമ്പോൾ ചേട്ടൻ വണ്ടി കിക്ക് സ്ട്ടാർട്ട് ചെയ്യുന്നു. ഹീറോ ഓടി വന്നു പിന്നിൽ കയറുന്നു. വണ്ടി നീങ്ങുന്നു . ഇതാണ് ഷോട്ട്. ചേട്ടൻ ഓക്ക്യല്ലേ? ബൈക്ക് ഓടിക്കാനൊക്കെ അറീലോ?."

"അറ്യാം."

"വെരി ഗുഡ്!."
കോമ്പ്ലിമെന്റ് പാസ്സാക്കി സംവിധാനസഹായി ഓടിപ്പോയി. കുറെ നേരം കഴിഞ്ഞപ്പോൾ മറ്റൊരു അസിസ്റ്റന്റ്  കയ്യിൽ സ്ക്രിപ്റ്റ് പാഡുമായി മാധവന്റെ അടുത്തേക്ക് ഓടി വന്നു.അസിസ്റ്റൻഡ് ഡയറക്ട്ടറാവാൻ പ്രധാന യോഗ്യത നല്ല ഓട്ടക്കാരനാവുക എന്നതാണോയെന്ന് മാധവൻ ഇതിനകം സംശയിച്ചു തുടങ്ങിയിരുന്നു.



" ഒന്ന് വേഗം വന്നേടാ ഗഡീ! വൈക്യാ കൌണ്ടറ് ക്ലോസീയും; ഇതാണ് ചേട്ടന്റെ ഡയലോഗ്. അതു പറയലും കിക്ക് സ്ട്ടാർട്ട് ചെയ്യലും ഒപ്പാവണം. ഓക്കെ? മാധേട്ടന് വണ്ട്യോടിക്കാൻ അറ്യാലോ അല്ലെ?."

"ഉവ്വെന്നേയ്!" മാധവന് ലേശം മടുപ്പ് തോന്നി.

അവസാനം സംവിധായകനെത്തി. മോണിട്ടറിനു മുന്നിലെ ചെയറിൽ മുന്നോട്ടാഞ്ഞിരുന്നു കൊണ്ട് അദ്ദേഹം ഫ്രെയിം സൂക്ഷ്മമായി പരിശോധിച്ചു.

"ഓകെ റെഡി ! റോൾ ക്യാമറാ ...!"

"റോളിംഗ് !"

"ആക്ഷന്‍!!!......കട്ട് കട്ട് കട്ട്..!" ഡയറകട്ടറുടെ മുഖം ചുവന്നു.

" ഛെ! എവടെ ആർട്ട് ? ആ ബൈക്കിന്‍റെ നമ്പർ പ്ലേറ്റ് ശര്യാക്ക്!."

ആർട്ട്  അസിസ്റ്റൻഡ്‌  ഓടിക്കിതച്ചു  വന്നു  നമ്പർ പ്ലേറ്റിൽ   പറിഞ്ഞു തൂങ്ങി നിന്ന കടലാസ്
പശ വെച്ചൊട്ടിച്ചു നിവരുമ്പോൾ മാധവനോടു ഗൌരവത്തിൽ പറഞ്ഞു  :

'ചേട്ടാ അടിപൊളി സീനാട്ടാ ! ആരാ പിന്നിലിരിക്കണേന്നറീല്ല്യേ!?. വണ്ട്യോക്കെ നന്നായി ഓടിക്കാൻ അറീലോല്ലേ?"

ബൈക്കിന്റെ ഫുട്ട്റെസ്റ്റിൽ കാലെടുത്തു വെച്ച് അഴിഞ്ഞു പോയ ഷൂ ലെയ്സ് മുറുക്കി കെട്ടുന്നതിനിടയിൽ ശുണ്‍ഠി ഒതുക്കിക്കൊണ്ട് മാധവൻ പറഞ്ഞു.

" വീട്ടീന്ന് ബൈക്കില് ഇവടെ എത്തുന്ന വരെ ഓടിക്കാൻ അറ്യാർന്നു! പക്ഷെ ഇപ്പൊ സംശയായി!."

" കോമഡി കോമഡി! ചേട്ടൻ ഉഷാറ് കോമഡ്യാല്ലേ?."

പശക്കുപ്പിയുമായി  തിരിച്ചോടുന്ന വഴി  ആർട്ട് അസിസ്റ്റൻഡ്‌  ഒന്നു  തോണ്ടിയപ്പോൾ മാധവൻ ബൈക്കിന്റെ സീറ്റിൽ കൈ പരത്തിയടിച്ച് ചമ്മലിറക്കി  .

"ഓക്കേ ....സ്റ്റാർട്ട് ക്യാമറാ ...!"

2015 ജൂലൈ 20, തിങ്കളാഴ്‌ച

ജെനറേഷൻ ഗ്യാപ്പ്

ജെനറേഷൻ  ഗ്യാപ്പ്  


പതിവു സന്ദർശനത്തിനായി  ഒരു ദിവസം ചേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം  മുഖവുരയില്ലാതെ പറഞ്ഞ കഥയാണ്. കഥയല്ല; കാര്യം. എഴുതാതിരിക്കാൻ വയ്യെന്നു തോന്നി. 

അഞ്ചെട്ടു  കൊല്ലം മുമ്പ്  എറണാകുളത്ത് ഇടപ്പള്ളിയിൽ താമസിക്കുന്ന കാലം. ഒരു ദിവസം രാത്രിയിൽ ഉറക്കത്തിനിടയിൽ വലിയൊരു ശബ്ദം കേട്ടു ഞാൻ ഞെട്ടിയുണർന്നു. ഉറക്കപ്പ്രാന്തൊതുക്കി ബോധം നേരെയാക്കാൻ  അൽപ്പം  നേരമെടുത്തു. എല്ലാം നോർമലായപ്പോൾ  എഴുന്നേറ്റു ചെന്നു സ്വീകരണ മുറിയുടെ മുൻവശത്തെ ജനൽ കർട്ടൻ നീക്കി മുറ്റത്തേക്കു   നോക്കി. ഒന്നും കാണുന്നില്ല. എതിർവശത്തുള്ള വീട്ടിലെ പോർട്ടിക്കോയിൽ വെളിച്ചമുണ്ട്. അവരുടെ ഗേറ്റ് മലർക്കെ  തുറന്നു കിടക്കുന്നു. 

പെട്ടെന്ന് ആ വീട്ടിലെ ചെറുപ്പക്കാരൻ  പടിക്കലേക്കു വരുന്നതും  ഗേറ്റ് വലിച്ചടച്ച് വീട്ടിലേക്കു തിരിച്ചു കയറുന്നതും കണ്ടു . എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടിയില്ല.  എന്തുമാവട്ടെ എന്നു നിനച്ചു തിരിച്ചു ചെന്നു കിടന്നു.

പിറ്റേ ദിവസം വെളുപ്പിന് എണീറ്റു  പടിക്കൽ ചെന്ന് നോക്കിയപ്പോഴെന്താ! മതിലിന്റെ ചെറിയൊരു ഭാഗം തകർന്നു  കിടക്കുന്നു!. എന്താണ് ചെയ്യേണ്ടതെന്നറിയാതെ അസ്വസ്ഥനായി ചുറ്റും നോക്കി നിൽക്കുമ്പോഴുണ്ട് ചെറുപ്പക്കാരൻ വീട്ടിൽനിന്നിറങ്ങി വരുന്നു. തകർന്നു കിടക്കുന്ന മതിലും വിഷണ്ണനായി നിൽക്കുന്ന  എന്നെയും മാറി മാറി നോക്കി ജോജു എന്ന പേരുള്ള പയ്യൻ സാകൂതം ചോദിച്ചു :

"അയ്യോ ഇതെന്താണങ്കിളേ! മതിലൊക്കെ പൊളിഞ്ഞല്ലോ! എന്തു  പറ്റീ?."

"എന്താണെന്നറിയില്ല്യ ജോജു. ഇന്നലെ രാത്രി സംഭവിച്ചിട്ടുള്ളതാണ്. ഒരു പതിനൊന്നരക്ക് വലിയൊരു  ശബ്ദം കേട്ടാണ് ഞാനുണർന്നത്‌. അപ്പോഴൊന്നും മനസ്സിലായിരുന്നില്ല. ഇപ്പൊ ദാ ഇങ്ങിനെയൊക്കെ കാണുന്നു !."

"അയ്യോ!  കഷ്ടമായിപ്പോയല്ലോ അങ്കിളേ!."

"ഒന്ന് ചോദിക്കട്ടെ; രാത്രി ജോജു കേട്ടില്ലേ ആ ശബ്ദം?."

"ഞാനോ?."  ഒന്നു  പരുങ്ങിയശേഷം അയാൾ തുടർന്നു:

"ഏയ്‌ ഞാനൊന്നും കേട്ടില്ലല്ലോ അങ്കിളേ?. ഞാൻ നല്ല ഉറക്കമായിരുന്നു."

"അപ്പോൾ ഇന്നലെ ആ ശബ്ദം കേട്ട് കുറച്ചു കഴിഞ്ഞപ്പോൾ ജോജു വന്നു ഗേറ്റടച്ചു പോകുന്നത് ഞാൻ കണ്ടതാണല്ലോ?."

ജോജു വിവർണനായി!.

"അയ്യയ്യോ ഞാനോ!?.  അങ്കിളിനു തോന്നിയതായിരിക്കും. ഞാൻ ഇതൊന്നും അറിഞ്ഞിട്ടേയില്ല !. "

കള്ളനെ എനിക്കു  പിടികിട്ടി കഴിഞ്ഞിരുന്നു. പിന്നെ മടിച്ചില്ല .

"സത്യം പറയു ജോജു! നീയല്ലേ ഇന്നലെ മതിലിൽ കാറിടിച്ചത്?."

"ദേ അങ്കിളേ   അനാവശ്യം പറയരുത്!."

"ഉറങ്ങുകയായിരുന്നു എന്നു ജോജു പറയുന്നത് സത്യമല്ല. നീ വന്നു ഗേറ്റ് അടക്കുന്നത്  ഞാൻ വ്യക്തമായി കണ്ടതാ!."  

" നിങ്ങൾ എന്ത് കോപ്പ് കണ്ടെന്നാണ് ? ഏയ്‌ മിസ്റ്റർ നിങ്ങൾക്ക്...;" 

"ജോജൂ, സ്റ്റോപ്പിറ്റ്!!."  

ചെറുപ്പക്കാരനെ  മുഴുമിപ്പിക്കാൻ അനുവദിക്കാതെ ഉറക്കെ ശബ്ദിച്ചുകൊണ്ട് മാത്യൂസ്‌ വീട്ടിൽനിന്നും ഇറങ്ങിവന്നു. മാത്യൂസ് ജോജുവിന്റെ അപ്പനാണ്. ജോജു ഏക മകൻ.  പട്ടാളത്തിൽ മേജർ  ആയി റിട്ടയർ ചെയ്തയാളാണ്‌ മാത്യൂസ്‌ . ഗേറ്റിൽ പിടിച്ചു പുകഞ്ഞു നിൽക്കുന്ന മകനോട് അയാൾ ശാന്തസ്വരത്തിൽ പറഞ്ഞു :

"ജോജു ഗോ ഇൻസൈഡ്  ആൻഡ്‌ ഹെൽപ് യോർ മോം ഡ്രസ്  ദ് ചിക്കൻ!."

"അല്ല ഡാഡി ! ഇയാൾക്ക് ....;"

"പ്ലീസ്  ഗോ ഇൻസൈഡ് ആൻഡ്‌  ഡൂ വാട്ട്‌ ഐ സേ ജോജൂ !!." 

ചെറുപ്പക്കാരൻ മുറുമുറുത്തുകൊണ്ട്  വീട്ടിൽ കയറി ഊക്കോടെ വാതിലടച്ചു. 

ഞാൻ വല്ലാതായി!

മാത്യൂസ്‌  പിന്നെ സാവധാനം  എന്റെ അടുത്തു വന്നു കൈകൂപ്പിക്കൊണ്ട്‌ പറഞ്ഞു :

"സർ! ക്ഷമിക്കണം.  മതിലിൽ കാർ കൊണ്ടുവന്നിടിച്ചത് അവൻ തന്നെയാണ്. ഡ്രൈവിംഗ് അവനു ഫ്ലുവന്റ് ആയിട്ടില്ല. ബട്ട്‌ ദാറ്റ്സ് നോട്ട് ആൻ എസ്ക്യൂസ്. തകർന്ന മതിൽ വൃത്തിയായി ഞാൻ കെട്ടിച്ചു തരാം. ഞങ്ങളോട് വിരോധം തോന്നരുത്." 

"അയ്യോ മാത്യൂസ്‌ ഞാൻ....;"

"അല്ല സർ! എല്ലാം ഇന്നലെ രാത്രി തന്നെ ഞാൻ അറിഞ്ഞിരുന്നു. രാവിലെ വന്നു സാറിനെ കണ്ടു സംസാരിക്കാമെന്നു സമാധാനിച്ചത്‌ പിഴച്ചു. അതിനു മുമ്പ് പയ്യൻ വന്നു കുഴപ്പമുണ്ടാക്കുമെന്നു കരുതിയില്ല. തെറ്റുകളേറെ സംഭവിച്ചു! ക്ഷമിക്കണം സർ!.  കുട്ടികളല്ലേ വിവേകം കുറവാണ്!."

"എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ആ വലിയ മനുഷ്യന്റെ അന്തസ്സുറ്റ പെരുമാറ്റം സൃഷ്ടിച്ച വിസ്മയത്തിൽ വാക്കുകളെല്ലാം  തൊണ്ടയിൽ കുരുങ്ങി ഒന്നു നന്ദി പറയാൻ  പോലും എനിക്കു കഴിഞ്ഞില്ല!." 

ചേട്ടൻ അടിവരയിട്ടു.

വീട്ടിലെത്തി സെറ്റിയിൽ ഇരുന്നൊന്നാശ്വസിക്കാൻ ഇട കിട്ടുന്നതിനു മുമ്പ്  കേട്ട കഥയുടെ കോരിത്തരിപ്പ് മാറിയപ്പോൾ ഞാൻ ചോദിച്ചു :

" അല്ല; വന്നു കയറിയതേയുള്ളൂ  ഞാൻ. അപ്പോഴേക്കും ചേട്ടൻ ഈ കഥ പറയാൻ കാരണം?."

"ഒന്ന്വല്ല; ഞാൻ ഓരോന്ന് ആലോചിച്ചിരിക്ക്യായിരുന്നു. മാത്യൂസ്‌ ഇന്നലെ രാത്രി മരിച്ചു. ഹാർട്ടറ്റാക്കായിരുന്നു.   കുറച്ചു മുമ്പ് മകനാണ് കരഞ്ഞുകൊണ്ട്‌ മരണവാർത്ത വിളിച്ചു പറഞ്ഞത്!."

************