ജെനറേഷൻ ഗ്യാപ്പ്
പതിവു സന്ദർശനത്തിനായി ഒരു ദിവസം ചേട്ടന്റെ വീട്ടിൽ ചെന്നപ്പോൾ അദ്ദേഹം മുഖവുരയില്ലാതെ പറഞ്ഞ കഥയാണ്. കഥയല്ല; കാര്യം. എഴുതാതിരിക്കാൻ വയ്യെന്നു തോന്നി.
അഞ്ചെട്ടു കൊല്ലം മുമ്പ് എറണാകുളത്ത് ഇടപ്പള്ളിയിൽ താമസിക്കുന്ന കാലം. ഒരു ദിവസം രാത്രിയിൽ ഉറക്കത്തിനിടയിൽ വലിയൊരു ശബ്ദം കേട്ടു ഞാൻ ഞെട്ടിയുണർന്നു. ഉറക്കപ്പ്രാന്തൊതുക്കി ബോധം നേരെയാക്കാൻ അൽപ്പം നേരമെടുത്തു. എല്ലാം നോർമലായപ്പോൾ എഴുന്നേറ്റു ചെന്നു സ്വീകരണ മുറിയുടെ മുൻവശത്തെ ജനൽ കർട്ടൻ നീക്കി മുറ്റത്തേക്കു നോക്കി. ഒന്നും കാണുന്നില്ല. എതിർവശത്തുള്ള വീട്ടിലെ പോർട്ടിക്കോയിൽ വെളിച്ചമുണ്ട്. അവരുടെ ഗേറ്റ് മലർക്കെ തുറന്നു കിടക്കുന്നു.
പെട്ടെന്ന് ആ വീട്ടിലെ ചെറുപ്പക്കാരൻ പടിക്കലേക്കു വരുന്നതും ഗേറ്റ് വലിച്ചടച്ച് വീട്ടിലേക്കു തിരിച്ചു കയറുന്നതും കണ്ടു . എന്താണ് സംഭവിച്ചതെന്ന് ഒരു പിടിയും കിട്ടിയില്ല. എന്തുമാവട്ടെ എന്നു നിനച്ചു തിരിച്ചു ചെന്നു കിടന്നു.
പിറ്റേ ദിവസം വെളുപ്പിന് എണീറ്റു പടിക്കൽ ചെന്ന് നോക്കിയപ്പോഴെന്താ! മതിലിന്റെ ചെറിയൊരു ഭാഗം തകർന്നു കിടക്കുന്നു!. എന്താണ് ചെയ്യേണ്ടതെന്നറിയാതെ അസ്വസ്ഥനായി ചുറ്റും നോക്കി നിൽക്കുമ്പോഴുണ്ട് ചെറുപ്പക്കാരൻ വീട്ടിൽനിന്നിറങ്ങി വരുന്നു. തകർന്നു കിടക്കുന്ന മതിലും വിഷണ്ണനായി നിൽക്കുന്ന എന്നെയും മാറി മാറി നോക്കി ജോജു എന്ന പേരുള്ള പയ്യൻ സാകൂതം ചോദിച്ചു :
"അയ്യോ ഇതെന്താണങ്കിളേ! മതിലൊക്കെ പൊളിഞ്ഞല്ലോ! എന്തു പറ്റീ?."
"എന്താണെന്നറിയില്ല്യ ജോജു. ഇന്നലെ രാത്രി സംഭവിച്ചിട്ടുള്ളതാണ്. ഒരു പതിനൊന്നരക്ക് വലിയൊരു ശബ്ദം കേട്ടാണ് ഞാനുണർന്നത്. അപ്പോഴൊന്നും മനസ്സിലായിരുന്നില്ല. ഇപ്പൊ ദാ ഇങ്ങിനെയൊക്കെ കാണുന്നു !."
"അയ്യോ! കഷ്ടമായിപ്പോയല്ലോ അങ്കിളേ!."
"ഒന്ന് ചോദിക്കട്ടെ; രാത്രി ജോജു കേട്ടില്ലേ ആ ശബ്ദം?."
"ഞാനോ?." ഒന്നു പരുങ്ങിയശേഷം അയാൾ തുടർന്നു:
"ഏയ് ഞാനൊന്നും കേട്ടില്ലല്ലോ അങ്കിളേ?. ഞാൻ നല്ല ഉറക്കമായിരുന്നു."
"അപ്പോൾ ഇന്നലെ ആ ശബ്ദം കേട്ട് കുറച്ചു കഴിഞ്ഞപ്പോൾ ജോജു വന്നു ഗേറ്റടച്ചു പോകുന്നത് ഞാൻ കണ്ടതാണല്ലോ?."
ജോജു വിവർണനായി!.
"അയ്യയ്യോ ഞാനോ!?. അങ്കിളിനു തോന്നിയതായിരിക്കും. ഞാൻ ഇതൊന്നും അറിഞ്ഞിട്ടേയില്ല !. "
കള്ളനെ എനിക്കു പിടികിട്ടി കഴിഞ്ഞിരുന്നു. പിന്നെ മടിച്ചില്ല .
"സത്യം പറയു ജോജു! നീയല്ലേ ഇന്നലെ മതിലിൽ കാറിടിച്ചത്?."
"ദേ അങ്കിളേ അനാവശ്യം പറയരുത്!."
"ഉറങ്ങുകയായിരുന്നു എന്നു ജോജു പറയുന്നത് സത്യമല്ല. നീ വന്നു ഗേറ്റ് അടക്കുന്നത് ഞാൻ വ്യക്തമായി കണ്ടതാ!."
" നിങ്ങൾ എന്ത് കോപ്പ് കണ്ടെന്നാണ് ? ഏയ് മിസ്റ്റർ നിങ്ങൾക്ക്...;"
"ജോജൂ, സ്റ്റോപ്പിറ്റ്!!."
ചെറുപ്പക്കാരനെ മുഴുമിപ്പിക്കാൻ അനുവദിക്കാതെ ഉറക്കെ ശബ്ദിച്ചുകൊണ്ട് മാത്യൂസ് വീട്ടിൽനിന്നും ഇറങ്ങിവന്നു. മാത്യൂസ് ജോജുവിന്റെ അപ്പനാണ്. ജോജു ഏക മകൻ. പട്ടാളത്തിൽ മേജർ ആയി റിട്ടയർ ചെയ്തയാളാണ് മാത്യൂസ് . ഗേറ്റിൽ പിടിച്ചു പുകഞ്ഞു നിൽക്കുന്ന മകനോട് അയാൾ ശാന്തസ്വരത്തിൽ പറഞ്ഞു :
"ജോജു ഗോ ഇൻസൈഡ് ആൻഡ് ഹെൽപ് യോർ മോം ഡ്രസ് ദ് ചിക്കൻ!."
"അല്ല ഡാഡി ! ഇയാൾക്ക് ....;"
"പ്ലീസ് ഗോ ഇൻസൈഡ് ആൻഡ് ഡൂ വാട്ട് ഐ സേ ജോജൂ !!."
ചെറുപ്പക്കാരൻ മുറുമുറുത്തുകൊണ്ട് വീട്ടിൽ കയറി ഊക്കോടെ വാതിലടച്ചു.
ഞാൻ വല്ലാതായി!
മാത്യൂസ് പിന്നെ സാവധാനം എന്റെ അടുത്തു വന്നു കൈകൂപ്പിക്കൊണ്ട് പറഞ്ഞു :
"സർ! ക്ഷമിക്കണം. മതിലിൽ കാർ കൊണ്ടുവന്നിടിച്ചത് അവൻ തന്നെയാണ്. ഡ്രൈവിംഗ് അവനു ഫ്ലുവന്റ് ആയിട്ടില്ല. ബട്ട് ദാറ്റ്സ് നോട്ട് ആൻ എസ്ക്യൂസ്. തകർന്ന മതിൽ വൃത്തിയായി ഞാൻ കെട്ടിച്ചു തരാം. ഞങ്ങളോട് വിരോധം തോന്നരുത്."
"അയ്യോ മാത്യൂസ് ഞാൻ....;"
"അല്ല സർ! എല്ലാം ഇന്നലെ രാത്രി തന്നെ ഞാൻ അറിഞ്ഞിരുന്നു. രാവിലെ വന്നു സാറിനെ കണ്ടു സംസാരിക്കാമെന്നു സമാധാനിച്ചത് പിഴച്ചു. അതിനു മുമ്പ് പയ്യൻ വന്നു കുഴപ്പമുണ്ടാക്കുമെന്നു കരുതിയില്ല. തെറ്റുകളേറെ സംഭവിച്ചു! ക്ഷമിക്കണം സർ!. കുട്ടികളല്ലേ വിവേകം കുറവാണ്!."
"അയ്യോ മാത്യൂസ് ഞാൻ....;"
"അല്ല സർ! എല്ലാം ഇന്നലെ രാത്രി തന്നെ ഞാൻ അറിഞ്ഞിരുന്നു. രാവിലെ വന്നു സാറിനെ കണ്ടു സംസാരിക്കാമെന്നു സമാധാനിച്ചത് പിഴച്ചു. അതിനു മുമ്പ് പയ്യൻ വന്നു കുഴപ്പമുണ്ടാക്കുമെന്നു കരുതിയില്ല. തെറ്റുകളേറെ സംഭവിച്ചു! ക്ഷമിക്കണം സർ!. കുട്ടികളല്ലേ വിവേകം കുറവാണ്!."
"എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ആ വലിയ മനുഷ്യന്റെ അന്തസ്സുറ്റ പെരുമാറ്റം സൃഷ്ടിച്ച വിസ്മയത്തിൽ വാക്കുകളെല്ലാം തൊണ്ടയിൽ കുരുങ്ങി ഒന്നു നന്ദി പറയാൻ പോലും എനിക്കു കഴിഞ്ഞില്ല!."
ചേട്ടൻ അടിവരയിട്ടു.
വീട്ടിലെത്തി സെറ്റിയിൽ ഇരുന്നൊന്നാശ്വസിക്കാൻ ഇട കിട്ടുന്നതിനു മുമ്പ് കേട്ട കഥയുടെ കോരിത്തരിപ്പ് മാറിയപ്പോൾ ഞാൻ ചോദിച്ചു :
" അല്ല; വന്നു കയറിയതേയുള്ളൂ ഞാൻ. അപ്പോഴേക്കും ചേട്ടൻ ഈ കഥ പറയാൻ കാരണം?."
"ഒന്ന്വല്ല; ഞാൻ ഓരോന്ന് ആലോചിച്ചിരിക്ക്യായിരുന്നു. മാത്യൂസ് ഇന്നലെ രാത്രി മരിച്ചു. ഹാർട്ടറ്റാക്കായിരുന്നു. കുറച്ചു മുമ്പ് മകനാണ് കരഞ്ഞുകൊണ്ട് മരണവാർത്ത വിളിച്ചു പറഞ്ഞത്!."
************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ