2012 ഏപ്രിൽ 21, ശനിയാഴ്‌ച

ചതുര്‍ഥാശ്രമം

ചതുര്‍ത്ഥാശ്രമം 

തൊണ്ണൂറ്റിനാലിലെ ഒരു ശബരിമലയാത്ര. സഹതീര്‍ഥാടകരെല്ലാം പമ്പയില്‍ പിതൃബലിയിടുന്നു എന്നറിഞ്ഞപ്പോഴാണ്  യാത്രക്കു മുന്‍പ് അമ്മ  പ്രത്യേകം നിര്‍ദേശിച്ചിരുന്ന  കാര്യം എനിക്കോര്‍മ്മ വന്നത്. അച്ഛനും ചേച്ചിയ്ക്കും ബലിയിടണം.   അടുത്തടുത്തായി അച്ഛനും ചേച്ചിയും  മരിച്ചത് കഴിഞ്ഞ  വര്‍ഷമാണ് .    

പുഴയില്‍  മുങ്ങി  ഈറന്‍  തറ്റുടുത്ത്‌ മുന്നിലിരുന്നപ്പോള്‍ പരികര്‍മി  ചോദിച്ചു:

"ആര്‍ക്കാ?"

"രണ്ടാള്‍ക്ക്‌ "

"ആരൊക്കെ ?"

"അച്ഛനും  ചേച്ചിയും"

"പേര് ?"

"എന്‍റെ  പേര്   ബാലചന്ദ്രന്‍ ."

" പരേതരുടെ പേരാ ചോദിച്ചേ! "

" നാരായണന്‍ നായര്‍,  ശാരദ ."

" ശരി, ഇനി ഞാന്‍  ചൊല്ലുന്നതൊക്കെ   ഏറ്റു ചൊല്ലിക്കോണം;  പറയുന്നപോലെ ക്രിയകളൊക്കെ ചെയ്തോണം!."

കുറുക്കിയുരുവിട്ട ബലിമന്ത്രങ്ങൾ ഏതാണ്ട് ഗ്രഹിക്കാനായവ   ഏറ്റുചൊല്ലിയും അല്ലാത്തവ വിഴുങ്ങിയും  ക്രിയാ നിര്‍ദേശങ്ങള്‍ അനുസരിച്ചും ബലിയുടെ ഒരു  താളവട്ടം കഴിഞ്ഞപ്പോള്‍ പരികര്‍മി ചോദിച്ചു:

"അടുത്തത്  ആര്‍ക്കാണെന്നാ  പറഞ്ഞത് ?"

"കഴിഞ്ഞതാരട്യാ?" എനിക്കു സംശയമായി .

"കഴിഞ്ഞത്  ബാലചന്ദ്രന്‍റെ . "

ഒരു നിമിഷം തരിച്ചിരുന്നു പോയി! മനോനില സാധാരണമായപ്പോള്‍ ഏഴുന്നേറ്റുകൊണ്ട് പറഞ്ഞു:

" മതി.  ഇനി  വേണന്നില്ല്യ!  ."

" അതെന്തേ?   രണ്ടെന്നു  പറഞ്ഞിട്ട് ?"

"ഇനീപ്പോ  ഒന്ന് രണ്ട് ഭേദങ്ങളില്ല.  ഒന്നേള്ളൂ.   ആത്മബലിയാണിട്ടത് !"

അന്തംവിട്ടു  നിന്ന പരികര്‍മിയുടെ കയ്യില്‍  ദക്ഷിണ വെച്ച് ഞാന്‍ പുഴയിലേക്ക് തിരിച്ചു നടന്നു. പിന്നില്‍ പരിഭ്രാന്തി കലര്‍ന്ന  ശരണംവിളി  . 

"സ്വാമ്യേയ് ശരണമയ്യപ്പ!"

ഒരു  വട്ടം കൂടി പമ്പയില്‍  മുങ്ങിനിവരുമ്പോള്‍ പരികര്‍മ്മി ഓതിത്തരാന്‍ വിട്ടുപോയത്  മനസ്സ് പൂരിപ്പിച്ചു :

ആത്മപിണ്ഡം  സമര്‍പ്പയാമി.....

                                                 ******




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ