മൂല്യനിര്‍ണയം
എന്തിനേയും ഏതിനേയും രോമത്തോട് താരതമ്യപ്പെടുത്തി വില കുറച്ചു കാണുന്ന ഒരു
സംസാരരീതിയായിരുന്നു ശങ്കുമാന്റേത് .
"അവന്‍ വിചാരിച്ചാ ഒരു രോമോം കൂട്ട്യാ കൂടില്ല്യ !"
"അവനെ എനിക്ക് രോമത്തിന്റെ വെലേല്ല്യ !"
"അവൻ അറിഞ്ഞാ എനിക്കെന്തൂട്ട് രോമാ?"
എന്നിങ്ങനെ ചുക്കിനെ തട്ടി മാറ്റി തൽസ്ഥാനത്ത് രോമത്തെ പ്രതിഷ്ടിച്ചുകൊണ്ടുള്ള ഒരു സസ്യേതര
ഭാഷണഭേദം.
ഒരു നാൾ ചുണ്ടും മൂക്കും കണ്‍തടങ്ങളും എന്നു വേണ്ട മുഖമാസകലം നീരുവന്നു വീര്‍ത്ത പരുവത്തില്‍ ശങ്കുമാനെ വഴിയിൽ വെച്ചു കാണാനിടയായി. വിവരമന്വേഷിച്ചപ്പോള്‍ പല്ലു പറിക്കാന്‍ ഇഞ്ചക്ഷന്‍ എടുത്തു വായ മരവിച്ചവനെപ്പോലെ ശങ്കുമ്മാന്‍ പറഞ്ഞു :
" ഒന്നും പറേണ്ട ന്റെ മാഷേ; മൂക്കില് നീണ്ടു വന്ന് മെനക്കെട്ണ്ടാക്ക്യേ ഒരു രോമം കയ്യോണ്ട് വലിച്ച് കളഞ്ഞതാ. മൂന്നു ലോകോം കണ്ടു! തന്ന്യല്ല മൂന്നീസം കോപ്രേറ്റീവില് കെടക്കണ്ടീം വന്നു. മൂന്നീസം കൊണ്ട് മുവ്വായിരം രൂവ ഭും !"
ചുവന്നു വീർത്തു ക്രിക്കറ്റ് ന്യൂ ബോൾ പോലെ തിളങ്ങുന്ന മൂക്കിന്റെ വിങ്ങല്‍ കൈവിരലുകൾകൊണ്ടു തൂവല്‍സ്പര്‍ശം നടത്തി ലഘൂകരിക്കുന്നതിനിടയിൽ ശങ്കുമ്മാൻ പശ്ചാത്തപിച്ചു :
"ന്റെ മാഷേ! ഇപ്പെനിക്ക് മനസ്സിലായി; രോമത്തിന്റെ നെലേം വേലേം !"
----------------
Photo courtesy:Lëïzëë Pïggëë Phörs.

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ