2014 ഏപ്രിൽ 21, തിങ്കളാഴ്‌ച

മുഖാമുഖം

മുഖാമുഖം



ചുമ പെരുമ്പറ കൊട്ടി ആവേശിച്ച ഒരു മീനമാസരാത്രി....

പത്തു മണിക്ക് മലർന്ന കിടക്കയിൽ കൃത്യം രണ്ടു മണിക്ക് എണീറ്റിരുന്ന് നാലാമത്തെ താളവട്ടം അടിമുടി ചുമച്ചു കഴിഞ്ഞപ്പോൾ സമാധാനിച്ചു; ആചാരമനുസരിച്ച് ഇനി വെളുപ്പിന് ആറു മണിക്കാണ് ചുമയ്ക്കേണ്ടത്. അപ്പോള്‍ മൂന്നു മൂന്നര മണിക്കൂർ കണ്ണടക്കാൻ സമയമുണ്ട് .

കഴിഞ്ഞതിന്റെ ക്ഷീണം തീർക്കാനായി കട്ടിലിനരികിലെ ജനൽപ്പടിയിൽ കൈമുട്ടുകൾ കുത്തി പുറത്തേക്കു നോക്കിയിരുന്നപ്പോഴാണ് കണ്ടത്!

പത്തടി അപ്പുറം വീടിന്റെ തെക്കേ മതില്‍ ചാരി സംഭവം നിൽക്കുന്നു!

പത്തു മിനിട്ടോളം വെടിപ്പായി ചുമച്ച വകയിൽ ഞെട്ടാനും പരിഭ്രമിക്കാനുമുള്ള ശേഷി പൂർണമായും ചോർന്നു പോയതുകൊണ്ടാവണം മനസ്സിൽ ധൈര്യം ചാർജെടുത്തിരുന്നു. അറ്റാച്ച്ഡ്‌ കുളിമുറിയിലെ നരച്ച വെന്റിലേറ്റർ ഗ്ളാസ്സിലൂടെ പുറത്തു ചാടിയ നേർത്ത പ്രൊഫൈല്‍ വെളിച്ചത്തില്‍ മതിൽ ചാരി നിന്നവന്റെ ത്രിമാനചിത്രം തെളിഞ്ഞു. ആദ്യായിട്ട് കാണ്വാ. എന്തൊരെടുപ്പ്‌ !

ആറടി ഉയരം. കുളുർക്കെ മെഴുക്കു പുരട്ടി മിനുക്കിയ ആറുകട്ട കരിവീട്ടി മെയ്യ്!. കറുത്ത ബെർമൂഡ. ട്രെൻഡി മുഖം മൂടി. ചമയങ്ങളും ലക്ഷണങ്ങളും കിറുകൃത്യം! .

നെഞ്ചുയരം മാത്രമുള്ള അഞ്ചടി മതിലിനു മുകളിൽ വലതു കൈമുട്ടു കുത്തി ചുരുട്ടിയ മുഷ്ട്ടിയിൽ തല താങ്ങി വിവേകാനന്ദൻ സ്റ്റൈലിൽ നിർമമനും നിരഹങ്കാരിയുമായാണ് പ്രതിഷ്ഠ. മുഖംമൂടിയിലെ ദ്വാരങ്ങൾക്കു പിന്നിലെ ഇരുട്ടിൽ തിളങ്ങുന്ന കണ്ണുകൾ !. നോട്ടം ഇങ്ങോട്ടു തന്നെ.

രണ്ടു പേർക്കുമിടയിൽ നീണ്ടു വലിഞ്ഞു രംഗബോധമില്ലാതെ ഘനീഭവിച്ച മൌനത്തെ കയ്യില്‍ കിട്ടിയ ഉപചാരമെടുത്തു ഞാൻ ഭേദിച്ചു :

"ആരാ ?"

ഒരു മുരടനക്കത്തെ അകമ്പടിച്ച് ഘടോൽക്കചൻ പ്രതിവചിച്ചു:

"അയ്‌! ഇതെന്തു ചോദ്യാ മാഷെ?. ഇപ്പൊ സമയം എത്ര്യാ?."

"രണ്ട്?"

"ആണലോ? രാത്രി രണ്ടു മണി നേരത്ത്‌ മേലാസകലം ഗ്രീസ് തേച്ച് മുഖമ്മൂടി കെട്ടി വീട്ടുവളപ്പില് കടക്കണതാരാവും ?"

"കള്ളൻ?."

"അപ്പൊ ചോളാക്യം ചോദിക്ക്യാർന്നുല്ലേ!"

"സോറി; ഒരുപചാരമൊക്കെ വേണ്ടേ?"

ഞാൻ നിരുദ്ധകണ്ഠനായി.

"അത് ശര്യാ. ചക്ക തലേല് വെച്ച് നടന്നു പോണോനോടും ചോദിക്കണലോ എന്തൂട്ടാ തലേല് ന്ന് !"

"കറക്റ്റ്!."

"അതൊക്കെ പോട്ടെ, കൊറേ നേരായി ഞാൻ കേട്ടു നിക്ക്വാർന്നു. എന്റെ വഴി മുടക്കിയ ഈ പ്രകടനം. ഭേദപ്പെട്ട ചൊമ്യാണലോ? ഡോക്ട്ടറെ കാണിച്ച്വോ ?"

" കാണിക്ക്യൊക്കെ ചെയ്തു എന്റെ തസ്കര്‍ജീ ! ഒരു മാസായി. ഒരു കൊറവൂലല്യാന്ന് പറഞ്ഞാ മതീലോ!?."

"ഒരു മാസോ!?."

മതിലിൽ നിന്നും കയ്യെടുത്ത് താടിക്കു വെച്ച് അതിശയമുദ്ര കാണിച്ചുകൊണ്ട് നിശാചരൻ തുടര്‍ന്നു:

"രണ്ടാഴ്ച കഴിഞ്ഞിട്ടും മാറാത്ത ചൊമയെ സംശയത്തിന്റെ സൂചിമുനയിൽ കോർക്കണന്നാ വൈദ്യമതം. വല്ല ചെസ്റ്റ് സ്പെഷലിസ്റ്റിനേം കാണാർന്നില്ല്യേ!."

" കണ്ടൂന്നേയ്. അയാള് കൊറേ പരീക്ഷേം നടത്തി."

" കശ്മലൻ എന്തു ചൊല്ലീ?."

"പേടിക്കാനൊന്നൂല്ല്യാന്ന്. നീരെറങ്ങീട്ടാത്രെ. ചുട്ട വേനലാണലോന്നും കൂട്ടിച്ചേർത്തു."

"ങ്ഹും, അതും ശര്യന്ന്യാ. എന്താ ചൂട്! സദാസമയോം തലങ്ങനെ വെശർക്ക്വല്ലേ!."

ജനലിനപ്പുറം മൌനം വീണ്ടും ഐസുണ്ടാക്കി.

"തൃശ്ശൂക്കാരനാല്ലേ?."

ഞാൻ ഡീഫ്രോസ്റ്റർ ഓണാക്കി .

"എങ്ങനെ മനസ്സിലായി?."

"സ്ലാങ്ങ്!. "

"അനുമാനത്തിന് നൂറു മാർക്ക്!. "

" വീടെവട്യായിട്ടു വരും?."

"ഓ ഷിറ്റ്! കള്ളന്മാരടേം പുഴകൾടേം പോസ്റ്റൽ അഡ്രസ്സ് ചോയ്ക്കരുതെന്ന് മഹാഭാരതത്തില് ദുര്യോധനന്‍ പറഞ്ഞ്ട്ട്‌ണ്ട് ! അറീല്ല്യാന്ന്ണ്ടോ? "

"സോറി!."

കരിവേഷം കയ്യകലം വിട്ടു ജനലരികില്‍ വന്നു. ഗ്രീസിന്റെ മണം മൂക്കിലേക്ക് അടിച്ചു കയറി!.

"അതേയ് ചൊമക്കൊരു സൂത്രം പറഞ്ഞ് തരാം. ഇഞ്ചി, പൊതീനയില, ചോന്നുള്ളി ങ്ങനെ മൂന്നു കൂട്ടം സമാസമം ഇടിച്ചു പിഴിഞ്ഞ നീരിൽ തേൻ ചേർത്ത് ഓരോ സ്പൂണ്‍ വീതം അഞ്ചു നേരം സേവിച്ചു നോക്ക്യേൻ!"

"ചൊമ പുവ്വ്വോ ?"

"പമ്പ വഴി !. "

"വൌ! ഗൃഹചികിത്സ വശണ്ട് ല്ലേ?."

"പിന്നില്ല്യാണ്ട് പറ്റ്വോ ഗഡീ!. ഒക്ക്യുപേഷണൽ റിസ്ക്‌ വേണ്ടത്രേള്ള ഫീല്‍ഡാ. ഫിസിക്കൽ ഫിറ്റ്നസ്സിൽ കോംപ്രമൈസില്ല!. "

"കാണ്ട് എഗ്രീ വിത്ത്‌ യു മോർ! മുടിഞ്ഞ ജാഗ്രത വേണം!."

"യു സെഡിറ്റ്!; ജാഗ്രത ! നിതാന്ത ജാഗ്രത ! പ്രാപ്യ വരാൻ നിബോധത!. ഓ! സമയം പോയി!. അപ്പൊ വരട്ടെ ഭായ്!. "

"അയ്‌! അപ്പൊ വന്ന കാര്യം?"

"പർവാ നൈ. ലീവിറ്റ്.! "

"എനിക്ക് വിരോധല്ല്യ . ഗോ അഹെഡ്. "

" നോണ്‍ സെൻസ്! ചെയ്യണ ജോലിക്ക് സത്യം വേണ്ടേ? അതെന്റെ പോർട്ട്‌ഫോളിയോ അല്ല. "

"ഏത്?."

"ഗൃഹനാഥൻ അപ്രൂവ് ചെയ്ത മോഷണം. ഒരു മാതിരി സെൻ കഥ പോലെ!."

"ന്നാലും അത്യാവശ്യം നടക്കട്ടെ."

"നോ താങ്ക്സ്!. എന്തൊക്ക്യായാലും ജോബ്‌ സാറ്റിസ്ഫാക്ഷൻ എന്നൊന്നുണ്ടലോ ? "

"ജോബ്‌ സാറ്റിസ്ഫാക്ഷനോ ?"

"അതപ്പാ! എൻജോയിങ്ങ് ദ് ഗെയിം!. മനുഷ്യൻ അപ്പംകൊണ്ട് മാത്രം കഴിഞ്ഞു കൂട്യാ മത്യോ ? ബാപ്‌രേ!! ദാ കോഴ്യാ കൂവണ്! ഇന്നത്തെ ഇന്നിങ്ങ്സ് ഡക്ക്! ഓക്കേ ബഡീ, ബൈ ഫോർ നൗ, ടേക്കെയർ!
*************

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ