2014 ഏപ്രിൽ 27, ഞായറാഴ്‌ച

ദി ഗ്രേറ്റ് എസ്കേപ്

ദി ഗ്രേറ്റ് എസ്കേപ്



മുണ്ടകൻപാടത്തെ പുത്തന്‍വെട്ടുവഴിയിലൂടെ പതിവുള്ള പ്രഭാതസവാരിയില്‍ വെച്ചടി വെച്ചടി മുന്നേറുകയായിരുന്നു ഞാൻ . ഭൂമിക്കച്ചവടക്കാർ മൊത്തം വാങ്ങിക്കൂട്ടി തരിശിട്ട പാടത്ത് ഇരകള്‍ക്കു വേണ്ടി സ്കാനിങ്ങ് നടത്തുന്ന ഒരു കൂട്ടം കൊക്കുകളെ കണ്ടപ്പോൾ  ഞാൻ ചോദിച്ചു  :

"ആകാശത്തിലെ പറവകളേ! വിതയും കൊയ്ത്തുമില്ലാത്ത  ഈ വേനൽമണ്ണിൽ തലയുയർത്താത്ത  കൃമികീടങ്ങളെ പരതി നിങ്ങളെന്തിനു വൃഥാവ്യായാമം നടത്തുന്നു? ദാ നോക്കൂ, കുറച്ചപ്പുറം കൊയ്തൊഴിഞ്ഞ പുഞ്ചപ്പാടത്ത്  ഇടയന്മാർ പണമിറക്കി വെള്ളം കയറ്റിയ കണ്ടങ്ങളിൽ താറാക്കൂട്ടങ്ങൾ തിന്നു പുളച്ചു നടക്കുന്നുണ്ട്. പറന്നു പോയ്ക്കൂടെ നിങ്ങൾക്കങ്ങോട്ട്‌? കാലണ കണ്ടത്തിലിറക്കാതെ ഉഴുതു മറിച്ച് മുക്തകണ്ഠം വിഴുങ്ങാലോ ?"

വഴിപോക്കൻ പറയുന്നതിലെ ഭക്ഷ്യസുരക്ഷാസാദ്ധ്യത തിരിച്ചറിഞ്ഞിട്ടാകാം വിഷയം പഠിക്കുവാന്‍ യോഗം  കൂടിയ  കൊക്കുകളെ  ഉത്സുകനായി നോക്കി   നിൽക്കുമ്പോഴാണ് അതുണ്ടായത്‌!. 

എതിർ  ദിശയിൽനിന്നാണ്  അവർ വന്നത്. കറുപ്പും വെളുപ്പും തവിട്ടും നിറത്തിൽ പാണ്ഡന്മാരും കുണ്ടന്മാരും ചാവാളികളുമായി അവര്‍ ഒരു ഡസനോളം  പേരുണ്ടായിരുന്നു.

ലക്‌ഷ്യം ഞാൻ തന്നെയായിരുന്നു. ഗൂഡ സങ്കേതത്തിൽ ചെന്നു പെട്ട ആലിബാബയുടെ ചേട്ടനു  നേരെ നാല്പതു കള്ളന്മാരുടെ കുതിരപ്പട്ടാളമെന്നപോലെ കുളമ്പടികളും പൊടി പടലവും ഹുങ്കാരവുമുയർത്തി അവർ  കുതിച്ചു വന്നു. 

ഡ്രാക്കുളയുടെ താവഴിയിൽ പെട്ട തെരുവുപട്ടികൾ പതിയിരിക്കുന്ന കുറ്റിക്കാടുകൾ നിറഞ്ഞ വിജനപ്രദേശങ്ങളിലൂടെ ഒറ്റയ്ക്ക് നിരായുധനായി നടക്കുന്നതിലെ അപകടത്തെക്കുറിച്ചു കുറച്ചുനാൾ മുൻപ് ആരൊക്കെയോ സൂചിപ്പിച്ചിരുന്നതോർത്തു. ജ്ഞാനികളുടെ ഉപദേശങ്ങളെ  അവഗണിച്ചതിനു പശ്ചാത്തപിക്കാൻ പോലും ഇട നൽകാതെയാണ് പൊതു മിനിമം പരിപാടി അടിസ്ഥാനത്തിൽ ഐക്യമുന്നണി തീർത്തവര്‍ കുരച്ചും ഇളിച്ചും തേത്തായി ഒലിപ്പിച്ചും തൊട്ടു മുന്നിലെത്തിയത്!. 


ഒന്നുറക്കെ നിലവിളിച്ചാൽപോലും കേൾക്കാൻ ആൾത്തരിയില്ലാത്ത സ്ഥലം. പള്ളിയിൽ നിത്യകുർബാന കൈക്കൊള്ളാന്‍ പോകാറുള്ള പരിചിതരായ ഇരുചക്രവാഹനക്കാരെ ആരെയും കാണുന്നില്ല.  ഒന്നു മാത്രം മുന്നിൽ തെളിഞ്ഞു കണ്ടു . മരണത്തിന്‍റെ ശ്വാനമുഖം. 'ഒരു മരണത്തിന്   നീ ദൈവത്തോടു കടപ്പെട്ടിരിക്കുന്നു' എന്ന വിജ്ഞവാക്യം ഉദ്ധരിച്ചുകൊണ്ട് വായ്പ തിരിച്ചടക്കാത്തവന്‍റെ ഓട്ടോ റിക്ഷ പിടിച്ചെടുക്കാൻ വന്ന ഗുണ്ടകളെപ്പോലെ നായ്ക്കൾ മുന്നിൽ മുണ്ട് വളച്ചു കുത്തി നിന്നു .


ഇനി ഒന്നും ആലോചിക്കാനില്ല .ഒരു കൈ നോക്കുക തന്നെ. ഭാഗ്യം തുണയ്ക്കാത്ത പക്ഷം ഇവറ്റകളുടെ ദംഷ്ട്രകളിൽ ആസകലം  കീറിപ്പറിഞ്ഞ്   ഉടലോടെ സ്വർഗം!

കറുത്തു തടിച്ചു യോഗ്യനായ   ഒരു മഞ്ഞക്കണ്ണനാണ്  ശത്രുപക്ഷത്തുനിന്നും 'ഭൌ'ണ്ട്രം മുഴക്കിയത്. യുദ്ധമര്യാദക്ക്‌ തിരിച്ചൂതാൻ എന്‍റെ കയ്യിൽ  ഓരോലപ്പീപ്പി പോലുമില്ല. കൈകാലുകൾ വീശിയും ഓതിരം മറിഞ്ഞും ആക്രോശിച്ചും പറ്റാവുന്ന വിധത്തിൽ ഒരു രൌദ്രഭീമൻ നമ്പറിറക്കിയാണ് ഞാൻ പ്രതികരിച്ചത്. മനുഷ്യരായിട്ട് ഇതുവരെ അവതരിപ്പിച്ചു കണ്ടിട്ടില്ലാത്ത വിശേഷപ്പെട്ട ഐറ്റം  കണ്ടിട്ടാവണം അക്രമികൾ  ഒരു ചുവടു പുറകോട്ടു വലിഞ്ഞ് അന്തം വിട്ടു നിന്നു . പക്ഷെ  കിതപ്പകറ്റാനായി ഞാൻ ആദ്യത്തെ ടൈംഔട്ട് എടുത്തപ്പോൾ യുദ്ധമര്യാദ ലംഘിച്ചുകൊണ്ട് അവർ  മുന്നോട്ടു കുതിച്ചു കയറി . ശരി, എങ്കിൽ ഇന്ദ്രനെപ്പോലും കുശുമ്പു കുത്തിക്കുന്ന ഒരു യുദ്ധം നിങ്ങൾക്ക്  ഞാൻ തരുന്നുണ്ട് എന്നാക്രോശിച്ചുകൊണ്ട് ഞാൻ ആയുധത്തിനായി ചുറ്റും തിരഞ്ഞു . 

അഹോ  ഭാഗ്യം! പൊളിച്ച കെട്ടിടത്തിന്‍റെ ഇഷ്ട്ടികക്കഷ്ണങ്ങളും കോണ്ക്രീറ്റ് കട്ടകളും മറ്റുമായി അസ്ത്രശസ്ത്രങ്ങൾ കൂമ്പാരമായി അതാ മുന്നിൽ കിടക്കുന്നു!. മാനത്തുനിന്നും പൊട്ടിവീണ പോലെ! ഇന്നലെ വരെ ഇതിവിടെ ഉണ്ടായിരുന്നില്ല. ആരോ രഹസ്യമായി കഴിഞ്ഞ രാത്രി ടിപ്പറിൽ കൊണ്ടു വന്നു തട്ടിയതാകണം. ആപത്തു കാലത്തു  കല്ലുപത്തൊരുക്കിത്തന്നവരെ മനസാ സ്തുതിച്ചുകൊണ്ട്‌ വഴിയരികിലെ ഹോളോബ്രിക്ക്   മതിലിനെ    പിൻഭാഗം കാക്കാൻ നിയോഗിച്ച്  ഞാൻ വില്ലു  കുലച്ചു. 

ആദ്യത്തെ ഇഷ്ട്ടികക്കട്ട ലക്‌ഷ്യം തെറ്റി ടാർ റോഡിലൂടെ തുള്ളിത്തുള്ളി ചാടിമറിഞ്ഞകന്ന് അനന്തതയിൽ ലയിച്ചു . അടുത്ത കട്ടയ്ക്കായി കുനിഞ്ഞ തക്കത്തിൽ കുരച്ചു ചാടിയ ശുനകപ്പടയെ " ഡേയ് !!" എന്നു   ചൂണ്ടുവിരലിൽ  മരവിപ്പിച്ചു നിർത്തിക്കൊണ്ട് അടുത്ത കോണ്ക്രീറ്റ് കട്ട. അങ്ങിനെ അലറിയും മുരണ്ടും  ഇടതും വലതും കരങ്ങളാൽ വേട്ടേക്കരന് പതിനായിരം തേങ്ങയെറിഞ്ഞു കലിയിറങ്ങിയപ്പോൾ അതാ! മുന്നിൽ ആരവങ്ങളൊടുങ്ങി ശൂന്യമായ ശത്രുവിന്‍റെ കളം !. ചുറ്റിലും നോക്കി... ഇല്ല... ആരുമില്ല! യുദ്ധത്തടവിലേക്ക് പിടിച്ചു വരവ് വെക്കാൻ  മരുന്നിനൊരെണ്ണമില്ല !

"പട്ടികൾ!"

അവജ്ഞയോടെ നീട്ടിത്തുപ്പി കയ്യിലെ പൊടിതട്ടി നടക്കാൻ തുടങ്ങിയപ്പോൾ പുറകിൽ ഹർഷാരവം! കൊക്കുകളാണ്. വരമ്പിൽ വരിവരിയായി നിന്ന് ചിറകുകൾ വീശി പള്ളക്കടിച്ചുകൊണ്ടാണ് സമാദരണം . 

"വൗ! ടെറിഫിക്ക്!!  സമ്മതിച്ചു തന്നിരിക്കുന്നു മാഷേ. സത്യത്തിൽ ഞങ്ങളായിരുന്നു അവന്മാരുടെ ടാർജറ്റ്!. അളവിലും തൂക്കത്തിലും കൂടുതൽ മികച്ച ഉരുപ്പടി കണ്ടപ്പോൾ ചുള്ളന്മാർ മാറ്റിപ്പിടിച്ചതാണ്. എന്തായാലും ഗഡീസ് ആണുങ്ങളെ കണ്ടു !. മൂന്നെണ്ണത്തിന്‍റെ കാലൊടിഞ്ഞിട്ടുണ്ട്; പ്രാരംഭ കണക്കെടുപ്പിൽ. അമ്പേറ്റ കുരുക്കളുടെ എണ്ണം ഇനിയും കൂടാൻ സാധ്യതയുണ്ട്. ഔദ്യോഗിക കണക്ക് ഉച്ചക്ക് ശേഷമേ ലഭിക്കൂ.  എനിവേ കണ്‍ഗ്രാറ്റ്സ് ! "

"താങ്ക്സ് കൊക്കീസ് ! "

"ഇറ്റ്സ് ആൾ റൈറ്റ്! നാളത്തെ പത്രമാരണക്കോ ളത്തിലേക്കുള്ള റിപ്പോർട്ടൊക്കെ തയ്യാറാക്കി കഴിഞ്ഞതായിരുന്നു." പ്രഭാതസവാരിക്കിടെ തെരുവു നായ്ക്കളുടെ കടിയേറ്റ് അറുപതുകാരൻ മരിച്ചു" എന്ന പഞ്ച് തലവാചകത്തോടെ. പക്ഷെ മാഷ്‌ ക്ലൈയ്മാക്സ് മാറ്റിമറിച്ച സാഹചര്യത്തിൽ അതു  കീറിക്കളഞ്ഞു. മനുഷ്യൻ പട്ടിയെ കടിക്കുന്നത് വാർത്തയാണെന്നൊക്കെ ജേർണലിസം ക്ളാസ്സിൽ  പറയാൻ കൊള്ളാം !."

"LOL ..! കലക്കി ബഡീസ് !"

" ജീവൻ കൂടു വിട്ടു പോകുന്നതിന്‍റെ  പ്രതീകദൃശ്യം ക്യാമറയിൽ പകർത്താനായി കൂട്ടത്തോടെ ചിറകടിച്ചു പറന്നുയരാൻ ഫ്രെയിമിൽ   ഒരുങ്ങി  നിൽക്കുകയായിരുന്നു ഞങ്ങൾ  !  ഇനി ആ ഷോട്ട് അപ്രസക്തം. പിന്നേയ്! സാമൂഹ്യദ്രോഹികളും ചിലപ്പോൾ രക്ഷകരായി മാറാറുണ്ട്‌!. അല്ലെങ്കിൽ ആ ഇഷ്ട്ടികക്കൂൂന രാത്രിക്ക് രാത്രി ഇവിടെ ഉയരണമായിരുന്നോ ?  ശരി മാഷേ! സമയമില്ല. മാഷ് സജസ്റ്റ് ചെയ്തതുപോലെ ഞങ്ങൾ കോൾപ്പാടത്തേക്കു നന്ദിപൂർവ്വം പറക്കുന്നു. അപ്പോ പിന്നെ കാണാം. ബൈ ...ടേക്കെയർ ! "

പറന്നകലുന്ന കൊക്കുകളുടെ ലോങ്ങ്‌ ഷൊട്ടിൽനിന്ന് ടിൽറ്റ് ഡൌണ്‍ ചെയ്തുകൊണ്ട് പതിനായിരമെറിഞ്ഞ് ബാക്കി വന്ന ഇഷ്ട്ടികക്കഷ്ണങ്ങളുടെ ക്ളോസ് ഷോട്ടിൽ കണ്ണുകൾ  ഫ്രീസ് ചെയ്യുമ്പോൾ ലൊക്കേഷൻ ഷെഡ്യൂൾ പൂർത്തിയാവുന്നു. 

"പാക്ക് ഓഫ് !!." 



**************




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ