പരീക്ഷണം
ചാലക്കുടിയിലുള്ള ടയർ ഫാക്റ്ററിയിൽ ഉദ്യോഗസ്ഥനായിരുന്നു ഉണ്ണി. രാത്രിക്കുള്ള ഷിഫ്റ്റിൽ ജോലിക്കു കയറാനായി ബസ്സു കാത്ത് തൃശ്ശൂര്‍ ട്രാന്‍സ്പോര്‍ട്ട് സ്റ്റേഷനില്‍ നിൽക്കുമ്പോണ് നാലു കാലില്‍ നടക്കുന്ന രാജുവിനെ ഉണ്ണി കണ്ടത്. സ്വന്തം വർക്ക് ഷോപ്പിനടുത്തു പുതിയ വീട് വാങ്ങി നാട്ടില്‍നിന്നു താമസം മാറ്റിയതില്‍പിന്നെ കക്ഷിയെ കാണുന്നത് അപൂര്‍വമായിരുന്നു. കണിമംഗലത്ത് ടയർ റീട്രേഡിംഗ് ബിസിനസ് നടത്തുകയാണ് അവന്‍. ആയതിലേക്ക് രണ്ടു വർഷം മുമ്പ് പതിനായിരം രൂപ വായ്പ വാങ്ങിയിരുന്നത് ഇതുവരെ മടക്കി തന്നിട്ടില്ല. ഇടക്ക് കണ്ടപ്പോഴൊക്കെ ബുദ്ധിമുട്ടുകളും പ്രാരബ്ദങ്ങളും പറഞ്ഞു അവധി ചോദിച്ചിരുന്നു. എന്തായാലും ഇപ്പോള്‍ അത് ചോദിക്കാന്‍ പറ്റിയ അവസരമല്ല. മൂക്കറ്റം കയറ്റി ചുവന്ന മത്താപ്പായിട്ടാണ് നില്‍പ്പ്. തന്നെയുമല്ല ചോദിച്ചാൽ പാരാപരിപ്പുകള്‍ പറയുന്നതു കേള്‍ക്കാന്‍ നിന്ന് ബസ്സ് തെറ്റും. വേണ്ട ഇപ്പോള്‍ വേണ്ട. ആവുമ്പോള്‍ തരട്ടെ. എൻക്വയറി കണ്ടറിനുമുന്നില്‍ ഇടത്തും വലത്തും ആടിക്കളിച്ചു നില്‍ക്കുകയാണ് പാര്‍ട്ടി. അവിടെ നില്‍ക്കട്ടെ. ഉണ്ണി പുറം തിരിഞ്ഞു ബസ്സുകളുടെ നെറ്റിയിൽ നോക്കി നിന്നു. പെട്ടെന്നാണ് തോളിൽ അടി വീണത്.
“ആഹഹഹഹ!. എന്തറാബടെ?. ”
ബ്രാണ്ടി, ഗോള്‍ഡ് ഫ്ലേക്ക്, കല്‍ക്കത്ത പാൻ സമ്മിശ്രഗന്ധം ഉണ്ണിയുടെ മൂക്കില്‍ തുളച്ചു കയറി.
“അല്ല എന്താ നീയിവടെ?.” ഉണ്ണി ചോദ്യം തിരിച്ചിട്ടു.
“എയ്!. ഞാന്‍ ദേ അരമനേന്ന് എറങ്ങീതാ. ഒരു ഛോട്ടാ പാര്‍ട്ടീണ്ടാര്‍ന്നു.”
“ഉം. പാർട്ടീടെ വലിപ്പം നിന്‍റെ പരുവം കാണുമ്പോ അറ്യാണ്ട്! .”
പിന്നിലൂടെ നടന്നു പോയ കണ്ടക്‍ട്ടറുടെ ദേഹത്തേക്ക് തുലനം തെറ്റി വീഴാന്‍ പോയപ്പോള്‍ ഉണ്ണി ‘വയ്യാത്താളെ’ പിടിച്ചു 'നിലക്കു നിർത്തി'.
“എയ്!. നോ പ്രോബ്ലം!. എനിക്കു കൊഴപ്പൊന്നൂല്ല്യാ. ഞാന്‍ നോര്‍മലാ.”
തെക്കൻ സമ്പ്രദായത്തിൽ തന്നെ തുറിച്ചു നോക്കിയ കണ്ടക്ട്ടറെ രാജു സാന്ത്വനിപ്പിച്ചു.
തെക്കൻ സമ്പ്രദായത്തിൽ തന്നെ തുറിച്ചു നോക്കിയ കണ്ടക്ട്ടറെ രാജു സാന്ത്വനിപ്പിച്ചു.
“അല്ല; വീട്ടില്‍ക്ക് പോവാനുള്ള ഉദ്ദേശല്ല്യേ?. ” ഉണ്ണി ചോദിച്ചു.
“പിന്നെ പിന്നെ! പോണം!. പക്ഷേ ഒരു പ്രശനണ്ട്രാ! ബൈക്ക് എവട്യാ വെച്ചേന്ന്ര് ഇപ്പോർമ്മേല്ല്യ!."
“ബെസ്റ്റ്!. ഇനീപ്പോ എന്തീയും?. ബൈക്ക് വഴീലിട്ട് ബസ്സില് കേറാൻ വന്നേക്ക്യാ?.”
“എയ് നോ പ്രോബ്ലം. ശൊക്കെറങ്ങുമ്പോ ഓര്‍മ്മ വരും.“
“അത് വരെ എന്താ പരിപാടി?. അരമന തന്നെ ല്ലേ !.”
“ഏയ്!. ഇനി വയ്യാടപ്പ!. ഫുള്ളായി. അപ്പ ശരീടാ!. ഇനിക്ക് തെരക്ക്ണ്ട്. കൊക്കാലേല് ഒരു പാർട്ട്യേ കാണണം. ന്നാ പിന്നെ കാണാറാ. ബാൽന്ദ്രനോട് ഞാന്ന്വേഷിച്ചൂന്നു പറയ്!. ”
ബലിഷ്ഠമായ കൈകള്‍കൊണ്ട് തന്‍റെ വലം കൈ പിടിച്ചു നാലു വട്ടം കുലുക്കിയപ്പോള്‍ ഉണ്ണിയുടെ തോളെല്ല് കിടുങ്ങി!.
കുത്തഴിഞ്ഞ മുണ്ട് വലിച്ചു വാരി ഉടുത്ത് തിരിഞ്ഞു നടക്കുന്നതിനിടയില്‍ എന്തോ ഓര്‍ത്ത് രാജു നിന്നു. തിരിച്ചു വന്നു ഉണ്ണിയോട് ചോദിച്ചു.
“ടാ ഉണ്ണ്യേ, നെനക്ക് ഞാന്‍ കൊറച്ച് പൈസ തരാല്ല്യേ?.”
“കൊറച്ചല്ല പൈനായിരം!. അതൊക്കെ ഓര്‍മേണ്ടല്ലേ?”
ഉണ്ണിക്ക് നേരിയ തോതിൽ അരിശം കയറി.
“അത് ഞാന്‍ മറക്ക്വോടാ?. അത്ര വല്ല്യേ വെഷമത്തിലിരിക്കുമ്പ തന്നതല്ലേ നിയ്യ്!. ദാ ഇപ്പ കയ്യില് സാനണ്ട്. ആറ്മാസം മുമ്പ് ക്രെഡിറ്റിന് കൊടുത്തേന്‍റെ കാശാ. ഇന്ന് കിട്ടി. നിയ്യിതു പിടിച്ചേ!.”
രാജു ബനിയനുള്ളില്‍ കയ്യിട്ട് ഒരു പ്ലാസ്റ്റിക്ക് കവര്‍ വലിച്ചെടുത്തു. അതില്‍നിന്ന് നൂറിന്‍റെ ഒരു സെക്ഷനെടുത്തു ഉണ്ണിക്ക് നീട്ടി. കനറാ ബാങ്കിന്‍റെ സ്ലിപ്പ് പൊട്ടിക്കാത്ത നോട്ടുകെട്ട്. കവറില്‍ ഇനിയും പണമുണ്ട്. പണക്കെട്ട് തന്‍റെ ബാഗിലേക്ക് വെക്കുമ്പോള്‍ ഉണ്ണി പരിഭ്രമിച്ചു. ദൈവമേ!. കുടിച്ചു വീര്‍ത്ത അവന്‍റെ വയറിന് മുകളില്‍ ആ 'പണക്കിഴി' സുരക്ഷിതമാണോ?
“രാജ്വോ , ഇത്ര പെരുത്ത് കാശ് കയ്യില് വെച്ചിട്ടാ നിന്‍റെ ഈ കളി!?."
“പോടാ പോടാ!. നിയ്യ് നിന്‍റെ കയ്യിലിരിപ്പ് കാക്ക്! എന്‍റാര്യം ഞാന്‍ നോക്ക്യോളാം ട്ടാ!. ഓക്കെ..ബൈ!.”
രാജൂ പോയി.
പിറ്റേ ദിവസം അതിരാവിലെ ഷിഫ്റ്റ് കഴിഞ്ഞു വന്നു കുളിയും പ്രാതലും കഴിഞ്ഞ് ഉണ്ണി ഉറങ്ങാൻ കിടന്നതേയുള്ളൂ. ഒരു യമഹ മൂളി പറന്നുവന്ന് വീടിന്‍റെ പടിക്കൽ സഡൻ ബ്രേക്കിട്ടു നിന്നു. ശബ്ദം കേട്ടു പുറത്തു വന്നപ്പോൾ തിടുക്കത്തിൽ നടന്നു വരുന്ന രാജുവിനെ കണ്ടു!. ഉണ്ണി സൂക്ഷിച്ചു നോക്കി. ഇല്ല കുഴപ്പമില്ല. രണ്ടു കാലിൽ തന്നെ!
ഇറയത്തേക്കു വന്നു കയറിയപാടെ ആശാൻ ഉദ്വേഗത്തോടെ ചോദിച്ചു.
"ടാ നിയ്യിന്നലെ തൃശൂര് ട്രാൻസ്പോർട്ട് സ്റ്റാണ്ടില് വന്നിരുന്ന്വോ?."
കാര്യം പിടി കിട്ടിയപ്പോൾ ഒരു നമ്പറിറക്കാം എന്ന് തീരുമാനിച്ചുകൊണ്ട് ഉണ്ണി കൈ മലര്‍ത്തി:
"ഏയ്!. ഇല്ലിലോ?. എന്താ കാര്യം?."
രാജുവിന്‍റെ മുഖത്ത് മഴക്കാറ് പടര്‍ന്നു!.
"സത്യം പറടാ ഉണ്ണ്യേ!. മ്മള് ഇന്നലെ സ്റ്റാണ്ടില് വെച്ച് കണ്ടില്ല്യേ?. സംസാരിച്ചില്ല്യേ!?. "
"നെനക്കെന്താ രാജ്വോ പ്രാന്ത്ണ്ടാ?. എനിക്കിന്നലെ ഓഫായിരുന്നു. പിന്നെങ്ങന്യാ ഞാൻ പോവ്വാ?."
"ചതിച്ചു!!."
കൈ പരത്തി നെറ്റിയിലടിച്ചുകൊണ്ട് രാജു ഇറയത്തെ കസേരയിലേക്ക് വീണു.
"എന്താണ്ടാദ്!. നിയ്യ് കാര്യം പറയ്!."
"ഇന്നലെ രാത്രി ട്രാൻസ്പോർട്ട് സ്റ്റാണ്ടില് വെച്ചിട്ട് നിന്‍റെ പോലെ ഒരാളെ കണ്ടു. ഞാൻ നല്ല ഫിറ്റാർന്നു. നിയ്യാന്ന് വിചാരിച്ചിട്ട് നെനക്ക് തരാള്ള ആ കാശു മുഴുവൻ ഞാനയാൾക്ക് കൊടുത്തു!."
"ദൈവമേ! പൈനായിരോ!."
"അതടപ്പാ!. ഒരുത്തന്‍റ കയ്യീന്ന് കിട്ടാണ്ടാർന്ന കാശ് കൊറേ കാലം കഴിഞ്ഞ് കിട്ടീതാ. അതിന്‍റെ സബോത്യാർന്നു ഇന്നലെ അരമന ബാറില്. ഒക്കെ കഴിഞ്ഞു മടങ്ങുമ്പഴാ സംഭവണ്ടായീത്!."
"എന്‍റെ രാജ്വോ എന്താ നെന്ന്യൊക്കെ വേണ്ട്!. കയ്യില് ഇത്രധികം കാശു വച്ചിട്ടാ നിയ്യ് വെലസീത് !"
"പറ്റിപ്പോയീടപ്പാ. ഇനി പറഞ്ഞിട്ട് കാര്യല്ല്യ!. എന്തായാലും തീരാള്ളതൊക്കെ തീരട്ടെ. "
കസേരയിൽ നിന്നെണീറ്റ് പതിവ് ശൈലിയിൽ ബനിയനുള്ളിൽ കയ്യിട്ട് നൂറിന്‍റെ കെട്ടെടുത്ത് രാജു ഉണ്ണിക്കു നീട്ടി.
"നെനക്ക് ബുദ്ധിമുട്ടാച്ചാ പിന്നെ തന്നാ മതീടാ!. ഇയവസ്തേല്...?."
"അത് സാരല്ല്യടാ . എന്‍റെ തോന്ന്യാസല്ലേ! നിയ്യെന്തിനാ സഹിക്കണ്!."
രാജുവിന്‍റെ കയ്യിലിരുന്ന പണം വാങ്ങി ടീപോയിയിൽ വെച്ചുകൊണ്ട് ഉണ്ണി പറഞ്ഞു.
"നിയ്യിരിക്ക്. ചായ കുടിച്ചിട്ട് പുവ്വാം. ഇട്ളീണ്ട്. "
"അയ്യോ വേണ്ട്ര. ഞാൻ ചെന്നിട്ടു വേണം വർഷോപ്പ് തൊറക്കാൻ. പണിക്കാര് കാത്ത് നിക്ക്വാവും!. പോട്ര, പിന്നെ കാണാം. "
"ഉം ശരി ചെല്ല്. "
ഹവായ് ചെരുപ്പിട്ട് യമഹയിലേക്ക് തിരിയുമ്പോള്‍ രാജുവിനോട് ഉണ്ണി ചോദിച്ചു :
"അപ്പൊ ഇന്നലെ രാത്രി നിയ്യ് ബൈക്ക് എവട്യാ വെച്ചേർന്നേ?."
ഞെട്ടിത്തിരിഞ്ഞ് രാജു കുലുങ്ങിച്ചിരിക്കുന്ന ഉണ്ണിയെ നോക്കി!.
"ടാ ശവീ ..!! അപ്പൊ നിയ്യെന്നെ സൂപ്പാക്കീതാല്ലേ!."
പൊട്ടിച്ചിരിയും കെട്ടിപ്പിടിത്തവും കഴിഞ്ഞു നോട്ടുകെട്ട് രാജുവിന്‍റെ പോക്കറ്റിൽ കുത്തിയിറക്കുമ്പോൾ അവന്‍റെ നിറഞ്ഞ കണ്ണുകളിൽ നോക്കി ഉണ്ണി ശാസിച്ചു:
"കുടിച്ച് ബോധല്ല്യാണ്ട് വല്ല മുദ്രപത്രത്തിലും കേറി ഒപ്പ്ട്ട് കൊട്ത്ത്ട്ട് പെണ്ണിനേം കുട്ട്യോളെം വഴ്യാധാരാക്കണേനു മുമ്പ് ഇതൊക്കൊന്നു നിര്‍ത്തട തെണ്ടീ!."
.....................................................X......................................................
.....................................................X......................................................
നല്ല തൃശ്ശൂർ ഭാഷ കേക്കുമ്പോ തന്നെ വയറു നിറഞ്ഞ സുഖം. പിന്നെ ഇന്നെന്തോ എവിടെ തിരിഞ്ഞാലും കുടി കഥകളാ :) ആശംസകൾ
മറുപടിഇല്ലാതാക്കൂനല്ല തൃശ്ശൂർ ഭാഷ കേക്കുമ്പോ തന്നെ വയറു നിറഞ്ഞ സുഖം. പിന്നെ ഇന്നെന്തോ എവിടെ തിരിഞ്ഞാലും കുടി കഥകളാ :) ആശംസകൾ
മറുപടിഇല്ലാതാക്കൂചങ്ങായ്... ...നന്ദീണ്ട് ട്ടാ! അപ്പോ മ്മളും തൃശ്ശൂക്കാരനാവും? നന്നാവട്ടെ! നന്നാവട്ടെ!
മറുപടിഇല്ലാതാക്കൂ