2016 ജൂലൈ 12, ചൊവ്വാഴ്ച

കച്ചവടം

കച്ചവടം

കഴിഞ്ഞ ഫെബ്രുവരിയില്‍ രണ്ടു മൂന്നു പേര്‍ ഒരു മിനി ലോറിയുമായി വീട്ടില്‍ വന്നു.

"ചക്ക കൊടക്കുന്നോ സാറേ?"

ആലോചിച്ചു. പഴപ്ലാവിലെ ചക്കയാണ് അധികവും. ആര്‍ക്കും വേണ്ടാത്ത സാധനം. എല്ലാം വളരെ ഉയരത്തിലായതുകൊണ്ട് ഇറക്കുവാന്‍ ആളെ കിട്ടാറുമില്ല. കയ്യെത്തുന്ന എകരത്തിലുള്ളവയൊക്കെ ഇടിച്ചക്കപ്രായത്തില്‍ തോരനും പുളിങ്കറിയുമാവും. അത്യുന്നതങ്ങളില്‍ പാര്‍ക്കുന്നവര്‍ പാകമാവുന്നതും പഴുത്തു നിലത്തു വീണു ഈച്ചയാര്‍ക്കുന്നതും ചീഞ്ഞു മണക്കുന്നതുമെല്ലാം മഴക്കാലത്താണ്. അതുകൊണ്ട് ശല്ല്യം ഒഴിവാക്കിക്കളയാം.


"എത്രക്കാ എടുക്ക്വാ?."

"ഒന്നിന് പതിനഞ്ച് രൂപ. ചെറുതും വലുതും നോക്കില്ല്യ."

അപ്പോ സംഗതി തരക്കേടില്ല. വെറുതെ കേടുവന്നു പോകുന്ന സാധനമല്ലേ.

"ഇരുപതായിക്കൂടെ?."

ഒഴിച്ച് കളയുന്നതും അളന്നുതന്നെ വേണമല്ലോ.

"ഔ. നൂര്‍ത്തീല്ല്യ സാറേ. പതിനഞ്ചു തന്നെ സാറായോണ്ടാ.!."

അല്ലാ പിന്നെ! നമ്മള്‍ മുജ്ജന്മസുഹൃത്തുക്കളല്ലേ!
"പക്ഷേ ചക്ക മൂത്തിട്ടില്ലിലോ.? കൊത്തച്ചക്ക്യാ."

" അത് സാരല്ല്യ സാറേ, അതന്ന്യ നമ്മക്കാവശ്യം. മൂക്കാന്‍ പാടില്ല്യ."

"അയ് അതെന്താ അങ്ങനെ? അപ്പെന്തിനാ നിങ്ങളിത് കൊണ്ട് പോണേ?."

"നമ്മളയച്ചു കൊടുക്കും. ബോംബേലിക്ക്."

"ബോംബ്യോ? അവടെന്തിനാദ്?"

"ബേബി ഫുഡ്ണ്ടാക്കാനാത്രേ. എന്തോ നമ്മക്കതൊന്നും കൂടുതലറീല്ല്യ."

"ശരി, ന്നാ ഇട്ടോളോ."

പിന്നെ കാര്യങ്ങളൊക്കെ ശടപടാന്നായി . ഒരു ഒറീസ്സക്കാരനെ പ്ലാവില്‍ കയറ്റി. താഴെ ഒരാള്‍ കുഷന്‍ നിറച്ച വലിയ ചാക്കു പിടിച്ച് നിന്നു. ഒറീസ്സയില്‍നിന്ന് ചക്ക താഴെ വരുന്ന ലൈനും ലെംഗ്ത്തും നോക്കി അയാള്‍ ചാക്കെറിഞ്ഞു. കൃത്യം കുഷന്‍ചാക്കിന്‍റെ നടുവില്‍ കുത്തിവീണ ചക്ക ഒന്നു തുള്ളി നിലത്തുരുണ്ടു.

തടിക്കു പൊടിക്കും കേടില്ലാത്ത ചക്കകള്‍ സുഖപതനത്തിന്‍റെ ആലസ്യത്തില്‍ പ്ലാവിന്‍ ചുവട്ടില്‍ ചിരിച്ചു മുളഞ്ഞൊലിപ്പിച്ചു കിടന്നു !. മൂന്നു പ്ലാവിന്‍റെ വിളവെടുപ്പ് കഴിഞ്ഞത് പതിനഞ്ചു മിനിറ്റില്‍!. തൊട്ടെണ്ണി അറുപത്തഞ്ചെന്നു തിട്ടപ്പെടുത്തി പണം കയ്യില്‍ വെച്ചു തരുമ്പോള്‍ കച്ചവടക്കാരന്‍ പറഞ്ഞു.

"ബാക്കീള്ളതവടെ നിക്കട്ടെ സാറെ. പാകായിട്ടില്ല്യ. ഞങ്ങള്‍ രണ്ടാഴ്ച കഴിഞ്ഞിട്ട് വരാം."

ചക്ക അട്ടി നിരന്ന് ലോറി കയറി പോയപ്പോള്‍ കയ്യിലിരുന്ന നോട്ടുചുരുളെണ്ണി നോക്കി. 975 രൂപ കൃത്യം!. കച്ചവടം തരക്കേടില്ല. ഇരിക്കട്ടെ!.

രണ്ടാഴ്ച കഴിഞ്ഞു വരാമെന്ന് പറഞ്ഞവര്‍ എന്തോ പിന്നെ വന്നില്ല. പ്ലാവില്‍ അവശേഷിച്ചവരില്‍ ചിലര്‍ കാലവര്‍ഷം കുടിച്ചു വയറു വീര്‍ത്തുമുട്ടിയപ്പോള്‍ എടുത്തുചാടി സ്വയം കഥ കഴിച്ചു. രണ്ടു മൂന്നു പേര്‍ ഇപ്പോഴും ചീര്‍ത്തും പള്ള പിളര്‍ന്നും നില്‍പ്പുണ്ട്. എന്നോ നിലത്തു വീണ് അമിട്ട് വിരിയിക്കാന്‍ പാകത്തില്‍.

പോട്ടെ; നാലഞ്ചെണ്ണത്തിന്‍റെ ഈച്ചയും മണവുമല്ലേ; തൊള്ളായിരത്തി എഴുപത്തഞ്ചിന്‍റെ സുഗന്ധത്തില്‍ അതങ്ങു സഹിച്ചുകളയാം!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ