2016 ജൂലൈ 26, ചൊവ്വാഴ്ച

ഭാഷാപരിചയം


 ഭാഷാപരിചയം

‘എവടന്നാ ദേവി കാലത്തന്നെ?”

“സ്കൂള്‍ലിക്ക് മാഷ് വിളിച്ചിട്ട് പോയീതാ ഗീതേ!”

“എന്തേ?”

“കുട്ടി ക്ലാസില് അരുതാത്തതെന്തൊ പറഞ്ഞൂത്രേ!. പാരന്‍സ് കുട്ട്യോളെ നല്ലോണം ശ്രദ്ധിയ്ക്കണന്ന് പറ്യാന്‍ വിളിച്ചതാ മാഷ്.”

രണ്ടാം ക്ലാസുകാരന്‍ ക്ലാസില്‍ അസഭ്യം പറഞ്ഞ് സദാചാരലംഘനം നടത്തിയതിന് രക്ഷിതാവിനെ വിളിച്ചു വരുത്തി അദ്ധ്യാപകന്‍ കൌണ്‍സലിങ്ങ് നടത്തിയതിന്‍റെ വര്‍ത്തമാനം വഴിയില്‍ കേട്ടപ്പോള്‍ അര നൂറ്റാണ്ടു മുമ്പ് നടന്ന കഥ അയവിറക്കാതിരിക്കാനായില്ല.

വെറും കഥയല്ല; ആത്മകഥ!

നാലാം ക്ലാസില്‍ പഠിക്കുന്ന കാലത്ത് ഒരു ദിവസം അമ്മ എന്നെ വീടിനടുത്തുള്ള വിളക്കുംകാല്‍ കവലയിലെ പാണ്ട്യാലയിലേക്ക് ‘സാമാനം’ വാങ്ങാന്‍ വിട്ടു. അക്കമിട്ട് പറഞ്ഞ് അമ്മ ചേച്ചിയെക്കൊണ്ട് എഴുതിയുണ്ടാക്കിയ തുണ്ടു പ്രകാരം ദേവസ്യാപ്ല പലചരക്ക് പൊതിഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് കവലയില്‍ അടിപൊട്ടിയത്.

അതുവരെ ക്ലാസ്സിലെ കുട്ടികള്‍ തമ്മിലുള്ള പൊത്തിപ്പിടുത്തം മാത്രം കണ്ടിട്ടുള്ള ഞാന്‍ ആദ്യമായിട്ടാണ് മുതിര്‍ന്നവര്‍ തമ്മിലുള്ള നല്ല ലക്ഷണമൊത്ത  അടി കാണുന്നത്. 'പ്തും പ്തും' ശബ്ദത്തില്‍ പരസ്പരം മുഖത്തും വാരിയിലും പുറത്തും മുഷ്ടി വീഴ്ത്തി മേലേത്തെ ഗോപാലനും പാറേലെ കൃഷ്ണനും അടിച്ചു കയറുന്നു. പീടികക്കോലായിലും വഴിയിലും കാണികള്‍ പെട്ടെന്നു നിറഞ്ഞു. എമണ്ടന്‍ അടി 'സൊന്തം കണ്ണോണ്ട് കണ്ട' കാഴ്ച പിറ്റേ ദിവസം ക്ലാസില്‍ പോയി വിവരിച്ച് ദാസനേയും പ്രാഞ്ചിയേയും മണിയേയും കുശുമ്പു കുത്തിക്കാമല്ലോ എന്നോര്‍ത്ത് ഉള്‍ക്കിടിലത്തിനും ഉദ്വേഗത്തിനുമൊപ്പം അഭിമാനവും പൂണ്ടു നിന്ന എന്നെ നിരാശനാക്കിക്കൊണ്ട് പെട്ടെന്ന് അടിനിന്നു. ചായക്ലബ്ബ് നടത്തുന്ന തങ്കപ്പേഴ്ശനും ഉണക്കമീന്‍ കച്ചവടം ലോനപ്പനും ബാലന്‍ നായരുടെ ചായക്ലബ്ബിന് സമീപത്തുള്ള പ്ലാവിന്‍ ചുവട്ടില്‍ സപ്പോര്‍ട്ടു കളിച്ചിരുന്നവരും ചേര്‍ന്ന് രണ്ടുപേരെയും പിടിച്ചു മാറ്റി.

പിന്നീടുണ്ടായത് വായ്പയറ്റാണ്. വീട്ടിലോ സ്കൂളിലോ മറ്റെവിടെയെങ്കിലുമോ അതുവരെ കേട്ടിട്ടില്ലാത്തതരം ഭാഷാപ്രയോഗങ്ങള്‍ ഇടതടവില്ലാതെ വിളക്കുംകാല്‍ ചത്വരത്തില്‍ മുഴങ്ങി. ടാ, പോടാ, നിന്‍റെമ്മ, തന്ത, പെണ്ണ് തുടങ്ങിയ ചുരുക്കം ചില വാക്കുകള്‍ മാത്രമേ കേട്ടവയില്‍ പരിചിതമായി ഉണ്ടായിരുന്നുള്ളൂ. അവയോടു ചേര്‍ത്തു പറഞ്ഞ കര്‍ത്താവ് കര്‍മ്മം ക്രിയകളൊന്നും വെറും നാലാം ക്ലാസുകാരന് മനസ്സിലായില്ല.

രണ്ടും മൂന്നും നാലും അക്ഷരങ്ങളുള്ള അപരിചിത പദങ്ങള്‍ കൈപ്പടങ്ങള്‍ കൂട്ടിയടിച്ചുകൊണ്ട് പ്രത്യേക താളത്തിലാണ് ഗോപലകൃഷ്ണന്മാര്‍ സുഭാഷിതം പ്രക്ഷേപിച്ചുകൊണ്ടിരുന്നത്. സമാധാനപാലകരില്‍ ചിലര്‍ ഇടക്ക് ചെവിപൊത്തി സ്ഥലം വിടുന്നതും കണ്ടു . കേട്ട പദങ്ങളില്‍ ഘനവും ഉച്ചാരണസുഖവുമുള്ള ഒരു പ്രയോഗം എനിക്ക് നന്നേ ഇഷ്ടപ്പെട്ടു. എന്തിനെന്നറിയില്ല ആയത് ചുരുങ്ങിയ സമയംകൊണ്ട് മനസ്സിലുരുവിട്ട് ഹൃദിസ്ഥമാക്കുകയും ചെയ്തു. കഷ്ടകാലം വരാന്‍ തക്കതായ കാരണമൊന്നും വേണ്ടല്ലോ!

“ദേ സാമാനൊക്ക്യായി. ഭരണിപ്പാട്ട് കേട്ട് ചെവി പുഴുപ്പിക്കാന്‍ നിക്കാണ്ട് ക്‍ടാവ് സഞ്ചീടുത്ത് വീട്ടീപ്പോയേന്‍!.”

പട്ടണംപൊടി മൂക്കില്‍ വലിച്ചുകയറ്റി ചോരച്ച മുഖവുമായി ദേവസ്യാപ്ല ശാസിച്ചപ്പോള്‍ പച്ചമഷിയില്‍ അച്ചടിച്ച കൂളിങ്ങ് ഗ്ലാസുകാരന്‍റെ പടമുള്ള ചാക്കുസഞ്ചിയും തൂക്കി ഞാന്‍ വീട്ടിലേക്കു വേഗം നടന്നു. അടികലശല്‍ നേരില്‍ കണ്ട വിവരം വീട്ടുകാരോട് ചെന്നു പറയാനുള്ള വ്യഗ്രതയില്‍ ശര്‍ക്കരപ്പൊതി തുറന്നു രണ്ടു ബെല്ലം അടിച്ചു മാറ്റുന്ന പതിവു പരിപാടി മറന്നു.

“അമ്മേ, വെളക്കുങ്കാലിന്‍റവടേയ് ഗംഭീരടി!. ഞാന്‍ കണ്ടു!.”

ചാക്കുസഞ്ചി തുറന്ന് ശര്‍ക്കരപ്പൊതി തൊട്ടുഴിഞ്ഞു ഉള്ളടക്കം 
ഭദ്രമെന്നുറപ്പാക്കിക്കൊണ്ടിരുന്ന അമ്മ ദഹിപ്പിക്കുന്ന ഒരു നോട്ടം നോക്കി പറഞ്ഞു:

“ അതന്ന്യാ. ഇത്ര നേരം വൈകീത്!. വെട്ടോഴിത്തല്ല് കാണാന്‍ നിക്ക്വാര്‍ന്നൂന്ന് അശ്രീകരം!.”

പെട്ടെന്നാണ് ചേച്ചി കടന്നു വന്നത്.

“എനിക്കെഴുത്യേ പുസ്തകെവടമ്മേ?”

“ദേനാ”

സഞ്ചിയില്‍നിന്നും പുതിയ നോട്ടു പുസ്തകമെടുത്ത് അമ്മ ചേച്ചിക്കു നീട്ടി.

“അയ്യ്വോ! ഇത് നോക്ക്വോമ്മേ! ഇത് നൂറു പേജിന്‍റ്യാ. ഞാന്‍ ഇരുനൂറിന്‍റ്യാ എഴുത്യേര്‍ന്നത്!. ”

പുസ്തകത്തിന്‍റെ കനം പരിശോധിച്ചുകൊണ്ട് ചേച്ചി പ്രതിഷേധിച്ചു.

“എന്തേടാ പുസ്തകം എടുത്തുവെക്കുമ്പോ നിയ്യ് നോക്കീല്ല്യേ?” അമ്മ

“ഞാന്‍ നോക്കി.”

“പിന്നെങ്ങന്യാ ഇരുനൂറ് നൂറായേ?” ചേച്ചി

“ഇരുനൂറാന്ന് ഞാന്‍ വിചാരിച്ചു.”

ഞാന്‍ കിടന്നുരുണ്ടു.

“വിചാരിച്ചൂത്രേ! അസത്ത്! നാലും കൂട്യോടത്ത് കണ്ടോരൊക്കെ തല്ലൂടണതു നോക്കി നിന്നിട്ട്!. നീയാ പറ്റുപുസ്തകത്തില് എത്തറ്യാ വെല എഴുത്യേക്കണേന്നു നോക്ക്യേട്യേ.”

“നൂറിന്‍റെ വെല്യന്ന്യാ.”

“അപ്പോ ദേവസ്സിക്ക് തെറ്റീതാവും. സാരല്ല്യ. ഇനീപ്പോ അതന്നെ മതി. കഴീമ്പോ വാങ്ങാലോ”

അത്രയും പറഞ്ഞ് വിഷയം അവസാനിപ്പിച്ച് അമ്മ അടുക്കളയിലേക്ക് പോയതായിരുന്നു. പക്ഷേ ചേച്ചി വിടാന്‍ ഭാവമില്ലായിരുന്നു. സെന്‍മേരീസ് കോളേജ് കുമാരിക്ക് നൂറു പേജിന്‍റെ പുസ്തകം കൊണ്ടുപോകേണ്ടി വരുന്നതിന്‍റെ കുറച്ചിലോര്‍ത്താവാം കയ്യെത്തിച്ചു തലോടുവാന്‍പോലും പറ്റാത്ത ഭാഗം നോക്കി എന്‍റെ നെടുംപുറത്ത് ചേച്ചി ഭീകരമായി നുള്ളി.

“ബകന്‍! തിന്നാനറിയാംന്നല്ലാതെ വകക്ക് കൊള്ളില്ല്യ സാധനത്തിനെ!”

ബകന്‍ എന്ന വിളി എനിക്കു പരമചതുര്‍ത്ഥിയായിരുന്നു. സ്വന്തം ഭക്ഷണശൈലിയെ അധിക്ഷേപിക്കുന്നത് കേട്ടപ്പോള്‍ ഇളകിയ കലിയില്‍ മുതുകത്തെ ചോരപൊടിയുന്ന നുള്ളിന്‍റെ വേദന ഞാന്‍ മറന്നു. പിന്നെ സമയം ഒട്ടും വൈകിപ്പിക്കാതെ കവലപ്പയറ്റില്‍ കേട്ടു ഹൃദിസ്ഥമാക്കിയ പദം ഉച്ചത്തിലങ്ങു പ്രയോഗിച്ചു:

“@#*+X&#*-)%...!”

പ്രത്യാഘാതം അത്യന്തം ഗുരുതരവും കാലദേശവ്യാപകവുമായിരുന്നു എന്നു പറയേണ്ടതില്ലല്ലോ!

ചേച്ചി, ചേച്ചിയുടെ പരാതിയില്‍ മാതൃദായം, വൈകീട്ട് ജോലി കഴിഞ്ഞു ക്ഷീണിച്ചു വന്ന അച്ഛന്‍ ഇറയത്ത് കയറിയ സമയം അമ്മ അവതരിപ്പിച്ച അടിയന്തിരപ്രമേയത്തിന്മേല്‍ പിതൃദായം എന്ന ക്രമത്തിലായിരുന്നു പീഡനം.

സ്കൂളിലും പാപിക്ക് മോക്ഷം ലഭിച്ചില്ല. പിറ്റേ ദിവസം മാതൃസമേതനായാണ് ക്ലാസില്‍ എത്തിയത്. തലേ ദിവസം പുത്രനു സംഭവിച്ച സദാചാരച്യുതിയെപ്പറ്റി വരാന്തയില്‍ വെച്ചു മറ്റ് കുട്ടികള്‍ കേള്‍ക്കാതെ ക്ലാസ് മാസ്റ്ററോടു പറഞ്ഞശേഷം വഴിപിഴച്ചവനെ ശരിപ്പെടുത്താന്‍ മാസ്റ്റര്‍ക്ക് കൊട്ടേഷന്‍ കൊടുത്തിട്ടാണ് അമ്മ മടങ്ങിയത്.

“മാഷേ, ഒന്നും നോക്കണ്ട; നല്ലസ്സലടി കൊടത്തോളോ. ഒരു വിരോധോല്ല്യ!."

ക്ലാസില്‍ മക്കളെ ശിക്ഷിച്ചാല്‍ അച്ഛനമ്മമാര്‍ വെട്ടുകത്തിയും അരിവാളുമായി തല്ലിയ അദ്ധ്യാപകനെ അന്വേഷിച്ചു വരുന്ന കീഴ്വഴക്കം നിലവിലുണ്ടായിരുന്ന സാഹചര്യത്തില്‍ അത്തരമൊരു സമ്മതപത്രം അമ്മ നല്‍കിയത് ഗൂഡമായ ആഹ്ലാദത്തോടെ ശ്രീധരന്‍മാഷ് സ്വീകരിച്ചു.

മാഷുടെ വകയില്‍ ഉദാരമായി കിട്ടിയ ചൂരല്‍വിഹിതം കൈവെള്ളയില്‍ ചുരുട്ടിപ്പിടിച്ച് അധികശിക്ഷയായി അന്നേ ദിവസം ഉച്ചവരെ പെണ്‍കുട്ടികളുടെ ബെഞ്ചില്‍ കയറി നില്‍ക്കാനായി പ്രാഞ്ചിയുടെയും മണിയുടെയും ദാസന്‍റെയും ഇടയിലൂടെ അവരുടെ മുഖത്തേക്ക് നോക്കാതെ തലയും താഴ്ത്തി നടക്കുമ്പോള്‍ ഉള്ളുരുകി നിശ്ശബ്ദമായി പ്രാര്‍ത്ഥിച്ചു:

“ഈശ്വരാ നടന്നതൊന്നും ഇവരറിയരുതേ!.”

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ