2016 ജൂലൈ 27, ബുധനാഴ്‌ച

ക്ഷുരസ്യ ധാരാ


ക്ഷുരസ്യ ധാരാ

ആയിരം പൂര്‍ണചന്ദ്രന്‍മാരെ കണ്ടവനാണെങ്കിലും   ആരോഗ്യശ്രീമാനായിരുന്നു രാമന്‍ നമ്പൂരി. തന്നോളം പ്രായം ചെന്ന  ഹെര്‍ക്കുലീസ് സൈക്കിളും  കുലസിദ്ധമായ നര്‍മ്മവും സന്തതസഹചാരികള്‍.  

ഒരിക്കല്‍ പുകയില വാങ്ങാന്‍ വേച്ചു വേച്ചു കടയില്‍ കയറിവന്ന  ശതാഭിഷിക്തനെ  കണ്ടപ്പോള്‍ പീടികക്കാരന്‍ കൊച്ചുദേവസ്സി ചോദിച്ചു.

സൈക്കിളിനെന്തേ പറ്റ്യേ തമ്പ്രാന്‍?”

“സൈക്കിള്‍നൊന്നും പറ്റീല്ല്യ ന്‍റെ ദേവസ്സ്യേ. പറ്റീതെനിക്കാ.”

“അയ് എന്തു പറ്റീ?”

“എന്താറീല്ല്യ. രണ്ടീസായിട്ട് മുട്ടിന് വല്ലാത്ത വേദന. ഇപ്പന്നെ ഇങ്ങന്യായാ ഇനി വയസ്സാവുമ്പോ എന്താ കണ്ടേക്കണേശ്ശല്ല്യ!.”

പരമരസികനും പൊട്ടന്‍ കളിയില്‍ വിശാരദനുമായിരുന്നു രാമന്‍ നമ്പൂരി. നമ്പൂരിവിഡ്ഡിത്തം എന്ന ഇമ്മ്യൂണിറ്റിക്കുപ്പായം സ്വയമെടുത്തണിഞ്ഞ് കളിയാക്കാന്‍ വരുന്നവരെ അരച്ചു ഘൃതമാക്കി ചുമരില്‍ തേയ്ക്കുന്ന വിരുതുണ്ട് കയ്യില്‍. നമ്പൂതിരിയെ സൂപ്പാക്കാന്‍ പോയവരൊന്നും വടക്കന്‍ ഭാഷയില്‍ പറഞ്ഞാല്‍ പോയപോലെ മടങ്ങിയിട്ടില്ല. നടുവരമ്പത്ത് തന്നെയാണ് കൂലി. നീട്ടി വെക്കുന്ന പണിയില്ല തിരുമേനിക്ക്.

ഒരിക്കല്‍ വായനശാലയില്‍ പത്രം വായിച്ചുകൊണ്ടിരുന്ന തിരുമേനിയെ  ഒന്നു തോണ്ടാന്‍ തോന്നി മേപ്പറമ്പിലെ കുട്ടന്.

“എന്താ തിരുമേനി വനജേല് സിനിമെന്താന്ന് നോക്ക്വാ?”

( ഷോയ്ക്കിടയില്‍   ഒന്നു രണ്ടു തുണ്ടുകളിട്ടു കൊടുത്ത് ഇടപാടുകാരുടെ ക്ഷുല്‍പിപാസകളകറ്റിയിരുന്നു അക്കാലത്ത് വനജ  ടാക്കീസില്‍)

“അല്ലടാ, അതിനൊക്കെപ്പൊ വനജേല് പോണോ?. അതിരിക്കട്ടെ; നെനക്കിന്ന് പണ്യൊന്നും കിട്ടീല്ല്യേ?”

ഏലക്ട്രീഷ്യനായിരുന്നു കുട്ടന്‍.

“ഇന്നൊന്നും തരായില്ല്യ തിരുമേനി.”

“ന്നാ വാ മ്മക്ക് പോസ്റ്റാപ്പീസില് പോയി പോസ്റ്റ്മാഷ്യൊന്നു കണ്ടോക്കാം. തൽക്കാലത്തക്ക് ഒരാളെ തരാക്കിക്കൊടുക്കാന്‍ കൊറാളായി അയാളെന്നോട് പറേണു.”

“അതെന്താ തിരുമേനി?” 

താല്‍ക്കാലികായാലും   കൊറേ കഴിഞ്ഞാ സ്ഥിരാവും. പോസ്റ്റപ്പീസ്സിലോക്കെ അങ്ങന്യാ . കേന്ദ്രസര്‍ക്കാര്‍ ജോല്യാ! കൂട്ടന്‍ മനക്കോട്ട കെട്ടി.

“അതൊക്കേണ്ട്. അവടെ വരാന്തേല് കെടക്കണ മേശേമില് ഒരു പശക്കുപ്പി ഇരിക്കണ കണ്ടണ്ടോ നിയ്യ്?”

“ഉവ്വ്.”

“അതിലെന്നെങ്കിലും ഒരു തോണ്ടിന് പശേണ്ടായിട്ട്ണ്ടോ?”

“ശ്ശെവടെ!.”

“അവട്യാ നെന്‍റാവശ്യം.”

“ഞാനെന്തീയാനാ തിരുമേനി?”

“നിയ്യോന്നും ചെയ്യണ്ട വെറുതവടെ നാവും നീട്ടി ഇരുന്നാ മതി. സ്റ്റാമ്പൊട്ടിക്കാള്ളോര്‍ക്കേയ് ഒരു സഹായാവും.”

ഷഷ്ടിപൂര്‍ത്തി വര്‍ഷത്തില്‍ ഒരിമ്പത്തിന് താടിയും മുടിയും വളര്‍ത്തി നടക്കുന്ന കാലത്താണ് രാമന്‍നമ്പൂരിക്ക് ഹെര്‍ണിയ രോഗം കലശലായത്.  ചികിത്സക്കായി നഗരത്തിലെ പ്രമുഖ ആശുപത്രിയില്‍ നമ്പൂതിരി ചെന്നു. പരിശോധനകള്‍ക്കു ശേഷം ഡോക്ട്ടര്‍ ഹെര്‍ണിയക്കുള്ള ഓപ്പറേഷനും ദിവസവും നിശ്ചയിച്ചു.  ഓപ്പറേഷന്‍ ദിവസം രാവിലെ ബാര്‍ബറേയും കൂട്ടി നേഴ്സ് നമ്പൂതിരിയുടെ കിടക്കക്കരികില്‍ വന്നു. കണ്ണടച്ചുകിടക്കുന്ന തിരുമേനിയെ നേഴ്സ് തൊട്ടു വിളിച്ചു.

“തിരുമേനി...?”

മയക്കത്തില്‍നിന്നും കണ്ണു തുറന്നപ്പോള്‍ കട്ടിലിനരികില്‍ പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന നേഴ്സിനെ തിരുമേനി കണ്ടു.

“എന്താവോ?”

“തിരുമേനി എണീക്കൂ, എന്നിട്ട് നാണൂന്‍റൊപ്പം ചെന്നോളൂ.”

"നാണുവോ; ഏതു നാണു?"

"ബാർബർ."

"ദെന്തിനാപ്പൊ ബാർബറൊക്കെ?"

“ഷേവ് ചെയ്യണം.”

“ഷേവോ? ഇപ്പളോ?  അസ്സലായി! എനിക്കു ദീക്ഷയാണ്. ഈ സമയത്ത് അതൊന്നും പറ്റില്ല്യ!.”

“അങ്ങിനെയല്ല തിരുമേനി..”

“എങ്ങന്യായാലും പറ്റില്ല്യ. അതില്ല്യാത്ത ഓപ്പറേഷനൊക്കെ മതി!. ഹല്ലാ പിന്നെ! ഓപ്രേഷന്‍ ചെയ്യാന്‍ ഷേവീയണത്രേ!.”

വല്ലാത്ത അവസ്ഥയിലായ നേഴ്സ് ദ്വേഷ്യപ്പെട്ട്  വാര്‍ഡിന് പുറത്തു പോയി. കുറച്ചു കഴിഞ്ഞപ്പോള്‍ ഡോക്ട്ടറേയും കൂട്ടി തിരിച്ചു വന്നു. ഡോക്ട്ടര്‍ വളരെ ശാന്തമായി തിരുമേനിയോട് ചോദിച്ചു.

“എന്താ തിരുമേനി ഇങ്ങനെയൊക്കെ?. നമുക്ക് ഓപ്പറേഷന്‍ നടത്തണ്ടേ?”

“ വേണലോ. പക്ഷേ അതിനെന്തിനാ ഷേവ് ചെയ്യണന്നൊക്കെ ഇവര് പറേണ്? അതൊക്കെ ബുദ്ധിമുട്ടാ!.”

“തിരുമേനിക്ക് അങ്ങേടെ അസുഖം എന്താന്നറ്യോ?”

“ഒക്കെനിക്കറ്യാം. ഹിരണ്യ. ന്താ അല്ലാന്നുണ്ടോ?”

“ഹിരണ്യയല്ല. ഹെര്‍ണിയ.”

“ഹെര്‍ണിയ്വോ ഹിരണ്യകശിപ്വോ എന്തായാലും വേണ്ടില്ല്യ; മോറ് വടിക്കാന്‍ പറ്റില്ല്യ!.”

“അയ്യോ തിരുമേനി ഓപ്പറേഷന്‍ അങ്ങയുടെ അടിവയറ്റിലാണ്!”

“ അടിവയറ്റില് ഓപ്പറേറ്റ് ചെയ്യാന്‍ എന്തിനാ മുഖക്ഷൌരം?”.

“മുഖത്തല്ല തിരുമേനി. അടിവയറ്റിലാണ്  ഷേവിങ്ങ്.”

“അത്യോ? അസ്സലായി!. ന്നാ ഇതങ്ങട് നേര്‍ത്തേ പറ്യാര്‍ന്നില്ല്യേ ഇവര്‍ക്ക്! കഷ്ടം! എവട്യാ ബാര്‍ബറ്? ടോ ന്നാ എങ്ങടാച്ചാ നടക്ക്വാ!

ഓപ്പറേഷന്‍ ചെയ്യുമ്പോള്‍ ചിരി വന്നു കൈ പാളിപ്പോകാതിരിക്കാന്‍ പ്രാര്‍ഥിച്ചു ഡോക്ട്ടര്‍ നേഴ്സിനോടൊപ്പം പുറത്തു കടന്നപ്പോള്‍ തിരുമേനി ബാര്‍ബറോട് കണ്ണിറുക്കി:

“കയ്യിന് പകരം കാല്, ചെവിക്ക് പകരം കണ്ണ്‍, ഓപ്രേഷന്‍ കഴിഞ്ഞോന്‍റെ വയറ്റില് കത്തിര ഇങ്ങന്യൊക്ക്യാ ഇപ്പോ ആശ്വത്രി നടപട്യോള്ന്ന് കടലാസില് വായിക്ക്വേണ്ടായി . ച്ചാല്‍ മ്മടെ രക്ഷ മ്മളന്നെ നോക്കണന്നര്‍ത്ഥം! അതോണ്ട് ചെയ്യാന്‍ പോണ കാര്യത്തില് ഡോക്ട്ടര്‍ക്ക് നല്ല നിര്‍ണ്ണയല്ല്യേന്നു പരീക്ഷിച്ചോക്കീതാ ഞാനേയ്.”

തിരുമേനി കട്ടിലില്‍നിന്നും നിലത്തിറങ്ങി.









അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ