കാലഹരണം
''എന്താ ബാലന്ദ്രാ സുഖന്ന്യല്ലേ?."
''ഓ സുഖം!. കുട്ടൻ ഇപ്പെവട്യാ?."
"ഞാൻ പഴയന്നൂര്."
"അതെങ്ങനെ ഇത്രകലെ ചെന്നുപെട്ടു?."
"ഭാര്യവീട് അവട്യല്ലെ. ഭാഗം കഴിഞ്ഞപ്പോ അവരടെ വീതത്തില് കിട്ട്യേ സ്ഥലത്ത് വീട് വെച്ചു."
"നാട്ടിലിക്ക് വരാറില്ല്യാല്ലേ?."
"വല്ലപ്പഴേള്ളൂ. തേവരടെ വേലക്ക് വൈകീട്ടൊന്ന് വന്ന് തൊഴുത് പൂവാറ്ണ്ട്. അപ്പഴൊന്നും തന്നെ കാണാർല്ല്യ. പിന്നെ ഇവടെപ്പോ സ്വന്തക്കാര്ന്നു് പറ്യാൻ ആരൂല്ലിലോ?."
നാട്ടിൽ എല്ലാവർക്കും വേണ്ടപ്പെട്ട ഒരാളുടെ മരണവിവരം പത്രത്തിൽ കണ്ട് എത്തിയതാണ് കുട്ടൻ. വല്ലപ്പോഴുമാണെങ്കിലും നാടുമായി ഇപ്പോഴും ബന്ധം കാത്തു സൂക്ഷിക്കുന്നു. പത്തു മുപ്പതോളം വർഷമായി ആളെ കണ്ടിട്ട്. ഞാൻ കോളേജിൽ പഠിക്കുന്ന കാലത്ത് പട്ടാളത്തിൽ ചേർന്ന് നാടുവിട്ടയാളാണ്. അച്ഛനും അമ്മയ്ക്കും ഏക മകന്‍. വിവാഹം കഴിഞ്ഞ് മൂന്നു വര്‍ഷത്തിനുള്ളില്‍ അച്ഛനും അമ്മയും മരിച്ചു. പിന്നീട് നാട്ടിലുള്ള സ്ഥലം വിറ്റ് വേറെ എവിടെയോ ആണെന്നൊക്കെ കേട്ടിരുന്നു. അതിനു ശേഷം ഇപ്പോഴാണ് കാണുന്നത്.
ആത്മബന്ധമൊന്നുമില്ലായിരുന്നെങ്കിലും കുട്ടന്‍ കളിക്കൂട്ടുകാരനായിരുന്നു. എന്‍റെ വീട്ടിൽ നിന്നും ഒരു മൈൽ അകലെയായിരുന്നു കുട്ടന്‍റെ വീട്. തരം ഒന്നും ക്ലാസ്സ് വേറെയുമായി സ്കൂൾമേറ്റ്സുമാണ്. വൈകീട്ട് അമ്പലപ്പറമ്പിൽ പന്തുകളി. പിന്നെ അമ്പലക്കുളം ചാടല്‍. ചെല്ലപ്പേരെടുത്തു വിളിച്ചിരുന്ന സൌഹൃദം.
"കുട്ടന് മക്കൾ?."
"രണ്ടാള്. മൂത്തത് മോൻ. ദുബായീലാ. താഴേള്ള മോള് കല്ല്യാണം കഴിഞ്ഞ് ഡെൽഹീല്."
ഒരു നിമിഷത്തെ മൌനം
"ബാൽന്ദ്രന് മക്കളൊക്കെ?."
"രണ്ടാളന്നെ. മൂത്തോൻ ഹൈദരബാദ്. മോള് ബാംഗളുര്. കുട്ടന്‍റെ ഭാര്യ ടീച്ചറല്ലെ?."
"ആയിരുന്നു. റിട്ടയറായി. ചേലക്കര സ്കൂൾലാർന്നൂലോ."
വീണ്ടും തെല്ലിട നിശ്ശബ്ദത. പിന്നെ എന്‍റെ രണ്ട് കയ്യും കൂട്ടിപ്പിടിച്ച് സ്നേഹം കൂട്ടി മസൃണമാക്കിയ സ്വരത്തിൽ കുട്ടൻ എന്ന രാമകൃഷ്ണൻ പറഞ്ഞു:
"മുപ്പത്തഞ്ച് കൊല്ലം കഴിഞ്ഞു നാട് വിട്ടട്ട്!. തന്നെ കണ്ടട്ടും. പക്ഷെ താനിപ്പഴും എന്‍റെ വിളിപ്പേര് മറന്നിട്ടില്ല്യ!. അതിശയം തന്നെ!."
"അയ് അതിശയോ!. നല്ല കാര്യായി!. അതൊക്കെങ്ങന്യാ മറക്ക്വാ കുട്ടാ!.''
" ഭാര്യക്കും മക്കൾക്കും പോലും ഈ പേരറീല്ല്യ. ഞാൻ തന്നെ മറന്ന പോല്യാ. എന്തോ, നാട്ടില് വന്നാ സന്തോഷം എരട്ടിക്കും. ങ്ങന്യൊക്കെ വിളിച്ച് കേക്കുമ്പോ!."
പഴയ ചങ്ങാതിയുടെ കണ്ണൂകളിൽ നീർ പൊടിഞ്ഞു കൊണ്ടിരുന്നപ്പോൾ കുറച്ചു ദിവസം മുമ്പ് നടന്ന മറ്റൊരു അഭിമുഖം മനസ്സിലേക്ക് കടന്നു വന്നു.
പഞ്ചായത്ത് ഓഫീസ്. വീട്ടു നികുതി അടച്ച് പുറത്തിറങ്ങുമ്പോഴാണ് തങ്കപ്പൻ ഇന്നോവയിൽ വന്നിറങ്ങിയത്. പഴയ നാട്ടുകൂട്ടുകാരനെ കണ്ടിട്ട് നാളേറെയായിട്ടുണ്ട്. കക്ഷി ഇപ്പോൾ എവിടെയെന്നു പോലുമറിയില്ല. പട്ടണത്തിൽ എന്തോ ബിസിനസ്സാണെന്ന് ആരോ പറഞ്ഞ അവ്യക്തമായ ഓർമ്മ.
അടുത്തെത്തിയപ്പോൾ ഞാൻ ആവേശത്തോടെ ഉപചരിച്ചു:
"ഹലോ തങ്കപ്പൻ!. എത്രാലായി കണ്ടട്ട്?. ഇപ്പെവട്യാ?."
"തൃശ്ശൂര്!."
ഗൌരവം നിറഞ്ഞ സ്വരം. ഹസ്തദാനത്തിന് നീട്ടിയ കൈക്ക് മറുകയ്യുണ്ടായില്ല. പകരം നീരസം പുരട്ടിയ വാക്കുകൾ:
"ഇറ്റ്സോൾ റൈറ്റ്!.''
ജാള്യത മറയ്ക്കാനായി മാത്രം ഒരു ചോളാക്യം കൂടി ഞാനെടുത്തിട്ടു.
"എന്താ ഇവടെ?."
"പ്രസിഡണ്ടിനെ ഒന്നു കാണണം. ജസ്റ്റ് പേഴ്സണൽ."
"ഓക്കെ. ന്നാ പോട്ടെ?."
"റൈറ്റ്. പിന്നെ ബാലന്ദ്രൻ വൺ മിനിറ്റ്."
പിൻവിളി കേട്ടു തിരിഞ്ഞപ്പോൾ അടുത്ത് വന്ന് അടക്കിയ ഉറച്ച സ്വരത്തിൽ അയാൾ പറഞ്ഞു:
"ബാലന്ദ്രൻ, എന്‍റെ പേര് ഗോപാലകൃഷ്ണൻന്നാണ് ട്ടോ; മറക്കണ്ട!."
തരിച്ചു നിന്നുപോയി ഞാൻ!. ആളെ മാറിപ്പോയോ?. ഒരേ ക്ലാസ്സിൽ പഠിച്ചിരുന്ന, ഒരുമിച്ചു കളിച്ചിരുന്ന, കാലത്തും വൈകീട്ടും അമ്പലക്കുളത്തിൽ ഒരുമിച്ചു ചാടി മദിച്ചിരുന്ന പഴയ സഖാവ് തങ്കപ്പൻ തന്നെയല്ലേ ഇത്?. മരവിപ്പ് മാറി ബോധം തിരിച്ചു കിട്ടിയപ്പോൾ പറഞ്ഞു.
"ഓ.....ഞാൻ മറന്നു; ഗോപാലകൃഷ്ണ മേനോൻ അല്ലെ?. സോറി ട്ടാ!."
"ഇറ്റ്സ് ഓള്‍ റൈറ്റ്!."
അയാളുടെ മുഖത്തു പ്രകാശം തെളിഞ്ഞു എന്നുറപ്പു വരുത്തി തിരിഞ്ഞു നടക്കുമ്പോൾ ഓർത്തു വെച്ചു:
അപരനാത്മസുഖം നൽകുന്നതായിരിക്കണം നമ്മുടെ ഓരോ സംബോധനകളും!.
:
:
:
" ന്ന്ട്ട് കുട്ടൻ എന്താ പരിപാടി?. ഇന്ന് വീട്ടില് കൂടീട്ട് നാളെ പുവ്വാം."
"അയ്യോ പോണം!. നൂറൂട്ടം പണീണ്ട് ബാൽന്ദ്രാ!. വേറൊരീസാവാം. പേപ്പർല് മരണം വായിച്ചപ്പോ ഓടി വന്നതാ. കഴിഞ്ഞ വേലക്കും കൂടി അമ്പലത്തില് കണ്ടതാ ആളെ. വരാണ്ട് കഴീല്ലിലോ?. ചെർപ്പത്തില് മ്മട്യൊക്കെ നേതാവായിര്ന്നില്ല്യേ!."
"അതെ. അപ്പോന്നാ അടുത്തവണ പൂരത്തിന് വരുമ്പൊ വീട്ടില് കൂടാം."
"തീർച്ച്യായും!. ശരിക്കും പൂരം കണ്ടട്ടേ മടങ്ങുള്ളോ!."
"പിന്നേയ്, കുട്ടന് ക്വോട്ടേല്ല്യേ; പോരുമ്പോ ഒരെണ്ണം കയ്യില് വെക്കാൻ മറക്കണ്ട!."
" ഹ ഹ ഹ!. ശരീടോ, ഏറ്റു!."
"വേണ്ടാ ട്ടാ; തമാശ പറഞ്ഞതാ!.''
"ഹ ഹ!. ബെസ്റ്റ് പാർട്ട്യന്നെ!. തനിക്കൊരു മാറ്റോല്ല്യ ട്ടാ!."
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ