2018 നവംബർ 25, ഞായറാഴ്‌ച

മെത്തേഡ് ആക്റ്റിങ്ങ്

മെത്തേഡ് ആക്റ്റിങ്ങ്

' 
അപരിചിതമേഖലകളിലൂടെ ഗൂഗിള്‍ മാപ്പില്ലാതെ സഞ്ചരിക്കരുതെന്ന് പഠിച്ചത് ലാല്‍ ജോസിന്‍റെ ‘വെളിപാടിന്‍റെ പുസ്തക’ത്തില്‍ നിന്നാണ്.
     സിനിമയുടെ ഷൂട്ടിങ്ങ് ലൊക്കേഷന്‍.
  പൂന്തുറ കടല്‍ത്തീരത്തെ കോളേജ് പടിക്കൽ ക്രെയിനില്‍ ക്യാമറ സെറ്റു ചെയ്തുകൊണ്ടിരിക്കുന്നു. കാറ്റുണ്ടാക്കുന്ന പ്രൊപ്പല്ലറിന്‍റെ നാലുചക്രവണ്ടി നിര്‍ദ്ദിഷ്ട സ്ഥാനത്തേക്ക് തള്ളി കൊണ്ടുപോകുന്ന ഓപ്പറേറ്റർമാർ. അറിയപ്പെടുന്ന നടീനടന്മാരെ തേടി സ്മാർട്ട് ഫോൺ ഓണാക്കി അലഞ്ഞു തിരിയുന്ന സെൽഫി ഹണ്ടർമാർ. ബാക്ഗ്രൌണ്ട് ആക്ഷന് തയ്യാറായി ഒറ്റക്കും കൂട്ടമായും ഫീൽഡിൽ അവിടവിടെ ടെൻഷനടിച്ചു നിൽക്കുന്ന ആൺകുട്ടികളും പെൺകുട്ടികളും.
 "ബാലേട്ടാ റെഡി!." എന്നു സംവിധാന സഹായിയുടെ വിളിയും കാത്തിരിക്കുകയാണ് ഞാൻ. ഭക്ഷണ വിതരണക്കാരിൽ ഒരാൾ ഇടക്ക് സ്റ്റേഹത്തോടെ കൊണ്ടുവന്നു തന്ന ചെറുനാരങ്ങച്ചീളിട്ട കട്ടൻ ചായ മൊത്തിക്കൊണ്ടിരിക്കുമ്പോഴാണ് അവർ വന്നത്.
 അവർ അഞ്ചെട്ടു പേരുണ്ടായിരുന്നു. തദ്ദേശീയരാണ്. സിനിമയിൽ ആൾക്കൂട്ടത്തിനായി വിളിച്ചു വരുത്തിയവർ. പ്രിന്‍സിപ്പലച്ചന്‍റെ വേഷമിട്ടു നിന്ന എന്‍റെ മുന്നില്‍ അവര്‍ ഭക്തിബഹുമാനങ്ങളോടെ നിന്നു. കൂട്ടത്തിൽ മുതിർന്ന ഒരാൾ ഭവ്യതയോടെ ചൊല്ലി:
     "ഈശോമിശ്യായ്ക്ക് സ്തുത്യായിരിക്കട്ടെ അച്ചോ!."
     "ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ!.''
   ഞാനും വിട്ടു കൊടുത്തില്ല. കളിയില്‍ കുറഞ്ഞവനാകരുതല്ലോ!. വഴിയേ പോയൊരു നായരച്ചനെ ലാൽ ജോസ് പിടിച്ച് പള്ളീലച്ചനാക്കിയതാണെന്ന് ഇവരറിയരുത്!. നല്ല ഗമയിൽ അച്ചടി വടിവിൽതന്നെ പ്രതിസ്തുതിയിട്ടപ്പോൾ കൂട്ടത്തിൽ രണ്ടുപേർ പരസ്പരം നോക്കി. അതിലൊരാൾ മറ്റയാളുടെ കാതിൽ എന്തോ മന്ത്രിച്ചു. മുതിർന്ന പൌരൻ ചോദ്യം തുടർന്നു:
    "അച്ചൻ എവിടന്നാ വരുന്നത്?"
    "തൃശൂരീന്ന്."
    "ഓ......തൃശൂര് എവിടെ?."
    "അമല കാന്‍സര്‍ ഹോസ്പിറ്റല്‍ കേട്ടിട്ടുണ്ടോ?."
  “ഓ ഒരുപാട്കേട്ടിട്ടുണ്ട്.”
   അന്യ ജില്ലക്കാരായവര്‍ക്ക് തിരിച്ചറിയാൻ എളുപ്പത്തിന് വീടിനടുത്തുള്ള അറിയപ്പെടുന്ന സ്ഥാനം ശീലം വെച്ച് പറഞ്ഞതാണ്. അത് പക്ഷേ പണി തന്നു!.
     "ഓ അച്ഛൻ സിയെമ്മൈയാണല്ലേ?."
   ഈശോയേ!. കളി കാര്യമാവുകയാണ്!. ളോഹക്കുള്ളിൽ വിയർപ്പുചാലുകൾ മുഖ്യധാരയായും കൈവഴികളായും ഒഴുകി ഇക്കിളി കൂട്ടാൻ തുടങ്ങി.
     "അപ്പോ അച്ചനിവിടെ?."
 പ്രദേശവാസികളാണ്!. ഉള്ളംകയ്യില്‍ പങ്കായത്തഴമ്പും കാരിരുമ്പിന്‍റെ പേശികളുമുള്ള മത്സ്യതൊഴിലാളികള്‍!. കളിക്കൊരു പരിധി നിർണയിക്കണമെന്ന് ഉള്ളിൽ ആരോ ഒരാളിരുന്നു കണ്ണുരുട്ടിയപ്പോൾ ഞാന്‍ പറഞ്ഞു:
     "ഷൂട്ടിങ്ങിന് വന്നതാ. ഒരു വേഷമുണ്ട്."
  "വേഷമോ!. അയ്യയ്യോ അച്ചന്മാർക്ക് സിനിമയില്‍ അഭിനയിക്കാനൊക്കുമോ?."
  ആൾക്കൂട്ട മുഖങ്ങളിൽ സംശയാതിശയങ്ങൾ നിഴൽ വിരിക്കുന്നു!. ദൈവമേ ഈ പാനപാത്രം!.
   "അയ്യോ! ഞാനച്ചനല്ല ട്ടോ; ഇത് സിനിമയിൽ എന്‍റെ വേഷാണ്!."
 ക്ഷമാപണ സ്വരത്തിൽ എല്ലാവരോടുമായി പറഞ്ഞപ്പോൾ പരസ്പരം നോക്കികളിൽ അപരന്‍റെ കാതിൽ രഹസ്യമോതിയവൻ വിജയീഭാവത്തോടെ പറഞ്ഞു:
  "അദ്ദാണ്!. ഞാനിവനോട് മുന്നേ പറഞ്ഞതായിരുന്നു; ഒറിജിനൽ അച്ചനല്ല, വെറും വേഷമാന്ന്!."
    "അത് നിനക്കെങ്ങനെ മനസ്സിലായെടേ?."
    മുതിർന്ന പൌരനും ചമ്മലടങ്ങിയിരുന്നില്ല.
    "മറുസ്തുതി കേട്ടപ്പം. "
    "അതെങ്ങനെ?."
    "സാറ് പറഞ്ഞത് ശ്രദ്ധിച്ചായിരുന്നോ?."
    "എന്തായിരുന്നു?."
    "എപ്പോഴും എപ്പോഴും സ്തുത്യാരിക്കട്ടേന്ന്!."
    കർത്താവേ! അങ്ങന്യായിരുന്നോ..... അങ്ങന്യായിരുന്നോ ഞാൻ പറഞ്ഞത്!?.
    "ബാലേട്ടാ റെഡി!."
  ദുരന്തഭൂമിയിലേക്ക് രക്ഷകനായി സംവിധാന സഹായിയെ പറഞ്ഞയച്ച ഈശോമിശിഹായെ സ്തുതിക്കുമ്പോൾ പക്ഷേ പീഢിതന് തെറ്റിയില്ല!.
    "ഇപ്പോഴും എപ്പോഴും സ്തുതിയായിരിക്കട്ടെ!."


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ