ബാക്ക് ലാഷ്
ഇന്നലെ രാത്രി മുഴുവൻ ഉറങ്ങാൻ കഴിഞ്ഞില്ല. അസഹനീയമായ കാലു വേദന. പണ്ട് കാലു പൊളിച്ചൽ, എല്ലുപൊളിച്ചൽ എന്നൊക്കെ അച്ഛനും അമ്മയും ആവലാതിപ്പെട്ടിരുന്നതു കേട്ട് നിർമ്മമനായി നടന്നിരുന്ന ചെറുപ്പക്കാരന് കാലം കരുതി വെച്ച ചികിത്സയാണെന്ന് കിടക്കയിൽ കിടന്നു പുളഞ്ഞു കൊണ്ടിരുന്നപ്പോൾ തിരിച്ചറിഞ്ഞു. ഒരു പാരസിറ്റമോൾ ടാബ്ലറ്റ് കിട്ടിയിരുന്നെങ്കിൽ നേരിയ സമാധാനം കിട്ടുമെന്നു കരുതി വീടകം മുഴുവൻ പരിശോധിച്ചിട്ടും ഒരു പൊട്ട് കിട്ടിയില്ല. സാധാരണ ഗതിയിൽ നിലത്ത് ചവിട്ടിക്കൂട്ടി നടന്നിരുന്ന വസ്തുവാണ്. ആപത്ത് കാലത്ത് കാൽപോളുമില്ല ക്രോസിനുമില്ല.
ഒരാഴ്ചയായുള്ള മഴയാണ്, വീട്ടിനകത്തു നിലത്തും പുറത്തു തൊടിയിലും നല്ല തണുപ്പാണ്, ചെരുപ്പിടാതെ നടന്നതാണ് രോഗകാരണം എന്നൊക്കെ ഭാര്യയുടെ ഗവേഷണ റിപ്പോർട്ടിൽ നിന്നും കണ്ടെത്താനായിട്ടുണ്ട്. എന്തായാലും കാലുവേദന (വാതം എന്നു പറയാൻ ഒരു മടി!) എന്ന യാഥാർത്ഥ്യം രാത്രിയെ കാളയാക്കി മുന്നിലെത്തിച്ചിരിക്കുന്നു!.
ഡോക്ടറെ കാണലൊക്കെ കൊവിഡിൻ്റെ സാഹചര്യത്തിൽ പാടാണ്. ഇന്നു രാത്രിക്ക് കരുതലായി നാലഞ്ച് ഗുളിക വാങ്ങി വെക്കാമെന്ന് കരുതി രാവിലെ മെഡിക്കൽ ഷോപ്പിൽ ചെന്നു.
" അഞ്ച് പാരസിറ്റമോൾ ടാബ്ലെറ്റ്..."
ചോദ്യം മുഴുമിപ്പിച്ചില്ല അപ്പോഴേക്കും;
"പാരസിറ്റമോൾ കൊട്ക്കില്ല്യ!."
കൌണ്ടറിൽ കൈകൾ കുത്തി ഒന്നു മുന്നിലേക്കാഞ്ഞ് മുഖത്തടിക്കുന്ന പോലെ എടുത്തു കൊടുപ്പുകാരൻ പറഞ്ഞു. പിന്നാലെ ഒരു അളുമ്പൂസൻ ചിരിയും!.
"എന്ത്?."
"പാരസിറ്റമോൾ കൊടുക്കാൻ പാടില്ല്യ!."
കടുപ്പം കുറയുന്നില്ല വാക്കുകൾക്ക്.
"കാരണം?."
കാൽക്കുലേറ്ററിൽ എന്തൊക്കെയോ കുത്തി കണക്കാക്കുന്നതിൽ അതീവ വ്യാപൃതനായിരുന്ന മാനേജർ തലയുയർത്തി:
"പ്രിസ്ക്രിപ്ഷൻ വേണം."
"പാരസിറ്റമോളാണ്!."
"ഏത് മോളായാലും പ്രിസ്ക്രിപ്ഷൻ വേണം."
"ഇല്ല്യാണ്ടന്നെ വാങ്ങാറ്ണ്ടലോ?."
"ഇപ്പൊ കൊട്ക്കാറില്ല്യ."
"എന്താദ്?."
"നിർദ്ദേശണ്ട്. സ്വയം ചികിത്സിച്ച് വഷളാക്കീട്ട് കൊവിഡ് കാലത്ത് ആശുപത്രീല് പോവാണ്ടിരിക്കാനാണ്!. ഒക്കെ റിസ്ക്കല്ലെ?."
ഇതാരറിഞ്ഞു!.
പത്രമൊക്കെ വല്ലവരും വായിക്കുമോ!.
മടങ്ങുമ്പോൾ ഒന്നു തിരിഞ്ഞു നോക്കി. എടുത്തു കൊടുപ്പുകാരൻ വിജയശ്രീ പുരസ്ക്കാരം ലഭിച്ചവനെപ്പോലെ എന്നെ നോക്കി പുഞ്ചിരിക്കുന്നു!.
എന്താണിയാൾക്കിത്ര പെരുത്ത് സന്തോഷം?. ബാങ്കിലായിരുന്ന സമയത്ത് ഇയാൾ കൊണ്ടുവന്ന ചെക്കെങ്ങാനും ഞാനായിട്ട് മടക്കുകയുണ്ടായിട്ടുണ്ടോ?.
ആവോ; ഉണ്ടായിരിക്കണം!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ