2020 സെപ്റ്റംബർ 23, ബുധനാഴ്‌ച

പുകമറയില്ലാതെ

പുകമറയില്ലാതെ

അടുത്തിടെ കണ്ട യൂറോപ്യൻ സിനിമയിലെ ഒരു രംഗവും അതിലെ സംഭാഷണവും ചുരുട്ടിയെടുത്ത് ഒന്നു പുകച്ചു നോക്കിയതാണ്......

ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ്. അവൻ വെൻ്റിലേറ്ററിൽ നിന്ന് വിമോചിതനായിട്ട് കുറച്ചു നാളായിട്ടേയുള്ളു. ആക്രമണത്തിൽ നിന്ന് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ട കൂട്ടുകാരി അവനെ കാണാൻ ആശുപത്രിയിൽ ചെല്ലുന്നു. കിടയ്ക്കക്കരികിലിട്ട കസേരയിൽ ഇരുന്നുകൊണ്ട് സുഖാസുഖവിവരങ്ങൾ അറിഞ്ഞുകൊണ്ടിരുന്നതിനിടയിൽ പതിഞ്ഞ സ്വരത്തിൽ അവൾ ചോദിച്ചു.
"ആശുപത്രിയിലെ ഭക്ഷണമൊക്കെ എങ്ങിനെ?."
" ഒരു വിധം മോശമാണ്."
" ആണോ!. "
"മോശമെന്നല്ല മഹാവഷള്!. എനിക്ക്
വിശപ്പില്ലാത്തത് ഭാഗ്യം!."
"ഞാൻ വല്ലതും കൊണ്ടുവരണോ?."
"വേണ്ട."
"സിഗരറ്റ്?."
"അതാവാമായിരുന്നു. പക്ഷേ ഞാൻ പുക വലിക്കില്ലല്ലോ?."
ദൈന്യതക്കിടയിലും നറുപുഞ്ചിരിയോടെ അവൻ പറഞ്ഞതു കേട്ടപ്പോൾ അവൾക്കു ചിരി പൊട്ടി.
:
:
:
സിനിമയല്ല രണ്ടു പേരുടേയും സംഭാഷണം സൃഷ്ടിച്ച ആശ്ചര്യമാണ് ഇതെഴുതുവാൻ നിമിത്തമായത്.
ആപ്പിള് വേണോ മുന്തിരി വേണോ മൂസമ്പി വേണോ എന്ന ലാഘവത്തിലാണ് ആശുപത്രിയിലേക്ക് സിഗരറ്റ് കൊണ്ടുവരണോ എന്നു സന്ദർശക ചോദിക്കുന്നത്. അപ്പനമ്മമാരും അപ്പൂപ്പനമ്മൂമ്മമാരും മക്കളും എന്തിനു പറയുന്നു പ്രസവച്ചൂരു മാറാത്ത കുട്ടികൾ വരെ സിഗരറ്റ് വലിക്കുന്നതു കാണാം യൂറോപ്യൻ സിനിമകളിൽ. ഒരു സിനിമയിൽ നടക്കുന്ന മൊത്തം ചുംബനങ്ങൾക്കു തൊട്ടു താഴെയാണ് പുകവലിയുടെ എണ്ണം എന്നു പറഞ്ഞാൽ ഊഹിക്കാം വലിയുടെ പെരുപ്പം. സിനിമയല്ലേ എന്നു പറഞ്ഞു അവഗണിച്ചു തള്ളാനും വയ്യ. വിദേശങ്ങളിലൊക്കെ പൊതു സ്ഥലങ്ങളിൽ പുകവലി നിർബാധം നടക്കുന്നുണ്ടെന്ന് അനുഭവസ്ഥർ പറയുന്നു. രണ്ടു വർഷം മുമ്പ് ഒരു ബഹറിൻ സന്ദർശനത്തിനിടയിൽ നേരിട്ട് ബോധ്യപ്പെട്ടിട്ടുമുണ്ട്. അപ്പോൾ വിദേശരാജ്യങ്ങളിൽ പുകവലി വിരുദ്ധനിയമങ്ങൾ നമ്മുടേതു പോലെ കർക്കശമല്ല എന്നർത്ഥം!.
ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്നത് ഒരു ഭൂതകാലാഭിരതിക്കുള്ള വക നൽകുന്നുണ്ട്.
കോളേജ് പഠനകാലത്ത് കേരളവർമ്മ മെൻസ് ഹോസ്റ്റൽ വടക്കുന്നാഥൻ ബ്ലോക്കിലെ സുഹൃത്തിൻ്റെ മുറി മംഗളൂർ ഗണേഷ് ബീഡിയുടെ മൊത്ത വിപണന കേന്ദ്രമായിരുന്നു. ഞായറാഴ്ചകളിൽ നാട്ടിലെ വായനശാലയിലും ആൽത്തറയിലും കവലയിലെ പീടികത്തിണ്ണകളിലും സൊറ പറയാനും ചെസ്സ് കളിക്കാനും കൂടുന്നവരൊക്കെ ബീഡിക്കെട്ടും തീപ്പെട്ടിയും സ്വന്തമായുള്ളവരായിരുന്നു. കൈമുതലായി തീപ്പെട്ടി മാത്രമുള്ളവരും
കുറവായിരുന്നില്ല. തോൽക്കുകയോ ജയിക്കുകയോ എന്തുമാവട്ടെ പത്താം ക്ലാസ്സ് കഴിഞ്ഞാൽ ബീഡി വലിച്ച് വയസ്സറിയിക്കുന്ന ആൺമക്കൾ അമ്മമാരുടെ അഹങ്കാരവും അത്മവിശ്വാസവുമായിരുന്നു.
" ഗോപിക്ക് ഒന്ന്വായില്ല്യാല്ലേ മാലത്യേച്ച്യേ?."
"ഭവാന്യെന്താങ്ങനെ പർഞ്ഞേ?. ൻ്റെ മോന് ചായക്കും ബീഡിക്കൂള്ളത് അവന്ണ്ടാക്ക്ണ്ട്."
"എന്താവന് പണി?."
"എലട്രീഷ്യം."
സ്വന്തം ആപ്പിൾ ഫോട്ടോ പൊതിയിൽ കുറയുന്ന ബീഡിയെണ്ണങ്ങൾ തങ്ങളിൽ സൃഷ്ടിക്കുന്ന അരക്ഷിതബോധമുണ്ടോ
ബീഡി വലിക്കാത്ത ഈ പെണ്ണുങ്ങൾ അറിയുന്നു എന്ന് രഹസ്യമായി പരിതപിച്ചിരുന്നുവെങ്കിലും ചായക്കും ബീഡിക്കും വകയുണ്ടാക്കാൻ തുടങ്ങിയാൽ ചെക്കൻ മുതിർന്നു എന്ന് അച്ഛന്മാരും അഭിമാനിച്ചു പോന്നു. ഒരുവൻ്റെ ആണത്തവും കാര്യപ്രാപ്തിയും നിർണ്ണയിക്കുന്നതിൽ അക്കാലത്ത് ബീഡിവലിക്ക് വലിയ പങ്കുണ്ടായിരുന്നു എന്നു ചുരുക്കം.
ബാങ്കിൽ ജോലി ചെയ്തിരുന്ന കാലത്ത് സീറ്റിലിരുന്നു സിഗരറ്റ് വലിക്കാമായിരുന്നു. കൗണ്ടറിനപ്പുറവും ഇപ്പുറവുമായി നിന്ന് കസ്റ്റമറും കൗണ്ടർ ക്ലാർക്കും മുഖത്തേക്ക് പരസ്പരം പുകച്ചൂതി ആരതി ഉഴിഞ്ഞായിരുന്നു ഇടപാടുകൾ നടത്തിയിരുന്നത്. സ്റ്റാഫ് ട്രെയിനിങ്ങ് സെൻ്ററിലെ ഫ്രഞ്ച് താടിയുള്ള ഫാക്കൽറ്റി മെംബർമാർ പുകവലയങ്ങൾ പറത്തി വിട്ടുകൊണ്ട് ഡെപ്പോസിറ്റും അഡ്വാൻസും പറഞ്ഞു തന്നു ഞങ്ങൾക്ക്.
ആ കാലമൊക്കെ പോയി. പത്തു മുപ്പതു കൊല്ലത്തിനുള്ളിൽ നമ്മുടെ നാട്ടിൽ സംഭവിച്ചിട്ടുള്ള സാമൂഹ്യമാറ്റങ്ങളിൽ മുന്തിയത് ഈ പുകവലി വിരോധവും നിരോധനവുമായിരിക്കുമെന്നു തോന്നുന്നു.
പൊതു നിരത്തിൽനിന്നുള്ള പുകവലി ജനം ഉപേക്ഷിച്ചിരിക്കുന്നു. വെടിമരുന്നു പുരയിൽ ബീഡി കൊളുത്തുന്ന പോലെയാണ് നമുക്ക്‌ ആശുപത്രിയിൽ വെച്ചുള്ള പുകവലി!. ചെറുപ്പക്കാരായ മദ്യപാന സദസ്യരിൽ പോലും അഞ്ചിൽ നാലുപേർ പുകവലി വിരുദ്ധരാണ്!. ടച്ചിങ്ങ്സ് ലിസ്റ്റിൽ ഇന്ന് ഗോൾഡ് ഫ്ളേക്കിന് ഭ്രഷ്ടുണ്ട്. ഞങ്ങൾ പഴയ വലിക്കാർക്ക് തീർത്തും അതിശയകരമാണ് ഈ പുകയില്ലാക്കാലം!.
ഇപ്പറഞ്ഞത് കേട്ട് കള്ള്, കഞ്ചാവ്, മറ്റു പുകയില വ്യഞ്ജനങ്ങൾ എന്നിവക്ക് പൊതുവേ പ്രിയമേറിയില്ലേ എന്നൊന്നും ചോദിക്കരുത് പ്ലീസ്!. ഓടാൻ മാർഗ്ഗമില്ല; കോൾപാടമൊക്കെ രണ്ടാൾക്ക് വെള്ളം കയറിക്കിടപ്പാണ്!.
എന്തായാലും പുകവലി പ്രോട്ടോക്കോൾ പാലനത്തിൽ നാം വികസിത രാജ്യങ്ങളേക്കാൾ കൊറോണക്കാതം മുന്നിലാണെന്ന് ഒരു ബീഡി കൊളുത്താതെതന്നെ പറയാമെന്നു തോന്നുന്നു!.
_____________________________________
SMOKING IS INJURIOUS TO HEALTH

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ