2020 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

പ്രതിഭവനം രുചിഭേദം

  

പ്രതിഭവനം രുചിഭേദം


"വിട്ടില് കൊപ്പക്കായ കൂട്ടാൻ വെച്ചാ കയ്യോണ്ട് തൊടില്ല്യ കുട്ടി. വെളിച്ചെണ്ണേം ഉപ്പും കൂട്ടിക്കൊഴച്ച് തിന്നൂന്നേ വരുള്ളോ!."

"മോൻ കഴിച്ചോ ട്ടാ. അമ്മ പറേണത് നോക്കണ്ട."

"അതിശയണ്ട്!. ഇപ്പിവൻ നാഴ്യരീടെ ചോറുണ്ട്ണ്ടാവില്ല്യേ കുഞ്ഞുട്ട്യേച്ച്യേ!. "

"അയ് അയ്, കഴിച്ചോണ്ടിരിക്കുമ്പൊ ങ്ങന്യൊന്നും പറേര്ത് പാറുട്ട്യേ!. മോന് കുഞ്ഞുട്ട്യേച്ചി ചോറ് വെളമ്പട്ടെ ?."

"ഉം."

അമ്മയുടെ തുറിച്ചു നോട്ടം ലവലേശം വകവെക്കാതെ നിർമ്മമം നിരതിശയം ഇരുനാഴി അരിയുടെ ചോറ് ഒറ്റയിരിപ്പിൽ കഴിക്കുക തന്നെ ചെയ്തു ചന്നരൻ!.

അമ്മമാർ മാറി മാറി നടത്തുന്ന ഗൃഹസന്ദർശനങ്ങളും മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന വിശേഷം പറച്ചിലും ഗ്രാമ സംസ്കാരത്തിൻ്റെ അവിഭാജ്യ ഘടകമായിരുന്ന ഒരു കാലത്തെ കഥയാണു്. തെക്കേലെ ജാനകീടെ വിശാലം ബോംബേന്ന് പ്രസവത്തിന് വന്നതും, തോപ്പിലെ രാഘവൻ നായര് ഹിരണ്യ (ഹെർണിയ) ഓപ്പറേഷനായിട്ട് മിഷ്യേനാസ്പത്രീല് കെടക്കണതും മേലേത്തെ വത്സലേടെ രണ്ടാമത്തേന് വെരശല്ല്യം മൂത്തട്ട് കോട്ടേമെ കുട്ടനെ കാണിച്ചതുമായ ദേശീയ വിശേഷങ്ങൾ അങ്ങിനെയാണ് അവർക്കിടയിൽ വിനിമയം ചെയ്യപ്പെട്ടിരുന്നത്. പൊതുവെ ഉച്ചഭക്ഷണം കഴിഞ്ഞ പകലുകളിലാണ് കൂട്ടംകൂടലുകൾ പതിവ്. ഉച്ചകോടി നടക്കുന്ന വീടുകളിലെ ഗൃഹനാഥന്മാർ തദവസരങ്ങളിലൊക്കെ ചുവട്ടിലെ കിടപ്പുമുറി ഉപേക്ഷിച്ച് മെത്തപ്പായയും തലയിണയുമെടുത്ത് തട്ടിൻ മുകളിലേക്ക് കൂടു മാറുന്നതും പതിവായിരുന്നു. കണ്ണും ചെവിടും കേൾക്കാനാണത്രെ. അവർക്ക് ഉച്ചമയക്കം അനുപേക്ഷണീയം.

അപൂർവ്വം അവസരങ്ങളിൽ ഉച്ചക്കു പകരം പ്രഭാത സന്ദർശനങ്ങൾ നടത്തുന്നവരുമുണ്ട്. പട്ടണത്തിൽ ജോലിക്കു പോകുന്ന പുരുഷന്മാരുടെ ഭാര്യമാർക്കുള്ള സൌകര്യമാണത്. വർത്തമാനം പറഞ്ഞ് നേരം ഉച്ചയായാൽ 'ഈശ്വരാ ചെന്നട്ട് വേണം ആൾക്ക് വെളമ്പിക്കൊടുക്കാൻ' ഇത്യാദി കുലസ്ത്രീ ധർമ്മാശങ്കകളൊന്നും അലട്ടാത്തവർക്കു മാത്രമുള്ള ഒരു പ്രിവിലേജ്. അമ്മ ആ ക്ലാസായിരുന്നു. രാവിലെ വീട്ടുജോലികളെല്ലാം കഴിഞ്ഞ് ഉച്ചയ്യുണിനു മുമ്പ് 'മടങ്ങാൻ തക്കണം' ഒന്നു പോയി വരാം എന്ന പ്ലാനിൽ ഒരു ദിവസം അമ്മ എന്നെയും കൂടെ കൂട്ടി പറങ്ങോടത്തെ കുഞ്ഞുട്ട്യേച്ചിയുടെ വീട്ടിൽ ചെന്നതിൻ്റെ വിശേഷമാണ് മേലെഴുതിയത്. പറഞ്ഞ് പറഞ്ഞ് മണി ഒന്നായപ്പോൾ 'ഈശ്വരാ നേരം പോയ് ' എന്നു യഥാവിധി പരിഭ്രമിച്ച അമ്മയോട് കുഞ്ഞുട്ട്യേച്ചി പറഞ്ഞു.

"ഇനീപ്പൊ ഇത്ര്യായില്ല്യേ, ഇവടെ കഴിച്ചിട്ട് പൂവാം പാറൂട്ട്യേ."

"വേണ്ട കുഞ്ഞുട്ട്യേച്ച്യേ, ഒക്കെ വെച്ച്ട്ടാ ഞാൻ പോന്നത്. "

"ന്നാലും വേണ്ടില്ല്യ, ഇന്നിവടെ കഴിച്ചിട്ട് പൂവാം. മോൻ ബാ ഇബടേരിക്ക്."

"അയ്യോ വേണ്ട കുഞ്ഞു.... "

"വേണം!."

രണ്ടു പേരും ചേർന്ന് നിഷേധങ്ങളുടേയും നിർബ്ബന്ധങ്ങളുടേയും രണ്ട് താളവട്ടം കൊട്ടിക്കഴിഞ്ഞപ്പോൾ കുഞ്ഞുട്ട്യേച്ചി മേലടുക്കളയുടെ നിലത്ത് ഇലയിട്ടു.

പിന്നെയുണ്ടായത് ചരിത്രം!.

സത്യം പറഞ്ഞാൽ കണ്ണിൻ്റെ ദൃഷ്ടിക്കു കണ്ടു കൂടാത്ത കൊപ്പക്കായക്കൂട്ടാൻ കൂട്ടി എങ്ങിനെയാണു് ഇത്രയുമുണ്ണാൻ കഴിഞ്ഞതെന്ന് എനിക്കും വല്ലാത്ത അതിശയമായിരുന്നു. ഒരാഴ്ച കഴിഞ്ഞ് ഒരൊഴിവു ദിവസം അച്ഛനേയും അമ്മയേയും കാണാൻ അരിമ്പൂരിൽ നിന്നും വന്ന മൂത്ത ചേച്ചിയിൽ നിന്നാണ് കാര്യകാരണമറിഞ്ഞത്..

"ചെക്കൻ ഉണ്ണണ കണ്ടപ്പൊ നാണംകെട്ടു പോയീടേ!."

ഉച്ചക്ക് ചേച്ചിക്കൊപ്പം ഊണു കഴിച്ചു കൊണ്ടിരുന്നപ്പോൾ ഇരുനാഴി അരിയുടെ കേസ് ഫയൽ അമ്മ വീണ്ടും തുറന്നു.

"ഇവടെ കൊപ്പക്കായ പുളിങ്കറി വെച്ചാ തൊടില്ല്യ. കുഞ്ഞുട്ട്യേച്ചി വെളമ്പീപ്പോ പഞ്ചാമൃതം പോല്യാ കഴിച്ചേർന്നെ ചെക്കൻ!. "

"അതങ്ങന്യാമ്മേ. വീട്ടില് വെച്ചാ സാദ് തോന്നാത്ത കൂട്ടാനും ഉപ്പേരിക്ക്വൊക്കെ മറ്റുള്ളോടത്ത്ന്ന് കഴിക്കുമ്പൊ നല്ല സാദ് തോന്നും. എല്ലാർക്കും അങ്ങന്യന്ന്യാ. വീട്ടില് വെച്ചാ തിന്നാത്ത ഉപ്പുമാവ് ഹോട്ടൽല് തിന്നാൻ എന്താ രസം!. മാറ്റത്തിനാ സാദ്. സാധനങ്ങൾക്കല്ല."

മാങ്ങയിട്ടു വെച്ച കായൽ മീൻ കൂട്ടാനിൽ കറത്ത ചീരയുടെ ചുടുചോറ് ഉണ്ടയുരുട്ടി ഒപ്പി ഉണ്ടുകൊണ്ട് ടീച്ചറായിരുന്ന ചേച്ചി പറഞ്ഞത് അന്നേവരെ അറിയാതിരുന്ന ഒരു പ്രാപഞ്ചിക സത്യമാണ്.

രുചിഭേദങ്ങൾ തേടി അന്യ വീടുകളിലെ അടുക്കള കയറാനുള്ള പൂതിയൊക്കെ എന്നേ അടങ്ങി. രണ്ടേ രണ്ട് കാരണങ്ങളാണ്. ഒന്ന് സ്വകാര്യതാ ലംഘനത്തിൻ്റെ പുത്തൻ ബോധ്യങ്ങൾ. രണ്ട് കൊപ്പക്കായയിലെന്നല്ല കാട്ടുചേനയിൽ പോലും രുചി നുണയാൻ നിർബന്ധിക്കുന്ന രസനയുടെ പ്രായോചിതമായ ചുവടുമാറ്റം!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ