2020 ഒക്‌ടോബർ 5, തിങ്കളാഴ്‌ച

മേനോന്‍ മാഷ്


മേനോന്‍ മാഷ്

സുഹൃത്തിൻ്റെ ഫേസ്ബുക്ക് കവറിലെ ഗ്രൂപ്പ് ഫോട്ടോയിൽ ആ മുഖം കണ്ടപ്പോൾ സംശയമായി. അയ് നല്ല മുഖപരിചയമുണ്ടല്ലോ?. പെട്ടെന്ന് മനസ്സ് വർഷങ്ങൾക്കു പിന്നിലേക്ക് പാഞ്ഞു. മേനോൻ മാഷ്?. ഏയ് അതാവില്ല. മേനോൻ മാഷാവില്ല. മാഷക്ക് ഇത്ര പ്രായം കണ്ടാൽ പോര. പക്ഷേ മുഖച്ഛായ?. അത് ഏഴു പേരുള്ളതിൽ ഒരാളായതുകൊണ്ടാവും. ആ കണ്ണുകൾ?. ഉള്ളിൽ കൊള്ളിയാൻ മിന്നിക്കുന്ന ആ നോട്ടം?. അതെ, അതു മാഷ് തന്നെ. എന്തായാലും സംശയം വെച്ചിരിക്കണ്ട. ഇന്നു രാവിലെ സുഹൃത്തിനെ മെസഞ്ചറിൽ ബന്ധപ്പെട്ടു ചോദിക്കുക തന്നെ ചെയ്തു.

"കവർ ചിത്രത്തിലുള്ളത് മേനോൻ മാഷാ ണോ?."

"Yes."

(പിന്നല്ല; ഞാൻ പറഞ്ഞില്ലേ!)

"മാഷിപ്പോൾ?."

"സുഖമാണ്. "

"സുഖമായിരിക്കട്ടെ!."

അതെ എം.കെ. മേനോൻ മാഷ് എന്ന പ്രതിഭാസം തന്നെ!.

അല്ല; സംശയം തോന്നിയതിൽ തെറ്റു പറയാനാവില്ല. അമ്പത് വർഷം മുമ്പ് പഠിപ്പിച്ച അദ്ധ്യാപകന് നിശ്ചയമായും ശിഷ്യനേക്കാൾ നല്ലവണ്ണം പ്രായം തോന്നിച്ചിരിക്കണം എന്ന ഇൻബിൽറ്റ് ബോധ്യമായിരുന്നല്ലോ മനസ്സിൽ.

1970-71

അച്ചമ്മാരോ കന്യാസ്ത്രീകളോ ആവാൻ നേരുന്നതു പോലെ മക്കളെ പത്താം ക്ലാസുകഴിഞ്ഞാൽ 'ഡോക്ടർലൈൻ'ന് ഉഴിഞ്ഞിടുന്ന ഒരനുഷ്ഠാനമുണ്ടായിരുന്നു അന്ന്. തലയിലെന്തുണ്ട് എന്നത് വിഷയമായിരുന്നില്ല. ചരിത്രം പഠിക്കാൻ മോഹിച്ചവനെ പ്രീഡിഗ്രി ഹ്യൂമാനിറ്റീസിനിടയിലുടെ കണ്ണ് കെട്ടി നടത്തിയത് സെക്കൻ ഗ്രൂപ്പ് എന്ന ഇടിമുറിയിലേക്കായിരുന്നു. ഒന്നുകിൽ ടൈപ്പ് റൈറ്റിങ്ങ് ഷോർട്ടാൻഡ് അല്ലെങ്കിൽ ഡോക്ടർലൈൻ എന്ന ഓപ്ഷൻ അച്ഛനിലൂടെ കണ്ണുരുട്ടിയപ്പോൾ ഡോക്ടറെങ്കിൽ ഡോക്ടർ എന്ന് തീരുമാനിച്ച് ബേസിക്ക് മാത്തമാറ്റിക്സ് ഒഴിവാക്കി ഡോഷ്യൽ സ്റ്റഡീസ് ഓപ്‌ഷനു സൌകര്യമുള്ള സെക്കൻ ഗ്രൂപ്പിലേക്ക് മാലയിട്ട് വസ്ത്രം മാറിയത് കേരളവർമ്മയിലെ അസ്തു വൃതം ശുഭം സദായിലേക്ക്. പക്ഷേ കോഴ്സ് ഫസ്റ്റ് ടേം പിന്നിട്ടപ്പോൾ ദുർലക്ഷണങ്ങൾ കണ്ടു തുടങ്ങി. കൈലി വളച്ചുകുത്തി മീശ പിരിച്ച് രസതന്ത്രം വഴി തടഞ്ഞപ്പോൾ മേനോൻ മാഷ്ക്ക് കൊട്ടേഷൻ കൊടുക്കാതെ വയ്യെന്നായി.

വെളുപ്പിന് 5 മണിക്കെഴുന്നേറ്റ് എട്ടര കിലോമീറ്റർ സൈക്കിൾ ചവിട്ടി പടിഞ്ഞാറെ ചിറയുടെ കരയിലുള്ള ആ ആറുതൂൺ ഷെഡ്ഡിൽ തിങ്ങിവിയർത്തിരുന്ന് വടുകൻ, മരോട്ടിത്തലയൻ വിളികളും (പെൺകുട്ടികളാവുമ്പോൾ അരണ) ചെവി തിരുമ്മലും ഒന്നര വർഷം സഹിച്ചില്ലായിരുന്നെങ്കിൽ ഈയുള്ളവൻ്റെ വിദ്യാഭ്യാസം പ്രീഡിഗ്രി കെമിസ്ട്രിയിൽ ഡിസോൾവായേനെ. ബിരുദ ബിരുദാനന്തര ബിരുദങ്ങളേക്കാൾ നീളമുണ്ട് എസ് എസ് എൽ സിക്ക് എന്ന് മേനി നടിച്ചു നടക്കേണ്ടി വന്നേനെ.

സുഹൃത്തിൻ്റെ ടൈംലൈനിലെ മാഷുടെ ചിത്രം ഒന്നുകൂടി നോക്കിയിരുന്നപ്പോൾ ഉള്ളിൽ ചിരിയൂറി. ഇപ്പോഴെങ്ങാനും മാഷുടെ അടുത്തു പോയി ശിഷ്യന്മാർ ആയിരങ്ങളിലൊരുവനായി സ്വയം പരിചയപ്പെടുത്താൻ തുനിഞ്ഞാൽ മാഷ് എന്തായിരിക്കും പറയുക?.
"ആര് നിങ്ങളോ?. എൻ്റെ സ്റ്റുഡൻ്റൊയിരുന്നെന്നോ!. നിങ്ങൾക്കാളെ തെറ്റിയതാവുമോ!."

ചിന്തിച്ചു രസിക്കാമെന്നു മാത്രം. മാഷ് അങ്ങിനെ പറഞ്ഞിട്ടല്ല. പറയുകയുമില്ല.

"ഓ... അത്യോ! ഓർമ്മവരുന്നില്ല. എത്ര വർഷം എത്ര കുട്ടികൾ!. ല്ലേ....?."
എന്നേ മാഷ് പറയൂ. ആ "ല്ലേ?" ഉറപ്പ്.

ഇത് റിട്ടയേഡ് പ്രൊഫസർ ശ്രീ. എം.കെ. മേനോൻ. തൃശ്ശൂർ സെൻ്റ് തോമസ് കോളേജിലായിരുന്നു അദ്ധ്യാപനം. പക്ഷേ ട്യൂഷൻ നൽകിയ വഴിയിൽ കേരളവർമ്മ, സെൻ്റ് മേരീസ്, സെൻ്റ് അലോഷ്യസ്, വ്യാസ, ക്രൈസ്റ്റ് തുടങ്ങിയ കലാലയങ്ങളിലെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ കൂടിയുണ്ട് ശിഷ്യ സമ്പത്തായി. നൂറ് കണക്കിന് പ്രൊഫഷണലുകൾക്ക് ഉന്നത വിദ്യഭ്യാസത്തിൻ്റെ പടി തുറക്കാൻ സഹായിച്ച അജിത് കുമാർ രാജയെപ്പോലെയുള്ള പ്രശസ്തരായ അദ്ധ്യാപകരുടെയും ഗുരുവാണ് മാഷ്.

അന്ന് സെന്തോമസ് കോളേജ് എന്ന കാട്ടിൽ രണ്ട് സിംഹങ്ങളുണ്ടായിരുന്നു.
ഒന്ന് സാക്ഷാൽ പീ. സി തോമസ്. മറ്റേത് മേനോൻ മാഷ്.

മാഷേ സ്വീകരിക്ക, പഴയ ഒരു വടുകൻ്റെ നമസ്ക്കാരം!.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ