2012 മേയ് 24, വ്യാഴാഴ്‌ച

പെരുപ്പിക്കാതെ.,പെരുപ്പിക്കാതെ!



പെരുപ്പിക്കാതെ,പെരുപ്പിക്കാതെ!

തെക്കുനിനൂ വന്ന   ഒരദ്ധ്യാപകനുണ്ടായിരുന്നു ഞാൻ പഠിച്ചിരുന്ന ആശ്രമം സ്കൂളില്‍. ഒരു ഭീകരന്‍. ചുവന്ന ഉണ്ടക്കണ്ണുകള്‍, കൊമ്പന്‍ മീശ, ഉറക്കത്തിലൊഴിച്ച് സദാസമയം വാ നിറയെ മുറുക്കാന്‍.  ചെമ്പന്‍ കുഞ്ഞ് എന്ന പേരുള്ള പഴയ സിനിമാ നടന്‍റെ രൂപസാദൃശ്യം.  "കൊമ്പന്‍ മീശ പിരിച്ചും കൊണ്ടേ കുട്ടന്‍ മാഷ്‌ വരുന്നുണ്ടേ- വെറ്റ  മുറുക്കി ക്ലാസ്സുകള്‍ നീളെ ചുറ്റി നടന്നു വരുന്നുണ്ടേ" എന്നെഴുതാന്‍  സിപ്പി പള്ളിപ്പുറത്തിനു പില്‍ക്കാലത്ത്‌  പ്രേരകശക്തിയായത്  മൂപ്പിലാനെ വല്ലപ്പോഴും  കണ്ടതുകൊണ്ടാവാനിടയുണ്ട്. 

പെന്‍സില്‍  കൂട്ടിപ്പിടിച്ചു  ചെവിനുള്ളുക, ചോക്ക് കഷ്ണം ഉന്നം പിടിച്ചു നെറ്റിയില്‍ എറിയുക, പോലീസ് മാതൃകയില്‍ പൊക്കിളിനു മുകളില്‍  വയറു പിടിച്ച് വലിക്കുക, എഴുതി നിറഞ്ഞ ബ്ലാക്ക്‌ ബോര്‍ഡില്‍ ഇരകളുടെ മുഖം ചേര്‍ത്ത് പിടിച്ച് അക്ഷരങ്ങള്‍ മായ്ക്കുക, എന്നിങ്ങനെയാണ്         ഗുരുരാജന്‍റെ മൃഗയാവിനോദങ്ങൾ. ഹൈസ്കൂളിൽ എത്തേണ്ടി വന്നു പൊതു വിദ്യഭ്യാസവകുപ്പിന്‍റെ ആ മർദ്ദനോപകരണത്തിൽനിന്നു നിന്നു രക്ഷനേടാൻ.  ചെമ്പൻ കുഞ്ഞിന്‍റെ സാമ്രാജ്യം യൂ പി സ്കൂളില്‍ ഒതുങ്ങിയിരുന്നു.

സ്കൂൾ കോളേജ് പഠനങ്ങളൊക്കെ  പൂർത്തിയാക്കി വെള്ളക്കോളര്‍  തൊഴിലന്വേഷകനായി നടക്കുന്ന നാളുകൾ.  പിഎസ്സിക്ക്  അപേക്ഷ അയക്കാനായി പോസ്റ്റ്‌ ഓഫീസിൽ പോയി മടങ്ങുമ്പോഴാണ് ഒരു ദിവസം  അതു കാണേണ്ടി വന്നത്   . സമീപത്തുള്ള സ്റ്റേഷനറി  കടയുടെ തിണ്ണയില്‍   കടക്കാരനോട്  സൊറ പറഞ്ഞും വഴിയില്‍ പോകുന്ന പരിചയക്കാരെയും അല്ലാത്തവരേയും മൂപ്പിച്ചും  നമ്മുടെ കുട്ടന്‍മാഷുണ്ട് മുറുക്കിച്ചുവന്നു ചെമ്പരത്തിയായി  ഇരിക്കുന്നു. ആ സമയം തലയിലും  തോളുകളിലും   കൈകളിലും കമ്പിളിവസ്ത്രങ്ങൾ തൂക്കിയിട്ടു കുമ്മാട്ടിപ്പരുവത്തിൽ നടന്നു കച്ചവടം  നടത്തുന്ന ഒരു നേപ്പാളി കടയുടെ മുന്നിലൂടെ പോയി .  ചെമ്പന്‍ കുഞ്ഞ്  അയാളെ പാഠപുസ്തകഹിന്ദിയിൽ  കൈകൊട്ടി വിളിച്ചു:

" ഹേ ഭായ് ..ഇദര്‍ ആവോ. "

നേപ്പാളി സന്തോഷത്തില്‍ അടുത്ത് ചെന്ന് മുഖത്ത് നൂറു ചുളിവുകൾ വിരിയിച്ചും   കണ്ണു ചിമ്മിയും മഞ്ഞപ്പല്ലുകാട്ടി   ഇളിച്ചു നിന്നു .  തിരച്ചിലും പരിശോധനയും  ഒന്നുമില്ലാതെ   വസ്ത്രക്കൂമ്പാരത്തിനുള്ളില്‍നിന്നും വളരെ പെട്ടെന്ന് ഒരു സ്വെറ്റര്‍ വലിച്ചെടുത്തു  ചെമ്പന്‍കുഞ്ഞ് വില ചോദിച്ചു:

" യഹ് സ്വെറ്റര്‍ കോ കിത്‌നാ രൂപയാ ഹേ? "  (ഈ സ്വെറ്ററിന് എത്ര വേണം) 

സൌ റുപ്യ  ഭായ് സാബ് . അച്ഛാ സ്വെറ്റര്‍ ഹൈ  "  (നൂറു രൂപ സര്‍ , നല്ല സ്വെറ്റര്‍ ആണ് )

"നഹി നഹി.  മേം ആപ് കോ പച്ചാസ് റുപിയാ ദേ ദൂംഗാ  " (ഇല്ലില്ല  അമ്പത് രൂപ തരും) 

പറഞ്ഞതിന്‍റെ പാതി എന്ന സാമ്പ്രദായിക വിലപേശല്‍ ചിട്ടവട്ടമനുസരിച്ച്  ചെമ്പന്‍ നേപ്പാളി പറഞ്ഞ വിലയുടെ  നടു വെട്ടി. 

" ടീക്കെ സാബ് ,   നബ്ബെ രുപ്യ ദേ ദോ " ( ശരി .  തൊണ്ണൂറു രൂപ കൊട്  സര്‍ ) 

"നഹി നഹി പചാസ് " ( ങ്ങുഹും...  അമ്പത് മതി  ) 

"ടീക്കെ. പചാസ് ഹൈ തോ പചാസ്. ലേ ലോ  സാബ്" (ശരി. അമ്പതെങ്കില്‍  അമ്പത്. സാറെടുത്തോ) 
നേപ്പാളി കച്ചവടം ഉറപ്പിച്ചു.

കളിയിൽ കാര്യമില്ലല്ലോ!ചോദിച്ചതിന്റെ പകുതി എന്നതാണ് വിലപേശലിന്റെ രീതിശാസ്ത്രം.  യാതൊരു ഭാവഭേദവുമില്ലാതെ കഥാപുരുഷന്‍ തുടര്‍ന്നു :

"നഹി നഹി പച്ചീസ് രുപ്യ"(വേണ്ട വേണ്ട ഇരുപത്തഞ്ചുറുപ്പിക മതി) 

മുറുക്കാൻ ചവച്ചുകൊണ്ട് തന്നെ  നോക്കി കുലുങ്ങികുലുങ്ങി ചിരിക്കുന്ന ബദ്മാശിനെ കണ്ടപ്പോള്‍ ഗോതമ്പു  നിറമുള്ള നേപ്പാളി ചുവന്നു തെച്ചിപ്പൂവായി . പിന്നെ വസ്ത്രങ്ങളെല്ലാം കുടഞ്ഞു നിലത്തിട്ട് ഒരൊറ്റ ചാട്ടത്തിനു ചെമ്പന്‍റെ കഴുത്തില്‍ കയറിപിടിച്ചു.മനുഷ്യവംശത്തിന്‍റെ നൈരന്തര്യത്തിന്  അത്യന്താപേക്ഷിതമെന്നു പറയപ്പെടുന്ന ചില   ശരീരഭാഗങ്ങളുടെ ഭാഷാഭേദങ്ങളും  ഉല്ലൂ കേ പട്ടേ , സുവർ കേ ബച്ചേ  ഇത്യാദി പ്രചാര്‍ സഭാ ഭാഷയിലെ മധുര കോമള കാന്ത പദാവലികള്‍ക്കൊണ്ടുമുള്ള സഹസ്രനാമ പുഷ്പ്പാഞ്ജലിയുമായിരുന്നു  പിന്നീടങ്ങോട്ട്. ഗളമഥനം പരമകാഷ്ടയിലെത്തിയപ്പോള്‍ ചേരുവകളൊക്കെ കൃത്യമായിരുന്നതുകൊണ്ട് സ്റ്റേറ്റ് ഓഫ് ദി ആര്‍ട്ട്‌ നിര്‍മിതിയായി ഗുരുവദനത്തില്‍നിന്നും നിര്‍ഗ്ഗമിച്ച ചൊക ചൊകാ മുറുക്കാൻചാറ്  കഥാപുരുഷന്‍റെ ശുഭ്രവസ്ത്രാസകലം ചിത്രപടം   വിരിയിച്ചതു  കണ്ടപ്പോൾ നീചൻ ചോര ചര്‍ദിച്ചതാണെന്നു കരുതി നേപ്പാളി കഴുത്തിലെ പിടി വിട്ടു പകച്ചുനിന്നു.  ഉപരോധം നീങ്ങി വീണ്ടുകിട്ടിയ ശ്വാസം ചുമച്ചും കുരച്ചും നോർമലാക്കാൻ പാടുപെട്ടു  നിന്ന ചെമ്പനെ വിഷയത്തിൽ ഇടപെട്ട് ഐക്യരാഷ്ട്രസഭ കളിച്ച   കടക്കാരൻ   ഗുണദോഷിച്ചു: 

"അല്ല മാഷേ, മാഷക്കെന്തിന്‍റെ കേടാര്‍ന്നു.?. അരിക്കാശ്ണ്ടാക്കാന്‍    അന്യനാട്ട്‌ന്ന് വന്ന്     വെട്ടോഴി തെണ്ടണ ആ പാവത്തിന്‍റെ   പിരി എളക്കണ്ട  വല്ല ആവശ്യോണ്ടാര്‍ന്ന്വോ മാഷക്ക്?"

കടക്കാരന്‍ പറയുന്നതെങ്ങാനും ഊഹിച്ചെടുത്ത് ഹിമാലയവാസന്‍  'പാലാഴിമഥനം രണ്ടാംദിവസം' ആടിയെങ്കിലോ എന്നു ഭയപ്പെട്ട്‌ ചെമ്പൻകുഞ്ഞ് കടക്കാരനോട് അടക്കിയ സ്വരത്തില്‍ കെഞ്ചി:

" നായരേ...പെരുപ്പിക്കാതെ, പെരുപ്പിക്കാതെ !"

0000000

4 അഭിപ്രായങ്ങൾ:

  1. :)
    chirichu..
    gurunindayaakumo ennoru doubtum undaayrunnu.

    maashde peedanam ithiri over aayirunnu ketto.

    aasramam pillerkku aasramathil thanne nalla bhedyam undu ennaanu njaan kettittullathu.

    മറുപടിഇല്ലാതാക്കൂ
  2. വടി കൊടത്തു അടി വാങ്ങീന്ന് കുട്ടന്‍മാഷ്‌ . സംഗതി കസറി.

    " തിണ്ണയില്‍ നമ്മുടെ കുട്ടന്‍മാഷ്‌ണ്ട് കടക്കാരനോട് സൊറ പറഞ്ഞും വഴിയില്‍ പോകുന്ന പരിചയക്കാരെ കളിയാക്കിയുമുറുക്കി ചുവപ്പിച്ചു പൂത്തുലഞ്ഞങ്ങിനെ ഇരിക്കുന്നു" ഇത് വായിച്ചപ്പോള്‍ ഓര്‍മ്മ വന്നത് ഇതില്‍ പറഞ്ഞത്ര ശിക്ഷകളൊന്നും ഇല്ലാത്ത അടാട്ട് സ്കൂളില്‍ പഠിപ്പിച്ച വാര്യര്‍ മാഷേയാ..

    ഇനിയും ഇതുപോലുള്ള സൃഷ്ടികള്‍ പോരട്ടെ ബാലേട്ടാ. സുവര്‍ണ്ണ കാലത്തിലേക്കുള്ള സുഖമുള്ള ഒരു തിരിഞ്ഞു നോട്ടം ...

    മറുപടിഇല്ലാതാക്കൂ
  3. ആദിമധ്യാന്തം നര്‍മത്തില്‍ കുളിച്ചു നില്‍ക്കുന്നുണ്ട് ബാലേട്ടാ.പെരുത്ത്‌ ഇഷ്ടായി:)
    "ഇറച്ചി വെട്ടുകാരന്‍ വഴിതെറ്റി വന്ന പോലെ ഒരു സംഭവം","സിപ്പി പള്ളിപ്പുറത്തിനു പില്‍ക്കാലത്ത്‌ പ്രേരകശക്തനായത് മൂപ്പിലാന്‍ ആവാനിടയുണ്ട്","കക്കയം ക്യാമ്പില്‍നിന്നും വിടുതല്‍ കിട്ടി", "വിഷയത്തില്‍ ഇടപെട്ട് ഐക്യരാഷ്ട്രസഭ കളിച്ച കടക്കാരന്‍" ...........ഇത്രയും പ്രയോഗങ്ങള്‍ക്കു ഒരു shake hand ഉം പിന്നെ
    "മനുഷ്യകുലത്തിന്റെ ശാശ്വതമായ" ന്ന് തുടങ്ങി .........."സഹസ്രനാമപുഷ്പ്പാഞ്ജലിയുമായിരുന്നു പിന്നീടങ്ങോട്ട്" എന്നവസാനിപ്പിച്ച ഈ 'തെറി വിളി' യുടെ തികഞ്ഞ നര്‍മബോധതിനു ഒരു സ്പെഷ്യല്‍ കയ്യടിയും! :-)

    മറുപടിഇല്ലാതാക്കൂ