2013 മേയ് 13, തിങ്കളാഴ്‌ച

പൂരകമ്പത്തിന്റെ പുരാവൃത്തം.

പൂരകമ്പത്തിന്റെ പുരാവൃത്തം. 
poratreeyam.blogspot.in



ആമ്പലംകാവിലെ ഭരണിവേല. പകൽപ്പൂരം. കത്തുന്ന മേടവെയിലിൽ കുളിർമഴ പെയ്യിച്ച് കിഴക്കൂട്ട് അനിയന്റെ മേഘമൽഹാർ. പതികാലത്തിൽ ചാറി, ഇടമട്ടിൽ  മുറുകി, ദ്രുതകാലത്തിൽ തുള്ളിക്കൊരുകുടമായി പാണ്ടിപ്പെരുമഴ. നീന്തിയും തുടിച്ചും കൈക്കുടന്നയിൽ വാങ്ങി മുഖത്തെറിഞ്ഞും കണ്ണിക്കാലൊപ്പം വെള്ളത്തിൽ കൈകാലിട്ടടിച്ചും അർമാദിച്ച ചെറു ബാല്യക്കാർക്കിടയിൽ സന്ധിബന്ധങ്ങളുടെ മുറവിളികൾക്കു കാതു കൊടുക്കാതെ ചങ്ങലയഴിഞ്ഞ താളാവേശവുമായി ഈ അറുപതുകാരനും!. തീറുകലാശവും കതിനവെടിയും കഴിഞ്ഞ് ആളൊഴിഞ്ഞ അഞ്ചാനപ്പന്തലിന്റെ തൂണും ചാരി കിതപ്പണച്ചു നിന്നപ്പോൾ പരിചയം പുതുക്കാൻവന്ന പഴയ പത്താംക്ലാസ്  സഹപാഠിക്ക് വിസ്മയം.

" എന്താ ഈ പൊറാട്രക്കാരൊക്കെ ഇവടെ?"

എന്ന മുഖവുരയോടെ അടുത്തുവന്ന് തോളിൽതട്ടി ഒരു നിമിഷം കണ്ണുകളിൽ നോക്കി നിന്ന ശേഷം സുഹൃത്ത് തുടർന്നു:

"മേളത്തിന്റെ എടേല് കണ്ടു തന്നെ.  ആരും കാണാതെ പോവില്ല്യ. അങ്ങന്യാർന്നൂലോ പ്രകടനം!. ധന്വന്തരോം കൊട്ടഞ്ചുക്കാദീം ചുടുവെള്ളോം ഭസ്മക്കുറീം ഒക്ക്യായി രാമനാമം ജപിച്ചിരിക്കണ്ട കാലത്ത് താൻ പിള്ളേർക്കൊപ്പം മേളം  ചാടാൻ നടക്ക്വാ അല്ലേ? "


" ഏയ് .   ഇതൊക്കെ ഒരു രസം.   എപ്പഴൂല്ലിലോ."


"ങ്ഹും കൊള്ളാം! മനസ്സിന് ചെറുപ്പം വിടാത്തേന്റെ ദോഷാ ഇതൊക്കെ. പക്ഷെ ചെറുപ്പം വിട്ട ഒരു സാധനണ്ട് ട്ടോ. ശരീരം. അതോർമ്മേണ്ടലോ!"


"അതൊന്നും കൊഴപ്പല്ല്യന്നേ. ദേ ഇവടന്നങ്ങട് വീട്ടില് ചെന്നാലേയ്  മാക്സിമം സഹിക്കാവുന്ന ചുടുവെളളത്തില് ഒരു  കുളി അങ്ങട്ട് പാസ്സാക്ക്യാ മതി.  മേല് വേദന പമ്പ കടക്കും."


" ശരി ശരി.  തന്നോട്  തർക്കിക്കാനില്ല്യ.  അതൊക്കെ പോട്ടെ . നാടകോം പന്ത്കളീം ക്രിക്കറ്റും കുണ്ടാമണ്ടീം ഒക്കേണ്ടന്നു നേർത്തെ അറിയാർന്നു. പക്ഷെ ഇങ്ങനൊരു വേഷം കാണണത്‌ ആദ്യായിട്ടാ. ദെന്ന് തൊടങ്ങീ തനിക്കീ പൂരക്കമ്പം?."


"അതൊക്കെ  കുട്ടീലേള്ളതല്ലേ? പണ്ട്  ഇവട്യന്നെ വന്ന് എത്ര വേല ചാട്യേടക്ക്ണു!  എത്ര മഴ കൊണ്ടടക്ക്ണു!"


"ങ്ഹും! ശരി ശരി. തന്നെ സമ്മതിക്കണം ഇഷ്ടാ." 


പിന്നെ തെല്ലിട എന്തോ ഓർത്തുനിന്നശേഷം ഒരു ദീർഘനിശ്വാസത്തോടെ  സുഹൃത്ത് പറഞ്ഞു :


"ഒരു കണക്കിന് നോക്ക്യാ താൻ ഭാഗ്യവാനാണ്ട്രോ. പണ്ടത്തെ ആ കുട്ട്യേ ഇപ്പളും മനസ്സില്ങ്ങനെ കൊണ്ട് നടക്കാൻ പറ്റ്ണ്ടലോ  തനിക്ക് . അതിനൊക്കെ ഭാഗ്യം ചെയ്യ്വന്നെ വേണം. അപ്പൊ ശരി. വീട്ടില് കൊറച്ചു ആളുകള് വരും. ചെറിയൊരു സ്ഥലക്കച്ചവടം . അല്പം  എടനെലപ്പണീണ്ടേയ്‌. "


എന്റെ മൌനത്തിൽ  എന്തൊക്കെയോ അർത്ഥം വായിച്ചിട്ടാവാം പിരിയുന്നതിനു മുൻപ് ഒരല്പം സങ്കോചത്തോടെ അയാൾ പറഞ്ഞു:


"ഓട്ടല്ലേ സർവത്ര. ഓട്ടം! ഓട്ടത്തില്  മ്മള് പിന്നാക്കം പോവാണ്ട്  നോക്കണ്ട്രോ! " 


'അലുക്കിട്ട ചായക്കിരീടവും, പിച്ചളത്തോടയും, കഴുത്തിൽ കലപില പാടും പണ്ടങ്ങളുമണിഞ്ഞ്' മരവും ചെണ്ടയും മുഴക്കുന്ന രൌദ്രതാളങ്ങളിൽ കാൽചിലമ്പിളക്കി തിറവേഷങ്ങൾ പന്തലിൽ നിറഞ്ഞാടി. തിരക്കിൽനിന്നു പിൻവാങ്ങി തെക്കേ  നടയിലെ ആളൊഴിഞ്ഞ ആൽത്തറയിൽ ചെന്നിരുന്നപ്പോൾ 'കൊട്ടുന്ന കോൽക്ക് തുള്ളുന്ന' സഹൃദയത്വത്തിന് കൂട്ടുകാരൻ   വരച്ചിട്ട ചിത്രം ബലൂണ്‍പീപ്പിയൂതി മുന്നിൽ വന്നു നിന്നു! " മനസ്സിൽ കൊണ്ടു നടക്കുന്ന കുട്ടി!. "


ഞാനോർത്തു...


ആളൊഴിഞ്ഞ പൂരപ്പറമ്പിൽ  ബലൂണ്‍ തുണ്ടുകളും വളപ്പൊട്ടുകളും ആനകൾ ഇലയുരിഞ്ഞിട്ടുപോയ പനങ്കോലുകൾ ചുഴറ്റി ആനപ്പാപ്പാൻ കളിച്ചു നടന്ന കുട്ടിയുടെ പൂരക്കമ്പത്തിന്റെ ദശാപരിണാമങ്ങൾ....

രണ്ടാമത്തെ വയസ്സില്‍ അമ്മയുടെ ഒക്കത്തിരുന്ന് ഉഷ:ശ്ശിവേലി കണ്ടതിന്റെ പ്രചോദനത്തിൽ  കയ്യും കാല്‍മുട്ടും നിലത്തു കുത്തിച്ച് ചേട്ടന്റെ മുതുകത്ത് വാശിത്തിടമ്പേറ്റി 'ഇണ്ടിണ്ണം പെപ്പരപേ'  കൊട്ടിച്ചാണ് മനസ്സിന്റെ മുളയറയില്‍ പൂരക്കമ്പത്തിനു വിത്തിട്ടത്. നാലാംവയസ്സിൽ അതു ചേച്ചിയുടെ ധാവണിത്തത്തുമ്പിൽ തൂങ്ങി പഞ്ചവാദ്യം നുണഞ്ഞു .അഞ്ചിന്റെ കൊച്ചുവെളുപ്പിന്  അച്ഛന്റെ തോളിൽ അമ്മയുടെ മഫ്ലറിൽ ഒളിച്ചിരുന്നു  വെടിക്കെട്ടു കണ്ടു . 

പത്തും തികഞ്ഞപ്പോള്‍ പന്ത്രണ്ടു പേരുടെ വിക്കറ്റെടുത്ത ചിറക്കലെ ആനയ്ക്ക് പിന്നില്‍ 'ഐസ്രൂട്ട്' ഈമ്പി നടന്നു. നടൂത്താറ പുത്തങ്കൊളത്തില് നീരാടാൻ പോകുന്ന കുറുമ്പനെ കൂട്ടം ചേർന്നാർപ്പിട്ടു ചിന്നം വിളിപ്പിച്ച് പാപ്പാന്റെ വായിലെ സരസുച്ചേച്ചിയെ പുറത്തു ചാടിച്ചതും അക്കാലത്തുതന്നെ. പന്ത്രണ്ടിന്റെ പൂരപ്പിറ്റേന്നാണ് ജന്മദൗത്യം പൂർത്തിയാക്കാനാകാതെ മതിൽക്കകത്ത് ഗതി കെട്ടു കിടന്ന ഓലപ്പടക്കവും  അമിട്ടുഗുളികയും പെറുക്കിയത് .  നാലാംപക്കം ഉണങ്ങിയ ആനപ്പിണ്ടം കത്തിച്ചു തീപ്പന്തു തട്ടി. ആളിക്കത്തുന്ന ചിമ്മിനിവിളക്കിലെ മണ്ണെണ്ണപ്പുക നസ്യം ചെയ്ത് കിലുക്കിക്കുത്തും ആനമയിലൊട്ടകവും നാടകുത്തും കളിച്ച്  പോയ മേടത്തിലെ വിഷുവിന്റെ 'കേട്ടം' വെള്ളത്തിലിട്ടത്‌ ഒമ്പതാം  ക്ലാസ്സിൽ . 

ഗുരുകുലത്തിന്റെ പടിയിറങ്ങിയ സ്വാതന്ത്ര്യപ്പതിനഞ്ച് മേല്‍ചുണ്ടിൽ ആണത്തം വരഞ്ഞു തന്ന കരുത്തില്‍ കുളക്കരയിലെ പാമ്പിന്‍കാവിലെ 'വെട്ട്യാല്‍ മുറിയാത്ത' ഇരുട്ടില്‍ ആദ്യത്തെ ചാര്‍മിനാറിനു തീപ്പെട്ടിയുരച്ചപ്പോൾ  അതീതകാലത്ത് ജാംബവാന്‍ ഊഞ്ഞാലാടി കളിച്ച പാലമരത്തിന്റെ പോടുകളില്‍ രാമനാമം ജപിച്ചിരുന്ന പല്ലു കൊഴിഞ്ഞ കരിമൂർക്കന്‍മാര്‍ 'കുട്ട്യോള്‍ടെ അഹമ്മതി' യെ ശാസിച്ചത് കേട്ടില്ലെന്നു നടിച്ചു. 


നെഞ്ചിലേറ്റിയപ്പോഴൊക്കെ ഉള്ളെരിയിച്ച കടുപ്പക്കാരി ചാര്‍മിനാറിനെ മൊഴിചൊല്ലി പനാമയെ പരിണയിച്ചത് കേരളവര്‍മയിലെ ഊട്ടിക്കാട്ടില്‍ വെച്ച്. മാര്‍ച്ചിനെ വിജയത്തിന്റെ ആദ്യചുവടാക്കി പ്രീഡിഗ്രി പരീക്ഷ സെപ്റ്റംബര്‍ മുള്ളുവേലി ചാടിക്കടന്ന പതിനേഴിന്റെ ഒരു മണ്ഡലകാലത്ത്   ഉണ്ണി യേട്ടനില്‍നിന്നും വെടിക്കെട്ടുപണിക്കു മന്ത്രദീക്ഷ. പോക്കുവെയിലിൽ  പൂത്തുലഞ്ഞ ദേഹകാന്തിയിൽ അച്ഛനൊപ്പം  പാണ്ടി കൊട്ടിയ   പെരുമനം കുട്ടന്റെ   കൌമാരവിലോഭനങ്ങൾ സിരകളിൽ കുത്തിവെച്ചത്‌ വിട്ടൊഴിയാത്ത മേളജ്വരം. 

പള്ളിപ്പാടന്റെ തിമിലയും കടവല്ലൂരിന്റെ മദ്ദളവും  ത്രിപുട പെരുക്കിയ ഒരു ധനുമാസരാവിൽ   വെടിമരുന്നു വാരിത്തേച്ച വെള്ളകുപ്പായമിട്ട് ഉണ്ണിയേട്ടനൊപ്പം പൂരത്തിരക്കിൽ തിക്കിത്തിരക്കി ഗൌരവം കളിച്ചു നടന്നും പഞ്ചവാദ്യം തിമിലവറത്തൊടുങ്ങിയപ്പോള്‍ മതിലകത്തു വഴിയിട്ട കരിമരുന്നില്‍ ചോരത്തിളപ്പിന്റെ ചൂട്ടു കുത്തി തലങ്ങും വിലങ്ങും കുഴിമിന്നല്‍ പൊട്ടിച്ചും പൊലിപ്പിച്ചെടുത്ത ഇരുപതിന്റെ അര്‍ജ്ജുനപരിവേഷത്തിലേക്ക്   പൂരപ്പറമ്പിലെ പേരാല്‍ച്ചവട്ടിലെ  ഇന്ദീവരങ്ങളിലൊന്നു മിഴിതുറന്നപ്പോൾ അകതാരില്‍   വെള്ളിയമിട്ടു  പൊട്ടി  ഒലിയിട്ടിറങ്ങി......

പൂരക്കമ്പം ഋതുമതിയായി....



"ബാലേട്ടാ ദെന്താ ഇവടേരിക്കണേ വെടിക്കെട്ടിന്   പോണില്ല്യേ ?  ഏഴു മണിക്ക് പൊട്ടും. മുള്ളൂർ പാടത്താണ്  . "

ഗൾഫിൽനിന്നും ആർത്തിപൂണ്ട്  ഭരണിവേലയ്ക്കു പറന്നെത്തിയ പുത്തൻ തലമുറക്കാരൻ. ഫേസ് ബുക്കിൽ വിരിഞ്ഞ സൗഹൃദം. 


വാച്ചിൽ നോക്കി. സമയം ആറേമുക്കാൽ. പതിനഞ്ചു മിനിട്ടുണ്ട്. പോകണോ? വേണം !. അവിടെ ഉണ്ണ്യേട്ടൻ ഉണ്ടാവും. കള്ളിമുണ്ടും കയ്യില്ലാത്ത ബനിയനുമിട്ട് വെടിമരുന്നു കറുപ്പിച്ച കൈകൾ  വീശി, മുണ്ടത്തിക്കോട്ട് മണിയാശാന് എന്തൊക്കെയോ നിർദേശങ്ങൾ നൽകുന്നതിനിടക്ക് എന്നെ കാണുമ്പോൾ:


"അ: വന്ന്വല്ലേ! ന്ന്ട്ട്..? ബാലന്ദ്രൻ...രാത്ര്യെന്താ പരിപാടി?"


എന്ന് ഒരു കള്ളപ്പുഞ്ചിരിയോടെ ചോദിക്കുന്ന ഉണ്ണ്യേട്ടൻ....

അതെ...ഒരിക്കലും കലാശിക്കാത്ത പാണ്ടിമേളത്തിന്റെ മർമ്മം നോക്കി കതിനയ്ക്കു തീവെക്കാൻ  ഓലച്ചൂട്ട് വീശി ഇരുട്ടിലേക്ക് നടന്നു പോയ   ഉണ്ണ്യേട്ടൻ ......




                                                   ***********





2 അഭിപ്രായങ്ങൾ: