2026 ഓഗസ്റ്റ് 11, ചൊവ്വാഴ്ച

പോയി വന്നീടട്ടെ ഞാൻ കണ്ടിടാമെന്നു ചൊല്ലി 

പോയതാണെന്നുണ്ണി, വന്നതില്ലൊരു  നാളും. 

കാവലാണത്രെ മാതൃഭൂമിതൻ രക്ഷക്കായ് 

നിദ്രയും വെടിഞ്ഞവൻ നിൽക്കുന്നു തോക്കും  ചൂണ്ടി. 

നേരോടെ നേരെ നിന്നു പൊരുതും ശത്രുക്കളെ 

തോൽപ്പിക്കാൻ കരുത്തരാം യോദ്ധാക്കൾ നമുക്കുണ്ട്.  

നുഴഞ്ഞു  വന്നീടുന്ന ഭീകര സമൂഹത്തിൻ 

വഞ്ചനയെന്നും   പേടിസ്വപ്നമായ് മാറുന്നുള്ളിൽ. 

വിളിച്ചിടുമ്പോഴാവൻ ചെല്ലാറുണ്ടെല്ലാ നാളും   

ഈ വിധം ഭയപ്പെടുത്തീടുന്നൊരവസ്ഥകൾ. 

പേടിയാണെന്നുള്ളിൽ ജീവൻ പണയം വെച്ചുള്ളൊരു 

കാത്തിരിപ്പാണീമരംകോ ച്ചീടും തണുപ്പിലും. 

മരണം മുഖാമുഖം കണ്ടിടും നേരത്തെല്ലാം 

വിഷാദഭാവം പൂണ്ടുള്ളമ്മയെയോർത്തീടും ഞാൻ.  

പിഞ്ചുകൈകളാലന്നു യാത്രയും ചൊല്ലീടുന്ന 

പിഞ്ചുകുഞ്ഞിൻ്റെയോർമ്മയുള്ളിലായ് പറന്നെത്തി. 

ഫോണിലൂടെയുള്ളൊരു സന്ദേശമൊന്നു മാത്രം 

കാതുകൾക്കിമ്പം നൽകാനെത്താറുണ്ടെല്ലാ നാളും 

പഠാൻകോട്ടയിൽ ഭീകരാക്രമണമെന്നുള്ളൊരു 

വാത്ത കേട്ടപ്പോൾ ഞെട്ടിത്തരിച്ചു നിന്നെല്ലാരും. 

പ്രാർത്ഥനാനിർഭരരായിരുന്നന്നേരം ഞങ്ങൾ 

ആയുസ്സുമാരോഗ്യവുമേവർക്കുമുണ്ടാവട്ടെ. 

ഭീകരസംഘത്തിൻ്റെ  അഴിഞ്ഞാട്ടത്തിൻ മുന്നിൽ 

തളരാതിരുന്നീടാൻ അവർക്കു കഴിയട്ടെ. 

എങ്കിലുമുള്ളൊന്നു പിടഞ്ഞു തളർന്നു ഞാൻ 

ആപത്തു പിണഞ്ഞെന്നാൽ സഹിക്കാൻ കഴിയുമോ? 

കണ്ടിടാൻ  കഴിയുമോ ജീവനോടെന്നുണ്ണിയെ ?

ചിന്തിച്ചു ചിന്തിച്ചങ്ങു  കണ്ണുനീർ പൊഴിക്കവേ. 

ധീരനാം പുത്രൻ വീരമൃത്യുവെ  വരിച്ചെന്ന 

വാർത്ത കേട്ടപ്പോഴന്നു തകർന്നെൻ ഹൃദയവും. 

ത്രിവർണ്ണപതാകയിൽ പൊതിഞ്ഞു വന്നീടുന്ന   

ഉരിരറ്റ  ദേഹം കാണാൻ തിക്കും തിരക്കും കൂട്ടീടുമ്പോൾ 

കാണുവാനായില്ലൊന്നും ഒന്നുമേയില്ല ബാക്കി 

നൊന്തുപെറ്റൊരമ്മയ്ക്കു സഹിക്കാൻ കഴിയുമോ. 

മരിച്ചുവെന്നാകിലും അവസാനമായെങ്കിലു-

മാമുഖമൊരുനോക്കു കണ്ടിടാൻ  കഴിഞ്ഞെങ്കിൽ. 

അമരനായ അജയ്യനായ നിരഞ്ജനെന്നുള്ളൊ-

രാരവം മുഴങ്ങുന്നു ചുറ്റിലും പരക്കുന്നു. 

ധീരനിന്നവൻ മാത്രമല്ല. ഞാൻ ധീരയായേൻ 

ധീരനാം പുത്രന്നമ്മയാകുവാൻ കഴിഞ്ഞല്ലോ 

നൽകിടാനില്ല കൈയിൽ വീരപ്രസുവാം  മാതാവിനു 

നിനക്കായ് പൊഴിക്കട്ടെ ഒരു തുള്ളി കണ്ണീർ മാത്രം