2026 ജൂലൈ 8, ബുധനാഴ്‌ച

മുട്ടിറക്കൽ

 

മുട്ടിറക്കൽ 


ഇന്നലെ അർജൻ്റിന ഈജിപ്റ്റ് മത്സരം ആദ്യപകുതി കഴിഞ്ഞപ്പോൾ ഉറങ്ങാൻ കിടന്നു. ഉറക്കമിളയ്ക്കുന്നത് അധികം നല്ലതല്ലെന്ന് വൈദ്യോപദേശമുണ്ട്. ഒരു ഗോളിന് പിന്നിട്ടു നിന്ന് മെസ്സിയും കൂട്ടു കാരും മൈതാനത്തിലും ലയണൽ സ്കലോണിയും സിൽബന്ധികളും ഡഗൗട്ടിലും ഓടി വിയർക്കുന്നതു കണ്ടെങ്കിലും 'ഈ ഗോള് നോക്കണ്ട അർജൻ്റിന തന്നെ ജയിക്കും' എന്ന ഉത്തമ ബോദ്ധ്യത്തിൽ കിടക്കയിൽ മലർന്നു. അത്താഴം കഴിഞ്ഞുള്ള പതിവ് മൂന്ന് കി.മീ നടത്തത്തിൻ്റെ ക്ഷീണമുള്ളതിനാൽ വേഗം ഉറങ്ങി.

പ്രോസ്റ്റേറ്റ് ഗ്ലാൻ്റ് വികസനപാതയിൽ രാത്രി നാലു തവണ മൂത്രമൊഴിക്കൽ പതിവുള്ളതിൽ ആദ്യത്തെ ഷെഡ്യൂൾ സമയം പതിനൊന്ന് മണിക്ക് തന്നെ ഉണർന്നപ്പോൾ സ്വീകരണമുറിയിൽ ആരവം. മരുമകൻ കളി കാണുന്നുണ്ട്. ഒരു ഔത്സുക്യത്തിൽ മൊബൈൽ തുറന്നു നോക്കിയപ്പോൾ അർജൻ്റീന 0 ഈജിപ്റ്റ് 2...!

ഹെൻ്റെമ്മേ!

സംഗതി ബ്രസീൽ ഫാനാണെങ്കിലും അർജൻ്റീനയുടെ വിരോധിയല്ല. കിടക്കപ്പൊറുതിയില്ലാതെ വന്നപ്പോൾ വന്നപ്പോൾ ടീവിക്കു മുന്നിൽ ചെന്നു.

"ഈജിപ്റ്റ് ഒന്നു കൂടി അടിച്ചു!"

മരുമകൻ പറഞ്ഞു.

സമയം നോക്കി. ഇനി പതിനാലു മിനിറ്റ് മാത്രം. അർജൂസ് നൈലന്മാരെ ഇക്ഷ ഇഗ്ഗ ജിച്ച ജഞ്ഞ വരയ്പ്പിക്കുന്നുണ്ട്. അടുത്തിരുന്ന വെള്ളക്കുപ്പിയിൽ നിന്ന് ഒരു കവിൾ മോന്തിയ സമയമാണ് അതുണ്ടായത്....

റൊമേറോ.....

പിന്നാലെ മെസ്സി, ഫെർണാണ്ടസ്.... അങ്ങിനെ വഴിക്ക് വഴി പ്ടും പ്ടും മൂന്നെണ്ണം! പത്ത് മിനിറ്റിനുള്ളിൽ രണ്ട് ഈക്വലൈസർ ഒരു വിന്നർ! ദൈവമേ, അർജൻ്റീനയ്ക്ക് മാത്രമേ ഇതു കഴിയൂ!

ലോങ്ങ് വിസിൽ...

ടീവി നോക്കി ഒന്നു തൊഴുതെണീക്കു മ്പോഴുണ്ട് മെസ്സി എന്നെ തിരിച്ചു തൊഴുതുകൊണ്ട് പറയുന്നു:

"മാഷേ... വളരെ നന്ദി. ആ കാൽവരി യാണ് ഞങ്ങളെ ജയിപ്പിച്ചത്. ഈ നട്ടപ്പാതിരയ്ക്ക് രോഗം അവഗണിച്ച് വന്നിരുന്ന് മുട്ടറുത്തു തന്നില്ലേ! ഒരു മണിക്കൂറു കൊണ്ട് ഞങ്ങൾക്ക് സാധിക്കാതെ പോയതാണ് പത്ത് മിനിറ്റിൽ അങ്ങു കഴിച്ചു തന്നത് ! വാമോസ് വാമോസ്!"

ഞാനോർത്തു.
2007 ലെ ആദ്യ ടി20 ക്രിക്കറ്റ് ലോക കപ്പ് ഇന്ത്യക്ക് നേടി തന്നത് കളി കണ്ടിരുന്നി ടത്തു നിന്ന് ഭാര്യ എഴുന്നേറ്റ് അടുക്കള യിൽ പോയ സമയം നോക്കി വീണ മേത്തരം മൂന്നു പാക്ക് വിക്കറ്റുകളാണ്! അവസാന വിക്കറ്റ് അവശേഷിക്കേ ശബ്ദം കേട്ട് ടീവിക്ക് മുന്നിലേക്ക് ഓടി വന്ന അമ്മയെ മകൾ ബലമായി പിടിച്ച് അടുക്കയിലിട്ട് പൂട്ടിയതും ഡീപ് ഫൈൻ ലെഗിൽ ശ്രീശാന്തിൻ്റെ കയ്യിലതാ മിസ്ബാ ഉൾ ഹഖ്, കപ്പ് ഇന്ത്യയ്ക്ക്!

ഒരാൾ ടീവിക്കു മുന്നിൽ വന്നിരുന്നു ഒരാൾ എണീറ്റ് പോയി എന്ന വ്യത്യാസ മേയുള്ളു, രണ്ടിലും ജയപരാജയങ്ങൾ നിർണ്ണയിച്ച മുട്ടറുപ്പുകളാണവ!.

പോരാൻ നേരം ടീവിയിലേക്ക് ഒന്നു കൂടി നോക്കിയപ്പോൾ ഈജിപ്പിൻ്റെ മൊട്ടത്തലയൻ കോച്ചും കളിക്കാരും എന്നെ വിരൽ ചൂണ്ടി അലറുന്നു


"ഈജിപ്റ്റിന് പിണ്ഡം വെക്കാൻ വന്ന ഹറാമീ, നിനക്ക് ഞങ്ങൾ വെച്ചിട്ടുണ്ട്!"

സമയവും സൗകര്യവും ഒത്താൽ അടുത്ത വർഷം ഈജിപ്റ്റ് യാത്രയും പിരമിഡ് ദർശനവും പ്ലാൻ ചെയ്തതാ യിരുന്നു. അപ്പോൾ അത് ഖുദാ ഗവാ!

വെട്ടിക്കിറി നൈൽ നദിയിൽ ഒഴുക്കും അല്ലെങ്കിൽ പൊതിഞ്ഞു കെട്ടി മമ്മിയാക്കി പിരമിഡിലിട്ട് കരിങ്കല്ല് കെട്ടും ഈജിപ്റ്റുകാർ!
See less

 


ജെൻസീ

കെട്ടും കൊട്ടും കുരവയും സദ്യയും കഴിഞ്ഞ് വരൻ്റെ വീട്ടിലേക്കു പോകാൻ മുറ്റത്ത് ഒരുക്കി നിർത്തിയ കാറിലേക്ക് വരനോപ്പം കല്ല്യാണമണ്ഡപത്തിൻ്റെ പടിക്കെട്ടിറങ്ങുമ്പോൾ നിരന്നു നിന്ന വീഡിയോ ക്യാമറകളിലേക്കും തൻ്റെ എഞ്ചിനീയറിങ്ങ് സഹപാഠികളുടെ മൊബൈലുകളിലേക്കും നോക്കി വധു വിസ്തരിച്ച് ചിരിച്ചു. അതു കണ്ടപ്പോൾ കൂട്ടുകാർ കൂവി.

"ഡീ കരയെടീ, ഇളിക്കാൻ നിക്കാണ്ട് കരയെടീ!"

കൂട്ടുകാരിലൊരുത്തൻ വിളിച്ചു പറഞ്ഞു. ആവശ്യം കോറസ്സായി.ആരവം മുത്തപ്പോൾ വരൻ വധുവിൻ്റെ ചെവിയിൽ മന്ത്രിച്ചു:

"കരേഡോ, അവരടാഗ്രഹല്ലേ?"

"ചളമാവോ?"

"ഏയ് നെവർ, കമോൺ!"

പിന്നെ കണ്ടത് വധു മൂക്കും വായും പൊത്തി.... വിങ്ങിപ്പൊട്ടി...കണ്ണു ചുവപ്പിച്ച്... വരൻ ആർദ്രനായി സഖിയുടെ തൊളിൽ കൈവെച്ച്...

ആരവം പതിന്മടങ്ങായി ഫ്ലാഷുകൾ മിന്നി മൊബൈലുകൾ ചറപറ ക്ലിങ്ങി.

"ഇപ്പൾത്തെ കുട്ട്യോൾടെ ഓരോരോ.... യ്യയ്യോ...!"

വധുവിനു പിന്നിൽ കേശവമാമൻ അക്ഷമനായി....
See less

ബൂമറാങ്ങ്

 

ബൂമറാങ്ങ്


ഇന്നലെ പൾസ് പോളിയോ വാക്‌സി നേഷൻ എടുക്കാൻ പേരക്കുട്ടി പുറപ്പെടുമ്പോൾ നാല്പതു വർഷം മുമ്പ് നാട്ടിൽ വായനശാലയുടെ സഹകരണ ത്തോടെ നടന്ന ഒരു ട്രിപ്പിൾ ആൻ്റിജൻ വാക്സിനേഷൻ ക്യാമ്പിൻ്റെ ഓർമ്മ മനസ്സിൽ ഓടിയെത്തി. വായനശാല പ്രസിഡണ്ടും ആത്മ സുഹൃത്തുമായ അശോകനും സെക്രട്ടറി തിരുമേനിയും ഞാനും ചേർന്ന് ആശ്രമം പ്രൈമറി സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീധരൻ മാഷെ കാണാൻ പോയി. സ്കൂളിൽ ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടികളുടെ വീട്ടുകാരെ അറിയിക്കണം അതിന് മാഷുടെ സഹായം വേണം. കാര്യമറി ഞ്ഞപ്പോൾ സസന്തോഷം മാഷ് സമ്മതിച്ചു. പിരിയും നേരം സംശയ നിവൃത്തിക്കായി ശ്രീധരൻ മാഷ് ചോദിച്ചു

"അല്ല അശോകാ കുത്തിവെപ്പിൻ്റെ പേരെന്താന്നാ പറഞ്ഞേ ആൻ്റി ട്രിപ്ളിജൻ അല്ലേ?"

ഉള്ളിൽ തികട്ടിവന്ന ചിരിയൊതുക്കി അശോകൻ പറഞ്ഞു:

"അല്ല മാഷേ, ട്രിപ്പിൾ ആൻ്റിജൻ."

സ്കൂൾ ഗേറ്റിനു പുറത്തു കടക്കാൻ കാത്തു നിൽക്കുകയായിരുന്നു ഞങ്ങൾ രണ്ടു പേരും ഒന്നു മുക്ത കണ്‌ഠം ചിരിക്കാൻ. അതു കണ്ട് ഒട്ടും ഇഷ്ടപ്പെടാതെ തിരുമേനി മസില് പിടിച്ച് ചോരച്ചു നിന്നു.

ഈ കാര്യം വായനശാലയിലും ആൽത്തറയിലുമുള്ള സുഹൃത്തു ക്കളോട് കാണുമ്പോഴൊക്കെ പറഞ്ഞു ചിരിച്ചു അശോകൻ..

ക്യാമ്പ് ദിവസം വന്നുചേർന്നു. ഉൽഘാടന സമ്മേളനത്തിൽ ബ്ലോക്ക് ഡെവലപ്മെൻ്റ് ഓഫീസറായിരുന്നു മുഖ്യാതിഥി. തിരുമേനിയുടെ സ്വാഗത പ്രസംഗം കഴിഞ്ഞ ഉടൻ അശോകൻ തൻ്റെ അദ്ധ്യക്ഷപ്രസംഗം തുടങ്ങി.

"പ്രിയപ്പെട്ടവരെ, ഞാൻ അധികം സംസാരിക്കുന്നില്ല. ഇന്നിവിടെ നടക്കാൻ പോകുന്ന..."

വാക്‌സിനേഷൻ്റെ പേര് മറന്നു പോയിട്ടാവണം ഒന്നു ശങ്കിച്ചു നിന്ന ശേഷം പെട്ടെന്ന് പിടി കിട്ടിയ പോലെ അശോകൻ തുടർന്നു:

"..ആൻ്റി ട്രിപ്ലിജൻ ക്യാമ്പിൻ്റെ..."

ശ്രീധരൻ മാഷുടെ നാക്കുപിഴക്കഥ അശോകനിൽ നിന്നു കേട്ടവരും സദസ്സിലുണ്ടായിരുന്നു.

കൂട്ടച്ചിരിയൊതുങ്ങി ബ്ലോക്ക് ഓഫീസർ ഉദ്ഘാടനപ്രസംഗത്തിന് എണീറ്റപ്പോൾ തിരുമേനി ചെരിഞ്ഞ് അശോകൻ്റെ ചെവിയിൽ മന്ത്രിച്ചു

"അശോകൻ ബൂമറാങ്ങ് എന്ന് കേട്ടിട്ടുണ്ടോ?"

"കേട്ടിട്ടേണ്ടാർന്നുള്ളൂ തിരുമേനീ, ദേ ഇപ്പൊ കണ്ടു... അല്ല കൊണ്ടു!"

സദസ്സിനൊപ്പം ചിലവഴിക്കാതെ റിസർവിൽ വെച്ചിരുന്ന ചിരി പുറ ത്തെടുത്തപ്പോൾ പൊട്ടിച്ചിരിയായിമാറിയത് തിരുമേനി അറിഞ്ഞില്ല. പ്രസംഗം തുടങ്ങിയിരുന്ന ബ്ലോക്ക് ഓഫീസർ നിരസത്തോടെ അവരെ നോക്കി. തിരുമേനിയും അശോകനും ചുവന്നു.
See less