ബൂമറാങ്ങ്
നഗരത്തിലെ ഏറ്റവും മുന്തിയ ശീതീകരിച്ച കല്യാണമണ്ഡപത്തിലായിരുന്നു വിവാഹം. പ്രവേശനകവാടത്തിലെ തുണിക്കുടിലിൽ നിരത്തിയ പലനിറം സ്ഫടിക ചഷകങ്ങളിൽനിന്ന് ഒന്നെടുത്തു സ്വാഗതം മോന്തി ഹാളിൽ പ്രവേശിച്ചപ്പോൾ അയാൾ വിസ്മയിച്ചു നിന്നു പോയി!.
നാടടച്ചു ക്ഷണമുണ്ടെന്നു തോന്നുന്നു. അമ്പലക്കമ്മിറ്റിക്കാരും ത്രിതല പഞ്ചായത്ത് മെമ്പർമാരും മണ്ഡലം എമ്മെല്ലേയും അടങ്ങുന്ന രണ്ടായിരത്തോടടുക്കുന്ന സദസ്സ്. ക്രെയിൻ ക്യാമറ, സീസീടീവി, നാദസ്വരം , ഗാനമേള , ജിമ്ക്കി കമ്മൽ ...
ആഹ്ളാദം തലകുത്തി മറിയുന്ന അന്തരീക്ഷം...
ആശയപരമായി ആർഭാടങ്ങൾ ഇഷ്ട്ടപെട്ടിരുന്നില്ലെങ്കിലും ഈ ആഘോഷം ശരിക്കും അയാൾക്കു പിടിച്ചു. കാരണമുണ്ട്. നാട്ടിലെ നായർ യുവതിയും തെക്കുള്ള ഈഴവ യുവാവും തമ്മിലുള്ള വിവാഹമായിരുന്നു അത്. സൈബർ സ്പേയ്സിൽ പൊട്ടിവിരിഞ്ഞ പ്രണയം. ജാത്യഭിമാനമൊക്കെ മനസ്സിൽ ഊതിക്കാച്ചി കൊണ്ടു നടന്നാലും മക്കൾ പ്രേമിച്ചു മരംചുറ്റിയാൽ വില്ലൻ കളിക്കാൻ നില്ക്കാതെ കെട്ടിച്ചു കൊടുക്കാനും അതു നാലാളെ വിളിച്ചു കൂട്ടി മാന്യമായിത്തന്നെ നടത്തിക്കൊടുക്കാനുമുള്ള പ്രയോഗികബുദ്ധിയും ധൈര്യവും അപൂര്‍വ്വം തന്തതള്ളമാരെങ്കിലും കാണിക്കുന്നുണ്ടെന്നത് അയാളെ ഏറെ സന്തോഷിപ്പിച്ചു.
പണ്ട്, എന്നുവെച്ചാൽ ഒരു മുപ്പതു വർഷം മുൻപ് ഇതായിരുന്നില്ലല്ലൊ സ്ഥിതി. കൂട്ടനിലവിളി, ആക്രോശം, തള്ളയുടെ കെട്ടിത്തൂങ്ങൽ ഭീഷണി, അകത്തു പൂട്ടിയിടൽ, പഠനം നിർത്തൽ, അയൽവക്കങ്ങളിലെ വേലിയരുകിലെ പുരുഷാരം, സമാജ-കരയോഗങ്ങൾ, ഗ്വാഗ്വാ വിളികൾ, കൊട്ടേഷൻ, പടിയടച്ചുപിണ്ഡo, അങ്ങിനെ എന്തൊക്കെ !
താലികെട്ടും തകിലുകൊട്ടും കഴിഞ്ഞു. കലാനിലയം നാടകവേദിയിലെന്നപൊലെ സ്റ്റേജിൽ നൊടിയിടക്കുള്ളിൽ പ്രത്യക്ഷമായ രാജസിംഹാസനങ്ങളിൽ വധൂവരന്മാർ ഇരുന്നു പരസ്പരം ഇംഗ്ലീഷിൽ ചിരിച്ച് മാളോരെ തങ്ങളുടെ ആത്മവിശ്വാസം തെര്യപ്പെടുത്തി. ഇനി ഒന്നുകുറെ ആയിരം സന്ധുബന്ധുക്കൾ പങ്കെടുക്കുന്ന പാലുകൊടുക്കൽ ചടങ്ങ്. അതു കഴിഞ്ഞാൽ വയറു വീർത്തു മുട്ടി പെണ്ണിനും ചെക്കനും ചിരി മാറി പിരിയിളകും. ആ ഇഞ്ചുറി ടൈമിലാണ് ആശംസാസഞ്ചലനം. ബീവറേജസ് ഔട്ട്‌ലെറ്റിനു മുന്നിലെ ഓണം ക്രിസ്മസ് ക്യൂവിനെ അതിശയിക്കുന്ന തരത്തിൽ ആശംസിക്കാനുള്ളവരുടെ വരി നീണ്ടുവന്നപ്പോൾ ഭക്ഷണശേഷം തന്‍റെ ഊഴമെടുക്കാം എന്നു നിശ്ചയിച്ച് അയാൾ നേരെ ഊട്ടുപുരയിലേക്കു കടന്നു.
ചതുർവിധം അച്ചാർ, പുളിയിഞ്ചി, വിധത്തിലും തരത്തിലും പന്ത്രണ്ടു കൂട്ടുകറികൾ, കായ്ക്കിഴങ്ങുകൾ വറുത്തത് അഞ്ചുതരം, വെയിലിനു പിടിക്കാൻ വലിപ്പമുള്ള ഗുരുവായൂർ പപ്പടവും അതിന്‍റെ കുട്ടിയും ഓരോന്ന്, ഈഴവ സദ്യകളില്‍ നിര്‍ബന്ധമായ ഗോതമ്പടക്കം മുക്കൂട്ടം പ്രഥമൻ, പ്രഥമനിൽ കുതിർത്ത് ഉരുട്ടി വിഴുങ്ങാൻ സ്പെഷലായി തിരോന്തരം ബോളി, കുപ്പിവെള്ളം. സദ്യ കേമാല്‍ കേമം!
സോപ്പിട്ടു കഴുകിയിട്ടും വെളപ്പായ സ്വാമിയുടെ സാമ്പാറിന്‍റെ മണമൊഴിയാത്ത ഹസ്തം കല്യാണച്ചെക്കനു ദാനം ചെയ്യാനായി തിരക്കൊഴിഞ്ഞ മണ്ഡപത്തിൽ കയറിച്ചെല്ലുമ്പോൾ പെണ്ണിന്‍റെ അച്ഛൻ ഓടി വന്നു കെട്ടിപ്പിടിച്ചുകൊണ്ട് അയാളോടു പറഞ്ഞു :
"വന്ന്വല്ലേ! സന്തോഷായി ട്ടോ!. മറ്റാരു വന്നേക്കാളും സന്തോഷായി. വര്വോ വര്വോ .!"
ഒരേ ചോരയിൽ പിറന്നവനെയെന്നപോലെ മരുമകനു തന്നെ പരിചയപ്പെടുത്തിയപ്പോള്‍ അയാൾക്ക് രോമാഞ്ചം കൊള്ളാതിരിക്കാനായില്ല!.
നവമിധുനങ്ങളെ ഓൾ ദ് ബെസ്റ്റാക്കി മണ്ഡപം പടിയിറങ്ങി സ്വാഗതകവാടത്തിലെ മുറുക്കാൻ തിരക്കിൽ ഊളിയിട്ട് ശാരീരികപരിക്കുകളൊന്നും കൂടാതെ ഒരു ചെറുനാരങ്ങ കൈക്കലാക്കി മടങ്ങുമ്പോൾ അയാൾ മണ്ഡപത്തിലേക്ക് ഒന്നു തിരിഞ്ഞു നോക്കി. വധുവിന്‍റെ അച്ഛൻ ഇങ്ങോട്ടു നോക്കി കൈവീശി ആരോടോ വിട കാണിക്കുന്നുണ്ട്. ആരോടാണ്? തന്നോടാണോ? ആയിരിക്കണം. അല്ലാതെ ആരോടാവാൻ?
മുപ്പതു വർഷം മുൻപ് ഇത്തരമൊരു വിജാതീയ വിവാഹത്തിൽ പങ്കെടുത്തതിന് കരയോഗം കൂടി തന്നെ തല്ലാൻ ഉയർത്തിയ സെക്രട്ടറിയുടെ കയ്യല്ലേ ? ഉന്നം തെറ്റാൻ വഴിയില്ല!.
********
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ