2014 ജനുവരി 16, വ്യാഴാഴ്‌ച

അഭിമാനം

അഭിമാനം 

തൃശ്ശൂർ ശക്തൻ ബസ്  സ്റ്റാന്റ് . രാവിലെ ഏഴു മണി.

മുനിസിപ്പൽ സ്റ്റാന്റിൽനിന്നും ഓട്ടോയിൽ വന്നിറങ്ങി തൃപ്രയാർ ഭാഗത്തേക്കുള്ള വണ്ടി നോക്കി നടക്കുമ്പോൾ കിഴക്കേ അറ്റത്ത് സ്ടാര്‍ട്ടായി നിൽക്കുന്ന ബസ്സ്‌ കണ്ടു. ഫുട്ബോഡിൽ നിന്നുകൊണ്ട് കണ്ടക്റ്റർ വിളിച്ചു പറഞ്ഞു :

"അവടെ...തൃപ്രയാര്‍, പ്രയാര്‍,പ്രയാർ ....വരോ  വരോ വരോ ...."

ബസ്സിൽ നോക്കിയപ്പോൾ അഞ്ചെട്ട് ആളുകളേയുള്ളൂ . അടുത്തെങ്ങാനും പോകുമോ എന്നു സംശയിച്ചു നിന്നപ്പോൾ  കണ്ടക്റ്റർ വിളിച്ചു .

"ചേട്ടാ എവടയ്ക്കാ ?"

"തൃപ്രയാർ ."

"കേറ്  ചേട്ടാ പുവ്വാറായി. അവടെ തൃപ്രയാർ , പ്രയാർ , പ്രയാര്‍.."

സമാധാനം. വേഗം കയറി  സംവരണമില്ലാ സീറ്റ് നോക്കി  ഇരുന്നു. 

രണ്ടു മിനിറ്റു കഴിഞ്ഞു കാണും മധ്യവയസ്കരായ  രണ്ടു പേർ, ദമ്പതികളായിരിക്കണം, കയറി തൊട്ടു മുന്നിലെ  ഒഴിഞ്ഞ സീറ്റിൽ ഇരുന്നു. ബസ്സിനു ചുറ്റും നടന്ന്  ഉഗ്രതരമായി നാല് റൌണ്ട് തൃപ്രയാറ്റിച്ച ശേഷം ഉള്ളില്‍ കയറി പിരിവു തുടങ്ങിയ കണ്ടക്റ്റർ മുന്നിലെ സീറ്റിൽ എത്തി പണത്തിനു കൈ നീട്ടിയപ്പോൾ  മധ്യവയസ്കൻ ചോദിച്ചു :

"എപ്പളാ  പുവ്വാ ?"

"ദേ  പുവ്വായി . എവടക്കാ?."

" രണ്ട് തൃപ്രയാറ് "

കയറിയവരുടെയൊക്കെ പിരിവു കഴിഞ്ഞ് കണ്ടക്റ്റർ പുറത്തിറങ്ങി വീണ്ടും ഉച്ചഭാഷിച്ചു: 

"അവടേ...തൃപ്രയാർ ,പ്രയാർ, പ്രയാര്‍...വരോ വരോ .."

മിനിട്ടുകൾ കഴിഞ്ഞിട്ടും വണ്ടി പുറപ്പെടുന്നില്ലെന്നു  കണ്ടപ്പോൾ അക്ഷമനായ  മധ്യവയസ്കൻ  വിളിച്ചു ചോദിച്ചു:

"അതേയ്  മാഷേ , വണ്ടീട്ക്കാനുള്ള പരിപാടി വല്ലതൂണ്ടോ ?"

"ഇപ്പ പൂവും ."

"എപ്പോ ?"

"ഏഴര. തൃപ്രയാർ ,പ്രയാർ, പ്രയാർ . "

"വണ്ടീല് കേറുമ്പഴും കാശു വാങ്ങുമ്പഴും ഇയാളിത്  പറഞ്ഞില്ലിലോ?"

"എഴര്യാ സമയം. ചേർപ്പ്‌ , പഴൂല് , പ്രയാർ ,പ്രയാർ ,പ്രയാർ . അവടേ, വരോ വരോ വരോ "

"അത് ശരി . ആളെ സൂപ്പാക്ക്വാല്ലേ ."

"തൃപ്രയാർ ,പ്രയാർ ,പ്രയാർ.."

ബസ്സ്  മുരണ്ടുകൊണ്ടേയിരുന്നു. വണ്ടി പോകുന്ന ലക്ഷണമില്ലെന്നു കണ്ടപ്പോൾ ദമ്പതികൾ ബസ്സിൽനിന്നും ഇറങ്ങി കണ്ടക്റ്ററുടെ  അടുത്തു ചെന്നു.

" അതേയ് മ്മള് പുവ്വാ .  താൻ വണ്ടി ഇങ്ങനെ മെളകരച്ചിരുന്നൊ . വേറെ വണ്ടീണ്ടോന്ന് നമ്മള് നോക്കട്ടെ. ആളെ പറ്റിക്കണ  ഒരോരോ എടവാട് !. "

" ചേട്ടാ സമയത്തിനല്ലെ വണ്ടിട്ക്കാൻ പറ്റുള്ളോ!" 

" തന്റെ സൗകര്യം നോക്കി ഇരിക്കാൻ  മനസ്സില്ല്യ . മ്മള്  പോവ്വാ ."

"ശരി ചേട്ടൻ എന്താ വേണ്ടേച്ചാ ചെയ്യ്‌ . ന്നാ ചേട്ടന്റെ കാശ്  പിടിച്ചേ ..ശല്ല്യം ."

"ശല്ല്യാ ? നീയല്ലടാ ശല്ല്യം ചെയ്തേ . ഇപ്പ പൂവും ഇപ്പ പൂവും ന്നൊക്കെ പറഞ്ഞു പറ്റിച്ച് ബസ്സില്    കേറ്റീട്ട് കയ്യിലെ കാശും വാങ്ങി ആളോളെ  കയറില്ല്യാണ്ട് കെട്ടീട്വാ !"

"ചേട്ടനിപ്പോ ന്താ വേണ്ട് ? തൃപ്രയാറ്   പോണംന്ന്ണ്ടെങ്ങെ തൊളളപൊളിക്കാണ്ട്  ചെന്ന്  ബസ്സില്  കേറ് . അല്ലെങ്ങെ ദാ ചേട്ടന്റെ  നൊട്ട അങ്ങട്  പിടിച്ചേ.." 

കണ്ടക്റ്റർ  കുറച്ചു ചില്ലറയെടുത്ത് നീട്ടി. 

ഉടനെ  "നൊട്ട്യാ ...! ഡാ ..നോക്ക്യേ ..." എന്നും  പറഞ്ഞ് ഇടംകാൽപൊക്കി മുണ്ടിന്റെ അറ്റം കയ്യിലെടുത്തു വളച്ചുകുത്തി എന്തിനോ തയ്യാറായ   മധ്യവയസ്കനെ കണ്ടപ്പോൾ  അതുവരെ ബാഗ് കക്ഷത്തു വെച്ച് നിസ്സാരഭാവത്തിൽ ബസ്സും  ചാരി നിന്നിരുന്ന കണ്ടക്റ്റർ  ഒരു സീൻ പ്രതീക്ഷിച്ചു നിവർന്നു  നിന്നു.  ബസ്സിലുള്ളവരെല്ലാം ഉൽക്കണ്ഠയോടെ നോക്കി നിൽക്കുമ്പോൾ മധ്യവയസ്ക്കൻ മുഖം കോക്രി കാട്ടികൊണ്ട് പറഞ്ഞു:

"ഇന്യെന്റെ പട്ടി വാങ്ങും അത്‌ . ആ നൊട്ട നിയ്യ് കൊണ്ട് പോയി പുഴുങ്ങി തിന്ന്  . വാടീങ്ങട് .!"

ഭാര്യയുടെ കൈ പിടിച്ചു വലിച്ച് മറ്റു ബസ്സുകളുടെ നെറ്റിയിലെ വഴിപ്പേരുകൾ വായിച്ചു ധൃതിയിൽ നടന്നകലുന്ന  അയാളെ  നോക്കി "ദെന്തൂട്ട് സാധനാണ്ട്രപ്പാ ദ് തന്ന കാശുംകൂടി വാങ്ങാണ്ട് !" എന്ന മട്ടിൽ നീട്ടിയ പണവും തുറന്ന വായുമായി നിന്ന കണ്ടക്ട്ടറോട് ഡ്രൈവർ വിളിച്ചു പറഞ്ഞു. 

" ഡാ സുനിലേ , ആ  കാശ്  ഇങ്ങട്  കൊണ്ടന്നേ . "

"ദെന്തിനാ  ജോസേട്ടാ ?"

" നീയിങ്ങട്  കൊണ്ട്ര .  കാര്യണ്ട്‌ ."

കണ്ടക്റ്റർ പണം നീട്ടി. ചില്ലറത്തുട്ടുകൾ വലംകയ്യിൽ  ചുരുട്ടിപ്പിടിച്ച്    സ്റ്റിയറിങ്ങ് വീലിൽ മൂന്നു തവണ ഉഴിഞ്ഞു തിരിച്ചു കൊടുക്കുമ്പോൾ   ഡ്രൈവർ പറഞ്ഞു :

" ഇതേയ് മ്മക്ക് വേണ്ട.  ബാഗിലിട്ട്  കൂട്ടിക്കലർത്താണ്ട് പോക്കറ്റിലിട്‌ .  നോക്ക്യേ , പടിഞ്ഞാറെ നടേലെത്തുമ്പൊ ഭണ്ഡാരത്തിലിടാൻ മറക്കണ്ട ട്ടാ  . പണ്ടാറടങ്ങീട്ട്  പ്രാക്ക് തട്ടാണ്ടിരിക്കാനാ!."






അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ