2014 ജനുവരി 2, വ്യാഴാഴ്‌ച

'മോണ്‍സ്റ്റർ'

 'മോ 'മോണ്‍സ്റ്റർ' ണ്‍സ്റ്റർ' 


തന്‍റെ ഫേവറിറ്റ് എഴുത്തുകാരനായ  വീക്കേയെന്‍റെ കഥകളിലെ  ചിന്നപ്പയ്യന്മാർ  'മോണ്‍സ്റ്റർ' എന്നറിയപ്പെടുന്നതിന്‍റെ ഗുട്ടൻസ്  പിടികിട്ടാതെ നടന്ന കണ്‍ഫ്യൂഷിയൻ കാലഘട്ടത്തിലൊരിക്കൽ ദിവാകരൻ മാഷക്ക് ഒരു കല്ല്യാണാലോചന വന്നു. മാഷും ചാര്‍ച്ചക്കാരും ചെന്നു പെണ്ണിനെ  കണ്ടു ബോധിച്ചശേഷം കീഴ്വഴക്കമനുസരിച്ച് ചെക്കൻകാണലിനായി പെണ്ണിന്‍റെ ആള്‍ക്കാര്‍ മാഷുടെ വീട്ടിൽ എത്തിയ ദിവസം. നന്നേ ചെറിയ ഒരു വീടായിരുന്നു മാഷുടേത്. വന്നു കയറിയ ഒരു ഡസനോളം വരുന്ന അതിഥികളെ എണ്ണിച്ചുട്ടെടുത്ത രണ്ടു കസേരകളിലും തിണ്ണയിലുമായി ഒരവിധത്തിൽ ഇറയത്ത്‌ കുടിയിരുത്തി. 

കാലാവസ്ഥ, കാവിലെ വേല, സിമന്‍റ് വില, ഇത്യാദി സ്റ്റോക്ക്‌ വിഷയങ്ങളും അച്ചപ്പം, കുഴലപ്പം, മിക്സ്ചർ, പാളേങ്കോടൻ  ഉപചാരങ്ങളും കടന്ന് ഉച്ചകോടി യഥാർത്ഥ വിഷയത്തിലേക്ക് സംക്രമിക്കുമ്പോഴാണ് അതുണ്ടായത്. അതിഥികൾക്കു കണ്ടു കുളിർക്കാൻ പാകത്തിൽ  ഉമ്മറച്ചുമരും ചാരി ഭവ്യതയോടെ നില്‍ക്കുകയായിരുന്നു മാഷ്. തൊട്ടു മുൻപ് താൻ ഒരച്ചപ്പം എടുത്തു കയ്യിൽ  കൊടുത്തു പുന്നാരിച്ചതിന്‍റെ ബന്ധത്തിൽ  വന്നവരുടെ കൂട്ടത്തിൽ ഉണ്ടായിരുന്ന ഒരു നാലു വയസ്സുകാരൻ മാഷുടെ അടുത്തു കൂടി. തൊട്ടും തോണ്ടിയും അച്ചപ്പം കടിച്ചു തെറിപ്പിച്ചും ഇളിച്ചും മാഷുടെ മുഖത്തു തന്നെ നോക്കി നിന്ന കുട്ടിയുടെ ഓമനത്തമുള്ള മുഖം താടി തൊട്ടുയർത്തി  'ന്താ മിടുക്കന്‍റെ പേര് ?" എന്നു  ചോദിച്ചതും മാഷുടെ പോളിസ്റ്റര്‍ ഡബിൾ  മുണ്ട് ചെക്കൻ  പിടിച്ചു വലിച്ചതും ഒരുമിച്ചായിരുന്നു. മടിക്കുത്തഴിഞ്ഞു ഊർന്നുപോയ മുണ്ട് ഒരു കൈകൊണ്ടും കുട്ടിയുടെ കൈകൾ മറ്റേ കൈകൊണ്ടും പിടിച്ചു പ്രതിരോധത്തിൽ ഊന്നി നിന്ന  മാഷ് അതിഥികളെ ദൈന്യതയോടെ നോക്കി .

"മുണ്ട് വിട്വോ മോനെ. മോന് മാമൻ പഴം തരാം " എന്ന് കാതില്‍ അടക്കം പറഞ്ഞ് അനുനയിപ്പിക്കാൻ നോക്കിയപ്പോൾ  കണ്ടേ തീരൂ എന്ന മട്ടിൽ  കുട്ടി ശ്രമം ഊർജിതമാക്കി. ഇതൊന്നും  ശ്രദ്ധിക്കാതെ ' മുന്നോട്ടുള്ള കാര്യങ്ങൾ' ചർച്ച ചെയ്തു മുന്നേറുകയാണ് അതിഥികളും വീട്ടുകാരും. കുട്ടിക്കരങ്ങളിൽ ഉരിഞ്ഞുപോകുന്ന അഭിമാനത്തിന്‍റെ രക്ഷാപ്രവത്തനത്തിനിടയിൽ മുപ്പത്തിനാലാമത്തെ വയസ്സിലെങ്കിലും തനിക്കൊരു കല്യാണം ഒത്തുവന്ന സന്തോഷം മാഷക്ക് ഏറ്റുവാങ്ങാനായില്ല. ചെക്കൻ  പിടി മുറുക്കുകയാണ്. അതിഥികളുടെ കൂട്ടത്തിൽ നിന്നൊരാൾ സംഭവം കണ്ടിട്ടും  "ഓ, അപ്പു  മാമന്വായി വല്ല്യേ ലോഗ്യായീലോ !" എന്നഭിനന്ദിച്ചുകൊണ്ട്  ചർച്ചയിലേക്കു തിരിച്ചൂളിയിട്ടതും മധ്യവയസ്കയായ ഒരു സ്ത്രീ വല്ലാത്തൊരു പുഞ്ചിരിയോടെ അഭ്യാസത്തിന്‍റെ പരിണാമഗുപ്തിയിൽ ജിജ്ഞാസിച്ചിരിക്കുന്നതും കണ്ടപ്പോൾ പ്രതിസന്ധി യുദ്ധകാലാടിസ്ഥാനത്തിൽ തന്നെ   നേരിടാൻ  മാഷ് നിശ്ചയിച്ചു. 

പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക. നഷ്ട്ടപ്പെടുവാൻ ഒരു കല്ല്യാണം, കിട്ടാനുള്ളത് അരവിന്ദ് പോളിയെസ്റ്റർ ഡബിൾ മുണ്ടിനുള്ളിൽ പിടയുന്ന ഒരായുസ്സിന്‍റെ അഭിമാനം. അതിഥികളോ സ്വന്തക്കാരോ സഹായത്തിനില്ലാതെ പാഞ്ചാലീസമാനം ആലോചനാസദസ്സിൽ വിവശനായി നിന്ന മാഷ്‌ അഴിയുന്ന മുണ്ടും അഴിക്കുന്ന കൈകളും ഒരു വിധം കൂട്ടിപ്പിടിച്ച്  ഒരു വശീകരണഭാവം മുഖത്തെഴുതി  മിനിയേച്ചര്‍ ദുശശാസനനെ ഉമ്മറവാതിലിനപ്പുറം അകത്തെ മുറിയിലെ ഘോരാന്തകാരത്തിലേക്ക് ആരോരുമറിയാതെ കൂട്ടിക്കൊണ്ടു പോയി.

മുണ്ടും മുണ്ടന്‍റെ കൈകളും തന്‍റെ ഇടം കയ്യിലൊതുക്കിപ്പിടിച്ചുകൊണ്ട്   മുറിയിലെ കിളിവാതിലിലൂടെ ഒളിച്ചു കടന്ന  പ്രകാശധാരയിൽ കൃത്യമായി നിര്‍ത്തിയ   മുഖം ഒരു മുരള്‍ച്ചയോടെ ഭീഷണമാക്കി. പിന്നെ കളരിച്ചുവടില്‍ നിന്നു വലതു കൈപ്പടം മടക്കി ചൂണ്ടുവിരലും നടുവിരലും നിവർത്തി   ചിടുങ്ങന്‍റെ കണ്ണിലേക്കു ചൂണ്ടി പതിഞ്ഞ സ്വരത്തിൽ വിരട്ടി :

"മുണ്ട് വിട് ! ഇല്ലിങ്ങെ  നോക്ക്യേ, നെന്‍റെ കണ്ണ് ഞാൻ കുത്തിത്തൊരക്കും!  ങ്ഹാ ...!  മുണ്ട് വിട്ര  ചെകുത്താനേ !"

പിന്നീടുണ്ടായത്  "ഇപ്പോഴും അതോർക്കുമ്പോൾ ദേഹം വിറയ്ക്കുന്നു" എന്നും "ഫുട്ബോൾ കളിയിൽ അവസാന വിസിലടി മൈക്കിലൂടെ  അടിച്ച പോലെ"  എന്നും പിന്നീട് മാഷ് പലവട്ടം വർണിച്ചിട്ടുള്ള കർണഭേദിയായ ഒരു നിലവിളിയായിരുന്നു.   ഡെസിബൽ സമ്പന്നമായ നിലവിളി കേട്ട് ഉമ്മറത്തിരുന്നവരൊക്കെ   കൊടുങ്കാറ്റുപോലെ അകത്തു പ്രവേശിച്ചപ്പോൾ  കണ്ടത് കാലനെ കണ്ടു  കിടുങ്ങി നില്ക്കുന്ന ക്ടാവിനെയാണ് .  

"ന്തേ മോനെ ! ന്തേ ണ്ടായീത് ?"

"അയ്യ്വോ ന്‍റെ  കുട്ടിക്ക്  എന്തേ പറ്റീത് !"

"കുട്ടി വല്ലാണ്ട് പേടിച്ച്ണ്ടലോ ദൈവേ !"

"പറേ മോനേ,  മോൻ എന്തെങ്കിലും കണ്ടു പേടിച്ച്വോ?" 

മിണ്ടാട്ടംമുട്ടി നിന്ന കുട്ടി വിരൽ ചൂണ്ടിയിടത്തേക്കു എല്ലാവരും നോക്കിയപ്പോൾ കണ്ടു ; അഴിഞ്ഞുപോയ മുണ്ടും മുറുക്കിപ്പിടിച്ച്‌ ഇടിവെട്ടേറ്റ പോലെ മുറിയുടെ മൂലയിൽ ചൂളി നില്‍ക്കുന്ന ദിവാകരൻ മാഷ് !

"എന്താ മാഷേ? എന്താണ്ടായീത്? കുട്ടി വല്ലാണ്ട്  പേടിച്ച്ണ്ടലോ?  മാഷെന്താ ചെയ്തേ ?"

"അയ്യോ! ഞാനൊന്നും ചെയ്തില്ല്യ . കുട്ടി വെർതെ .."

ഉത്തരക്ഷണത്തിൽ ശബ്ദം തിരിച്ചു കിട്ടിയ കുട്ടി ഞെട്ടിത്തേങ്ങിക്കൊണ്ടു  പറഞ്ഞു: 

" അല്ലാട്ടാച്ഛാ, ആ മാമനേയ് ന്‍റെ കണ്ണ് കുത്തിപ്പൊട്ടിച്ചാൻ വന്നു!"  

ചെക്കന് ലേശം കുറവുണ്ടെന്ന കാരണത്താൽ ആലോചന അലസിയെങ്കിലും വീക്കേയെൻ കഥകളിലെ കുട്ടികള്‍  മോണ്‍സ്റ്റർ ആയതെങ്ങിനെയെന്നു  മനസ്സിലാക്കാൻ സംഭവം  സഹായിച്ചു എന്നാണ് ദിവാകരൻ മാഷ് ഇന്നും ആശ്വസിക്കുന്നത് !.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ