അബ്ഡക്ഷൻ
നാട്ടിൻപുറം - ശങ്കരേട്ടന്‍റെ ചായക്ലബ് - അതിരാവിലെ നേരത്തെ പഞ്ചായത്ത്-പൈലോതാപ്ല അദ്ധ്യക്ഷന്‍.
മൊത്തികൊണ്ടിരുന്ന ചായ ഗ്ലാസ് ഡസ്കിൽ പതുക്കവെച്ച് പള്ളയിൽ വന്നിരുന്നു ചോരയൂറ്റുന്ന കൊതുകിനെ അതീവശ്രദ്ധയോടെ പൊത്തിയടിച്ചു തേമ്പികൊണ്ട് പൈലോതാപ്ല തുടർന്നു:
"ഹേയ്! ശ്ശെന്താ കൊതു!. കടിക്കുമ്പോ മൊട്ടുസൂചി പഴുപ്പിച്ച് കേറ്റണ പോലേണ്ടു്!."
"പേപ്പട്ടി കടിച്ചാ എട്ക്കണ ഇഞ്ചക്ഷന് ഇത്ര വേദനേല്ല്യ!."
അനുഭവസമ്പന്നനായ ബാര്‍ബര്‍ വാസു നാലു മുഴം കൂട്ടി പൈലോതാപ്ലയെ പിന്തുണച്ചു.
"പാടത്ത് മരുന്നടി തൊടങ്ങീല്ല്യേ. അപ്പൊ സകലതും കൂടി കരേല് കേറിതാ. ശങ്കരാ, മതിരം കൊറച്ചൊരു സിംഗിള്. "
ചായക്ക് ഓർഡർ കൊടുത്ത് കുമാരൻ നായർ ദേശാഭിമാനി എടുത്തു നിവര്‍ത്തി .
ഉള്ളംകയ്യിൽ പരന്ന ചോര ചായക്കടയുടെ കരി പൊറ്റ പിടിച്ച ചുമരിൽ തേച്ചുകൊണ്ട് പൈലോതാപ്ല പറഞ്ഞു.
"പിന്നെ ചോരേണ്ടാവാണ്ടിരിക്ക്യോ; ദാ ഇത്രശ്ശേല്ല്യേ ഓരോന്ന്!. "
തള്ളവിരൽ കടയ്ക്കു കുത്തിയ ചൂണ്ടു വിരൽ നിവർത്തി ശേഖരൻ നായർ മാതൃക കാണിച്ചു .
ഇടയ്ക്കു വന്നു കയറിയ ശങ്കുവേഴ്ശൻ എല്ലാവരോടുമായി ചോദിച്ചു.
"അല്ല; രാത്രീലെ കൊതൂന്‍റെ കാര്യം പറയ്വാര്‍ന്നു ശങ്ക്വോ." പൈലോതാപ്ല പറഞ്ഞു .
"ഔ ഔ ഒന്നും പറേണ്ട ! ഇന്നലെ രാത്രീല് കണ്ണിന്‍റെ പോള കൂട്ടീട്ടില്ല്യ."
നെറ്റിയിൽ അടിച്ചുകൊണ്ട് ഏഴ്ശൻ ശരി വെച്ചു.
രസികഭാഷിയായ ശങ്കുവേഴ്ശൻ വന്നതിന്‍റെ ആവേശത്തിൽ വായിക്കാൻ തുടങ്ങിയിരുന്ന പേപ്പർ മടക്കി വെച്ചുകൊണ്ട് കുമാരൻ നായർ പറഞ്ഞു:
"കൊതൂന്‍റെ മൂളലും കടീം കൊതൂനെ അടീം കുട്ട്യോൾടെ നെലോളീം ഒക്കക്കൂടി നല്ല മേളാർന്നു ഇന്നലെ മ്മടോടെ!."
"കുട്ട്യോൾടെ കാര്യാ? അസ്സലായി! കേക്കണോ നിങ്ങക്ക്.....?"
മടിയിലിരുന്ന ബീടിക്കെട്ടിൽനിന്ന് ഒന്നെടുത്തു കൊളുത്താൻ സുല്ലെടുത്തുകൊണ്ട് ഏഴ്ശൻ തുടർന്നു:
"വെളുപ്പിനെണീറ്റത് വീട്ട്കാരടെ കൂട്ടനെലോളി കേട്ട്ട്ടാ. രാത്രി തള്ളേടെ കൂടെ കെടന്നേർന്നതാ ന്‍റെ ഒക്കേലും എളേ ചെക്കൻ. വെളിച്ചായി നോക്കീപ്പോ മൊതലിനെ പായേല് കാണാല്ല്യ!."
മടിയിലിരുന്ന ബീടിക്കെട്ടിൽനിന്ന് ഒന്നെടുത്തു കൊളുത്താൻ സുല്ലെടുത്തുകൊണ്ട് ഏഴ്ശൻ തുടർന്നു:
"വെളുപ്പിനെണീറ്റത് വീട്ട്കാരടെ കൂട്ടനെലോളി കേട്ട്ട്ടാ. രാത്രി തള്ളേടെ കൂടെ കെടന്നേർന്നതാ ന്‍റെ ഒക്കേലും എളേ ചെക്കൻ. വെളിച്ചായി നോക്കീപ്പോ മൊതലിനെ പായേല് കാണാല്ല്യ!."
"അയ്, ദെവടെ പോയ് ചെക്കന്‍!?." ബാർബർ വാസു.
"അന്വേഷിച്ചു പിടിച്ചു വന്നപ്പണ്ട്രാ ചെക്കൻ പടിഞ്ഞാറെ വളപ്പില് പ്ലാവിന്‍റെ ചോട്ടില് കെടന്ന് കൂർക്കം വലിക്കുണൂ !."
പൈലോതാപ്ലക്കൊപ്പം മറ്റുള്ളവരും സ്തബ്ധരായി!.
"ക്ടാവൊന്നും ചീതതല്ല ന്‍റെ പൈലോതാപ്ലേ!. കൊത്വോളൊക്കെ കൂടി കടിച്ചു തൂക്കി പടിഞ്ഞാറെ വളപ്പില് കൊണ്ടോയീട്ടതാ ചെക്കനെ!. കുമാരാ കടുപ്പത്തിലൊരു കട്ടൻ ഇട്ക്ക്; ഒറക്കക്ഷീണണ്ട് !."
********
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ