2014 ജൂലൈ 24, വ്യാഴാഴ്‌ച

ഒരു യൌവന ദുരന്തകഥ

ഒരു യൌവന ദുരന്തകഥ

ബീഡിവലിയിൽ മന്ത്രദീക്ഷയെടുത്ത് സോള്‍ഗഡികളോടൊപ്പം ഒളിവലികളിൽ രമിച്ചിരുന്ന ഇന്നസന്‍റ് പ്രീഡിഗ്രിക്കാലം. ഗൂഡം പിടിക്കപ്പെട്ടാൽ പിതാശ്രീമാരുടെ മൂന്നാംമുറ ഉറപ്പ്‌. സവിശേഷാവകാശത്തിന്മേല്‍ അടുപ്പിലെ കൊള്ളി വലിച്ചും പുകവലിച്ചിരുന്ന കാരണവന്‍മാരുടെ സമഗ്രാധിപത്യത്തിനെതിരെ മനസ്സില്‍ പുകഞ്ഞ കൊള്ളിയുമായി നടന്ന ക്ഷുഭിത കൌമാരം .



നാട്ടിലെ ക്ഷേത്രത്തിൽ ധനുമാസത്തിലെ പത്താമുദയ വേലയായിരുന്നു. രാത്രി എഴുന്നെള്ളിപ്പിനു മുൻപുള്ള കഥാപ്രസംഗം അമ്പലപ്പറമ്പിൽ പൊടിപൊടിക്കുന്നു.  കഥ ഈഡിപ്പസ്.



" നീ നിന്‍റെ പിതാവിനെ കൊന്ന് പെറ്റമ്മയെ കെട്ടും!."

അപ്പോളോ തേവരുടെ കോമരം ഈഡിപ്പസിനു വെളിച്ചപ്പെടുന്ന കഥാമുഹൂർത്തമെത്തിയപ്പോൾ ഞാനും സുഹൃത്ത് അശോകനും എണീറ്റു മൂടു തട്ടി. കാര്യം മറ്റൊന്നുമല്ല; പരഭീതിയില്ലാതെ ഒന്നു വലിക്കണം. കുളക്കരയിൽ വെച്ചാവാം. ആരും കാണില്ല. എവിടെനിന്നോ സംഘടിപ്പിച്ച രണ്ട് കാജാ ബീഡി അശോകന്‍റെ കയ്യിലിരുന്നു കിരുങ്ങുന്നുണ്ട്!.

കിഴക്കേ നടയിലുള്ള കുളക്കരയിലെത്തി ബീഡി ചുണ്ടത്ത് വെച്ചപ്പോഴാണ് ഓർത്തത്‌. തീപ്പെട്ടിയില്ല. നടയിലെ ദീപസ്തംഭവും ചുറ്റുവിളക്കുകളും കെട്ടിരിക്കുന്നു. ഇനിഎന്തു ചെയ്യും?. അമ്പലപ്പറമ്പിലേക്കു തന്നെ തിരിച്ചു പിടിച്ചു . ആൽത്തറയിൽ കെട്ടിയ സ്റ്റേജ് കൊട്ടും പാട്ടും കയ്യും കലാശവുമായി കഥാപ്രാസംഗികന്‍ അടിച്ചു തകർക്കുന്നു.

സദസ്സിന് ഏറ്റവും പുറകിൽ നിന്നുകൊണ്ട് ഞങ്ങൾ പരിസരനിരീക്ഷണം നടത്തി. ആരെങ്കിലും വലിക്കുന്നുണ്ടോ?. വേദിക്കഭിമുഖമായി ഞങ്ങൾക്കു പുറം തിരിഞ്ഞിരുന്നു കഥ കേൾക്കുന്ന ബഹുവിധം തലകളിൽനിന്നും ഒരു ചുറ്റു പുകയെങ്കിലും വാനിലേക്കുയരുന്നുണ്ടോ. ഇല്ല. നാട്ടുകാരെല്ലാം നന്നായിപ്പോയതില്‍ വിസ്മയിച്ചു നിൽക്കുമ്പോൾ മുന്നിലതാ കാണുന്നു.......!
ധനുമാസക്കുളിരിനു പ്രതിരോധം ചമച്ച് തലയും ഉടലും കരിമ്പടം മൂടി ഇരുട്ടില്‍ സദസ്സിനു നടുവിൽ ഒറ്റ തിരിഞ്ഞിരിക്കുന്ന ഒരു രൂപം. പെട്ടെന്ന് അതൊന്നിളകി!. അരയിലെന്തോ തപ്പുകയല്ലേ?. അതെ!. അതാ ഒരു മിന്നല്‍!. കരിമ്പടത്തലക്കു ചുറ്റും പ്രഭാവലയം!. വളഞ്ഞും പിരിഞ്ഞും കുമിഞ്ഞും തലയ്ക്കു മുകളിലേക്കുയർന്ന് മഞ്ഞിൽ വിലയിക്കുന്ന പുകച്ചുരുളുകള്‍!.


"അടി ശക്കെ!!. ബാലന്ദ്രാ, കണ്ടൂടപ്പ!. ഞാന്‍ ദേ ഇപ്പ വരാം!."



ശ്രോതാക്കൾക്കിടയിലൂടെ തപ്പിത്തടഞ്ഞു നടന്ന് കമ്പിളിപ്പുതപ്പിനു പിന്നിൽ എത്തിയപ്പോൾ അശോകൻ അടക്കിപ്പിടിച്ച  സ്വരത്തിൽ ചോദിച്ചു:

"അതേയ്, ആ തീയൊന്നു തര്വോ?."

കഥയിൽ മുഴുകിയിരുന്ന രൂപം വേദിയിൽനിന്നും കണ്ണെടുക്കാതെ പുകയുന്ന ബീഡി പിന്നിലേക്ക്‌ നീട്ടി. നല്ല കടുപ്പൻ മണം!. ആപ്പിൾ ഫോട്ടോയുടെ കനലിൽ മുത്തമിടീച്ച് കാജയിൽ തീ കോരിയ ശേഷം കുറ്റി നന്ദിപൂര്‍വം തിരിച്ചു കൊടുക്കുമ്പോൾ അശോകൻ ഒരു ചോളാക്യം ചോദിച്ചു:

"കഥ എവടെ വര്യായി?."

പാതിയണഞ്ഞു തിരിച്ചു കിട്ടിയ ബീഡി ആഞ്ഞു വലിച്ചു ജ്വലിപ്പിച്ചുകൊണ്ട് രൂപം ആവേശത്തോടെ പറഞ്ഞു :

"രാജാവിനെ കൊന്നു!. പക്ഷെ സൊന്തം കയ്യോണ്ട് അച്ഛന്യാ കൊന്നതെന്ന് മോനറിഞ്ഞിട്ടില്ല്യ ട്ടോ !!. "

ഇച്ചിരിത്തീ തന്നു സഹായിച്ച പ്രേക്ഷകന്‍റെ ആകാംക്ഷയും ഗദ്ഗദവും നിറഞ്ഞ സ്വരം തിരിച്ചറിഞ്ഞപ്പോൾ അശോകൻ ഞെട്ടിപ്പോയി!.

"അച്ഛൻ!."

ദൈവമേ!. ബീഡി കൊളുത്താന്‍ തീ നീട്ടിയത് സ്വന്തം മകന്‍റെ കയ്യിലേക്കാണെന്ന് ഈ അച്ഛനും അറിഞ്ഞിട്ടില്ല!.

ബീഡി കയ്യിലിരുന്നു വിറച്ചതും നിലത്തു വീണതും അശോകന്‍ അറിഞ്ഞില്ല. തിരിച്ചു നടക്കുമ്പോള്‍ ദുരന്തനായകന് കാലിടറി. പിന്നില്‍ കാഥികന്‍ വിലപിച്ചു:

"ഹാ മനുഷ്യന്‍!. വിധിയുടെ കയ്യിലെ കളിപ്പാട്ടങ്ങള്‍!."

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ