2014 ഒക്‌ടോബർ 17, വെള്ളിയാഴ്‌ച

റിസോഴ്സ് മോബിലൈസേഷന്‍

റിസോഴ്സ് മോബിലൈസേഷന്‍


എഴുപതുകളുടെ ആദ്യപാദം. ശ്രീ കേരളവർമ കോളേജ്.

മസാല ദോശക്ക് രണ്ടും  , ഊണിന്  രണ്ടും , ചായക്കും പനാമക്കും അറ രൂപയും ബസ്‌ചാർജ് പത്തു പൈസ എസ്റ്റിയും നില നിന്നിരുന്ന എഴുപതുകളുടെ  ആദ്യപാദം . സൂക്ഷം പറഞ്ഞാൽ  1 9 7 2 . ശ്രീ കേരളവർമ കോളേജ് .

കാമ്പസിനു നടുവിലെ 'ആപ്പിള്‍' മരത്തിനു കീഴില്‍ ഞങ്ങളിരുന്നു. കോളേജ് വിടാന്‍ ഇനിയും ഒരു പിരിയഡ് ബാക്കി .  രാവിലെ മുതലുള്ള കട്ടിൽ വിരസത പൂണ്ട്    തോംസണ്‍  ഇന്ദിര  ടീച്ചറുടെ  ലോജിക്ക്
ക്ലാസ്സിലേക്ക്  പോയി.  വിശന്നിരുന്നു വിളി വന്ന സുധാകരൻ പറഞ്ഞു :

"അഞ്ചു പേരുണ്ട്. നമുക്കോരോ മസാലടിച്ചാലോ? "

"ബജറ്റെങ്ങിനെ?."  

ബോസ് പുച്ഛത്തോടെ ചോദിച്ചു 

"കമ്മ്യാ. ഒരു രൂപേള്ളൂ. "

"ന്നാ വിട്ട ള ; രണ്ടു പനാമയിലൊതുങ്ങാം.  "

"അപ്പോ നിന്‍റെ കയ്യിലുള്ളതോ?."

" ഫീസടച്ചു.  ഇട്ടിരിക്കണത് പാപ്പര്‍ സൂട്ടാ."

"കളിക്കാണ്ട് ചിൽഡ്രേട്ക്ക് വണ്ടിമൊയ്ലാളീ!." 

"റൂട്ടില് കളക്ഷന്‍ മോശാ മോനെ . മാറിപ്പിടി!."
തൃശ്ശൂർ ഇരിഞ്ഞാലക്കുട റൂ ട്ടിൽ  നാല്  ബസ്സുള്ള അച്ഛന്‍റെ മകൻ ബോസ് കീശ തട്ടിക്കുടഞ്ഞു.

"നിങ്ങടെ കയ്യിലെത്രേണ്ട്?." 

സുധാകരന്‍ കണ്ണഞ്ചിരട്ട ഞങ്ങളുടെ നേരെ നീട്ടി.

തിരിച്ചു വീട്ടിലേക്ക് എസ്റ്റിക്കുള്ള പത്തു പൈസയുടെ ദാരിദ്രം ഞങ്ങൾ പുറത്തെടുത്തു കാട്ടി .

"സുവോളജി ലാബിലിക്ക്ള്ള തവളേ പിടിക്കാൻ പോക്കൂട്രാ ചെറ്റോളെ ! ഇനി എന്താ ചെയ്യ്വാ?. പറ്റുവകയിൽ ഏണ്‍പതിച്ചില്ല്വാനം കുടിശ്ശികയുള്ളള്ളതുകൊണ്ട് കാന്‍റീനില്‍ എനിക്കെതിരെ സാങ്ങ്ഷൻ നിലവിലുണ്ട്. ആ വഴി ബ്ലോക്കാ! ."

തെക്ക് ലേഡീസ് ഹോസ്റ്റലിന്‍റെ ഭാഗത്തേക്കു തിരിഞ്ഞു പാരാപരിപ്പു വേവിച്ചു നിന്ന സുധാകരന്‍റെ മുഖത്ത് പെട്ടെന്നു പ്രകാശം പരന്നു .

"അടി ശക്കേ! വഴിവിളക്ക് തെളിഞ്ഞു!. വിശപ്പിന്‍റെ സന്തതികളേ!. നിങ്ങൾ   കാന്‍റീനിലേക്ക് ചെല്ലുവിന്‍!. ഇന്നത്തെ അന്നത്തിനുള്ള വക ഞാന്‍ കണ്ടെത്തിയിരിക്കുന്നു!. "

"അതെങ്ങന്യാണ്ട്ര ശവി ഇത്ര പെട്ടെന്ന് തരായീത്‌?." 

മൊയ്തീനു  വിശ്വാസമായില്ല .

"ശ്ശേ! കുഴ്യെണ്ണാണ്ട് പോയി നക്കി തിന്നാന്‍ നോക്കട അമുക്കേ !.   ഞാന്‍ ദേ പിന്നാലെ വര്ണ്ട്."

ഇടിമിന്നലിന്‍റെ പുറത്തു കയറി കാന്‍റീനിലെത്തി ഞങ്ങള്‍ ഓര്‍ഡറിട്ടു.

"കൃഷ്ണേട്ടാ അഞ്ചു മസാല!. നല്ലോണം മൊരിഞ്ഞോട്ടെ!."

അഞ്ചു മസാല ദോശയും വെട്ടിയാല്‍ മുറിയാത്ത ഓരോ  ചായയും കഴിച്ച് കാന്‍റീനിന്‍റെ പടികൾ ഇറങ്ങുമ്പോള്‍ സുധാകരന്‍ പോക്കറ്റില്‍നിന്നും ഒരു നൂറുരൂപ  നോട്ടെടുത്തു  രാമേട്ടന്‍റെ മേശപ്പുറത്തിട്ടു!. ഞങ്ങള്‍ അന്തം വിട്ടു നിന്നു പോയി! ഇവനിതെങ്ങിനെ ഒപ്പിച്ചു !?

"അവടേ;  അഞ്ചു മസാലാ....അഞ്ചു....ചായാ!." 

അടുക്കളയിൽനിന്നും കൃഷ്ണേട്ടന്‍റെ  നിർദ്ദയമായ വിളിച്ചു ചൊല്ലൽ  വാസുവേട്ടന്‍ അക്കത്തിലേക്കു വിവർത്തനം ചെയ്തു.

"പന്ത്രണ്ടര രൂവ.  നിക്കണതും കൂട്ടി തൊണ്ണൂറ്റി  ഏഴര . "

" എത്ര്യാ നിക്കണത്?."

"എണ്‍പത്തഞ്ച്."

ബാക്കി  കിട്ടിയ  രണ്ടര രൂപ ഉയര്‍ത്തിക്കാട്ടി സുധാകരന്‍ പറഞ്ഞു.

"ധനവിനിയോഗത്തിലെ   കൃതഹസ്തത  കണ്ട്രാ?. കൃത്യം അഞ്ചു  പനാമക്കുള്ള വഹ തിരുശേഷിപ്പ് !. വാ  പൊറത്ത് പുവ്വാം. "

കാമ്പസിനു പുറത്തേക്കുള്ള വഴിയിലെ ആല്‍ത്തറക്കു സമീപം എത്തിയപ്പോഴാണ് കേട്ടത്!.

'ഡാ.....സുധാകരാ! നിക്കറാവടെ...!!"

പ്ലാവുകള്‍ക്കും സപ്പോട്ട മരങ്ങള്‍ക്കുമിടയിലൂടെ കൊഴിഞ്ഞ ഇലകള്‍ ചവിട്ടി മെതിച്ച് ഇരയെ കണ്ട വ്യാഘ്രത്തെപ്പോലെ അവന്‍ കുതിച്ചു വന്നു!. സുനില്‍!.

"ദാ വരുണു  പിശാശ്! . ഡാ ബോസേ ഞാന്‍ വിട്വാ . ഇല്ലിങ്ങെ ഇപ്പവടെ കൊല നടക്കും. നാളെ കാണാം."

"എന്താണ്ട്രാ വിഷയം?." ഞങ്ങൾ ആശങ്കാകുലരായി! 


മുണ്ട് വളച്ചു കുത്തി ഗേറ്റും കടന്നു ശങ്കരങ്കുളങ്ങര വഴിയിലേക്ക് തൊണ്ണൂറു ഡിഗ്രി വെട്ടിത്തിരിയുന്നതിനിടയിൽ സുധാകരൻ വിളിച്ചു പറഞ്ഞു.

"അതൊക്കെ നാളെ പറയാം ."

"സുധാ...! മര്യാദക്ക് നിയ്യവടെ നിന്നോ !  അത് തിരിച്ച് തരണതാ  നെനക്ക്  നല്ലത്!"

സുധാകരനെ പിന്തുടർന്ന് മരണ വെപ്രാളത്തോടെ സുനിലും പാഞ്ഞു.

കാര്യമറിയാതെ ഞങ്ങൾ പകച്ചു നിന്നു!. 

നാളെ  കാണാമെന്നു  പറഞ്ഞ  സുധാകരൻ  മൂന്നു ദിവസം കോളേജിൽ വന്നില്ല. ഇതിനിടയിൽ  അവനെ അന്വേഷിച്ചു പത്തു തവണ ഞങ്ങളുടെ അടുത്തു വന്നെങ്കിലും  സുനിലും കാര്യമെന്തെന്നു പറഞ്ഞില്ല.

നാലാം  ദിവസം  സുധാകരൻ തന്നെ വരേണ്ടി വന്നു ദുരൂഹതയുടെ   കെട്ടഴിക്കാൻ. 

"ലേഡീസ് ഹോസ്റ്റലിനു മുന്നിലെ ആലിന്‍കീഴില്‍ സുനിലും രണ്ടാംവർഷം ഇംഗ്ലീഷിലെ വിമലയും പഞ്ചാരി കൊട്ടി നില്‍ക്കുന്നതു കണ്ടപ്പഴാണ്ടാ  അന്നെന്‍റെ ബള്‍ബ് കത്തിയത്. ഏറെക്കാലത്തെ അദ്ധ്വാനത്തിന്  ശേഷം  അവനവളെ ഏതാണ്ട് വളച്ചു തുടങ്ങിയതായി ഇക്ക് വിവരം കിട്ട്യേർന്നു  .  മുറിച്ചിടത്ത് ഉപ്പു തേക്കാത്തവന്‍റെ ചെലവിൽ മസാലയടിക്കാൻ ഇതിലും നല്ലൊരവസരം ഇനി കിട്ടാല്ല്യ . നിങ്ങളെ കാന്‍റീനിലേക്ക് തെളിച്ച ശേഷം ഞാൻ നേരെ പോയത്  അവരുടെ അടുത്തക്കാ . ചെന്ന പാടെ ചോദിച്ചു .

 'ഡാ  സുനിലേ  ഒരു ഇരുപത്തഞ്ചു രൂപ കാട്ട്യേ. ഫീസ്‌ അടച്ചിട്ടില്ല. നാളെ തിരിച്ചു തരാം.'

 വിമല കാണാതെ  സുനിൽ  എന്നെയൊന്നു നോക്കി 'ഡാ കള്ളക്കഴുവേറിമോനേ!' എന്നു കണ്ണിലെഴുതി കാണിച്ചു. പിന്നെ പോക്കറ്റിൽ നിന്നും ഒരു പുത്തൻ നൂറിന്‍റെ നോട്ടെടുത്ത് ഇടംകൈക്കൊണ്ട് പുല്ലു പോലെ എനിക്കു നേരെ നീട്ടിയശേഷം തരളിതനായിക്കൊണ്ട് വിമലയിലേക്കുതന്നെ തിരിച്ചു പോയി...!

ആ കഫം കൊണ്ടാണ്ടാ , തെണ്ടികളേ  നീയൊക്കെ മസാലദോശ ചുട്ടു തിന്നത്! ഇന്നേവരെ ഒരു കപ്പലണ്ടി മുട്ടായിക്കുപോലും കാശിറക്കാത്ത മാപ്രാണത്തെ  ആ പൂത്ത പണച്ചാക്ക് ഇങ്ങന്യല്ലാതെ എങ്ങന്യാണ്ടാ ചോർത്ത്വ  !."

ആരാധനയോടെ നോക്കി നിന്ന ഞങ്ങളോട് അവൻ തുടർന്നു .

"പണം തന്നതിന് താങ്ക്സ് കൊടുത്തപ്പൊ എന്നോട് ആ ആറടിമന്തൻ  പറഞ്ഞേന്നറിയ്വോ ? 'ഓൾറൈറ്റ് സുധാ. ഞാൻ ദാ വരുന്നു' ന്ന്! എന്താതിന്‍റെ അര്‍ത്ഥന്നറ്യോ?"

"ഇല്ല്യ; എന്താ ?"

"ഇവളുടെ മുന്നില്‍ വെച്ചു ഞാൻ നീട്ടുന്ന നൂറിന്‍റെ നോട്ട് നിമിഷങ്ങള്‍ക്കകം തിരിച്ചു തന്നില്ലിങ്ങെ കാനാട്ടുകരേന്ന് ശങ്കരങ്കുളങ്ങര വഴി ബൈ ഫൂട്ട് വെറും പതിനഞ്ചു മിനിട്ടോണ്ട് നിന്നെ ഞാന്‍ പുതൂർക്കരക്കെത്തിക്കുംന്ന്! സത്യം! മൂന്നീസം ഞാൻ വരാഞ്ഞത് ശരിക്കും മേല് വേദനിച്ചിട്ടാടാ!"


x-x-x-x-x


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ