2014 ഓഗസ്റ്റ് 15, വെള്ളിയാഴ്‌ച

ഡെവിള്‍സ് ആള്‍ട്ടര്‍നേറ്റീവ്.


  ഡെവിള്‍സ് ആള്‍ട്ടര്‍നേറ്റീവ്. 


"രാമേട്ടാ! നാളികേരം പിഴ്യാൻ  മുണ്ടില്ല്യാന്ന്!"

അടപ്രഥമനുള്ള തേങ്ങ ചിരകിക്കഴിഞ്ഞപ്പോള്‍ ദേഹണ്ഡത്തിന് ഉത്സാഹിക്കാൻ വന്ന കരക്കാര് പിള്ളേരു വിളിച്ചു പറയുന്നതു കേട്ട് രാമേട്ടൻ ഊത്തു നിർത്തി അടുപ്പിൽനിന്ന് തലയൂരി.

കാലത്ത് മൊതല് തൊടങ്ങീതാ ; കത്താത്ത വെറകും വെച്ചുള്ള മല്ലടി. കുന്നത്തെ  കുട്ടീഷ്ണന്‍നായരടെ പതിനാറടിയന്തിരത്തിന് ദേഹണ്ഡക്കരാറ് കുറിച്ച അന്നന്നെ വീട്ടുകാരോട്  നാലുവട്ടം  പറഞ്ഞതാര്‍ന്നു ; വാങ്ങിയ വിറകു നല്ലോണം ഒണങ്ങീട്ടുണ്ടാവില്ല്യ  വെയിലത്തിട്ട് നല്ലോണം ഒണക്കണം, എന്നെ വട്ടം ചിറ്റിക്കരുത് എന്നൊക്കെ. ആര് കേക്കാന്‍!. രാവിലെ തീപൂട്ടീപ്പോ   അടുപ്പില്  പൊങ്ങ്യേ കട്ടപ്പൊക ഇത് വരെ അടങ്ങീട്ടില്ല്യ!. വാഴപ്പിണ്ടി ഇതിലും നന്നായി കത്തും.

"വെറകെങ്ങനേണ്ട്  രാമൻ നായരേ, ഉഷാറല്ലേ?."

രാവിലെ പുളിയിഞ്ചി വെക്കാൻ   ഉരുളി  അടപ്പത്തു കേറ്റുമ്പോ സ്വർഗസ്ഥനായവന്‍റെ  ജാമാതാവ് ഡെപ്യൂട്ടി താസിൽദാർ ഗോവിന്ദമേനോനുണ്ട് കാര്യാന്വേഷണത്തിന് വന്നിരിക്കുന്നു. മനസ്സിൽ പുകഞ്ഞ കൊള്ളിയെടുത്ത് ചോദിച്ചവന്‍റെ മോന്തക്കിട്ട്‌ കുത്തിക്കൊണ്ട് രാമേട്ടന്‍ പറഞ്ഞു.

"തരക്കേടില്ല്യ. നല്ലസ്സല് നീർക്കെട്ടുള്ള പുളി വെറകാ! .എത്രീസം വെള്ളത്തിലിട്ടു?."

" അയ്‌,  അതെന്താ രാമൻ നായരേ പരിഹസിക്ക്യാ!."

"പിന്നെ മൈറ്റണോ? നിങ്ങള് വെറക് ഒണക്ക്യാ?. പത്തീസം മുമ്പ് പറഞ്ഞതല്ലേ ഞാൻ?."

"അതൊരക്കിടി പറ്റിപ്പോയീതാന്നേയ്!. തെരക്കിനെടേല് ആ കാര്യം  മറന്നു. ഒക്കേറ്റിനും ഞാന്‍ തന്നെ ഓടണ്ടേ?."

"നിങ്ങക്കങ്ങനെ പറഞ്ഞാ  കാര്യം കഴിഞ്ഞു. അടുപ്പിന്‍റെ കടക്കല് നിന്ന് പൊകഞ്ഞ് നീറാൻ     മ്മള്  ദേണ്ഡക്കാര്ണ്ടലോ ല്ലേ !"

ഹല്ലാ പിന്നെ! പറേണ്ടത്  പറേണലോ. അയാള് ഡെപ്പൂട്ടി കുണ്‍സ്രാളാച്ചാ എനിക്കെന്താ!. വൈകീട്ട് അരിമാവ്  അണിഞ്ഞു ചുരുട്ടാള്ള വാഴയിലേടുത്തു ചീന്തുമ്പളും ഇതന്നെ കഥ.   ഒരൊറ്റ  എല വാട്ടീട്ടില്ല്യ!. ഒക്കെ കീറിപ്പോണു. ചോദിച്ചപ്പോ സുച്ചിട്ട പോലെ  മറുപടി:

"അയ്യോ, വെയിലത്തിടാൻ വിട്ടു പോയി!.  ഞാന്‍ എന്താ ചെയ്യ്വാ! എനിക്ക് രണ്ട്  കയ്യല്ലേള്ളൂ രാമൻ നായരേ!."

ഇപ്പദാ  ഇങ്ങനെ!  ചെരക്യേ തേങ്ങ പിഴ്യാൻ മുണ്ടില്ല്യാത്രേ!. പത്തു മുന്നൂറു നാളികേരം ചെരകിത്  കെടക്ക്വാ കൈലാസം പോലെ. ഇതൊക്കെ പിഴിഞ്ഞ് അടപ്പത്തു കേറ്റിട്ട്  പായസം എപ്പൊ കാലാവാനാ?.    മൂന്നു കോടിത്തോർത്ത്  ലിസ്റ്റില് എഴുതിക്കൊടുത്തതാ.  കോന്തന്മാര്  അതും മറന്നേക്കുണു !. മുണ്ട് കിട്ടീല്ലിങ്ങെ  പിള്ളേരൊക്കെ ഇപ്പ  സ്ഥലം വിടും.

രാമേട്ടന്  പെരുത്തു കയറി.

"വേണ്വോ,  അച്ഛനോ?."

"അച്ഛനൊറങ്ങി."

"ഒറങ്ങ്യോ നന്നായി. തേങ്ങ പിഴ്യാള്ള  തോർത്തുണ്ട്  എവട്യാ  വെച്ചേക്കണ്?.

"ഇവട്യോന്നും കാണാല്ല്യ. "

"ങ്ഹാ! മറന്ന്ണ്ടാവും. ഒറങ്ങട്ടൊറങ്ങട്ടെ. എല്ലാം മറന്ന് മേനോൻ സുഖായിട്ടൊറങ്ങട്ടെ. നാളെ സദ്യ വെളമ്പാൻ പാഞ്ചാലീടെ പഴേ പാത്രം കളഞ്ഞ് കിട്ടീണ്ടലോ!."

ലക്ഷ്യമില്ലാത്ത ഒരു മൂന്നക്ഷരപ്രയോഗം നടത്തിക്കൊണ്ടു രാമേട്ടൻ ദേഹണ്ഡപ്പുരയുടെ പിന്നിൽ മറഞ്ഞു. വിറകിനിടയിൽ  ഒളിപ്പിച്ചു വെച്ചിരുന്ന കുപ്പി തുറന്ന്   ഒരു തുടുകവിൾ ഇറക്കി.  തിരിച്ചു വന്നു കുത്തുചട്ടുകമെടുത്തു തിളയ്ക്കുന്ന സാമ്പാറ് ഊക്കോടെ ഇളക്കി.

"രാമേട്ടാ മ്മളെന്താ  വേണ്ട്?  മണി രണ്ടായി. "

ചിരകിയ തേങ്ങയിൽ  കയ്യിട്ടിളക്കി  കളിച്ചു മടുത്ത ഉത്സാഹികളില്‍ ഒരാള്‍  ഉറക്കെ വിളിച്ചു ചോദിച്ചു. 

പായസം അടപ്പത്ത്ന്നെറക്ക്യാ  രുചി നോക്കി ഒരു ഗ്ലാസ്‌ കട്ടന്‍ കാപ്പിയും കുടിച്ചു വീട്ടീ  പോയി കെടക്കയില്‍ മലരാന്‍  മുട്ടി നിക്ക്വാ എല്ലാരും. തേങ്ങാപ്പാല് പിഴ്യാൻ  മുണ്ട് കൊടുത്തില്ലിങ്ങെ വേന്ദ്രന്മാരൊക്കെ  ഇപ്പോ എറങ്ങിപ്പൂവും. ഒന്നിനും മടിക്കാത്ത വർഗാ!.

രാമേട്ടന്‍ ഉള്ളില്‍ കിടുങ്ങി. പിന്നെ താമസിച്ചില്ല. കുത്തുചട്ടുകം ചെമ്പിലിട്ട്    പിള്ളേർക്കു  നേരെ പാതിവട്ടം തിരിഞ്ഞു  മടിക്കുത്തിൽ കൈവെച്ചു.

"ന്നറാ മുണ്ട്!.  പിഴിഞ്ഞോ.  പിരിച്ചു പിരിച്ചു പൊട്ടിക്കാണ്ട് ഇങ്ങടന്നെ  തരണം! രണ്ടാമതൊന്നില്ല്യ."

ചിരകിയ തേങ്ങാക്കൂനക്കു  മുകളില്‍ എന്തോ പറന്നു വിരിഞ്ഞു വീണത്‌ വട്ടം കൂടിയിരുന്ന ഉത്സാഹികൾ ആകാംക്ഷയോടെ നോക്കി...

രാമേട്ടൻ അരയിൽ ചുറ്റിയ തോർത്ത്!

അടുത്തു കിടന്ന സ്റ്റീൽ കസേര വലിച്ചിട്ട് ചുവപ്പു വള്ളിനിക്കറും കാലിന്മേല്‍ കയറ്റി വെച്ച  കാലും ചുണ്ടിൽ എരിയുന്ന  ബീടിയുമായി സാമ്പാറ് പാകമാകാനായി    രാമേട്ടൻ കാത്തിരുന്നു.....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ