എന്തരോ മഹാനുഭാവുലു!
കുഴല്‍ക്കിണറില്‍നിന്നും വെള്ളമടിക്കുന്ന വീട്ടിലെ കമ്പ്രസര്‍ പമ്പ് സ്റ്റാര്‍ട്ടറുമായുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ഒരു നാള്‍ പ്രവര്‍ത്തനം നിര്‍ത്തി വെച്ചു. ഇരുപതു വര്‍ഷം മുന്‍പ് വാങ്ങിയതാണ്. ഇന്നേവരെ ഒരു അസുഖവുമുണ്ടായിട്ടില്ല. ലോക്കല്‍ മെക്കാനിക്കിന്‍റെ പരിശോധനയില്‍നിന്നാണ് മോട്ടോറിനല്ല സ്റ്റാര്‍ട്ടറിനാണ് തകരാറെന്നു കണ്ടെത്തിയത്.
വിശ്വാസം അതാണല്ലോ എല്ലാം.മെക്കാനിക്കിന്‍റെ കുറിപ്പടി പ്രകാരം പുതിയൊരു സ്റ്റാര്‍ട്ടര്‍ വാങ്ങാനായി ചെട്ടിയങ്ങാടിയിലെ പഴയ കടയിലേക്ക് തന്നെ പോയി. അന്നു മോട്ടോര്‍ വാങ്ങിയതിനു ശേഷം ആദ്യമായാണ് വീണ്ടും അവിടെ ചെല്ലുന്നത്. ഇരുപതു വര്‍ഷംകൊണ്ട് പരിസരത്തിനുണ്ടായ മുഖച്ഛായമാറ്റം മൂലം പഴയ ആ കൊച്ചു കട കണ്ടുപിടിക്കാന്‍ തെല്ലു നേരമെടുത്തു. കടയില്‍ നല്ല തിരക്കു തന്നെ. പണ്ട് മോട്ടോര്‍ വാങ്ങുമ്പോള്‍ ഉണ്ടായിരുന്ന ആള്‍ തന്നെയാണ് ഇപ്പോഴും മുതലാളിക്കസേരയിലെന്ന് പെരുത്ത പവറുള്ള കണ്ണടയുമായി എന്നെപ്പോലെ അറുപതുകളില്‍ ബാറ്റു ചെയ്യുന്ന സീനിയര്‍ കളിക്കാരന്‍റെ മുഖം വ്യക്തമാക്കി.
"എന്താ മാഷേ വിശേഷം?"
ഒരിക്കലും ചിരിക്കാനറിയാത്തതെന്നു അന്നും തോന്നിപ്പിച്ചിരുന്ന ആ കണ്ണുകള്‍ ചോദിച്ചു.
"സുഖം തന്നെ."
വെറുമൊരു കുശലാന്വേഷണം എന്നു കരുതിയ എനിക്കു പക്ഷെ തെറ്റി .
"റിട്ടയറായാ?"
"ഉവ്വ്! കഴിഞ്ഞ വര്‍ഷം. എന്നെ ഓര്‍മ്മയുണ്ടോ!?" ഞാന്‍ അത്ഭുതപ്പെട്ടു.
"പിന്നെല്ല്യാണ്ട്! സ്റ്റേറ്റ് ബാങ്കിലാര്‍ന്നില്ല്യെ?"
"അതെ!"
"എം.ജി. റോഡ് ബ്രാഞ്ച്?"
" അയ്യയ്യോ അതേ!"
"പൊറനാട്ടുകര വീട്?."
" മൈ ഗോഡ്! വര്‍ഷെത്ര്യായീ! ഇതൊക്കെ എങ്ങനെ ഓര്‍ക്കാന്‍ കഴ്യേണൂ !?"
"അസ്സലായി! ഓര്‍ക്കാണ്ട് പറ്റ്വോ മാഷേ ? മോട്ടറ് ഇപ്പളും കണ്ടീഷനല്ലേ?"
"ഏതു മോട്ടറ്!?" ഞാന്‍ ശ്വാസഗതി നിയന്ത്രിക്കാന്‍ പാടുപെട്ടു.
"അതെന്താ മാഷെന്നെ പരീക്ഷിക്ക്യാ? ഇനിക്ക് തെറ്റില്ല്യാ ട്ടാ. ക്രോംപ്ടന്‍ കംപ്രസ്സര്‍ പമ്പല്ലേ ?"
"അതെ!."
"ഒന്നര എച്ച്. പി?."
"അതെ... അതെ !."
"തൊണ്ണൂറ്റിനാല് ഡിസംബറില് വാങ്ങി."
ഞാന്‍ തളര്‍ന്നു!
"പുത്തൂക്കാരന്‍ ശങ്കുരുട്ട്യാ മാഷക്ക് മോട്ടറ് ഫിറ്റീത് തന്നത്."
"...........!"
അടിച്ചു നീരു വന്നിടത്തു തന്നെ വീണ്ടും അടി! 'കിലുക്ക'ത്തില്‍ 'ലോട്ടറിയടിച്ച' ഇന്നസന്റായി ഞാന്‍.
"ഒന്നും വേണ്ടാ....ഒന്ന് നമസ്ക്കരിക്കണന്ന്ണ്ട്!"
കാലു തൊട്ടു തൊഴുവാന്‍ തുനിഞ്ഞ എന്‍റെ വിസ്മയത്തെ നട്ടും ബോള്‍ട്ടും ടാപ്പും മറ്റുമായി ഒരു നൂറായിരം വസ്തുക്കള്‍ ചിതറിക്കിടന്ന അയാളുടെ മേശ നിര്‍വീര്യമാക്കി.
"ന്നാ ഇനി പറഞ്ഞോളൂ; എന്താ മാഷക്ക് വേണ്ടത്?"
xxxxxxxxxxxxxx
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ