"അങ്ങോര് കഴിക്ക്വോ?"
"ആര് രാഘവൻ നായരാ ?. പിന്നില്ല്യ!"
"എയ്. കഴിക്കില്ല്യാന്നാ എനിക്ക് തോന്നണേ ."
"അത് നെനക്ക്!. പക്ഷെ അങ്ങേർക്ക് തോന്നീട്ടില്ല്യ."
"സത്യം പറ; അങ്ങോര് ശരിക്കും കഴിക്ക്വോ ?."
"പിന്നില്ല്യ! വെളിച്ചാവുമ്പോ പല്ല് തേച്ച് മൊഖം കഴുകാന്‍ ആശാന് സാധനം വേണം!."
"അയ്യെന്‍റമ്മേ! കണ്ടാ തോന്നില്ല്യാട്ടാ !."
"അത് ശര്യാ. സേവിക്കണ കാര്യം നെറ്റീമെഴുതി ഒട്ടിച്ചിട്ടില്ല്യ !."
രാഘവൻ നായരുടെ ഭാര്യാപിതാവ് മരിച്ചതിന്‍റെ അടിയന്തിരത്തലേന്ന് രാത്രി ദേഹണ്ഡപ്പുരയിൽ വട്ടമിട്ടിരുന്നു അടപ്രഥമന് നാളികേരം ചിരകുന്ന പണിയുടെ രസക്കേടകറ്റുകയായിരുന്നു ഉത്സാഹക്കമ്മിറ്റിക്കാർ.ശേഷക്രിയക്ക്‌കാർമ്മികത്വം വഹിക്കാൻ വന്ന തടിയൻ എളയതിന്‍റെ പിരിയിളക്കി ഒരരുക്കിലാക്കിയ ശേഷം ഗൃഹനാഥനെത്തന്നെ കയ്യിലെടുത്തുകൊണ്ടായിരുന്നു പിള്ളേരുടെ കളി. രാഘവൻ നായർ മദ്യപിക്കുമോ ഇല്ലയോ എന്നതാണ് വിഷയം.
തൊട്ടപ്പുറത്ത് വലിയൊരു ചരക്കിൽ നാലു മല്ലന്മാര്‍ ചേര്‍ന്ന് അടപ്രഥമനുള്ള അരിമാവു കുഴക്കുന്ന ജിംനേഷ്യം വര്‍ക്ക് ഇടവിട്ട് എണ്ണയും വെള്ളവും പാര്‍ന്ന് ലൂബ്രിക്കേറ്റ് ചെയ്തുകൊണ്ടിരുന്ന ദേഹണ്ഡപ്രമാണി രാമൻനായർ ചിരിയും ബഹളവും കേട്ടപ്പോള്‍ അടുത്തുവന്നു സാകൂതം ആരാഞ്ഞു:
"എന്താ എന്താണ്ട്ര പിള്ളേരെ സംഗതി !?."
ഉപ്പും പുളിയും കൂട്ടി ആളെ സൂപ്പാക്കുന്നതിലും രാമേട്ടന് കൈപ്പുണ്യമുണ്ടായിരുന്നു.
"അല്ല രാമേട്ടാ, ഉണ്ണിക്കൊരു സംശയം. രാഘവൻ നായര് വെള്ളടിക്ക്വോന്ന് ."
" അസ്സലായി!, അടിക്ക്വോന്നാ! ആശാൻ ചാരായം ഒഴിച്ചെന്തും അടിക്കും!."
"അയ് ! അപ്പെന്താ ചാരായം മാത്രം ഒഴിവാക്കീതാവോ !?"
"ഒഴിവാക്കീതല്ലട മന്താ !. ചാരായം ചേർത്ത് എന്തും കഴിക്കുംന്ന് !"
കൂട്ടച്ചിരി കത്തിയതും കറണ്ട് കെട്ടതും ഒപ്പമായിരുന്നു.
"അതേയ്, രാഘവേട്ടാ ആ പെട്രോമാക്സ് എടുക്ക്വോ !."
ഇരുട്ടിൽ നിന്ന് രാമൻ നായർ വിളിച്ചു പറഞ്ഞു.
"ദാ രാമാ പെട്രോമാക്സ്. മണ്ണെണ്ണ വേണ്ടേ ?"
പെട്രോൾ മാക്സ് തപ്പിപ്പിടിച്ചു കൊണ്ടുവന്നു നിലത്തു വെച്ച് രാഘവന്‍ നായര്‍ ചോദിച്ചു:
'വേണ്ട, പച്ചെള്ളം മതി!. കൊമ്മല പറയാണ്ട് പോയി മണ്ണെണ്ണ കൊണ്ടാ രാഘേട്ടാ! "
രാമൻ നായർക്ക് ശുണ്‍ഠി വന്നു.
"മീനാക്ഷ്യേ! ചായ്പ്പിന്‍റെ കെഴക്കേ മുക്കില് മണ്ണെണ്ണക്കുപ്പി ഇരിക്ക്ണ്ട്. അതിങ്ങടെടുത്തേൻ. "
രാഘവൻ നായർ ആവശ്യം ഭാര്യക്ക് റിലേ ചെയ്തു .
കത്തിച്ച റാന്തലും മണ്ണെണ്ണക്കുപ്പിയുമായി മീനാക്ഷിയമ്മ വന്നു.
"ദാ, മണ്ണെണ്ണ. "
വിളക്കും കുപ്പിയും വാങ്ങി നിലത്തു വെച്ച് രാഘവൻ നായർ നാക്കില തുടക്കാന്‍ സദ്യപ്പന്തലിലേക്ക് മടങ്ങി.
" രാഘേട്ടൻ കഴിക്ക്വോ കഴിക്കില്ല്യേന്ന് സംശള്ളോര് കണ്ടോ! "
എന്നും പറഞ്ഞു ചിരവപ്പുറക്കാരുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് രാമൻ നായർ ഉറക്കെ വിളിച്ചു:
"അതേയ് ! രാഘേട്ടാ .."
"ഓ !"
"ദേ ഒന്നിങ്ങട് വര്വോ "
"എന്തേ ?"
രാമൻ നായർ മണ്ണെണ്ണക്കുപ്പിയെടുത്തു റാന്തലിന്‍റെ വെളിച്ചത്തിലേക്ക് കാട്ടി സൂക്ഷിച്ചൊന്നു നോക്കി. പിന്നെ കോർക്ക് തുറന്ന് ഒന്നു മണത്തുനോക്കിക്കൊണ്ട് സംശയം പ്രകടിപ്പിച്ചു :
" അയ്! ഇത് മണ്ണെണ്ണ്യല്ലലോ രാഘേട്ടാ ..!"
പാമ്പിനെ ചവിട്ടിയപോലെ ചാടിപ്പിടഞ്ഞു കുപ്പിയില്‍ കയറിപ്പിടിച്ചുകൊണ്ട് രാഘവൻ നായർ സംഭ്രമിച്ചു:
"അയ്യോ രാമാ മീനാക്ഷിക്ക് കുപ്പി മാറീതാവും! . അതിങ്ങട് തര്വാ. !"
കൂട്ടച്ചിരിയുടെ പകിരിയമിട്ട് പൊട്ടിയമർന്നപ്പോൾ രാമേട്ടൻ കുലുങ്ങിച്ചിരിച്ചുകൊണ്ട് കുപ്പിയിലെ മണ്ണെണ്ണ പെട്രോള്‍ മാക്സിലേക്കു പകർന്നു. തലക്കുള്ളിലും പന്തലിലും ട്യൂബ് കത്തിയപ്പോള്‍
രാഘവൻ നായർ പിണങ്ങി :
"രാമാ, തന്‍റെ കളി കൊർച്ച് കൂട്ണ്ട് ട്ടാ!."
****************
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ