2014 നവംബർ 22, ശനിയാഴ്‌ച

ചാവേറ്

ചാവേറ്




എഴുപതുകളില്‍ കേരളത്തില്‍ അങ്ങോളമിങ്ങോളം അലയടിച്ചിരുന്ന ശബ്ദം 'സീ വിദ്യാധരന്‍  മഞ്ജുളാ ബേക്കറി ആലപ്പുഴ' എന്നായിരുന്നെങ്കില്‍ കണ്ടിരുന്ന കാഴ്ച  പക്ഷെ  'മേനോന്‍ ആന്‍ഡ്‌ കൃഷ്ണന്‍' ട്യൂട്ടോറിയലിന്‍റെ പത്രപരസ്യങ്ങളായിരുന്നു. തോറ്റവരുടേയും റെഗുലര്‍ കോളേജുകളില്‍ സീറ്റു കിട്ടാത്തവരുടേയും അത്താണി. കൊച്ചിയിലും കോഴിക്കോട്ടും തിരുവനന്തപുരത്തുമായി സയന്‍സ് ലാബും ഹോസ്റ്റലും എല്ലാം ഉണ്ടായിരുന്ന സമാന്തര കോളേജ്. 

'നിങ്ങളുടെ പൂജ്യം നൂറിലേക്ക് ഉയര്‍ത്തുക' എന്നതായിരുന്നു ഇവരുടെ പരസ്യവാചകം. വെറും പറച്ചിലില്‍ ഒതുക്കാതെ ആശ്രിതരെ നൂറില്‍ നൂറ് കണിശമായി വിജയിപ്പിച്ചെടുത്തിരുന്ന മാന്ത്രികസിദ്ധി സ്ഥാപനത്തെ വളരെയേറെ ജനപ്രിയമാക്കിയിരുന്നു . 'പണച്ചിലവേറിയാലെന്താ റെഗുലര്‍ കോളേജുകളെക്കാള്‍ കേമം' എന്ന് അനുഭവസ്ഥരെക്കൊണ്ട് സാക്ഷ്യപ്പെടുത്തിയിരുന്ന മേനോന്‍ & കൃഷ്ണനില്‍ പഠിക്കുന്നത് ഒരന്തസ്സായി കണക്കാക്കിയിരുന്നു അന്നത്തെ വിദ്യാര്‍ഥിസമൂഹം.

ഈ പശ്ചാത്തലത്തില്‍ നമ്മുടെ കഥാനായകനെ പ്രതിഷ്‌ഠിക്കാം.

ഈനാശു!.

പൂത്ത പണമുള്ള കുന്നംകുളം നസ്രാണിത്തറവാട്ടിലെ വിളഞ്ഞ വിത്ത്‌. കേരളവര്‍മയില്‍ പ്രീഡിഗ്രിക്ക് ഞങ്ങളുടെ സഹപാഠി. പത്താംക്ലാസ് മൂന്നു വട്ടം എഴുതിത്തെളിഞ്ഞ അനുഭവസമ്പത്ത്.

സ്വന്തം പ്രവചനത്തെ സത്യം സത്യമാക്കിക്കൊണ്ട് ഈനാശു പ്രീഡിഗ്രി വൃത്തിയായി പൊട്ടി. സത്യം പറയണമല്ലോ; ഞങ്ങളും! പടിഞ്ഞാറെ ചിറക്കക്കരികിലെ എംകെ മേനോന്‍മാഷുടെ നെടുംപുരയില്‍ പോത്ത്, വടുകന്‍, മരോട്ടിത്തലയന്‍, വിളികളും ചെവിതിരുമ്പലും ഇറയത്തെ ചായ്പ്പിലെ ഇമ്പോസിഷനും മറ്റും സഹിച്ചും യഥാകാലം തലയില്‍ മുണ്ടിട്ടു ട്രഷറിയില്‍ ചലാനടച്ചും സെപ്തംബര്‍ മാര്‍ച്ച് പരീക്ഷാക്കയങ്ങള്‍ നീന്തി ഞങ്ങളൊക്കെ ഒരുവിധം കരക്കണഞ്ഞു. വീണ്ടും കേരളവര്‍മ്മയില്‍. 

ഈനാശുവിനെപ്പറ്റി പക്ഷേ ഒന്നുമറിഞ്ഞില്ല. 

ക്യാംപസ് പ്രവേശനകവാടത്തിനരികില്‍ പേരറിയാത്തൊരു വിഗ്രഹം കുടിയിരുന്ന ആല്‍ത്തറയില്‍ ഉച്ചഭക്ഷണപ്പുറമെ കരിമരുന്നു പ്രയോഗിച്ചുകൊണ്ടിരുന്ന ഒരു മധ്യാഹ്നത്തില്‍ ഞങ്ങള്‍ ഒന്നാംവര്‍ഷ ഡിഗ്രിക്കാര്‍ക്കിടയിലേക്ക് തുറന്നു പിടിച്ച ഇരുപതിന്‍റെ വില്‍സ് പാക്കറ്റുമായി ഫ്ലയിംഗ് കളേഴ്സില്‍ ഈനാശു കടന്നുവന്നു. ആല്‍ത്തറക്കൂട്ടത്തെ ഒന്നൊഴിയാതെ പുറത്തടിച്ചും ചന്തിയില്‍ നുള്ളിയും കുശലമിട്ടു സ്നേഹം പുതുക്കിയശേഷം 'കുന്നോള'ക്കാരന്‍  കോളേജ് പടിക്കലെ ശാസ്താ ഹോട്ടലിലേക്ക് തേയിലസല്‍ക്കാരത്തിനായി ഞങ്ങളെ കൂട്ടിക്കൊണ്ടു പോയി. അവിടെ വെച്ചാണറിഞ്ഞത്; ഈനാശു കഴിഞ്ഞ സെപ്തംബറിലും മാര്‍ച്ചിലും സപ്ളി എഴുതിയിട്ടില്ല. 

"വേണ്ടാന്നു തോന്നി അതന്നെ. കൂടുതല്‍ ചോദിക്കണ്ട! " എന്നു മുന്നറിയിപ്പ്!. 

"എന്നിട്ടിപ്പെന്താ നീയ്യ്‌ ചെയ്യണേ?" ഞങ്ങള്‍ ആകാംക്ഷാകുലരായി.

" ഇക്കൊല്ലം സെപ്തംബര്‍ന് പണടച്ചു."

"ഓഹോ! വൈകീച്ചാലും നന്നായി!.  നിയ്യ്‌ ട്യൂഷന് പോണ്ടാ?"

"ണ്ട്."

"എവടെ?."

കത്തിച്ച വില്‍സ് നീട്ടിവലിച്ചു ഹോട്ടലിന്‍റെ മോന്തായത്തിലേക്കു  പുകവലയങ്ങള്‍ വിക്ഷേപിച്ചുകൊണ്ട് ഈനാശു നാടകീയമായി പറഞ്ഞു:

"മേനോന്‍ ആന്‍ഡ്‌ കൃഷ്ണന്‍ കോഴിക്കോട്! ടണ്‍ണേo!."

"അമ്പട! അപ്പോ നിയ്യ്‌ അടുത്തൊല്ലം കേരളവര്‍മേല്ണ്ടാവും ല്ലേ! മ്മടെ ജൂനിയറായിട്ട്!" 

"ആര് ഞാനാ? പോയേര പിള്ളേരേങ്ങള്!" ഈനാശു ചിറി കോട്ടി.

"അയ്‌! അപ്പോ ഇല്ല്യേ? അതെന്താണ്ട്രാദ്! പിന്നെന്തിനാ നീയ്യിങ്ങനെ   മെനക്കെടണ്‌!. "

"മെനക്കടാ? ആര് മെനക്കേടണു?  ഒരു മെനക്കെടലൂല്ല്യ! ത്തിരി ചിൽഡ്ര   പോയാലും വേണ്ടില്ല്യ അവമ്മാര്‍ക്കിട്ട് ഒരു താങ്ങ് താങ്ങാനാ!"

"താങ്ങാ?. ദാര്‍ക്ക്?" ഞങ്ങള്‍ കോറസ്സിട്ടു.

"മേനോന്‍ ആന്‍ഡ്‌ കൃഷ്ണന്! അവന്മാരടെ നൂറില് നൂറ് ഇക്കൊന്നു കാണ്‍ണം!"


*****************













അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ