ശരി മുതല്‍ ശരി വരെ
വെളുപ്പാന്‍ കാലത്തെ ദ്രുത
നട.
രണ്ടും കയ്യും ചുമലുയരത്തിൽ വീശി പട്ടാളച്ചിട്ടയില്‍ അടാട്ട് ചന്ത കടക്കുമ്പോള്‍ ചായക്കടയിലെ കൂട്ടവര്‍ത്തമാനം പെട്ടെന്ന് നിന്നു .
കറുത്ത പാന്‍റ്, ആക്ഷന്‍ ഷൂ, കടുംനീല ടീഷര്‍ട്ട്, അതിനുമേല്‍ കടുംചുവപ്പു കയ്യില്ലാ സ്വെറ്റര്‍, അഞ്ച്-പതിനൊന്ന്‍ പൊക്കം, ഒത്ത വണ്ണം. ചായക്കട മൊത്തം തന്നിലേക്ക് തിരിഞ്ഞിരിക്കുകയാണ്!. ഇടം വലം നോക്കാതെ നടന്നകലുമ്പോള്‍ സ്റ്റിംഗ്
ഓപറേഷനിലൂടെ പിന്‍ഭാഷണം കാത് പിടിച്ചെടുത്തു.
“ദാരാ പോയീത്?”
“അയ്, അത് മ്മടെ ബാലന്ദ്രനാ.
വെളക്കുംകാലിലെ.”
“എന്നും ങ്ങനെ നടക്കാര്‍ണ്ടാ?
കാണാറില്ല്യ.”
“നിയ്യ് കാണാണ്ടാ!. എന്നൂണ്ട്.
എത്ര ദൂരം നടക്കുന്നറിയ്വോ? വെളക്കുംകാലീന്ന് പിടിച്ചാ ഇതിക്കൊടെ പോയി
ചിറ്റിലപ്പിള്ളി, വ്യാസപീഠം, സംസ്കൃത കോളേജ്, പോസ്ടാപ്പീസ് വഴി അഞ്ചഞ്ചര
കിലോമീറ്ററ് നടക്കും പാര്‍ട്ടി!.”
“ഈശോയെ! അഞ്ചര കിലോമീട്രാ!”
“പിന്നെ നീയെന്തൂട്ടാ
വിചാരിച്ചേ? നടക്ക്വാച്ചാ അത്ര നടക്കണം. അല്ലാണ്ട്
നിന്‍റെ പോലെ ദേ പള്ളി വരെ നാലടി നടന്നാ പോരാ!. ചുരുങ്ങീത് അഞ്ചു
കിലോമീട്ര് ദെവസോം നടക്കണംന്നാ ഗോയ്ന്നുട്ടിഡോട്ടറ് പറ്യാറ്!.”
“ അത് മാത്രല്ലാന്നേയ്!
നടക്കണ നടത്തം നോക്ക്യേന്‍; എന്‍സീസി പരേഡ് പോലെ.”
“അങ്ങന്യന്ന്യാണ്ട്രാ നടക്ക്വാ!. കാല് നീട്ടി, കയ്യ് വീശി ഉപ്പൂറ്റി കുത്തി, നല്ല സ്പീഡില് നടക്കണം.
അല്ലാണ്ട് കല്ല്യാണച്ചെക്കന്‍ മണ്ഡപത്തില്‍ക്ക് പോണ പോല്യല്ല!”
ആ പറഞ്ഞതെത്ര ശരി !
ചായക്കടയിലെ സുഹൃത്ത്
പറയുന്നതു കേട്ടപ്പോള്‍ അങ്ങിനെ തോന്നി.
ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തില്‍ പുലര്‍ത്തുന്ന ജാഗ്രതയിലും നിഷ്ക്കര്‍ഷയിലും സ്വയം അഭിമാനവും സംതൃപ്തിയും തോന്നി. നാളെ മുതല്‍
അര കിലോമീറ്റര്‍ കൂട്ടി ആറാക്കണം എന്ന് ഉറപ്പിച്ചു. റൂട്ടൊന്നു മാറ്റിപ്പിടിച്ചു
മുതുവറ, അമല വഴിയാക്കിയാല്‍ മതി. ആറാവും.
പ്രഭാതസവാരി മടക്കം തേവരുടെ
അമ്പലമെത്തിയപ്പോള്‍ എതിരെ നിന്ന് ജോണി വരുന്നു.
“ബാലന്ദ്രന്‍ നടത്തം വീണ്ടും
തൊടങ്ങ്യല്ലേ?”
“വീണ്ട്വോന്ന്വല്ല. ഞാന്‍ എന്നും
നടക്കാറുണ്ടലോ.”
“അത് പള്ളീപ്പറഞ്ഞാ മതി! ഞാന്‍ ശ്രദ്ധിക്കാറുണ്ട്രോ. എടവപ്പാതി തൊടങ്ങ്യേപ്പിന്നെ തന്നെ കണ്ടിട്ടില്ല്യ. ഇതിപ്പോ ഡിസംബറായില്ല്യെ? .”
“അത് പിന്നെ.....മഴ്യോക്ക്യാവുമ്പോ....വല്ല്യേ ശല്ല്യം!”
“മഴേം മഞ്ഞും വെയില്വോക്കെ നോക്ക്യാ മ്മിണി നടക്കാന്‍ പറ്റും. നോക്ക്യേ, പൊതിരെ മഴ്യായാലും ഞാന്‍ നടത്തം നിര്‍ത്താറില്ല്യ.
അതാ വേണ്ട്. അല്ലാണ്ട് തന്‍റെ പോലെ ഒരു പൂതിക്ക് വല്ലപ്പള്വോക്കെ പാന്റും ഷൂസൂട്ട് നടന്ന്‍ട്ട് ഒരു
കാര്യോല്ല്യ! പോട്ടെ, ചെന്നിട്ട് വേണം പാടത്ത് വെള്ളം നോക്കാന്‍!”
ആ പറയുന്നതിലും ശരിയുണ്ട്!
കള്ളിമുണ്ട് ഇടക്കുത്തി
വള്ളിചെരിപ്പടിച്ചു നടന്നകലുന്ന സുഹൃത്തിനെ നോക്കിനിന്നപ്പോള്‍ അങ്ങിനെയും തോന്നി.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ