ഒളരി ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി.
അമ്പലപ്പറമ്പില്‍ പകല്‍പ്പാണ്ടി പൊരിയുന്നു. പതിനഞ്ച് ഇടംതല. മൂന്നിരട്ടി വീക്കം. അത്രയും താളം. ഇടംതലക്കൊന്നു വെച്ച് കൊമ്പും കുഴലും. പ്രമാണമോ സാക്ഷാല്‍ പെരുവനം! മച്ചുനന്‍ സതീശനും മട്ടന്നൂര്‍ ശിവരാമനും ഒഴികെ കൂട്ടുകാര്‍ എല്ലാവരുമുണ്ട് ഇടംവലം. കേളത്ത്, തിരുവല്ല, പഴുവില്‍, ചൊവ്വല്ലുര്‍ മോഹനന്‍, വാരിയര്‍ മോഹനന്‍ തുടങ്ങി പുലികളെല്ലാം അണിനിരന്ന എണ്ണം പറഞ്ഞ മേളം. ഇലഞ്ഞിത്തറ മേളത്തിനനിയന്‍ ഒളരിക്കര മേളം എന്ന് ചങ്കുറപ്പോടെ പറയാം.
ഉച്ചമയക്കം ഉണര്‍ന്നു പൂരക്കുപ്പായമിട്ട് പുറനാട്ടുകര കോള്‍പ്പാടവും പുല്ലഴി പുറംചാലും 'ആക്റ്റീവ'യായി മുറിച്ചു കടന്ന് അമ്പലപ്പറമ്പിലെത്തിയപ്പോള്‍ ചെമ്പട കൊട്ടിത്തുടങ്ങിയിരുന്നു. മേളക്കാരുടെ നാലയലത്തുപോലും എത്താന്‍ പറ്റാത്ത വിധം ജനം. എങ്കിലും തീറു കൊട്ടി പാണ്ടി കൊലുമ്പി പതികാലത്തിലേക്ക് കടന്നപ്പോള്‍ മൂച്ചിന്‍റെ രസച്ചിരടു പൊട്ടി ഒഴിഞ്ഞുപോയ ആസ്വാദകരുടെ വേക്കന്‍സിയിയിലേക്ക് കുത്തിത്തുളച്ചു കയറി കുറുംകുഴല്‍ നിരയിൽ ഇടത്തെയറ്റക്കാരനെ പിന്‍പറ്റി ജാഗ്രത്തില്‍ നിന്നു. രണ്ടും മൂന്നും കാലങ്ങള്‍ സ്ഥലം മാറി കൊട്ടി നീങ്ങുമ്പോള്‍ സ്ഥാനഭ്രംശം സംഭവിക്കാതിരിക്കാന്‍ കുറുംകുഴലിന്‍റെ ഇടംതോള്‍ പറ്റി പതിനെട്ടടവും പയറ്റി സമ്മര്‍ദ്ദങ്ങളെ അതിജീവിച്ചതിനു മികച്ച പ്രതിഫലം കിട്ടി. മേളം ഗോപുരവാതില്‍ക്കലെത്തി കലാശക്കളമുറപ്പിച്ചപ്പോള്‍ ഇടംതല, കുറുംകുഴല്‍ നിരകളുടെ ഒരറ്റത്തു നടുവിലായി തരപ്പെട്ടത് മേളകുതുകികളുടെ കണ്ണേറു തട്ടുന്ന നിൽപ്പിടം! പഞ്ചവാദ്യത്തില്‍ ഇടയ്ക്ക വാദ്യക്കാര്‍ നില്‍ക്കുന്ന വിശിഷ്ട സ്ഥാനം. "ആരാടാ ഇവന്‍?" എന്ന് തദ്ദേശീയര്‍ക്കും വിശിഷ്യാ പൂരക്കമ്മിറ്റിക്കാര്‍ക്കും ഈഗോ ചൊറിച്ചിലുണ്ടാക്കിയേക്കാവുന്ന അപകടമേഖല!
ഇടം വലം തിരിഞ്ഞും പിന്തിരിഞ്ഞും വാദ്യവൃന്ദത്തെ ജാഗരൂകരാക്കുന്നതിനിടയില്‍ പെരുവനം കുട്ടന്‍ മാരാര്‍ നല്‍കിയ നറുപുഞ്ചിരിച്ചാറു മോന്തി വിജ്രുംഭിച്ച അഭിമാനം തലയുയര്‍ത്തിപ്പിടിച്ചു നാലാളെ കാണിച്ചു കുശുമ്പു കുത്തിച്ചു നില്‍ക്കുമ്പോഴാണ് പോക്കറ്റിലെ മൊബൈലിന്‍റെ വൈബ്രേറ്റര്‍ പിടഞ്ഞു ഇടത്തെ മുലക്കണ്ണില്‍ ഇക്കിളി കൂട്ടിയത്. നോക്കിയപ്പോള്‍ പണ്ടു കേരളവര്‍മയില്‍ ഒപ്പമുണ്ടായിരുന്ന ലോക്കല്‍ ചങ്ങാതി രഘുവിന്‍റെ സന്ദേശമാണ്. കാല്‍ നൂറ്റാണ്ട് അമേരിക്കയില്‍ പാര്‍ത്ത് കക്ഷി അടുത്ത കാലത്ത് കുറ്റി പറിച്ചു നാട്ടില്‍ വന്ന കാര്യം നേരത്തേ അറിഞ്ഞിരുന്നു.
"Come out of that hell immediately! There's a problem. Its serious and urgent! We are at the Mother Hospital gate"
ഭഗോതീ! എന്താണാവോ? മദര്‍ ആശുപത്രിയുടെ മുന്നില്‍നിന്നാണ് വിളിക്കുന്നത്. ആര്‍ക്കെങ്കിലും വല്ല അപകടവും? പരിഭ്രമത്തിന്‍റെ കൈകളാല്‍ ജനക്കൂട്ടത്തെ വകഞ്ഞു മാറ്റി പുറത്തു കടക്കുമ്പോഴും കിടിലന്‍ മേളവും മേലനങ്ങി പിടിച്ചെടുത്ത ഇടവും നഷ്ടപ്പെട്ടതിന്‍റെ വിങ്ങല്‍ മനസ്സില്‍ തങ്ങി നിന്നു.
ആശുപതിപ്പടിക്കല്‍ എത്തുമ്പോള്‍ അവര്‍ മൂന്നു പേരുണ്ടായിരുന്നു. കൂട്ടുകാരനൊപ്പം അപരിചിതരായ രണ്ടു പേര്‍. കണ്ടപാടെ അവന്‍ അടുത്തു വന്നു കൈകള്‍ കൂട്ടിപ്പിടിച്ചു. മുഖത്തെ ഗൌരവം വിടാതെ മറ്റു രണ്ടു പേരെ പരിചയപ്പെടുത്തി.
"എന്താ സംഗതി?" ഞാന്‍ ആകാംക്ഷയോടെ ചോദിച്ചു .
"വാ പറയാം."
കൂട്ടുകാരന്‍ കൈപിടിച്ചു വലിച്ചു അടുത്തു കിടന്ന ഇന്നോവയിലെ മുന്‍സീറ്റില്‍ കയറ്റിയിരുത്തി. മറ്റു രണ്ടുപേരും പിന്നില്‍ കയറി. വണ്ടി നീങ്ങിയപ്പോള്‍ അവന്‍ പറഞ്ഞു.
" നിന്നെ കയ്യില്‍ കിട്ടുവാന്‍ ഇതേ വഴിയുള്ളൂ!"
"എന്തിന്? സീരിയസ് പ്രോബ്ളംന്നു പറഞ്ഞൂലോ? എന്താദ്!?"
സ്റ്റീരിയോയില്‍ 'മഞ്ജുഭാഷിണി മണിയറവീണയില്‍.' കേട്ടതല്ലാതെ എന്‍റെ ചോദ്യത്തിന് അവന്‍റെ വീടെത്തുന്നതുവരെ മറുപടി കിട്ടിയില്ല.
ബംഗ്ലാവിലെ ബാര്‍ റാക്കിന്‍റെ വര്‍ണശോഭയില്‍ തിളങ്ങുന്ന ശീമക്കുപ്പികളിലേക്കു കൈചൂണ്ടി രഘു ചോദിച്ചു
"പറയ്; ഏതാണ് നിനക്ക് വേണ്ടത്? സ്പ്രിംഗ്ബാങ്ക് 10 ഇയര്‍ ഓള്‍ഡ്?, ബാല്‍വെനി 12 ?, ഗ്ലെന്‍മോറന്‍ജി 18?, ബോമോര്‍ 25 ഇയര്‍ ?"
അകലെ പെരുവനം കുട്ടന്‍റെ പാണ്ടി അഞ്ചില്‍ കടുകു വറക്കുന്ന പൂരപ്പറമ്പില്‍ പയറ്റിപ്പിടിച്ചെടുത്ത വാന്‍റെജ് പോയിന്‍റ്!
സ്വപ്നത്തില്‍ പോലും കാലു കുത്തിയിട്ടില്ലാത്ത സിംഗിള്‍ മാള്‍ട്ട് പോയിന്‍റ് ഇവിടെ, തൊട്ടടുത്ത്!
എന്താ വേണ്ട്? പ്രീഡിഗ്രി ഇംഗ്ലീഷ് ക്ലാസ്സില്‍ ഗണപതിമാഷില്‍നിന്നും കേട്ട വരികള്‍ കാതില്‍ നിലകൊട്ടി.
റ്റു ബി ഓര്‍ നോട്ട് റ്റു ബി....
അഞ്ചിന്‍റെ ചെമ്പുനാണയമെറിഞ്ഞു വിധി നിര്‍ണയിക്കാനുള്ള ശ്രമത്തെ കൂട്ടുകാരന്‍ നിര്‍വീര്യമാക്കുകതന്നെ ചെയ്തു.
" നതിംഗ് ഡൂയിംഗ്! നീയിന്നിനി മേളം കാണില്ല!"
വീക്കം പിടിച്ചിരുന്ന പരിചയക്കാരന്‍ മാരാര്‍ പിറ്റേ ദിവസം നടുവിലാലില്‍ വെച്ചു കണ്ടപ്പോള്‍ ചോദിച്ചു:
" അയ്! അത് വരെ തെളിഞ്ഞ് നിന്ന ആളെ മേളം അഞ്ചാം കാലത്തിലിക്ക് കടന്നപ്പോ ശ്ശടേന്ന് കാണാണ്ടായി! ദെവടെക്ക് പോയീ!?"
"സ്വർഗത്തിലേക്ക് !." മനസ്സ് മന്ത്രിച്ചു.
****************
"സ്വർഗത്തിലേക്ക് !." മനസ്സ് മന്ത്രിച്ചു.
****************

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ