2015 ജൂൺ 4, വ്യാഴാഴ്‌ച

പ്രകൃതിവിരുദ്ധം

പ്രകൃതിവിരുദ്ധം

ഉഷ്ണം കത്തി നിന്ന ഒരു മേയ്‌മാസ  രാത്രി. സമയം ഒരു മണിയായിക്കാണും

'ഒരുദേശത്തിന്‍റെ കഥ'യില്‍ ചേനക്കോത്ത് ശ്രീധരനോടൊപ്പം അതിരാണിപ്പാടത്ത് അലഞ്ഞുകൊണ്ടിരിക്കുകയായിരുന്നു. പെട്ടെന്ന് പുറത്തെവിടെയോ ഉയര്‍ന്ന വിചിത്രവും ഭയാനകവുമായ ഒരു അലര്‍ച്ച കേട്ട് ഞാന്‍ ഞെട്ടിയെഴുന്നേറ്റു. കയ്യിലിരുന്ന പുസ്തകം  നിലത്തു വീണു.

"എന്താ എന്താ!?."

ഭാര്യ കട്ടിലില്‍ എണീറ്റിരുന്നു വിറകൊണ്ടു.

"എന്താവോ ഒരു ഗോളാന്തര  ജീവിയുടെ ശബ്ദം !"

നിമിഷങ്ങള്‍ക്കകം  മറ്റൊരു  ശബ്ദം കൂടി  ഉയര്‍ന്നു. അതു പക്ഷെ ഭൌമേതരമായിരുന്നില്ല. ഒരു മനുഷ്യന്‍റെ പേടിച്ചുള്ള നിലവിളിയായിരുന്നു. ഡെസിബലില്‍ കുറവുണ്ടെങ്കിലും  ആ നിലവിളി പൂര്‍വത്തില്‍ അലിഞ്ഞു ചേര്‍ന്നുണ്ടായ സങ്കരം കർണ്ണകഠോരമായി.

പെട്ടെന്ന് തെക്കേ വീട്ടില്‍ ലൈറ്റ് തെളിഞ്ഞു. ജനാലക്കല്‍ അന്തോണ്യേട്ടന്‍റെ നിഴല്‍ച്ചിത്രം .

"ചന്നരാ എന്താദ്?"

"ആവോന്നേയ്!"

"നിയ്യ്‌ വന്നേ!. കെഴക്കേലെ പടിക്കലാ സംഭവം."

കിഴക്കേ വീട് പൂട്ടിക്കിടക്കുകയാണ്. അവരൊക്കെ അഹമ്മദാബാദില്‍ ബന്ധുവീട്ടില്‍ വെക്കേഷന്‍ ചെലവഴിക്കാന്‍ പോയിരിക്കുന്നു.  ഇനി അയ്യപ്പന് വല്ലതും!?

"അതേയ് ഇപ്പ പൊറത്തക്ക് പോണ്ടാട്ടാ!"

ഭാര്യയുടെ പിന്‍വിളി  അവഗണിച്ച് വാതില്‍ തുറന്നു പുറത്തു കടന്നു. കെഴക്കേലെ പടിക്കല്‍ ഞാനും അന്തോണ്യേട്ടനും എത്തിയപ്പോഴേക്കും സംഘഗാനം നിലച്ചിരുന്നു.

ഞങ്ങള്‍  അടുത്തു ചെന്നു. ഗേറ്റിനപ്പുറം  അയ്യപ്പനും ഇപ്പുറം  ഗൂര്‍ഖ ബീര്‍ ബഹാദുറും  നില്‍ക്കുന്നു. കാവല്‍ഭടന്മാര്‍ രണ്ടു പേരും തലകുമ്പിട്ട് എളിയില്‍ കൈകുത്തി  അലര്‍ച്ചയുടെ   തുടര്‍ചലനങ്ങളെ പ്രതിരോധിച്ചുകൊണ്ടിരിക്കയാണ്.

പൂട്ടിയിട്ട വീടിനു വീട്ടുകാര്‍ ഏര്‍പ്പെടുത്തിയ സെക്യൂരിറ്റിയാണ് അയ്യപ്പന്‍. നിത്യവും രാത്രി ഭക്ഷണം കഴിഞ്ഞു വന്നു വീടിന്‍റെ സിറ്റൌട്ടില്‍ പായ വിരിച്ചു കാവലുറങ്ങുന്ന മെലിഞ്ഞുണങ്ങിയ അയ്യപ്പന് പൊക്കം നാലരയടി. നീലനിലാവിലൊരിക്കല്‍ മാത്രം  നിരത്തിലിറങ്ങി കാണുന്ന ഗേറ്റിലും മതിലിലും തന്‍റെ സാന്നിദ്ധ്യം വടി തട്ടി തെര്യപ്പെടുത്തി ചുറ്റിക്കറങ്ങുകയും   മുറ തെറ്റാതെ മാസാമാസം വീടുകളില്‍  കയറി  പത്തോ ഇരുപതോ  ഇരന്നു വാങ്ങി  സലാം ചെയ്തു പോവുകയും ചെയ്യുന്നയാളാണ്  ഗൂര്‍ഖ ബീര്‍ ബഹാദൂര്‍. ച്ചാല്‍  വീരനില്‍ വീരന്‍ എന്ന് നാമാര്‍ത്ഥം!

അന്തോണ്യേട്ടന്‍ ആദ്യം പിടിച്ചത്  അയ്യപ്പനെ:

" അയ്യപ്പാ എന്തേണ്ടായേ?"

"ഒന്നൂല്ല്യ."

"ഒന്നൂല്ല്യാന്നാ!.  കൊല്ലണ പോര്‍ക്കിന്‍റെ പോലെ അലറീട്ട് ഒന്നൂല്ല്യാന്നാ!?"

"ഇയാള്...!"

"ഇയാള്? ഇയാള്  തന്നെ വല്ലോം  ചെയ്ത്വോ?"

"ടോര്‍ച്ചോണ്ട് മോത്തടിച്ചു ...!"

"ഈശോയേ! ടോര്‍ച്ചോണ്ട് മോത്തടിച്ചൂന്നാ! ഉവ്വടോ താനിയാളെ ടോര്‍ച്ചോണ്ടടിച്ച്വോ!?" 

അന്തോണ്യേട്ടന്‍ ഗൂര്‍ഖക്കു നേരെ മുണ്ടു വളച്ചു കുത്തി.

"മൈ കുച്ച് നഹി കിയാ സാബ്‌...!" ഗൂര്‍ഖ നിരപരാധിത്വം  വെളിപ്പെടുത്തി.

"മോത്തക്ക് ടോര്‍ച്ചടിച്ചൂന്നാവും പറഞ്ഞ്ണ്ടാവാ അന്തോണ്യേട്ടാ ." 

ഞാന്‍ കൃത്യത്തിനു  വ്യക്തത വരുത്താന്‍ ശ്രമിച്ചു.

"അതേടോ? "

'അതെ ."

"മോത്തക്കൊന്നു   ടോര്‍ച്ചടിച്ചേനാ താനിങ്ങനെ ഭൂമി കുലുക്കീത്!"

"അതിപ്പോ.......ആദ്യം ടോര്‍ച്ചടിച്ചപ്പോ ഞാന്‍ ചോച്ചതാ   ആരാന്ന്. ഇയാള് മിണ്ടീല്ല്യ. പിന്നേം പിന്നേം ചോച്ചിട്ടും മിണ്ടണില്ല്യാന്നു കണ്ടപ്പോ....എനിക്ക്...! "

"കുണ്ടി വെറച്ചു!. അപ്പൊ ഒരു കീറാ കീറി അല്ലെ?"

അയ്യപ്പന്‍ നാണിച്ചു തല കുമ്പിട്ടു നിന്നു.

"അതു പോട്ടെ; ഇയാളെന്തിനാ  കൂടെ നെലോളിച്ചേ?" 
  
അന്തോണ്യേട്ടന്‍ ഗൂര്‍ഖക്കു ക്രോസ്  കൊടുത്തു. ഗൂര്‍ഖയും നമ്രമുഖനായി.

" മനുഷ്യന്മാര് നെലോളിക്കണത് താന്‍ കേട്ടിട്ടില്ല്യേ?."

"സുനാ ഹേ സാബ് . ലേകിന്‍ യേ ജൈസേ.... !"  

കൈ രണ്ടും മലര്‍ത്തി ആകാശത്തേക്കു നോക്കി സ്വരത്തില്‍ ഒരു നടുക്കം വരുത്തിക്കൊണ്ട് ഗൂര്‍ഖ തുടര്‍ന്നു..

"ഹേ ഭഗവാന്‍!   ഇത്നി ചോട്ടി ശരീര്‍ സേ ഇത്നാ ബഡാ....; മാഫ് കീജിയേ  സാബ് ... യേ ജൈസേ ആവാസ് മൈ  നൈയ്  സുനാ ഹേ ജിന്ദഗീ മേ!"

"ചന്നരാ എന്തൂട്ടാ ഈ ഗോസായി  പറേണ്!?"

" ഒരു  കുഞ്ഞ്യേ മനുഷ്യന് ഇത്ര വല്ല്യേ ശബ്ദോ! അയാളിങ്ങനൊന്ന്  ജന്മത്തില്  കേട്ടിട്ടില്ല്യാത്രേ!" 

"അത് ശരി; അതിനിങ്ങനെ  തൊണ്ട കീറി നെലോളിക്കണോ! അതിനാ  താന്‍ കത്തീം ലാത്തീം കൊണ്ട്നടക്കണേ!? താനൊരു  ഗൂര്‍ഖ്യല്ലഡോ!? "

ഗൂര്‍ഖ  എന്തോ പിറുപിറുത്തു. 

"ചന്നരാ..."

"ഒന്നൂല്ല്യാ അന്തോണ്യേട്ടാ. ഗൂര്‍ഖ്യാച്ചാലും ഞാനും ഒരു മനുഷ്യനല്ലേ; പ്രകൃതിവിരുദ്ധമായ ശബ്ദം കേട്ടാ പേടിക്കാണ്ടിരിക്ക്യോന്ന്!"

അന്തോണ്യേട്ടന്‍റെ മുഖത്തെ ഗൌരവം മാഞ്ഞതും "പ്ര്‍ര്‍ര്‍ര്‍ര്‍........" ന്നൊരു ചിരി പുറത്തു ചാടിയതും ഒന്നിച്ചായിരുന്നു.

"ന്ഹും! ശരി ശരി! ബെസ്റ്റ് പാര്‍ട്ട്യോള്! പണ്ടാറടങ്ങീട്ട് മന്‍ഷ്യമ്മാരടെ ഒറക്കം കള്യാന്‍! ഇനീം കിട്ടാന്‍ണ്ടാവോ ദ്‌പോലെ നാലഞ്ചെണ്ണം!   ചന്നരാ നിയ്യ്‌ പോയി കെടന്നേന്‍!" 

കാര്‍ക്കിച്ചൊന്നു തുപ്പികൊണ്ട്  അന്തോണ്യേട്ടന്‍ തിരിച്ചു നടന്നു.

അയ്യപ്പന്‍ പിന്നെ അധികകാലമുണ്ടായില്ല. മണ്ണില്‍ അലിഞ്ഞു. ഗൂര്‍ഖ ഹിമാലയത്തിലേക്കു പറന്നും പോയി.





































അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ