പരിപാടി
പറയുന്ന വാചകത്തിൽ ഒന്നെന്ന തോതിൽ സ്ഥാനാസ്ഥാനങ്ങളിൽ പരിപാടി എന്ന വാക്ക് പ്രയോഗിക്കുന്നത് ശേഖരൻ മാഷുടെ പ്രകൃതമായിരുന്നു.
അതേയ് നാളെ പരിപാടിക്ക് പോണ്ടേ?.
രാമേന്ദ്രാ തൻ്റെ പരിപാട്യെന്തായി?.
ഇമ്മട്ടിലാണ് സംഭാഷണം വികസിക്കുക.
അത്തരം ഒരു പരിപാടിയുടെ കഥ പറയാം.
അന്ന്, എന്നു വെച്ചാൽ നാലര ദശകം മുമ്പ് ഒരോണക്കാലത്ത് വായനശാലയുടെ വാർഷികാഘോഷത്തിനുള്ള സംഭാവന പിരിവിനിറങ്ങിയതായിരുന്നു ഞങ്ങൾ.
പകൽ മുഴുവൻ പണപ്പിരിവും രാത്രി നാടക റിഹേഴ്സലുമായി ഒരു മാസം നീണ്ടു നിൽക്കുന്ന തയ്യാറെടുപ്പുകളാണ് വാർഷികത്തിന്. കവുങ്ങും മുളയും ഓലയും തട്ടടിക്കാനുള്ള മാവിൻ പലകകളുമായി സ്റ്റേജ് പണി ചെയ്യേണ്ടതുള്ളതുകൊണ്ട് ഒരാഴ്ച മുമ്പ് പിരിവുപരിപാടി നിർത്തും. ഒറ്റക്കും തെറ്റക്കുമായി പിന്നീട് ചിലർ കൊണ്ടു വന്നു തരുന്ന പിരിവുകളേ ബാക്കിയുണ്ടാവുകയുള്ളു. ഓണക്കാലത്താണ് പൊതുവെ വാർഷികം. അപൂർവ്വമായി മധ്യവേനൽ അവധിയിലും.
അന്ന് ഞായറാഴ്ച പിരിവിന് നേതൃത്വം ശേഖരൻ മാഷക്കായിരുന്നു. നേതാവിൻ്റെ കക്ഷത്തായിരിക്കും കളക്ഷൻ ബാഗും രശീതി പുസ്തകവും. ആരായാലും പറയുന്ന വാക്കുകളിലൊക്കെ ദ്വയാർത്ഥം ചികയുന്ന ഞങ്ങളെപ്പോലെയുള്ളവർക്ക് വാരിക്കോരി തന്നുകൊണ്ടിരുന്നു മാഷ്; നടപ്പിനിടയിൽ.
സ്കൂളിൽ സഹപ്രവർത്തകയായിരുന്ന റോസി ടീച്ചറുടെ വീട്ടിലേക്ക് ഞങ്ങളെ പിന്നിലാക്കി കയറുമ്പോൾ മാഷ് ഉത്സാഹവാനായിരുന്നു.
"ങ്ഹാ മാഷാ?. ദെന്താ മാഷേ?. കൊറാൾക്കാര്ണ്ടലോ?. ന്താ വിശേഷം?."
"ഞങ്ങളൊരു പരിപാട്യായിട്ട് വന്നതാ."
"എന്താദ്?."
"വായനശാലേടെ വാർഷികൊക്ക്യാ."
"അത്യാ? നന്നായി. ദെന്നാ?."
"വരണ പന്ത്രണ്ടാന്തി."
"പന്ത്രണ്ടാന്തീച്ചാ....."
"ശന്യാഴ്ച്ച. രണ്ടോണം."
"കേമായിട്ടാവും? നാടകൊക്കെണ്ടാ?."
"ണ്ട്ണ്ട്!. നാടകോം ഗാനമേളേം ഒക്കേണ്ട്. "
"ഗാനമേള ആരാ?."
"ദാ ഇവരൊക്ക്യന്നെ."
" അത്യാ?. അത് നന്നായി. അപ്പൊ ഓണം ഗംഭീരാവും!."
"അതെ അടുപ്പിച്ചടുപ്പിച്ച് പരിപാട്യല്ലെ."
"അതേതെ. അപ്പ ഞാനെന്താ വേണ്ട് മാഷേ?."
"സംഭാവന... "
"എത്ര്യാ വേണ്ട്?."
"അങ്ങന്യൊന്നൂല്ല്യ. ഇഷ്ടള്ളത്. "
"ന്നാ ഒരു പത്തുർപ്പ്യ എഴുത്യോളോ."
"ശരി."
അപ്രതീക്ഷിതമായ തുകയായിരുന്നു ടീച്ചറ് തന്നത്. അക്കാലത്ത് പത്തു രൂപ വളരെ വലിയ തുകയാണ്. സത്യത്തിൽ ശേഖരൻ മാഷുള്ളതുകൊണ്ട് പത്തായതാണ്. അല്ലെങ്കിൽ രണ്ടിലൊതുങ്ങും.
പണം വാങ്ങി ബാഗിലിട്ട് മാഷ് രശീതിയെഴുതും നേരം ഞങ്ങളെല്ലാവരും തിരിച്ചു നടന്നു. പടിക്കലെത്തി തിരിഞ്ഞു നോക്കുമ്പോൾ കീറിയ രശീതി ടീച്ചർക്ക് നീട്ടുകയാണ് മാഷ്. കൂടെ എന്തോ പറയുന്നുമുണ്ട്. മാഷ് പറഞ്ഞത് കേട്ടില്ലെങ്കിലും ടീച്ചറുടെ മറുപടി വ്യക്തമായി കേട്ടു.
"അയ്യോ മാഷേ, ഇനിക്ക് മൂന്നു കുട്ട്യോളാ. മൊല കുടിക്കണതടക്കം. മാഷക്കറ്യാലോ?. ഞാനെങ്ങന്യാ മാഷേ...!."
ടീച്ചറുടെ പ്രതികരണം കേട്ടപ്പോൾ മാഷ് എന്താണൊപ്പിച്ചതെന്നറിയാൻ ഞങ്ങളുടെ മനസ്സ് വെമ്പൽ കൊണ്ടു.
"ന്നാ ശരി ടീച്ചറേ. മാക്‌സിമം നോക്ക്വോ."
"നോക്കാനൊന്നൂല്ല്യ മാഷേ. ണ്ടാവില്ല്യ."
തിരിച്ച് ഞങ്ങളോട് ചേർന്നപ്പോൾ മാഷോട് ഉണ്ണി ചോദിച്ചു:
"ദെന്താ ടീച്ചറ് കുട്ട്യോൾടെ കാര്യൊക്കെ പറേണ്ടായിരുന്നൂലോ മാഷേ?."
"ഒന്നൂല്ല്യ. പരിപാടിക്ക് വര്വോന്ന് ചോദിച്ചതാ ടീച്ചറോട്."
പിന്നെ പറയാനുണ്ടോ?. അഞ്ചാറു പേരുടെ കൂട്ടച്ചിരി കേട്ടപ്പോൾ മാഷ് വല്ലാതായി.
"എന്താ നിങ്ങള് ചിരിച്ചേ?."
"മാഷങ്ങന തന്ന്യാ ചോയ്ച്ചത്?."
"അല്ലാണ്ട് പിന്നെങ്ങന്യാ ചോദിക്ക്യാ?."
കൂമ്പാളയുടെ നിറമുള്ള മാഷുടെ മുഖം ചുവന്നു.
ശരിയാണ്. പിന്നെങ്ങിനെയാണ് ചോദിക്കുക?. വാർഷികത്തിന് വരില്ലേ എന്നു ശേഖരൻ മാഷ് ടീച്ചറോട് ചോദിച്ചതും പ്രാരബ്ധങ്ങളൊഴിഞ്ഞ് വരാൻ നേരമില്ലെന്നു ടീച്ചർ പറഞ്ഞതും ഞങ്ങൾക്ക് മനസ്സിലാവാത്തതിന് മാഷെന്തു പിഴച്ചു?.
പാവം മാഷ്. ടീച്ചറും!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ