2015 ജൂൺ 26, വെള്ളിയാഴ്‌ച

'പ്രശ്നോ'ത്തരി


'പ്രശ്നോ'ത്തരി 


അത്താഴപ്പുറമെ അച്ഛമ്മ പതിവായി നുള്ളിക്കൊടുക്കുന്ന   മഹാഭാരതകഥകൾ  നുണഞ്ഞ ശേഷം  തുടർന്നുള്ള   ക്വിസ്സിനായി  എഴുവയസ്സുകാരൻ മകൻ മുന്നിൽ വന്നിരുന്നപ്പോൾ ഞാൻ ചോദിച്ചു:

"കഥ എവടെ വരെത്തീ  അച്ചുട്ടാ?."

"യുദ്ധായി!. ശ്രീകൃഷ്ണൻ ശംഖൂതി. ഇനി അച്ഛമ്മ നാളെ പറേം."

" ഉവ്വോ യുദ്ധായോ, ന്നാ മോന്‍ പറഞ്ഞോളു കൃഷ്ണമാമൻ  ഊത്യേ ശംഖിന്‍റെ പേരെന്താ?."

"പാഞ്ചജന്യം."

"ഗുഡ്. അതുപോലെ ഓരോന്ന് പാണ്ഡവർക്കൂണ്ട് . ഏതൊക്ക്യാന്ന് അച്ഛമ്മ  പറഞ്ഞു തന്നില്ല്യേ  കുട്ടിക്ക്?."

"ഉവ്വ് ."

"എന്നാ എല്ലാറ്റിന്‍റേം പേര് കേക്കട്ടെ; എതൊക്ക്യാ?."

"യുധിഷ്ട്ടിരന്‍റെ ശംഖ് അനന്തവിജയം, ഭീമന്‍റെ  പൌണ്‍ഡ്രം."

"അർജുനന്‍റ്യോ?."

"ദേവദത്തം."

"വെരി ഗുഡ് . അപ്പൊ നകുലന്‍റെ?."

"ഘോഷം."

"ഏയ്‌ തെറ്റി തെറ്റി! തല  വെട്ടീ, അച്ചുട്ടൻ ഘോഷത്തിന്‍റെ തല  വെട്ടീ .. !"

"ആ  സുഘോഷം, സുഘോഷം."

"സഹദേവന്‍റെ ശംഖേതാ?."


"........."

"അറീല്ല്യാന്ന് തോന്നണൂല്ലേ?. അപ്പൊ അച്ചുട്ടന് കടം ഒന്ന് ട്ടോ!."

"ഏയ്‌ പറ്റില്ല്യ, പറ്റില്ല്യ. ഇക്കൊക്കറ്യാം!. അച്ഛന്‍റെ സൂത്രേയ്!."

"എന്നാ പറയൂ."

"മണിപുഷ്പകം."

"എക്സലന്‍റ് !. അച്ചൂട്ടനിന്ന് പത്തില് പത്ത് . അച്ഛൻ തോറ്റൂട്ടാ . അപ്പൊ ശരി, ഇന്നിത്ര മതി. ഇനി മോൻ പോയി കെടന്നോറങ്ങ്യോളൂ."

എണീറ്റു പോയ കുട്ടി തെല്ലിട കഴിഞ്ഞു മടങ്ങി വന്നു ചോദിച്ചു:

" അച്ഛാ മ്മടെ അമ്പലത്തിലേയ്  മാരാര് വിളിക്കണ ശംഖിന്‍റെ  പേരെന്താ?  അമ്മ പറ്യാ  പേരില്ല്യാന്ന്! ."

അമ്പലത്തിലെ ശംഖ്‌ ! ഞാൻ ഓർത്തു ....

സീനിയര്‍ മാരാര് മരിച്ചതിനു ശേഷം അമ്പലത്തിലെ ശംഖ്‌ മര്യാദയ്ക്ക് ഊതിക്കേട്ടിട്ടില്ല. ചില പൊട്ടലും ചീറ്റലും അമറലും അതുകേട്ടു  പേടിച്ച് ദീപാരാധന തൊഴാൻ വന്ന സ്ത്രീകളുടെ കൈക്കുഞ്ഞുങ്ങൾ വാവിട്ടു നിലവിളിക്കുന്ന ബഹളവും അല്ലാതെ സന്ധ്യയ്ക്ക്  ശാംഖം നന്നേ  കഷ്ടി!.   ഇനിയിപ്പൊ മാരാരുടെ പേരില്ലാശംഖിന്  എന്താ ഒരു  പേര് കണ്ടു പിടിക്കുക? രണ്ടിലൊന്നറിയാതെ കുട്ടി ഇന്നുറങ്ങുകയുമില്ല. 

" പറയച്ഛാ!" 

പിച്ചലും മാന്തലുമായി കുട്ടിയുടെ സിദ്ധാന്തം മൂത്തപ്പോൾ പെട്ടെന്നുയർന്ന  ശുണ്ഠിയിൽ വായിൽ തികട്ടിവന്ന എന്തോ ഞാൻ പറഞ്ഞു. കുട്ടി സന്തോഷത്തോടെ  ഉറങ്ങാൻ പോയി.

പണി കിട്ടിയത് പിറ്റേന്നാണ് ....!.

അന്നു സന്ധ്യക്ക് ക്ഷേത്രദർശനം കഴിഞ്ഞു വന്ന ഭാര്യ മുഖം കനപ്പിച്ചുകൊണ്ടു പറഞ്ഞു.

"അതേയ്  കിസ്സ്‌, കുസ്സ്ന്നൊക്കെ പറഞ്ഞു കുട്ട്യേ  വേണ്ടാത്തത് പഠിപ്പിക്ക്ണ്ട്  ല്ല്യേ.?"

"എന്താദ്?" 

എനിക്ക് കാര്യം മനസ്സിലായില്ല.

"ആൾക്കാരടെ മുമ്പില് ഞാൻ നാണംകെട്ടൂന്നല്ലേ പറേണ്ടൂ.!."

"അയ്‌ ! താൻ കാര്യെന്താച്ചാ പറയെടോ."

 ഭാര്യ കാര്യം പറഞ്ഞു.

ശംഖുവിളി   കഴിഞ്ഞു   ദീപാരാധനയ്ക്കു  നട തുറക്കുന്നതും കാത്ത് തുടക്കു താളം പിടിച്ചും 'ചെത്തീ മന്ദാരം'മൂളിയും ബലിക്കൽപുരയിൽ നില്ക്കുകയായിരുന്നു മാരാര്. അമ്മയ്ക്കൊപ്പം തൊഴാനെത്തിയ മകനോട് ആശാൻ പുഞ്ചിരിച്ചുകൊണ്ട് കുട്ടിക്കുശലം ചോദിച്ചു:

"എന്ത് പറേണൂ മിട്ക്കൻ? എത്രാം ക്ലാസ്സിലാ വായിക്കണ്?"

"മൂന്നില്."

"ഭേഷ്! നന്നായി പഠിക്ക്ണ്ടലോ ല്ല്യേ!."

"ഉവ്വ്‌." 

"ങ്ഹാ. നന്നായി പഠിക്കണം. വല്ല്യേ ആളാവണം ട്ടോ!."

"ങ്ഹും." 

ഉത്തരം മൂളിക്കഴിഞ്ഞ ഉടൻ  മകൻ  കിട്ടിയ അവസരം   ഉപയോഗിച്ചു:

"മാരാരേ, മാരാരേ, മാരാരടെ  ശംഖിന്‍റെ പേരെന്താ?."

"അയ്‌ ! ദെന്താപ്പദ്?. ശംഖിന് പേരോ?. അസ്സലായി!."

"ഇണ്ട്ണ്ട്  ഇക്കറ്യാം ഇക്കറ്യാം!. ഞാൻ പറേട്ടേ?."  

"ഉവ്വോ? ന്നാ മിട്‌ക്കൻ തന്നെ പറയ്വാ; മാരാര്  കേക്കട്ടെ!."

ഔത്സുക്യംപൂണ്ടു നിന്ന മാരാരോട് മകൻ വൃത്തിയായി  പറഞ്ഞു :

"കർണ്ണകഠോരം!." 

ഉള്ളിൽ  കുമിഞ്ഞുയർന്ന ചിരിയൊതുക്കി ദീപാരാധന തൊഴാൻ ഭക്തജനങ്ങൾ പാടുപെട്ടു.

തൊഴുതു മടങ്ങുമ്പോൾ ശ്രീമതി കേൾക്കെ മാരാര് മുറുമുറുത്തുവത്രേ!.

"അച്ഛന്‍റെ ശിക്ഷണാവും . ആൾക്കാരെ മൂപ്പിക്കാൻ മിട്ക്കനാർന്നൂലോ.! "

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ