'വികാര'മില്ലാത്തവരുടെ പൂരം
“ബാലേട്ടാ!.”
ദുബായില്നിന്നും സുഹൃത്ത് ഇന്നു കാലത്ത്.
“ഓയ്...!”
“സാമ്പിളിന് പോയില്ല്യെ?”
“ഇല്ല്യ.”
“അയ് അതെന്തേ?”
“താല്‍പ്പര്യല്ല്യായിരുന്നു!.”
“ഓ! പൂരം വിരോധ്യാവും!.”
“ആര് പറഞ്ഞു പൂരം വിരോധ്യാന്ന്?”
“അല്ല ഫേസ് ബുക്ക് പോസ്റ്റോക്കെ വായിച്ചപ്പോ തോന്നീതാ. പുറ്റിങ്ങല്‍, മത്സരക്കമ്പം,108 മരണം, കലക്റ്റര്‍, എസീപ്പി, കുറുപ്പ് അങ്ങിനെ അങ്ങിനെ.”
“അത് നിന്റെ വായനേടെ പെശകാ. അല്ലാതെ ഞാന്‍ പൂരം വിരോധ്യൊന്ന്വല്ല.”
“അല്ല വെടിക്കെട്ട് നിരോധിക്കണന്നൊക്കെ പറഞ്ഞത്;”
“ങ്ഹാ, അതാനേരത്തെ ഞെട്ടലില്‍ പറഞ്ഞതാ. ഈ രാഷ്ട്രീയ നേതാക്കളൊക്കെ പറയുന്ന മാതിരി ഒരു സ്വഭാവിക പ്രതികരണം. പിന്നെ ഇജ്ജാതി നൂറു കണക്കിന് പാവങ്ങളെ കൊന്നൊടുക്കുന്ന വെടിക്കെട്ടിന്‍റെ വിരോധ്യന്ന്യ ഇപ്പളും!.”
“അതിപ്പോ കൊല്ലത്തുണ്ടായത് കൈകാര്യം ചെയ്യുന്നതിന്റെ പിഴവല്ലെ?”
“ആയിരിക്കാം. അങ്ങിനെയൊക്കെ മ്മടെ തൃശ്ശൂരും ഉണ്ടായിട്ടുണ്ടല്ലോ? വെടിമരുന്നിന്റെ കടിഞ്ഞാണ്‍ വടക്കുന്നാഥന്‍റെ കയ്യില്‍ പോലും സുരക്ഷിതല്ല കുട്ടാ!.”
“അപ്പോ വെടിക്കെട്ടിന്‍റെ ആവശ്യല്ല്യാന്നാ ബാലേട്ടന്‍ പറേണേ?”
“പാണ്ടി മേളത്തിന് കതിന പോലെ വെടിക്കെട്ട് ആവശ്യള്ള ഒരു ഘടകവും പൂരത്തിനില്ല.”
“അതെന്താ കതിനക്കൊരു പ്രത്യേകത?”
“പാണ്ടി മേളം ഇഷ്ടാണോ?”
“വളരെ ഇഷ്ടാണ്.”
“പാണ്ടിമേളത്തിനിടയില്‍ കതിന പൊട്ടുന്നത് ശ്രദ്ധിക്കാറുണ്ടോ?”
“ഇല്ല്യാ പിന്നെ!. ഓരോ ഇടക്കലാശത്തിലും കൃത്യം ടൈമിങ്ങില്‍ കതിന പൊട്ടുമ്പോ അതൊരു രസന്ന്യാ!”
“അദ്ദാണ്!. അപ്പോ നെനക്കറ്യാം അല്ലേ? ന്നട്ടാ ഇങ്ങനെ ചോദിക്കണേ! പാണ്ടിമേളത്തിന്റെ താളഘടനയുമായി കതിനാവെടി അത്രമേല്‍ ഇഴുകിച്ചേര്ന്നിരിക്കുന്നു. അതുപോലെ ഇഴുകിച്ചേരാന്‍ മറ്റൊരു വെടിക്കെട്ടിനും കഴിയില്ല”
“എന്നാലും വെടിക്കെട്ട് ഒരു സ്പെക്റ്റക്കിളല്ലെ ബാലേട്ടാ?”
“ ആണ് . നിയന്ത്രിതമായ തോതിലാണെങ്കില് അതൊരു സ്പെക്റ്റക്കിള്‍ തന്നെ. അല്ലെങ്കിലത് നരകത്തീയാ! ദാ ഇന്നലെ സാമ്പിള്‍ വെടിക്കെട്ടിന് രണ്ടുപേരും ചെയ്ത പോല്യായാ പാകം. അത്രേ വേണ്ടൂ പൂരത്തിനും.”
“അപ്പോ ബാലേട്ടന്‍ നുണ പറഞ്ഞതാ? സാമ്പിളിന് പോയിരുന്നു അല്ലേ?”
“നോ നോ ടീവീല് കണ്ടതാ.”
“ങ്ഹാ ഓകെ. അതു പോട്ടെ നാളെ പൂരത്തിന് പോണില്ല്യെ?”
“പോണം.”
“എന്താ അജണ്ട?”
“വെളിച്ചാവുമ്പോ പോവും. കണിമംഗലം ശസ്താവിന്റെ എഴുന്നെള്ളിപ്പ് ആദ്യം. വെയിലും മഞ്ഞും കൊള്ളാന്‍ താല്പ്പര്യല്ല്യാത്ത ചേട്ടന്റെ എഴുന്നെള്ളിപ്പാവോണ്ട് നമ്മക്കും അധികം വെയില് കൊള്ളണ്ട.”
“അപ്പോ ബാലേട്ടന് ആനയെ എഴുന്നെള്ളിക്കുന്നതിനോട് എതിര്പ്പില്ല്യേ?”
“ഇല്ല്യ. അവയെ അധികം നേരം ചൂട്ടത്ത് നിര്ത്തി നീറ്റിക്കുന്നതിനോട് പക്ഷേ എതിര്പ്പുണ്ട്.”
“അതിനിപ്പോ എന്താ ചെയ്യാ?”
“ഫോറസ്റ്റുകാര്‍ പറേണപോലെ ഇടക്കിടെ ആനകളെ മാറ്റണം.”
“ഇത്രയധികം ആനകളെ എങ്ങിനെ മാറ്റും?”
“എന്തിനാ ഇത്രയധികം? ”
“പതിനഞ്ചെണ്ണം വേണ്ടേ ബാലേട്ടാ?”
“ഏഴായാലെന്താ?”.
“ഏഴോ?”
“ഏഴാനപ്പുറവും മനോഹരമാണ്! എഴ് തിരിയിട്ട വിളക്ക് പോലെ.”
“ബാലേട്ടന്‍റെ ഓരോ തമാശ!. അത് വിട്! പിന്നെ എന്തൊക്ക്യാ? കണിമംഗലം കഴിഞ്ഞാ?”
“കണിമംഗലം കഴിഞ്ഞാ കാരമുക്ക്. അതും കഴിഞ്ഞാ നേരെ മിഥിലയില്‍ ചെന്ന് ഒരു മസാലദോശ. മസാലപ്പുറമെ സാക്ഷാല്‍ ചൂരക്കോട്ടുകാവ് അമ്മേടെ കയറ്റം.”
“മ്മടെ ചൂരോട്ടാവോ? ഇത്ര കേമാ?”
“അതറിയണമെങ്കില്‍ വന്നു കാണണം!. കേക്കണം!
ഒന്നൊന്നര മേളാണ് ട്ടാ! ഏലഞ്ഞിത്തറേടെ അന്യേനായിട്ട് വരും!. എഅന്യേട്ടന്‍ പ്രമാണോo!."
“ഹമ്പോ! അത് കഴിഞ്ഞ്?"
“പടിഞ്ഞാറേ ഗോപുരം കടന്നു വടക്കുന്നാഥനെ വലം വെച്ച് കിഴക്കേ ഗോപുരത്തിനപ്പുറം പാറമേക്കാവിന്റെ എഴുന്നെള്ളിപ്പ്.”
“ഏലഞ്ഞിത്തറ മേളത്തിന്റെ തുടക്കം?”
“അദ്ദന്നേ!. തൃശ്ശുപ്പൂരത്തിന്റെ ഏറ്റവും മനോഹരമായ സ്പെക്റ്റക്കിള്‍ അതാണ്.”
“പക്ഷേ വെയില് അണ്സഹിക്കബിളല്ലേ ബാലേട്ടാ!”
“ആനകളുടെ കാര്യം കഷ്ടന്ന്യ! തീയല്ലേ!.”
“അപ്പോ മനുഷ്യര്ക്കോ ?”
“നിലാവല്ലേ..... നിലാവ്! ഇടംതലയില്‍ ചെമ്പട പെരുക്കി മേടവെയിലിനെ പൂനിലാവാക്കാന്‍ ഒരാളില്ല്യേ പാറമേക്കാവ് ഭഗോതിക്കു മുന്നില്‍!.”
“കുട്ടേട്ടനല്ലേ?”
“പിന്നല്ല!”
“കര്ണാനന്ദകരമായ ചെമ്പട മേളം ഇത്രയും വിസ്തരിച്ചും ഗരിമയിലും കൊട്ടുന്ന വേറൊരിടമില്ല പാരില്‍!.”
“അത് കഴിഞ്ഞാലോ?”
“സ്റ്റേറ്റ് ബാങ്കിനു മുന്നില്‍ ചെല്ലും. നല്ല വെട്ടിയാല്‍ മുറിയാത്ത മസാല മോര് കിട്ടും അവിടെ. കുറെ കാലം ഞാനും ഒഴിച്ച് കൊടുത്തതല്ലേ!.”
“ഹ ഹ ഹ. പിന്നെ?”
“നേരെ തെക്കേ മഠം. മഠത്തില്‍ വരവ്!”
“ഇക്കൊല്ലം പരമേട്ടന്‍ തന്ന്യാണോ? സുഖല്ല്യാന്നു കേട്ടു!”
"സംശയം ഞാനും കേട്ടു; കോങ്ങാടനാണ് ഇക്കൊല്ലം എന്നൊക്കെ. അറീല്ല്യ. ആരായാലും ആ വരവ് ഒരു വരവന്ന്യാവും!.”
“ഓക്കെ, നെക്സ്റ്റ്?’
“നെക്സ്റ്റെന്താ; പഞ്ചവാദ്യം നടുവിലാല്‍ പന്തലില്‍ മുറുകിയമര്ന്നാ വണ്ടി വിടും. അത്രന്നെ.”
“വീട്ടിലിക്കോ!”
“പിന്നല്ലാണ്ട്?”
“അപ്പോ ഏലഞ്ഞിത്തറ മേളം?”
“കൊല്ലങ്ങളായി നേരില്‍ കണ്ടിട്ട്!”
“അതെന്തേ?”
“മോനേ ദിനേശാ മേളം കേട്ടാ പോര കാണുക കൂടി വേണം. ഏലഞ്ഞിത്തറയില് അത് പറ്റില്ല. നല്ല സിക്സ് പാക്ക് തടി വേണം. മട്ടന്നൂര്‍ പ്രമാണായിരുന്നപ്പോ കുത്തും ചവിട്ടും കൊള്ളാണ്ട് ശ്രീമൂലസ്ഥനത്ത് തിരുവമ്പാടി മേളം കേക്കാന്‍ പറ്റീരുന്നു. മട്ടന്നൂര്‍ പോയി കിഴക്കൂട്ട് വന്നപ്പോ അതും പറ്റാണ്ടായി ”
“അതെന്തേ ബാലേട്ടാ?”
“ശ്രീമൂലസ്ഥാനം ഇപ്പോ മേളക്കമ്പക്കാരുടെ കരകാണാക്കടലായില്ല്യേ!.”
“എന്റമമ്മേ ! മ്മടെ അന്യേട്ടന്‍ മാസ്സായാ?”
“പിന്നില്ല്യ!, കൊലമാസ്സ്!.”
“എന്താല്ലേ? മ്മടെ പൊറാട്രേല് താണിക്കൊടത്തെ പറകൊട്ടാന്‍ വന്നേര്ന്നാളാ!."
“അതൊക്കെ ഒരു കാലം.”
“മഠത്തില്‍ വരവ് കണ്ടു വീട്ടിച്ചെന്നിട്ടെന്തു ചെയ്യും ബാലേട്ടന്‍?”
“ഊണു കഴിഞ്ഞ് ഒന്നു നടു നീര്ത്തൂം. ഒരര മണിക്കൂറ്. പിന്നെ ടീവീല് ഏലഞ്ഞിത്തറ മേളം.”
“ഓഹോ. അതുകഴിഞ്ഞാ കൊടമാറ്റത്തിന് വീണ്ടും പൂവും അല്ലേ?”
“അതിന് വേറാളെ നോക്കണം!. വീട്ടിലിരുന്നു ചന്ദനമഴ കാണേണ്ടി വന്നാലും ശരി പടി പൊറത്തക്ക് കടക്കില്ല്യ! ”
“ഇത്ര ബോറട്യാണോ കൊടമാറ്റം?”
“അബ്സൊലൂട്ട്ലി!. അതൊക്കെ മദാമ്മമാര്ക്കും മദാച്ഛന്മാര്ക്കും പറഞ്ഞിട്ടുള്ളതാ!”
“മദാച്ഛനോ? അതെന്തൂട്ടാ ബാലേട്ടാ?”
“സായ്പ്പ്! മദാമ്മ വിപരീതം മദാച്ഛന്‍ ന്ന് പഠിച്ചിട്ടില്ല്യേ?.”
“ഹ ഹ ഹ അത് കലക്കി!. ബാലേട്ടന്‍ പിന്നെ രാത്രിപ്പൂരത്തിന് പൂവില്ല്യേ?”
“പൂവും.ചെറുപൂരങ്ങളുടെ തനിയാവര്ത്തനത്തിന്. ഇടക്ക് പാറമേക്കാവ് പഞ്ചവാദ്യത്തിനെറങ്ങും. ചോറ്റാനിക്കര വിജയന്‍. ചെര്പ്ലശ്ശേരി ശിവന്‍ . പരക്കാട്.തങ്കപ്പന്‍, ഇടിവെട്ട് ടീമാ!”
“മുഴുവന്‍ കേക്ക്വോ?”
“ഇല്ല്യ ഒരു മണിക്കു മടങ്ങും.”
“അപ്പോ വെടിക്കെട്ട്?”
“ഒബ്ജക്ഷന്‍ യുവറോണര്‍! വേറെ വല്ലതും ചോദിക്ക്!”
“ഹ ഹ ഹ. ശരി ശരി, സോറി ബാലേട്ടാ ഞാനതു മറന്നു. പിറ്റേദിവസപ്പൂരത്തിനു പുവ്വാറില്ല്യേ?”
“ഇന്നേ വരേണ്ടായിട്ടില്ല്യ!.”
“വൈ?”
“ഏതു പൂരങ്ങളുടെ പൂരായാലും ഒരു ദിവസത്തെ കളിയേ എടുക്കൂ.”
“ബെസ്റ്റ്!. ബാലേട്ടനെങ്ങനെ ബ്രേക്ഫാസ്റ്റടിച്ചാ?”
“അടിച്ചു.”
“ന്ന്ട്ട്? ഇന്ന് പൂരത്തലേന്നല്ലേ? വൈകീട്ടെന്താ
പരിപാടി?”
“ഒന്നൂല്ല്യ.”
“അത് കള! എന്തെങ്കിലൂണ്ടാവും!.”
“ഇല്ല്യടപ്പ. ഡിസംബറില് പൊറാട്ര പൂരത്തിന് വരുമ്പോ നീയൊരെണ്ണം കൊണ്ടുവാ. അങ്ങന്യൊക്ക്യേ പതിവുള്ളൂ.”
“ഹ ഹ ഹ! തീര്ച്ചയായും. അപ്പോ ശരി ബാലേട്ടാ. പിന്നെ ബന്ധപ്പെടാം. ഹാപ്പി പൂരം! ബൈ!”
“വോക്കേ! വോക്കേ! താങ്ക്യൂ!ബൈ!.ടേക്കെയര്‍.”

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ