2016 ഏപ്രിൽ 29, വെള്ളിയാഴ്‌ച

കുട്ടന്‍

കുട്ടന്‍


ചിറ്റാട്ടുകരയിലാണ് ജനിച്ചതെങ്കിലും കര്‍മ്മംകൊണ്ടു പുറനാട്ടുകരക്കാരനാണ് കുട്ടന്‍. പത്തു വര്ഷം മുമ്പ് അയല്പ്പക്കത്തുള്ള നായക്കമ്പക്കാരന്‍ ഉണ്ണിമോന് ചിറ്റാട്രയിലുള്ള എളേമ്മ സമ്മാനിച്ചതാണ് കക്ഷിയെ. പക്ഷേ മുന്‍ കാലുകള്‍ രണ്ടിനും ബോണസ്സായി ഒരോ അസ്ഥിസന്ധി കൂടുതലുള്ള വൈകല്ല്യാനന്ദനെ ഉണ്ണിമോനിഷ്ടപ്പെട്ടില്ല. ഇതികര്ത്തനവ്യതാമൂഢനായി നിന്ന അയല്‍വാസിയെ കണ്ടപ്പോള്‍ എന്‍റെ സഹോദരിയും അളിയനും ചേര്‍ന്നു സമാധാനിപ്പിച്ചു.

“സാരല്ല്യടാ. അതിനേങ്ങട് തന്നോ. നമ്മള് നോക്ക്യോളാം.”

നസ്രാണി സാരമേയം നായരായത് അങ്ങിനെയാണ്. ജിമ്മി അക്കര എന്നോ കൈസര്‍ ചിറ്റാട്ടുകരക്കാരന്‍ എന്നോ അറിയപ്പെടേണ്ടിയിരുന്നവന്‍ മാര്‍ക്കം കൂടി കുട്ടന്‍ നായരായി. വളര്ന്ന് ഒന്നിനൊക്കണം പൊന്നപ്പോ നാലഞ്ചു വീടുകള്ക്കുറ്റവനുമായി.
നാലു വീടുകളുടെ അഹോരാത്രസുരക്ഷ കുട്ടന്റെ വായിലാണ്. എടുത്തു വളര്ത്തിയവരുടെ വീട്, എന്റെ വീട്, എനിക്കു മുന്നിലുള്ള വീട് പിന്നെ ഉണ്ണിയിലേ ഇല്ലം കടന്ന വീട്. എന്റെ വീടിന്‍റെ സിറ്റൌട്ടാണ് പുള്ളിയുടെ സെക്യൂരിറ്റി ക്യാബിന്‍. നാലു വീടുകളിലേക്കും കൃത്യമായ ദര്ശനം സാദ്ധ്യമായ വാന്റേടജ് പോയിന്റ്. ഇടിവെട്ട് കുരയാണ് ആയുധം. ദിഗന്തങ്ങള്‍ മുഴങ്ങും. മംഗലശ്ശേരി നീലാണ്ടന്‍ പോലും ഒന്നു നടുങ്ങും.

പക്ഷേ കുട്ടന്‍ കടിക്കില്ല. സബര്മതി സര്ട്ടിഫിക്കറ്റ് കോഴ്സ് പാസ്സായിട്ടുണ്ട്. 'കൊല്ലാന്‍ വരുന്നവനെ പത്തികാട്ടി പിപ്പിടി കാട്ടിയാല്‍ മതി കൊത്തരുത്' എന്ന് മൂര്‍ക്കന്‍ പാമ്പിനോടുള്ള പരമഹംസോപദേശം ഫോളോ ചെയ്യുന്നു. പക്ഷേ ഇതൊന്നും പടികടന്നു വരുന്നവര്ക്കറിയില്ലല്ലോ? കുട്ടന്റെ ‘ഭൌണ്ട്റ’ത്തിനും മുകളില്‍ സ്വരമുയര്ത്തി പടിക്കല്‍ നില്ക്കുന്നവരോട് അവന്റെ സ്വഭാവസര്ട്ടിഫിക്കറ്റ് വായിക്കുക എന്നതായി ഞങ്ങളുടെ ദിനചര്യ.

“പട്ടി എടങ്ങേറാക്ക്വോ?”

“എയ് ഇല്ല്യാ, ഇങ്ങട് പോര്വോ.”

“അല്ല പട്ട്യാണേയ് പറ്യാന്‍ പറ്റില്ല്യ.”

“ഇല്ല്യാന്നേയ്; ഇങ്ങട് പൊന്നോളോ. ആള് പാവാ.”

പതുങ്ങി പതുങ്ങി ആളടുത്ത് വരും വരെ കുട്ടന്‍ തകര്ത്ത് കുരക്കും. കാക്കുന്ന വീടിന്നു ലോഹ്യക്കാരനാണ് ആഗതന്‍ എന്നു ബോധ്യമായാല്‍ സൌണ്ട് ബോക്സ് പൂട്ടി താക്കോല് കാല്ക്കല്‍ വെക്കും. പിന്നെ ആസകലം ഒന്നു നക്കിത്തുടച്ച ശേഷം ഇടമുറിഞ്ഞ മയക്കത്തിലേക്ക് തിരിച്ചൂളിയിടും. ഒരു നാള്‍ കുരച്ചവനെ പിന്നീട് കുരക്കുന്നത് കുട്ടന്‍റെ അജണ്ടയിലില്ല. ആദ്യദര്ശനത്തിലേ വന്നയാളുടെ ഒരു ഹൈ പിക്സല്‍ ചിത്രം അടിക്കുറിപ്പോടെ കുട്ടന്‍ മനസ്സില്‍ പകര്‍ത്തൂം. അതൊരിക്കലും ഡിലീറ്റാവില്ല!.

മരിച്ചു പോയ തീറ്റ എറപ്പായിച്ചേട്ടന്റെ കൂട്ടാണ് കുട്ടന്‍. നാലു വീടുകളിലായാണ് ദൈനംദിനം അന്നപ്രാശം. വിശേഷാവസരങ്ങളില്‍ രണ്ടു വീടപ്പുറമുള്ള രജേന്ദ്രന്റെ വീട്ടിലും കുട്ടനു ചോറുണ്ട്. അതുകൊണ്ടുതന്നെ മറ്റെന്ത് തിരക്കുകളുണ്ടായാലും ആ വീട്ടിലെ സുരക്ഷാന്തരീക്ഷംകൂടി പഠിക്കുവാനും വിലയിരുത്തുവാനുമുള്ള നേരവും നന്ദിയും കുട്ടന്‍ ഉള്ളില്‍ സൂക്ഷിക്കുന്നുണ്ട്. വായനശാലയില്‍ കാരംസ് കളിച്ചു മടങ്ങുന്ന സന്തോഷാവവസരങ്ങളില്‍ ഗോപിയുടെ പീടികയില്നി്ന്നും വാങ്ങിയ ഒരു പാക്കറ്റ് ടൈഗര്‍ ബിസ്ക്കറ്റ് മുഴുവനും വായില്‍ വെച്ചുകൊടുത്ത് ചക്കരവാക്കു പറഞ്ഞു പോകുന്ന ചന്ദ്രനും കുട്ടന്റെ സോള്‍ ഗഡി.

ഭക്ഷണം ഇന്നതെന്നില്ലാതെ എന്തും കുട്ടന് സ്വീകാര്യം. ഉപ്പും തൈരും ഒരു ചൊടിക്ക് ലേശം കൂട്ടാനും കൂട്ടിക്കുഴച്ച മട്ട അരിയുടെ (വെള്ളരി പഥ്യമല്ല) ചോറാണ് മൂന്നു നേരവും മുഖ്യം. സസ്യേതരം നിര്ബന്ധമില്ലെങ്കിലും ഉപ്പും പുളിയും കൂട്ടി വേവിച്ചു കൊടുത്താല്‍ ദിവംഗതരേയും ഭക്ത്യാദരങ്ങളോടെ ഭുജിക്കും. പച്ചക്കിട്ടുകൊടുത്താല്‍ പച്ചമീനായാലും വാകൊണ്ടു തൊടാത്ത വൃതശുദ്ധി പ്രത്യേകതയാണ്. ഇടനേരങ്ങളില്‍ ഒരു ചായ വേണം. കടിയായി മിക്സ്ചര്‍, പപ്പടം, റെസ്ക് ഇത്യാദികളില്‍ ഏതെങ്കിലും ഒന്ന്. ചായപ്പുറമേ ബീഡിയോ സിഗരറ്റോ നീട്ടിയാല്‍ മര്യാദയുടെ പേരില്‍ നിരസിക്കാറില്ല.

ജിതേന്ദ്രിയനായതുകൊണ്ട് ഭക്ഷണപ്പുറമേയുള്ള നേരമ്പോക്കില്‍ താല്പര്യമില്ല; കാലദേശഭേദമന്യേ! അസംഗോഹം എന്ന സ്വയംനിയന്ത്രിത ആത്മപ്രഭാലയത്തിലാണ് വസനം. നിത്യവും വെളുപ്പിന് വചനാമൃതം വായിക്കും. കൂട്ടുകാര്‍ നന്നേ കുറവ്.

ടീവി കാണുന്നത് പെരുത്തിഷ്ടം. പക്ഷേ എന്റെ വീട്ടിലെ പെട്ടിയുടെ സ്ഥാനം വീക്ഷണസുകരമല്ലാത്തതുകൊണ്ട് മുന്നിലുള്ള വീട്ടിലാണ് മനോരഞ്ജനം പതിവ്. അവരുടെ സിറ്റൌട്ടില്‍ പഴയ എച്ചെംവി ചങ്ങാതിയുടെ പോസിലിരുന്നാല്‍ കണ്‍കുളിര്ക്കേ പടം കാണാം. ന്യൂ ജെന്‍ സിനിമകളോടാണ് എറെയിഷ്ടം. ആക്ഷന്‍ ത്രില്ലറുകളോട് പ്രതിപത്തിയില്ലെന്നു മാത്രമല്ല കണ്ടാല്‍ പ്രകോപിതനാവും. മേഘനാദമുതിര്ത്ത് വീട്ടുകാരുടെ ദര്ശനരസത്തെ നിഗ്രഹിക്കും! ഇഷ്ടനടന്‍ ഫഹദാണ്. ഏറിയവനല്ലാത്ത പയ്യന്‍റെ വാക്കും നോക്കും ഇരിപ്പും നടപ്പും എല്ലാം കിറുകൃത്യമാണത്രേ!.

പടം കഴിഞ്ഞാല്‍ തിരിച്ച് നമ്മുടെ സിറ്റൌട്ടിലേക്ക്. പിന്നെ അത്താഴം വരെ സ്റ്റുഡിയോ ചര്‍ച്ചാശവണം. ജയശങ്കര്‍, ജേക്കബ് ജോര്‍ജ് എന്നിവരാണ് ഇഷ്ടതാരങ്ങള്‍. രണ്ടുപേര്ക്കും കേരളരാഷ്ട്രീയചരിത്രം കരതലാമലകമാണത്രേ! മാധ്യമപ്രവര്ത്തകര്‍ തെരഞ്ഞെടുപ്പിനു നില്ക്കുന്നതിലെന്താണ് അപാകത എന്നൊരു സ്വകാര്യനീരസം നികേഷിന്റെയും വീണയുടെയും വിമര്ശകര്ക്കെതിരെ കുട്ടന്‍ വെച്ചു പുലര്ത്തുന്നുണ്ട് എന്ന് ഒരിക്കല്‍ ബന്ധപ്പെട്ട ചര്ച്ചക്കിടയില്‍ മുരണ്ടുകൊണ്ട് ഇറങ്ങിപ്പോയതില്നിന്നും എനിക്കു വായിച്ചെടുക്കാന്‍ കഴിഞ്ഞു.

ജന്മനാ കിട്ടിയ എളിയതെങ്കിലും തെളിഞ്ഞ ബുദ്ധിയില്‍ സംതൃപ്തനാണ് കുട്ടന്‍. അതുകൊണ്ടുതന്നെ വെള്ളം കോരുകയും വിറകു വെട്ടുകയും ചെയ്യുന്ന, കവലയില്‍ പോയി കടയില്നിന്നും പലവ്യഞ്ജനം വാങ്ങിവരുന്ന, ചെസ്സു കളിക്കുന്ന, കിണറ്റില്‍ വീണ ടെന്നീസ് ബോള്‍ കയറില്‍ ബക്കറ്റിറക്കി കുട്ടികള്ക്കെടുത്തു കൊടുക്കുന്ന തങ്ങളുടെ ശുനകബുദ്ധികളെപ്പറ്റി ഗൃഹസന്ദര്‍ശകര്‍ മതിപ്പോടെ പറഞ്ഞു കേള്ക്കുമ്പോള്‍ കുട്ടന്‍ കോംപ്ലക്സടിക്കാറില്ല.

കാലം പോയി. എടുത്തുവളര്‍ത്തിയ ചേച്ചിയും കൂട്ടനെ കണ്ണിനു ചതുര്‍ത്ഥിയായി കണ്ട എന്‍റെ അമ്മയും പോയി. കുട്ടനിപ്പോള്‍ പതിമൂന്നു വയസ്സ്. ഉഭയകക്ഷി കരാറനുസരിച്ചുള്ള പത്തും രണ്ടിന്റെ എക്സ്റ്റെന്ഷനും കഴിഞ്ഞു. ഇനി ഏതു സമയവും ബീഫാസനന്‍ പാശവുമായി കടന്നുവരാം. കുട്ടന്‍ പക്ഷെ സ്ഥിതപ്രജ്ഞനാണ്. പണ്ട് ‘മണി മുഴങ്ങുന്നതാര്ക്ക് വേണ്ട്യാ’ എന്നു ചോദിച്ച യാങ്കിയുടെ ‘ഒരു ചാവിന് മ്മളൊക്കെ മറ്റോനോടു കടപ്പെട്ടിരിക്കുന്നു’ എന്ന വചനം ഉരുവിട്ടുകൊണ്ട് അപൂര്‍വം മാത്രം നടപ്പും ഏറിയ സമയം കിടപ്പുമായി അവശവാര്ദ്ധക്യം നിരക്കി നീക്കുന്നു കുട്ടന്‍.




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ