/////// വിഷുഫലം ///////
പടക്കപ്പേടി പാരമ്പര്യ സിദ്ധമാണെന്നു തോന്നുന്നു. വിഷുവടുത്താൽ ബാഹ്യലോകവുമായുള്ള സമ്പർക്കമുപേക്ഷിച്ച് വീട്ടിലൊരു മൂലയിൽ ചെവി പൊത്തി അതീന്ദ്രിയത്തിൽ മുഴുകിയിരുന്ന ഒരു ചേച്ചിയെക്കുറിച്ച് ഇതിനു മുമ്പ് എഴുതിയിട്ടുണ്ട്. സ്ഫോടനാത്മകമായ അന്തരീക്ഷത്തില്‍ കൈകൊള്ളേണ്ടുന്ന സമാശ്വാസനടപടിയെന്ന നിലക്ക് അനുജന്മാർക്കുള്ള പടക്കസാമഗ്രികൾക്കൊപ്പം അച്ഛൻ കരുതുമായിരുന്ന തനിക്കുള്ള രണ്ടു ജിലേബിയുടെ സവിശേഷാവകാശം സഹോദരചിന്താലേശമന്യേ രുചിച്ചനുഭവിച്ചിരുന്ന ഒരു ചേച്ചിയുടെ കഥ. പേടിയുടെ ജനിതകം സഹോദരപുത്രിയിലേക്ക് പകർന്നുകൊണ്ടാണ് ആ ചേച്ചി കണ്ണടച്ചത്. തലമുറയുടെ സുകൃതമെന്നേ പറയേണ്ടൂ അന്നുമുതൽ വിഷുവിനു പടക്കം ഇനത്തില്‍ ഈയുള്ളവന് കാര്യമായ പണച്ചിലവുണ്ടായിട്ടില്ല. കമ്പിത്തിരി, മത്താപ്പ്, തലച്ചക്രം, പൂത്തിരി, പാമ്പുഗുളിക ഇത്യാദി സൌമ്യപ്രകൃതികളെ മാത്രമേ പടക്കവൈരിയായ മകള്‍ വിഷുപ്പടി ഇങ്ങോട്ടു കടത്താന്‍ സമ്മതിക്കാറുള്ളു . എന്നാൽപ്പോലും ഏപ്രില്‍ പതിമൂന്നിന് ഉച്ചതിരിഞ്ഞു ചെവിയില്‍ തിരുകുന്ന ചെറുവിരലുകള്‍ പുറത്തു വരണമെങ്കില്‍ ഏപ്രില്‍ പതിനാറെങ്കിലും കഴിയണം.
പണ്ടൊരു തൃശ്ശൂര്‍ പൂരപ്പിറ്റേന്ന് തിരുവമ്പാടിയും പാറമേക്കാവും മുഖാമുഖം പാണ്ടി കൊട്ടുന്നതിനിടയില്‍ ശ്രീമൂലസ്ഥാനത്ത് മോളെയും കൊണ്ടുചെന്നു നിന്ന മേളക്കമ്പക്കാരന്‍ അച്ഛന്‍ മടങ്ങിയത് മോഹാലസ്യത്തിൽ വീണുപോയവളെ തോളത്തിട്ടുകൊണ്ടാണ്. പെരുവനത്തെയും കിഴക്കൂട്ടിനെയും മൂച്ചു കേറ്റി ഇരുദേവസ്വങ്ങളും മത്സരിച്ച് ചൂട്ടു കുത്തുന്ന വെടിത്തറകൾക്കിടയിലായിരുന്നു പാണ്ടിയുടെ ഇടക്കലാശങ്ങളിലെ താളസ്ഥാനങ്ങളിൽ പൊട്ടുന്ന കതിനയുടെ സൌന്ദര്യം നുകരാനായി അച്ഛൻ നിലപാടുതറ കെട്ടിയിരുന്നത് !.
കഴിഞ്ഞില്ല; തൊണ്ണൂറുകളിലെ ഒരു ശബരിമല യാത്രക്കിടയില്‍ ശബരിപീഠത്തിലെത്തിയപ്പോള്‍ എന്നെപ്പോലെതന്നെ രണ്ട് ഇരുമുടിക്കെട്ടുകൾ താങ്ങി മലചവിട്ടി തളർന്ന ഒരാള്‍ അടുത്തു വന്നു കിതപ്പണച്ചുകൊണ്ടു ചോദിച്ചു.
"മകളാണല്ലേ?"
"അതെ?."
"എപ്പം തിരുകി?"
"എന്ത്, മനസ്സിലായില്ലിലോ ?"
"അല്ല; മകള് ചെവിയില്‍ എപ്പം വിരല്‍ തിരുകിയെന്ന് ?"
"ഓ അത് ശരി!. പമ്പ.....പമ്പ."
"സമാധാനമുണ്ട് കേട്ടോ. പുള്ളിക്കാരി ചാലക്കയത്തു വെച്ചേ ഫിറ്റാക്കി!."
"ആര്?."
" ദാ കണ്ടാട്ടെ !"
ചെറുവിരൽ രണ്ടും കട വരെ ചെവിക്കുഴിയിൽ തുളച്ചു കയറ്റി തന്നോടൊട്ടിനിന്ന ഒരാളെ കാണാമറയത്തുനിന്നും അയാൾ മുന്നിലേക്ക് പിടിച്ചു നിർത്തി. വിരണ്ട മാൻ പേടയുടെ കണ്ണുകളുമായി ഒരെട്ടുവയസ്സുകാരി!.
തത്സമയം ഇപ്പുറത്ത് ഒമ്പത് വയസ്സുകാരിക്ക് സമാശ്വാസം. തുല്യദുഃഖിതരുടെ ഐക്യദാർഢ്യം സന്നിധാനം വരെ അഭംഗുരം നീണ്ടു. ആ കരുത്ത് ശബരിമലയിൽ കാൽപ്പാന്തകാലം സ്ത്രീപ്രവേശനം അനുവദിക്കരുതെന്ന ഉറച്ച അഭിപ്രായരൂപീകരണത്തിലെത്തിനിൽക്കുന്നു ഇപ്പോൾ.
നക്ഷത്രം പൊട്ടി വീഴുന്നത് കണ്ടാൽ ദോഷമാണെന്നൊരു വിശ്വാസം പണ്ട് നാട്ടിലുണ്ടായിരുന്നു. തൽക്ഷണം നാല് കഷണ്ടിത്തലകൾ ഓർത്തെടുക്കുന്നത് നോക്കുദോഷത്തിനു പരിഹാരമായും വിധിയുണ്ടായിരുന്നു. പെട്ടെന്ന് നാല് കഷണ്ടിത്തലകൾ ഓർത്തെടുക്കുക എന്നത് ശ്രമകരമായിരുന്ന സാഹചര്യങ്ങളിൽ ദോഷദൃക്കുകൾക്കു പണിയെളുപ്പം നൽകിയിരുന്നത് നാട്ടിലെ ഒരു കുടുംബമായിരുന്നുവെന്ന് അകാലത്തിൽ മരിച്ചു പോയ എൻ്റെ ചങ്ങാതി ഉണ്ണി എപ്പോഴും പറയാറുണ്ട് . കൊട്ടാപ്പുറത്ത് നാരായണൻ നായരേയും മൂന്ന് ആൺ മക്കളെയും മനസാ സ്മരാമി എന്നു നിമിഷാർദ്ധം കൊണ്ട് പൂർത്തീകരിക്കാമായിരുന്ന അഷ്ടപദമന്ത്രം മതിയായിരുന്നുവത്രെ അന്നൊക്കെ നക്ഷത്രപതനദർശനദോഷം അകറ്റാൻ. നാരായണൻ നായർ എന്നു പറഞ്ഞാൽ ഈയുള്ളവൻ്റെ അച്ഛൻ എന്നാരെങ്കിലും ഇത്തരുണത്തിൽ വായിച്ചെടുത്താൽ അയാളെ കുറ്റം പറയാനാവില്ല!.
എന്നതുപോലെ കേരളത്തിലെ മഹാക്ഷേത്രങ്ങളിൽ വെടിവഴിപാടുള്ളവ ഏതൊക്കെയെന്നു ബാലേന്ദ്രൻ്റെ മകളോട് ചോദിച്ചാല്‍ അറിയാമെന്നു നാട്ടില്‍ വിശ്വാസികൾക്കിടയിൽ ഒരു പാട്ടുണ്ട്. ശ്രമകരമായ ഗവേഷണംകൊണ്ടു തേടിപ്പിടിച്ച ക്ഷേത്രനാമങ്ങൾ അതീവരഹസ്യമായി പകർത്തിയ ഒരു താളിയോല മകളുടെ കൈവശമുണ്ടെന്ന കാര്യം എനിക്കുമറിയാം. ഓലയിൽ ഒന്നാമൻ കതിനാവെടിയുടെ തമ്പുരാനായ സാക്ഷാൽ തൃപ്രയാര്‍ രാമചന്ദ്രൻ തന്നെ. രണ്ടാമൻ ശബരിമലയിലെ ഗിരീശൻ. അങ്ങിനെ മകളുടെ കൂപ്പിയ കൈകൾ ദർശിക്കാൻ ഭാഗ്യം സിദ്ധിച്ചിട്ടില്ലാത്ത ശ്രീരാമ, അയ്യപ്പ, ഭഗവതീ ക്ഷേത്രങ്ങൾ നിരവധിയുണ്ട് ഭൂമി മലയാളത്തിൽ.
മകൾ വിവാഹിതയായി ആദ്യത്തെ വിഷുവാണ്. ആയതിന് 'കുടീന്ന് ജോലി' (Work from home ) സൗകര്യമെടുത്ത് കെട്ടിയോനുമൊത്തു നാട്ടില്‍ വരുന്നുണ്ട്. എന്നാണ് ഇവിടേക്ക് ; വിഷുവിനോ തലേന്നോ എന്ന ഞങ്ങളുടെ സംശയം ദൂരീകരിച്ചുകൊണ്ട് ഇന്നലെ മകളുടെ വിളി. നല്ല ഉറച്ച, ആത്മവിശ്വാസത്തിൻ്റെ സ്വരം.
" വിഷുത്തലേന്ന് ഞങ്ങള് ഒളരീലാണ് ട്ടാ അച്ഛാ. അവടക്ക് വിഷൂന്."
"അത്യോ. ശരി ശരി."
സന്ദേഹമെല്ലാം പമ്പ കടന്നിരിക്കുന്നു. അച്ഛനെങ്ങാനും വാങ്ങി വെച്ചിട്ടുള്ള പടക്കം പൊട്ടിയേക്കാവുന്ന ജന്മഗൃഹത്തേക്കാള്‍ മുത്തശ്ശി മരിച്ചു വാലായ്മയുള്ള ഭര്‍തൃഗൃഹം തന്നെ വിഷുത്തലേന്നിന് ഉത്തമം എന്ന് മകൾ പ്രശ്നവശാൽ കണ്ടെത്തിയിരിക്കുന്നു.
" ഇവൾടെ പടക്കപ്പേടി മാറ്റിയിട്ടു തന്നെ കാര്യം!."
മേടമാസമടുത്തതോടെ തകർക്കാൻ പറ്റാത്ത വിശ്വാസം മരുമകൻ്റെ മനസ്സിൽ സെറ്റായിട്ടുണ്ട്. പൂരക്കമ്പക്കാരൻ കമ്പപ്പേടിക്കാരിയെയും കൂട്ടി ആദ്യത്തെ തൃശ്ശൂപ്പൂരം കൂടാൻ നിശ്ചയിച്ചിരിക്കുന്നു.
പൂരങ്ങളുടെ പൂരം കാണിക്കുന്നത് ഗാർഹിക പീഡനനിയമത്തിൻ്റെ പരിധിയിൽ വരുമോ എന്ന അന്വേഷണത്തിലാണിപ്പോൾ കുട്ടീടച്ഛൻ. വേറൊന്നുകൊണ്ടുമല്ല; പരിധിയിൽ വരുമെങ്കിൽ അതിനു പൂർവ്വകാലപ്രാബല്യമുണ്ടാകുമോ എന്നൊന്നറിയാനാണ്. കാലമൊക്കെ മാറിയില്ലേ കരുതിയിരിക്കണമല്ലോ!.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ